Wednesday, 28 January 2015

നമുക്ക് വേണ്ടത് ജനകീയ വിപ്ലവം

                   ചില ചരിത്രങ്ങൾ ആവർത്തിക്കപെടെണ്ടത് തന്നെയാണ്, കാലഘട്ടത്തിനനുസരിച്ച്  ആവശ്യങ്ങൾക്കനുസരിച്ച് മുന്നോട്ടു സഞ്ചരിക്കുവാൻ വേണ്ടി ചരിത്രങ്ങളെ നമുക്ക് കൂട്ട് പിടിച്ചു മുന്നോട്ടു പോകാം. 
          സദാചാരത്തിനെതിരെ ഉയര്ന്ന പ്രതിഷേധത്തിനോട് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച  നിലപാട് സമര രീതി ശെരിയല്ല എന്നതായിരുന്നു. സദാചാരത്തിനോട് എതിർപ്പുണ്ടെങ്കിലും ചുംബന സമരം എന്ന ആശയത്തോട് അവര്ക്ക് യോജിക്കുവാൻ കഴിഞ്ഞില്ല. എന്തായിരുന്നു ആ സമര രീതിയുടെ കുഴപ്പം ? അങ്ങനെ ഒരു കുഴപ്പം കണ്ടെത്തുന്നുണ്ടെങ്കിൽ അതിനെയാണ് സദാചാരം എന്ന് പറയേണ്ടത്. ഇടതു പക്ഷം ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾ തങ്ങളുടെ ഭൂതകാലത്തെ മറക്കുന്നത് കൊണ്ട് കൂടിയാണ് പുത്തൻ സമരമുറകളെ തള്ളികളയുന്നതും കണ്ടില്ലെന്നു നടിക്കുന്നതും. സ്വതന്ത്ര സമര കാലഘട്ടത്തിൽ സത്യാഗ്രഹവും നിരാഹാര സമരവും എല്ലാം നടന്നു കൊണ്ടിരുന്നപ്പോൾ ആയുധമേന്തി പൊരുതിയ സഖാക്കളും അന്ന് കേട്ടിരിക്കണം നിങ്ങളുടെ സമര രീതി ശെരിയല്ല എന്ന് . കീഴാളന്റെ ക്ഷേത്ര പ്രവേശനത്തെയും, അവന്റെ വിദ്യാഭ്യാസത്തെയും അക്കാലത്തെ സവർണ്ണർ ശെരിയല്ല എന്ന് മുദ്രകുത്തിയിരുന്നു. പാടത്തും പറമ്പത്തും പണിയെടുക്കേണ്ട കീഴാളൻ പഠിക്കാൻ പോയാൽ പിന്നെ ആര് പണിയെടുക്കും ?, കീഴാളൻ തൊഴുത ദൈവത്തെ എങ്ങനെ തൊഴും ? 
        സവർണ്ണ മാടമ്പിത്തരം തലയ്ക്കു പിടിച്ച  ഇപ്പോഴത്തെ ഇടതു പക്ഷത്തിന്റെ . ഇടതു പക്ഷത്തിന്റെതു എന്നല്ല സകല രാഷ്ട്രീയ പാർട്ടികളും ഭയക്കുന്നത് എന്തെന്നാൽ തങ്ങളുടെ ആഹ്വാനങ്ങൾ ഇല്ലാതെ സമരങ്ങൾ നടന്നാൽ പിന്നെ എന്താണ് തങ്ങളുടെ വില ? എന്താണ് പിന്നെ തങ്ങളുടെ ജോലി എന്നാകും ? അത് കൊണ്ട് തന്നെയാണ് അരാഷ്ട്രീയ സമരം എന്നും ചരിത്ര ബോധം ഇല്ലാത്താ കുറെ പിള്ളേരുടെ പിച്ചും പേയും എന്നും പറഞ്ഞു ജനകീയ സമരങ്ങളുടെ നേർക്ക്‌  ഇവർ ചാപ്പ കുത്തുന്നത്. എന്നാൽ രാഷ്ട്രീയ പാർട്ടികളെ നിങ്ങൾ അറിഞ്ഞു കൊള്ളൂ  ഞങ്ങൾക്ക് ഞങ്ങളുടെ രാഷ്ട്രീയം ഉണ്ട് . അത് ജാതി രാഷ്ട്രീയമോ കക്ഷി രാഷ്ട്രീയമോ അല്ല മറിച്ചു സ്ത്രീ പുരുഷ സമത്വത്തിന്റെയും പരിസ്ഥിതിയുടെയും ദളിതന്റെയും ആദിവസിയുടെയും രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ കോർപ്പറെറ്റുകളുടെയും മത ജാതി സംഘടനകളുടെയും  മൂട് താങ്ങുന്ന സവർണ്ണ മുഖമുള്ള നിങ്ങളുടെ രാഷ്ട്രീയത്തിന് ഉൾകൊള്ളനാവില്ല . അത് കൊണ്ട് തന്നെ നിങ്ങൾ അവയെ എതിർക്കും ആ എതിർപ്പുകൾ ഉൾക്കൊണ്ട്‌ കൊണ്ട് തന്നെ ഞങ്ങൾ മുന്നോട്ടു പോകും. 
