പ്രിയപ്പെട്ട ബൽറാമിന്റെ ഒടുവിലത്തെ കത്തിനുള്ള മറുപടി...
ശ്രീ. വി.ടി.ബൽറാം എം.എൽ.എയുടെ ‘രണ്ടാമത്തെ ഒടുവിലത്തെ’ കത്ത് വായിച്ചു. ഈ കത്തുകൾ ആളുകൾക്ക് ബോറടിച്ചു തുടങ്ങിയെന്നാണ് ബൽറാമിന്റെ വിലയിരുത്തൽ. പക്ഷെ എനിക്കങ്ങനെ തോന്നുന്നില്ല. ഈ ചർച്ചയിൽ പലവിധത്തിൽ ആയിരങ്ങൾ ഇടപെടുന്നതായിട്ടാണ് കാണുന്നത്. മാത്രവുമല്ല മാണി-ബാബുമാരുടെ ഭരണം പോലും ഇത്രനാൾ സഹിച്ച മലയാളികൾക്ക് ഇതൊക്കെ ബോറായി തോന്നുമോ. അറിയില്ല. ബൽറാമിനോട് പലരും ചോദിക്കുന്നുണ്ടത്രേ “ഒരു ജനപ്രതിനിധിയായ നിങ്ങൾ മറ്റുള്ളവരെപ്പോലെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് സമയം കളയേണ്ടതുണ്ടോയെന്ന്”. അതു കലക്കി. ജനപ്രതിനിധി ആയതിനാൽ ഫേസ്ബുക്കിൽ എത്തിനോക്കാൻ പോലും സമയം കിട്ടാതിരുന്ന ബൽറാം എനിക്കു മറുപടി പറയാനായി മാത്രമാണ് ഫേസ്ബുക്കിൽ ഇപ്പോൾ വന്നത് !. അതു പാടില്ല എം.എൽ.എയുടെ വിലപ്പെട്ട സമയം ഇങ്ങനെ പാഴാക്കരുത്. ഏതായാലും ഇതോടുകൂടി ഈ സംവാദം അവസാനിപ്പിക്കുന്നതായാണ് ബൽറാം എഴുതിയിട്ടുള്ളത്. അതിനാൽ ‘രണ്ടാമത്തെ ഒടുവിലത്തെ’ കത്തിനോട് പ്രതികരിച്ചുകൊണ്ട് ഞാനും അവസാനിപ്പിക്കുകയാണ്. എന്നാൽ ഈ സംവാദം തുടരണമെന്ന നിലയിൽ ബൽറാമിന് എപ്പോൾ മനം മാറ്റമുണ്ടായാലും അതിൽ സന്തോഷത്തോടെ സഹകരിക്കാൻ ഞാനുണ്ടാവുകയും ചെയ്യും. ലൈക്കും ഷെയറും എണ്ണി വിധി പ്രഖ്യാപിക്കുന്നതിനോടുള്ള അനിഷ്ടം ബൽറാം പ്രകടിപ്പിച്ചിട്ടുണ്ട്. അക്കാര്യത്തിൽ എനിക്കും ബൽറാമിനോട് യോജിപ്പാണുള്ളത് നമ്മുടെ സംവാദം തീർച്ചയായും ദ്വന്ദയുദ്ധമൊന്നുമല്ല. എല്ലാം പരസ്യമാണ്. ജനങ്ങൾ വിലയിരുത്തട്ടെ. ആരും ലൈക്ക് ചെയ്തില്ലെങ്കിലും, ഷെയർ ചെയ്തില്ലെങ്കിലും ഞാൻ എനിക്ക് ബോധ്യമുള്ള കാര്യങ്ങൾ പറയുക തന്നെ ചെയ്യും. എന്നുമെന്റെ നിലപാട് അതാണ്. എന്നാൽ ലൈക്കിന്റെയും ഷെയറിന്റെയും എണ്ണത്തിൽ അഭിരമിക്കുന്നവർക്ക് ഇപ്പോൾ അതിലൊന്നും കാര്യമില്ലെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നത് കൌതുകകരമാണ്.
1. ബൽറാം യൂണിവേഴ്‌സിറ്റി സെനറ്റഅംഗമായും, ഞാൻ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനുമായിരുന്ന കാലം ബൽറാം അനുസ്മരിക്കുന്നുണ്ട്. അതിനിവിടെയെന്തെങ്കിലും പ്രസക്തിയുണ്ടോ ആവോ?. അതിൽ എന്നെ അദ്ദേഹം സ്വരാജ് എം.നായർ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇടക്ക് ചിലർ എന്തൊക്കെയോ വലിയ കാര്യമെന്നപോലെ എന്റെ പേര് ഇങ്ങനെ പറയാറുണ്ട്. എന്താണ് അത്തരക്കാർ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. വ്യക്തിപരമായ ആക്ഷേപങ്ങളെ പൂർണമായി അവഗണിക്കുന്ന ശൈലി ഉള്ളതിനാൽ പലരും അതൊരു സൗകര്യമായെടുക്കാറുമുണ്ട്. ഏതായാലും ഈ “കത്തു ചർച്ചയിൽ” എല്ലാത്തിനും മറുപടി പറയുന്നതിനാൽ ഇക്കാര്യവും ഞാൻ വിശദീകരിക്കേണ്ടിയിരിക്കുന്നു. എന്റെ രക്ഷിതാക്കൾ എനിക്കിട്ട പേര് സ്വരാജ് മുരളീധരൻ നായർ എന്നാണ്. മുരളീധരൻ നായർ എന്നത് എന്റെ അച്ഛന്റെ പേരാണ്. അച്ഛന്റെ പേര് കുട്ടികളുടെ പേരിനൊപ്പം ചേർക്കുന്ന രീതി ഞങ്ങളുടെ കുടുംബത്തിൽ നിലനിന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്്. അതാണ് വസ്തുത. എന്റെ ജനനത്തിലോ എനിക്ക് പേരിട്ടതിലോ എനിക്ക് യാതൊരു പങ്കുമില്ല. കുറച്ച് മുതിർന്ന കുട്ടിയായപ്പോൾ തന്നെ എന്റെ എഴുത്തുകുത്തുകളിലെല്ലാം ഞാൻ എം.സ്വരാജ് എന്നാണ് ഉപയോഗിക്കാറ്. പല വലിയ മനുഷ്യരും ഇതിന് എന്നെ അഭിനന്ദിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ ബൽറാമിനോട് എനിക്കൊരു പരിഭവവുമില്ല. സ്വരാജ് മുരളീധരൻ നായർ, സ്വരാജ് എം നായർ എന്നൊക്കെ ബൽറാം കേട്ടിട്ടുണ്ടാവാം. എന്നാൽ ജാതിപ്പേരും വെച്ചു നടന്നയാളാണ് ഞാൻ എന്നൊക്കെ ധ്വനിപ്പിക്കുന്നവരുടെ അറിവിലേക്ക് ഇത്രയും പറഞ്ഞുവെന്ന് മാത്രം. ഈ ചർച്ചക്കിടയിൽ ഇങ്ങനെയൊരു സൂചന തന്നതിലൂടെ ബൽറാം എത്തിനിൽക്കുന്ന അവസ്ഥ വളരെ വ്യക്തമാകുന്നുണ്ട്. മുമ്പൊരിക്കൽ ബൽറാമിനെ ആരോ ഇങ്ങനെ വിശേഷിപ്പിച്ചപ്പോൾ വല്ലാതെ പരിഭവിച്ചതായും ഞാൻ ഓർക്കുന്നു. നമ്മളോടാർക്കും ഒന്നും പറയാൻ പാടില്ല. നമുക്കെന്തും ആവാം എന്ന ഒരു ലൈൻ അത് വളരെ നന്നായിട്ടുണ്ട്. ഏതായാലും ബൽറാമിന്റെ പ്രയോഗം ഇപ്പോൾ കാര്യങ്ങൾ വിശദീകരിക്കാൻ ഒരവസരമായി.
ബൽറാം പറഞ്ഞ ആ കാലത്തെക്കുറിച്ച് ഞാനിപ്പോഴും നന്നായി ഓർക്കുന്നു. പരിചയമുണ്ടെങ്കിലും ഫേസ്ബുക്കിലൂടെയുള്ള ആശയവിനിമയത്തിനപ്പുറം കാര്യമായ സൗഹൃദം ഇല്ല എന്നു പറഞ്ഞത് എനിക്കത്ഭുതമായി. അന്നുമുതൽ എപ്പോൾ കാണുമ്പോഴും എത്ര ഹൃദ്യമായാണ് നിങ്ങൾ എന്നോട് പെരുമാറിയിരുന്നത്. തിരിച്ച് ഞാനും. നിങ്ങളുടേത് യാതൊരു സൗഹൃദവുമില്ലാത്ത അഭിനയമായിരുന്നുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ചില നിലപാടുകളുടെ പേരിൽ താങ്കൾ എന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതുമൊക്കെ ഞാനോർക്കുന്നു. ഏതായാലും നിങ്ങളോടുള്ള എന്റെ പെരുമാറ്റം ഒട്ടും കലർപ്പില്ലാത്തതായിരുന്നു.
പഴയ കാലത്തെക്കുറിച്ച് പറഞ്ഞപ്പോൾ അന്നത്തെ ഒരു സംഭവം എന്റെ മനസിൽ കടന്നുവരികയുണ്ടായി. ഒരു സെനറ്റ് യോഗത്തിൽ, അന്ന് ഇന്ത്യയിൽ സജീവ ചർച്ചയായിരുന്ന വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തെക്കുറിച്ച് നടന്ന ഒരു ചർച്ചയിൽ കേന്ദ്ര ബിജെപി സർക്കാരിനെതിരായി ഞാൻ പ്രസംഗിക്കാൻ തുടങ്ങുമ്പോഴേക്ക് സഹപ്രവർത്തകരെയും കൂട്ടി ബൽറാം പ്രതിഷേധിച്ച് സെനറ്റ് ബഹിഷ്‌കരിച്ചതും യൂണിവേഴ്‌സിറ്റിയിലെ ബി.ജെ.പി ജീവനക്കാർക്ക് താങ്കൾ പ്രിയപ്പെട്ടവനായതും ഞാനോർക്കുന്നു.