      ഹർത്താലും ബന്ദും പട്ടിണി കിടക്കലും വഴിതടയലും സർക്കാർ ബസ്സിന്റെ ചില്ല് തല്ലി പൊളിച്ചും കൊന്നും കൊലവിളിച്ചും  ആയിരുന്നു നിങ്ങളുടെ രാഷ്ട്രീയ സമരങ്ങൾ. ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നതിന്  ജനങ്ങളോട് പ്രതികാരം വീട്ടിയയിരുന്നു നിങ്ങൾ സമരങ്ങളെ കൊണ്ടാടിയത് . ഞങ്ങൾ പണ്ട് ആന പുറത്തു കയറിയ തഴംബാണ് നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്  എന്നാ മറുപടിയാകും നിങ്ങൾക്ക് പറയാനുണ്ടാവുക എന്ന് ഞങ്ങൾക്കറിയാം. നേടിയെടുത്ത പോരാട്ട വിജയങ്ങളെ ഒന്നും വിസ്മരിക്കുന്നില്ല. അവയെല്ലാം തന്നെ മാറ്റത്തിന് വഴി തെളിച്ചതും ഉൾകൊള്ളുന്നു. കാലം മാറിയതിനെ നിങ്ങൾ മനസിലാക്കുന്നില്ല അല്ലെങ്കിൽ അതിനെ ഉൾകൊള്ളുവാൻ നിങ്ങൾ തയ്യാറല്ല. 
       പ്രീയപെട്ട രാഷ്ട്രീയ പാർട്ടികളെ  കഴിയുമെങ്കിൽ മനസിലാക്കു .. ഞങ്ങൾക്ക്  ആരുടേയും ചോര കാണേണ്ട ... ആരെയും കൊന്നു ഒരു പ്രിസ്ഥാനവും  വളർത്തുവാൻ പുതിയ തലമുറയ്ക്ക് താല്പര്യം ഇല്ല, ശത്രുവിനെ ആശയങ്ങൾ കൊണ്ട് നേരിടുവനാണ് ഞങ്ങൾക്കിഷ്ട്ടം, ആയുധം കൊണ്ട് നേരിടുക ഞങ്ങളുടെ വഴിയല്ല. ജാതിയുടെയും മതത്തിന്റെയും  ദൈവത്തിന്റെയും തൂക്കം അനുസരിച്ച് അനുഭാവം പ്രകടിപ്പിക്കുവാനും പ്രവർത്തിക്കുവാനും ഞങ്ങള്ക്ക് താല്പ്പര്യം ഇല്ല. പൊതു ജനത്തിന്റെ സ്വത്തു കട്ട് മുടിക്കുവാനും അതിനു കൂദാശ ചൊല്ലി കൂട്ട് നില്ക്കുവാനും ഞങ്ങള്ക്ക് കഴിയില്ല.പുതിയ തലമുറ ആർത്തവത്തോട്  കൂടി ശബരിമലയിൽ പോകുവാൻ ആഗ്രഹിക്കുന്നവരാണ്.  പരിസ്ഥിതിയെ സംരക്ഷിക്കണം എന്നും ആദിവാസികളുടെ അവകാശങ്ങളെ കുറിച്ചും ബോധ്യമുള്ളവരുമാണ്. 
           ആർത്തവത്തോട് കൂടി അമ്പലത്തിൽ കയറുവാനും, പള്ളിയിൽ മുൻനിരയിൽ നിന്ന് പുരുഷന്മാരോടൊപ്പമോ അതിനു മുൻപിലൊ നിന്ന്  നിസ്കരിക്കുവാനും കല്യാണ പന്തലിൽ സ്ത്രീക്കും പുരുഷനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുവാനും ഇനി എന്നാണ് ഒരു സമരം ഉയർന്നു വരിക ? പഴയ സമര തഴബുള്ളവർ ഭൂതകാലത്തിൽ അഭിരമിക്കുമ്പോൾ പുതിയ മാറ്റങ്ങൾക്കു വേണ്ടി നമ്മൾ തന്നെ ഇറങ്ങെണ്ടിയിരിക്കുന്നു ....