2. നവകേരള മാർച്ചിനെകുറിച്ച് പോസ്റ്ററിൽ പറയുന്ന മുദ്രാവാക്യങ്ങൾ ആവർത്തിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നതെന്ന് ബൽറാം കുറ്റപ്പെടുത്തുന്നു. അത് ശരിയാണ് ബൽറാം, പോസ്റ്ററിൽ ഞങ്ങൾ അച്ചടിച്ചിട്ടുള്ളതു തന്നെയാണ് നവകേരള മാർച്ചിന്റെ മുദ്രാവാക്യം. ജനങ്ങളെ കബളിപ്പിക്കാൻ പോസ്റ്ററിൽ ഒന്ന് അച്ചടിക്കുകയും, മറ്റൊന്ന് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്ന ഏർപ്പാട് ഞങ്ങൾക്കില്ല. നിങ്ങളുടെ കാര്യത്തിൽ ജാഥയുടെ മുദ്രാവാക്യം പോസ്റ്ററിൽ അച്ചടിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ചിലത് ഗൂഢമായി വെയ്ക്കാറുണ്ടോ എന്നെനിക്കറിയില്ല. ആ മുദ്രാവാക്യങ്ങൾ വിശദീകരിക്കുകയാണ് ഞാൻ ചെയ്തത്. അത് ബൽറാമിന് മനസിലാവാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടുതന്നെയാവും. പക്ഷെ ജനങ്ങൾക്ക് നന്നായി മനസിലാവുന്നുണ്ടെന്നതിന്റെ തെളിവാണ് നവകേരള മാർച്ചിന്റെ സ്വീകരണയോഗങ്ങളിലെ ജനസാഗരം. പിന്നെ ബൽറാം കുറേ പരിഹാസങ്ങൾ ചൊരിയുന്നുണ്ട്. ഒന്നു പുറകിലേക്ക് തിരിഞ്ഞു നോക്കിയാൽ 5 വർഷം മുമ്പ് ബൽറാമിന്റെ പാർട്ടി പറഞ്ഞ കാര്യങ്ങൾ കാണാം. ഒരു രൂപയ്ക്ക് അരി മുതൽ .... അപ്പോൾ സ്വയം പരിഹസിക്കാൻ തോന്നിയേക്കും. തെങ്ങിന്റെ മണ്ടയിൽ വികസനം വന്നില്ലെങ്കിലും നിങ്ങൾ കട്ടു മുടിച്ച് അടച്ചുപൂട്ടിയ പൊതുമേഖലാ വ്യവസായങ്ങൾ എൽ.ഡി.എഫ് വന്നാൽ തുറന്നു പ്രവർത്തിപ്പിക്കും. അക്കാര്യത്തിൽ ബൽറാം സംശയിക്കണ്ട.
3. നിങ്ങളുടെ ജാഥയുടെ പേരിന്റെ വിദശീകരണം കൊള്ളാം. 5 കൊല്ലം കൊണ്ട് കേരള ജനതയെ പൂർണമായി രക്ഷിക്കാൻ കഴിയാത്തതിനാൽ പൂർണമായി രക്ഷപ്പെടുത്താനാണത്രെ! ശ്രീ.കെ.എം. മാണിയും, ശ്രീ.കെ.ബാബുവും, ബഹു മുഖ്യമന്ത്രിയും രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്ന വഴിയിലൂടെ തന്നെയാണോ പൂർണ രക്ഷാശ്രമം? എങ്കിൽ അത് വളരെ ഭയാനകമായിരിക്കുമെന്ന് പറയാതെ വയ്യ. സി.പി.ഐ(എം) സംഘടനാ മികവുകൊണ്ടാണ് നവകേരള മാർച്ച് വിജയിക്കുന്നതെന്നാണ് ബൽറാം പറയുന്നത്. എന്നാൽ സംഘടനാ മികവിനപ്പുറം ഒഴുകിയെത്തുന്ന മഹാ ജയസഞ്ചയം കേരളം മാറുന്നതിന്റെ സൂചനയല്ലേ? സി.പി.ഐ(എം)കാരല്ലാത്തവരും നവകേരള മാർച്ചിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. സി.പി.ഐ(എം)ന് സ്വാധീനം കുറഞ്ഞ മേഖലകളിൽ കഴിഞ്ഞ ദിവസം നടന്ന ജാഥാ സ്വീകരണങ്ങൾ നേരിൽ കണ്ടതിന്റെ അനുഭവത്തിലാണ് ഞാനിതു പറയുന്നത്.
4. അർത്ഥമില്ലാതെ ബഹളംവെക്കുന്നതും, തെറിവിളിക്കുന്നതും അത് ആർക്കെതിരെ ആയാലും എനിക്കു യോജിപ്പില്ലാത്ത കാര്യങ്ങളാണ്. ബൽറാമിനെ അങ്ങനെ ആര് ആക്ഷേപിച്ചാലും എനിക്ക് അതിനോട് യോജിപ്പില്ല. അത്തരക്കാരെ ബ്ലോക്ക് ചെയ്യാൻ ബൽറാമിന് സ്വാതന്ത്ര്യമുണ്ട്. എന്നാൽ നിങ്ങൾക്കെതിരെ ഉയർന്നു കേൾക്കുന്ന വിമർശനം എതിരഭിപ്രായം പറയുന്നവരെയും നിങ്ങൾ ബ്ലോക്കു ചെയ്യുന്നു എന്നതാണ്. ശരിയാണോ എന്നറിയില്ല. ഞാൻ ഇതുവരെ ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല എന്നത് നിങ്ങൾക്കു മറുപടിയായി പറഞ്ഞതല്ല. ബൽറാമും അത്ര കേമമല്ലാത്ത ഭാഷയിലാണ് പലരോടും പ്രതികരിക്കാറുള്ളതെന്നാണ് ഞാൻ മനസിലാക്കുന്നത്. ‘പൊട്ടൻ’, ‘ഊള’ തുടങ്ങിയ വാക്കുകളൊക്കെ ബൽറാമും ഉപയോഗിച്ചതായി കാണുന്നു. ഇങ്ങനെയൊക്കെ സംവദിക്കാൻ ഇറങ്ങിയിട്ട് എന്നെ ചീത്ത വിളിക്കുന്നേ എന്നു പറഞ്ഞ് കരഞ്ഞിട്ട് കാര്യമുണ്ടോ?.
ക്രിമിനൽ സ്വഭാവമുള്ള കുറ്റം ചെയ്ത ഒരാൾക്കെതിരെ പിണറായി കേസു കൊടുത്തതുപോലെ താൻ ചെയ്യാത്തതിനെകുറിച്ച് ബൽറാം പറയുന്നത് പരിഹാസ്യമാണ്. പിണറായി വിജയന്റെ വഴിയേ കേസിനു പോകാനുള്ള “സമയമോ വിഭവ ലഭ്യതയോ” ഇല്ലത്രെ! ഇങ്ങനെ സ്വയം പരിഹാസ്യനാവരുത്. പിണറായി വിജയനേക്കാൾ തിരക്കുള്ള ആളാണ് ബൽറാമെന്ന് ബൽറാം പറയുന്നു! കേസു നടത്താനുള്ള “വിഭവ ലഭ്യതയുമില്ലത്രെ”!! ഇത്തരമൊരു കേസു നടത്താൻ എന്തു “വിഭവം” വേണ്ടി വരും? അപ്പോൾ ഇനി ബൽറാമിനെതിരായ സൈബർ കുറ്റകൃത്യം ആരെങ്കിലും ചെയ്താൽ ബൽറാം നിയമ നടപടി സ്വീകരിക്കില്ലേ?
5. ബംഗാളിലെ ഇപ്പോഴത്തെ സ്ഥിതി ബൽറാം മനസിലാക്കിയിട്ടുണ്ടോ? കഴിഞ്ഞ പാർലമെന്റ് ഇലക്ഷനുശേഷം ഉണ്ടായ പ്രാദേശിക തിരഞ്ഞെടുപ്പുകൾ നൽകുന്ന സൂചനയെന്താണ്? അതിനു ശേഷമുള്ള ബംഗാളിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്താണ്? തൃണമൂൽ അക്രമങ്ങളെ പ്രതിരോധിച്ചുകൊണ്ട് ബംഗാളിൽ സി.പി.ഐ(എം) ധീരമായി പ്രവർത്തിക്കുകയാണ്. എന്നാൽ പ്രതിഷേധ പ്രകടനം നടത്തുമ്പോൾ മുദ്രാവാക്യം വിളിക്കരുതെന്ന തൃണമൂലിന്റെ ശാസനയുടെ മുന്നിൽ കോൺഗ്രസ് കീഴടങ്ങുന്ന കാഴ്ചയാണ് കൽക്കത്തയിൽ നിന്ന് കേൾക്കുന്നത്. ദീപാ ദാസ് മുൻഷി നയിച്ച കോൺഗ്രസിന്റെ പ്രതിഷേധ റാലി തൃണമൂൽ ഭീഷണിയെ തുടർന്ന് മൗനജാഥയാക്കുകയായിരുന്നു. ഇത്തരമൊരവസ്ഥയിലാണ് അവിടെ കോൺഗ്രസ്. സി.പി.ഐ(എം) നടത്തിയ ബ്രിഗേഡ് റാലിയിൽ അണിനിരന്നത് 10 ലക്ഷത്തിലേറെ പേരാണ്. അത് മൗനജാഥയല്ലെന്നറിയാമല്ലോ?.
ഞാൻ ഡൽഹിയിലെ കണക്കു ചോദിച്ചതിൽ ബൽറാം പരിഭവിക്കുന്നു. പൂജ്യം എന്നു പറയാനുള്ള ബൽറാമിന്റെ പ്രയാസം എനിക്കു മനസിലാവും. പക്ഷെ അതിന് പറയുന്ന ന്യായം ബഹു കേമം. സി.പി.ഐ(എം)ന്റെ ഡൽഹിയിലെ സ്വാധീനത്തെ കുറിച്ചാണ് ചോദ്യങ്ങൾ. ഈ താരതമ്യം ബൽറാമിനെങ്കിലും ബോധ്യമാവുമോ? 15 വർഷം തുടർച്ചയായി ഭരിച്ചശേഷം തിരഞ്ഞെടുപ്പിൽ മത്സരിച്ച് പൂജ്യം സീറ്റ് ‘കരസ്ഥമാക്കിയ’ കോൺഗ്രസിന്റെ ജാള്യത തീർക്കാൻ അവിടെ ഇതുവരെ ശക്തിയായിട്ടില്ലാത്ത സി.പി.എമ്മിന്റെ വോട്ടിന്റെ കണക്കു പറഞ്ഞാൽ മതിയോ? പിന്നെ അണികളെ ആവേശം കൊള്ളിക്കാനായി ബൽറാം വക ഒരു പൊയ്‌വെടിയുമുണ്ട്. യച്ചൂരിക്കെങ്കിലും ഡൽഹിയിൽ വോട്ടു ചെയ്യാൻ അരിവാൾ ചുറ്റികയിൽ ഒരു സ്ഥാനാർത്ഥിയെ നിർത്താൻ സാധിക്കുമോ എന്നാണ് ബൽറാം വെടിപൊട്ടിക്കുന്നത്. ഡൽഹിയിൽ ഞങ്ങൾക്ക് സ്വാധീനമില്ലെന്ന് ശരിയാണ്. ഇന്ത്യയിലെ ചിലയിടത്ത് കോൺഗ്രസിനുള്ള അതേ സ്വാധീനമാണ് ഡൽഹിയിൽ സി.പി.ഐ(എം)ന് ഉള്ളതെന്ന് വേണമെങ്കിൽ എനിക്കും പറയാം. അല്ലെങ്കിൽ ബൽറാമിന്റെ ശൈലിയിൽ സോണിയാഗാന്ധി വോട്ടുചെയ്ത മണ്ഡലത്തിൽ കോൺഗ്രസ് എത്രാം സ്ഥാനത്താണെന്ന് തിരിച്ചു ചോദിക്കാം പക്ഷെ, ഞാനതിന് മുതിരുന്നില്ല. മറിച്ച് ബൽറാമിന്റെ അറിവിലേക്കായി പറയട്ടെ യെച്ചൂരിയുടെ വോട്ട് ഓർത്ത് പ്രയാസപ്പെടേണ്ട. യെച്ചൂരിക്ക് ഡൽഹിയിലല്ല വോട്ടുള്ളത്. വോട്ടുള്ളിടത്ത് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ തന്നെ ചെയ്യാനുള്ള അവസരവുമുണ്ട്. രാഹുൽഗാന്ധിയെക്കുറിച്ച് ഞാൻ എന്തെങ്കിലും മോശമായ ഉപമയോ ഭാഷയോ ഉപയോഗിച്ചിട്ടില്ല. ഉണ്ടെങ്കിൽ അക്കാര്യം ദയവായി ചൂണ്ടിക്കാട്ടൂ. പിന്നെ ഞങ്ങടെ രാഹുൽഗാന്ധിയെ വിമര്ശിക്കാൻ പാടില്ലെന്നാണെങ്കിൽ രാഷ്ട്രീയത്തിലുള്ള അത്തരം റിസർവേഷനുകൾ എനിക്കറിയില്ല സർ, ക്ഷമിക്കണം.
6. ‘തൃത്താലയിലെ പ്രത്യേക താൽപര്യം’. ഇപ്പോൾ ബൽറാം പറയുന്നു എല്ലാവരും ഉദ്ദേശിച്ചത് ഒന്നാണെന്ന്. മുമ്പ് പറഞ്ഞത് അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന മട്ടിലാണ്. ഇതെന്തുപറ്റി നമ്മുടെ എം.എൽ.എയ്ക്ക്? എന്റെ ആഗ്രഹങ്ങൾ എന്തൊക്കെയാണെന്ന് താൽക്കാലം താങ്കൾ പ്രഖ്യാപിക്കണ്ട. താങ്കളുടെ സഹപ്രവർത്തകരെ അളക്കുന്ന കോലുകൊണ്ട് എന്നെ അളക്കുകയും വേണ്ട. യൂത്ത് കോൺഗ്രസിന്റെ അളവുകോലിൽ ഡി.വൈ.എഫ്.ഐ ഒതുങ്ങില്ല. അതുതന്നെയാണ് മറ്റൊരു വിധത്തിൽ നേരത്തെ പറഞ്ഞത്.
7. ഇ.എം.എസിന്റെ വാക്കുകളെ അടർത്തി മാറ്റി വ്യാഖ്യാനിക്കാൻ മിനക്കെടുകയാണ് ബൽറാം.
അഞ്ചിൽ നാലു ഭൂരിപക്ഷവുമായി രാജ്യത്തെ കഴുത്തറക്കാൻ പുറപ്പെട്ട പഴയ കോൺഗ്രസെവിടെ. ഐ.സിയുവിൽ കിടക്കുന്ന പുതിയ കോൺഗ്രസെവിടെ. വർഗ്ഗീയ ഫാസിസം മുഖ്യവെല്ലുവിളിയായി വളർന്ന സന്ദർഭത്തിൽ ചെകുത്താനെ കൂട്ടുപിടിച്ച് കോൺഗ്രസിനെ തകർക്കാനല്ല മറിച്ച് കോൺഗ്രസാകുന്ന കുട്ടിച്ചാത്തനെ പിന്തുണച്ചിട്ടായാലും ഒറിജിനൽ ചെകുത്താനെ തോൽപിക്കാനാണ് സി.പി.ഐ(എം) ശ്രമിച്ചതെന്ന് ബൽറാമിന് ഓർമയില്ലെങ്കിൽ അക്കാര്യം സോണിയാഗാന്ധിയോട് ചോദിച്ചാൽ പറഞ്ഞു തരും.
പിന്നെ വടകരയും, ബേപ്പൂരുമൊന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കാര്യമല്ല സുഹൃത്തെ ഞാൻ പറഞ്ഞത്. 1991-ലെ അസംബ്ലി/പാർലമെന്റ് ഇലക്ഷൻ കാര്യമാണ്. ബേപ്പൂർ അസംബ്ലി മണ്ഡലമാണ്. വടകര ലോക്‌സഭാ മണ്ഡലവും. കൂടുതൽ കാര്യങ്ങളിലേക്ക് പോകണോ?
8. ശ്രീ. ടി.പി ചന്ദ്രശേഖരിന്റെ വധം മറ്റു വധം പോലെയല്ലെന്ന് ബൽറാം. അതെ ബൽറാം നിങ്ങൾക്ക് സി.പി.ഐ(എം) നേതാക്കളുടെ കൊലപാതകങ്ങൾ പ്രശ്‌നമല്ല. അത് ആസ്വാദ്യകരവുമാവും. ഇതൊക്കെ പരസ്യമായി പറഞ്ഞതു നന്നായി. ടി.പി.ചന്ദ്രശേഖരനെ വി.ടി.ബൽറാം വിശേഷിപ്പിച്ചത് “കേരളമറിയുന്ന ഉന്നത നേതാവ്” എന്നാണ്.നല്ലകാര്യം. എന്നാൽ ഇടതുമുന്നണി കൺവീനറായിരുന്ന അഴീക്കോടൻ രാഘവൻ ഉന്നത നേതാവല്ല. ഇന്ത്യയിലാദ്യമായി എം.എൽ.എ ആയിരിക്കുമ്പോൾ കൊല്ലപ്പെട്ട കെ.കുഞ്ഞാലി ഉന്നത നേതാവല്ല. ചാവക്കാട് മുൻസിപ്പൽ ചെയർമാൻ കെ.പി.വത്സലനോ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞിക്കണ്ണനോ ഉന്നത നേതാക്കന്മാരായിരുന്നില്ല, എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗവും കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന കെ.വി.സുധീഷോ, ഭാസ്‌കര കുമ്പളയോ ഉന്നത നേതാക്കന്മാരല്ല. അതുകൊണ്ട് ഇവരുടെയൊന്നും വധം ഒരു പ്രശ്‌നമേയല്ല.
മാത്രവുമല്ല ടി.പി.ചന്ദ്രശേഖരനെ തീരുമാനിച്ചുറപ്പിച്ച് കൊന്നതാണ്. എന്നാൽ അഴീക്കോടനും, കുഞ്ഞാലിയുമൊക്കെ നടന്നു പോകുമ്പോ വെട്ടും വെടിയുണ്ടയുമൊക്കെ യാദൃശ്ചികമായി, അബദ്ധത്തിൽ വഴിതെറ്റി ഏറ്റു മരിച്ചുപോയതാവുമല്ലെ. പ്രിയ ബൽറാമേ കൊല്ലപ്പെട്ടവന്റെ മുഖം നോക്കി നിലപാടു പറയുന്ന ഈ അന്തസില്ലായ്മ ഇനിയെങ്കിലും നിർത്തൂ... എല്ലാ കൊലപാതകങ്ങളെയും അപലപിക്കാനുള്ള മിനിമം മര്യാദയെങ്കിലും കാണിക്കൂ. ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത് രാഷ്ട്രീയ വിരോധം കൊണ്ടാണെന്ന് കോടതി കണ്ടെത്തിയത്രെ? പക്ഷെ കുഞ്ഞാലിയെ ഡി.സി.സി പ്രസിഡന്റ് നേരിട്ടെത്തി വെടിവെച്ചു കൊന്നത് രാഷ്ട്രീയ സ്‌നേഹം കൊണ്ടായിരുന്നു അല്ലേ? മൊയാരത്ത് ശങ്കരൻ മുതൽ നാൽപാടി വാസുവരെയുള്ളവരെ നിങ്ങൾ കൊന്നത് രാഷ്ട്രീയ സ്‌നേഹം കൊണ്ടായിരിക്കുമല്ലേ?
9. അഴിമതി അവസാനിപ്പിക്കുന്നതെകുറിച്ചൊക്കെ ഇനി അധികം വാചാലനാവാനുള്ള ധാർമികാവകാശം ബൽറാമിനുണ്ടോ? ഒരു മന്ത്രി മിനിഞ്ഞാന്ന് രാജിവെച്ചത് വിശ്രമിക്കാനുള്ള ആഗ്രഹം കൊണ്ടല്ലല്ലോ? ഞാനിതെഴുതുമ്പോൾ ബൽറാമിന്റെ നേതാവായ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി സോളാർ കമീഷനു മുന്നിൽ ഇരിക്കുകയാണ്. കമീഷൻ മുഖ്യമന്ത്രിയെ വിളിപ്പിച്ചത് സുഖവിവരങ്ങൾ അന്വേഷിക്കാനാവുമോ? ഇനിയും അഴിമതിയെക്കുറിച്ച് ചർച്ച വേണോ?
ഹാരിസ് അബൂബക്കർ, നന്ദകുമാർ തുടങ്ങിയ തുറുപ്പുശീട്ടുകളൊക്കെ ബൽറാം ഇറക്കിയിരിക്കുന്നു. ഇക്കൂട്ടത്തിൽ ഒരു പേര് വിട്ടുപോയല്ലോ. സാക്ഷാൽ സാന്റിയോഗോ മാർട്ടിൻ. അതുകൂടി പറയുമ്പോഴല്ലെ ഒരു ശേലുള്ളൂ. അതോ മാർട്ടിന്റെ പേരു പറഞ്ഞാൽ മാർട്ടിന്റെ മുതലാളി മണികുമാർ സുബ്ബയുടെ പേരു ഞാൻ പറയുമെന്ന് ഭയന്നിട്ടാണോ? ഇന്ത്യൻ വ്യാജ ലോട്ടറി ചക്രവർത്തി മണികുമാർ സുബ്ബയെ ബൽറാം അറിയാതിരിക്കില്ല. നേപ്പാളിൽ രണ്ടുപേരെ കൊലചെയ്ത മണികുമാർ ലാംബു എന്ന കുറ്റവാളി അതിർത്തി കടന്ന് ആസാമിൽ വന്ന് മണികുമാർ സുബ്ബ എന്ന വ്യാജപേരിൽ രേഖകൾ ഉണ്ടാക്കിയശേഷം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ആറായിരം കോടി രൂപ “സംഭാവന” നൽകിയതും സംഭാവനയിൽ സംപ്രീതരായ കോൺഗ്രസ് നേതൃത്വം മണികുമാറിനെ ആസാം സംസ്ഥാന കോൺഗ്രസിലെ പ്രസിഡന്റാക്കിയതും കോൺഗ്രസ് എം.പി ആക്കിയതും പിന്നീടയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അകത്തായതും കൂട്ടിവായിക്കുമ്പോൾ അഴിമതിവിരുദ്ധ പോരാട്ടത്തിന് പറ്റിയ പാർടി കോൺഗ്രസാണെന്ന് എല്ലാവർക്കും മനസിലാവും. ഏതായാലും ഒരു ഫാരിസിൻരെയും പേരിൽ ഒരു കമീഷന്റെയും മുമ്പിൽ എൽ.ഡി.എഫ് മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ കയറേണ്ടി വന്നിട്ടില്ല. വരികയുമില്ല.
എന്തുപറയുമ്പോഴും “സരിത സരിത സരിത, ശാലു, ശാലു എന്ന് കമന്റടിക്കുന്ന സാദാ ‘ഡിഫി’ക്കാരുടെ നിലവാര”മാണത്രെ എനിക്കും. അതിന് ഞാനിതുവരെ ഈ പേരുകളൊന്നും പറഞ്ഞിട്ടില്ലല്ലോ ബൽറാം. അഥവാ ആരെങ്കിലും ഈ പേരുകൾ പറഞ്ഞാൽ നിങ്ങൾക്ക് പൊള്ളുന്നത് എന്താണ്? അതല്ലേ പരിശോധിക്കേണ്ടത്. പിന്നെ സാധാരണ ഡി.വൈ.എഫ്.ഐയും അസാധാരണ ഡി.വൈ.എഫ്.ഐയും ഒന്നുമില്ല. ഡി.വൈ.എഫ്.ഐ ഒന്നേ ഒള്ളൂ. ആരുടെമുന്നിലും ജനാധിപത്യം സംവാദത്തിന് നിവർന്നുനിൽക്കാനുള്ള നിലവാരം ഞങ്ങൾക്കുണ്ട്. ഏതെങ്കിലും പേരു കേട്ടാൽ ഞെട്ടുന്നവർ തിരുത്തേണ്ടത് തിരുത്തട്ടെ.
10. പി.ജയരാജന്റെ കേസിൽ ഞാനുയർത്തിയത് ലളിതയുക്തിയാണത്രെ. ഈ വാദം അംഗീകരിച്ചാൽ ആരെയും ഒരു തെളിവുമില്ലാതെ എപ്പോൾ വേണെങ്കിലും സി.ബി.ഐയ്ക്ക് പിടിച്ചു കൊണ്ടു പോകാമെന്ന അവസ്ഥ വരില്ലേ? ബൽറാമിനെ അന്യായമായി സി.ബി.ഐ അറസ്റ്റു ചെയ്താൽ മാത്രമെ ബൽറാമിന് പ്രതികരണമുള്ളൂ എന്നാണെങ്കിൽ അത് നിർഭാഗ്യകരമെന്നേ പറയാനുള്ളൂ. ആർ.എസ്.എസ് ക്രിമിനലുകളുടെ കേസുകൾ ബൽറാമിന്റെ സർക്കാർ പിൻവലിച്ചുകൊടുക്കുന്നതിനാൽ ഒരിക്കലും സി.ബി.ഐ തങ്ങളുടെ നേരെ വരില്ലെന്നാണ് ബൽറാമിന്റെ ആശ്വാസമെങ്കിൽ പാസ്റ്റർ നെയ്മുള്ളറുടെ പഴയ കവിത ഒന്നു വായിക്കുന്നത് നന്നാകുമെന്ന് മാത്രമെ എനിക്കു പറയാനുള്ളൂ.
പി.ജയരാജന്റെ കേസിനെ ലാവ്‌ലിനുമായി താരതമ്യം ചെയ്യുന്നതൊക്കെ അത്ഭുതകരം തന്നെ. ഇക്കാര്യം ബൽറാം സൂചിപ്പിക്കുന്നത് “പലരും” പറയുന്നുവെന്നാണ് ! “പലരും” അവിടെ നിൽക്കട്ടെ. ഇക്കാര്യത്തിൽ ബൽറാമിന് സംശയമുണ്ടെങ്കിൽ കോടതിവിധി വായിക്കുക അതിൽ കാര്യങ്ങൾ വ്യക്തമാണ്. രാഷ്ട്രീയ വിരോധംകൊണ്ട് കെട്ടിചമച്ചുണ്ടാക്കിയ കള്ളക്കേസിന്റെ കടലാസുകെട്ട് ചവറ്റുകുട്ടയിൽ എറിഞ്ഞതിന്റെ കാരണം അപ്പോൾ മനസിലാവും. ഒരു കേസ് വിചാരണയ്ക്ക് എടുക്കണമെങ്കിൽ അത് വിചാരണായോഗ്യമായിരിക്കണമെന്ന് ആരെങ്കിലും വേണ്ടപ്പെട്ടവരോട് പറഞ്ഞുകൊടുക്കണം.
11. മുസോളിനി പ്രയോഗം ഇപ്പോഴും ഉചിതമാണെന്നാണ് ബൽറാമിന്റെ അഭിപ്രായം. എന്നാൽ ഉമ്മൻചാണ്ടിക്കെതിരായ ജയശങ്കറിന്റെ വിശേഷണം തീർത്തും അനുചിതവും. അതെ, ഉമ്മൻചാണ്ടിക്കെതിരെ പറഞ്ഞാൽ അനുചിതം. പിണറായിക്കെതിരെ ഉചിതം. ഒരാളെ മുസോളിനി എന്നു വിളിക്കുന്നതും പുഴുത്ത പട്ടി എന്നുവിളിക്കുന്നതും അങ്ങേയറ്റം അപലപിക്കപ്പെടേണ്ടതാണ് എന്നതിൽ എനിക്കു സംശയമില്ല. പുഴുത്തപട്ടിയെ മാത്രം അറിയുകയും മുസോളിനിയെ അറിയാതിരിക്കുകയും ചെയ്യുന്നവർക്ക് അത് മനസിലാക്കികൊള്ളണമെന്നില്ല.
ഇത്തരം പരാമർശങ്ങളോടൊന്നും യോജിപ്പില്ലെന്ന് ഞാൻ പറയുമ്പോൾ മറ്റൊരു പ്രയോഗത്തെ ബൽറാം, ഓർമ്മിപ്പിക്കുന്നു. അതുമാത്രമല്ല ബൽറാം, ബിഷപ്പിനെതിരെ ഒരു യുവനേതാവ് നെഞ്ചുവിരിച്ച് ആക്രോശിക്കുകയും പിന്നീട് തലകുനിച്ച് മാപ്പിരന്ന് പിൻവലിക്കുകയും ചെയ്ത പ്രയോഗത്തോടും യോജിപ്പില്ല.
12. എന്നെ ബൽറാം ഒരു സ്റ്റാലിൻ അനുകൂലിയാക്കിയിരിക്കുന്നു. ഞാൻ എഴുതിയത് വായിച്ചിരുന്നുവെങ്കിൽ ഇങ്ങനെ പറയുമായിരുന്നില്ല. ഞാൻ സ്റ്റാലിൻ അനുകൂലിയോ പ്രതികൂലിയോ അല്ല. സ്റ്റാലിന്റെ സംഭാവനകളുടെ ശരിയും തെറ്റും മനസിലാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ വിദ്യാർത്ഥിമാത്രമാണ്. സ്റ്റാലിനെ ചോദ്യം ചെയ്യാൻ പാടില്ലാത്ത മഹാനായി ആരാധിക്കുന്നവരോടും, സ്റ്റാലിൻ നിഗ്രഹം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്രാജ്യത്വ പ്രചാരകരോടും ഞാൻ വിയോജിക്കുന്നു.
ഇന്നത്തെ റഷ്യയിലും ലോക കമ്യൂണിസ്റ്റ് പാർടികളിലും സ്റ്റാലിനോടുള്ള സമീപനം ബൽറാം മനസിലാക്കിയതുപോലെയല്ല. സാധിക്കുമെങ്കിൽ മുൻവിധി മാറ്റിവെച്ച് വസ്തുതകൾ ശരിയായി മനസിലാക്കാൻ ശ്രമിക്കൂ എന്നു മാത്രമെ എനിക്കു പറയാനുള്ളൂ. ഏതായാലും നെഹ്‌റുവിനെക്കാൾ കാര്യഗൗരവമുള്ള നേതാവാണ് ബൽറാമെന്ന് ഞാൻ സമ്മതിക്കുന്നു. ഇനിയും ഇക്കാര്യം പറഞ്ഞ് നെഹ്‌റുവിനെ ഒന്നുമല്ലാതാക്കണ്ട.
13. അടിയന്തിരാവസ്ഥയ്‌ക്കെതിരെ ഒട്ടും നിസാരമല്ലാത്ത എതിർപ്പുണ്ടുപോലും ബൽറാമിന്. അതേതായാലും നന്നായി. ഇപ്പോൾ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക്. ആ കളങ്കം മായ്ക്കാൻ നിങ്ങൾ ആവശ്യപ്പെടുമോ ?. അടിയന്തിരാവസ്ഥാകാലത്ത് പീഡനമനുഭവിച്ചവർക്കും, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഇനിയെങ്കിലും ആവശ്യപ്പെടുമോ? വെറുതെ പറഞ്ഞാൽ പോരാ സുഹൃത്തെ. നാട്യങ്ങളില്ലാത്ത വാക്കാണെങ്കിൽ പ്രവർത്തിയിലൂടെ അത് ബോധ്യപ്പെടുത്തണം. അടിയന്തിരാവസ്ഥ ചൂണ്ടിക്കാണിച്ചത് മറ്റെന്തിനെയെങ്കിലും വെള്ള പൂശാനല്ല. സമാധാനത്തിന്റെ മാലാഖകുപ്പായം അണിയാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ചോര കുടിച്ച കഴുകനാണെന്ന് ഓർമപ്പെടുത്താനാണ്.
14. പരീക്ഷാ ക്രമക്കേടും, മാർക്ക് ദാനവും ചർച്ച ചെയ്യപ്പെട്ടതും, അന്നത്തെ സംഭവങ്ങളും ശരിയായി തന്നെ മനസിലാക്കിയിട്ടുള്ള ആളാണ് ഞാൻ. അതു ചർച്ച ചെയ്യാനോ താങ്കളെ ആ ആരോപണത്തിൽ തളയ്ക്കാനോ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഞാനത് സൂചിപ്പിച്ചത് “പബ്ലിക് ഡൊമൈൻ” സിദ്ധാന്തവും കൊണ്ട് താങ്കൾ വന്നപ്പോൾ മേൽകാര്യങ്ങളൊന്നും മറന്നുപോകരുതെന്ന് കരുതി മാത്രമാണ്. എനിക്കെപ്പോഴും രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാൻ തന്നെയാണ് താൽപര്യം. അത് എം.എം.ഹസന്റെ കാര്യത്തിലായാലും, വി.ടി.ബൽറാമിന്റെ കാര്യത്തിലായാലും. താങ്കൾ പലപ്പോഴും ചർച്ചാവിഷയത്തിൽ നിന്നും മാറി വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മുതിരുമ്പോഴാണ് ചില ഓർമ്മപെടുത്തലുകൾ വേണ്ടിവരുന്നത്.
15. ഹനീഫാ വധക്കേസിലെ ബൽറാമിന്റെ പങ്കിനെക്കുറിച്ച് ഞാൻ പറഞ്ഞത് ഇനിയും ബൽറാമിന് മനസിലായിട്ടില്ലേ? എന്റെ ആദ്യകുറിപ്പ് ഒന്നുകൂടി വായിച്ചാൽ അത് മനസിലാവും. ആരോപണങ്ങളും തെളിവും സംബന്ധിച്ചുള്ള താങ്കളുടെ അഭിപ്രായത്തോടുള്ള എന്റെ പ്രതികരണമാണത്. വധക്കേസിലെ പ്രതിയോടൊപ്പം നിങ്ങൾ നിൽക്കുന്നത് ഞാൻ മാത്രം കണ്ട ഫോട്ടോയാകാൻ ഒരു സാധ്യതയുമില്ല. പിന്നെ ഹനീഫ വധിക്കപ്പെട്ടയുടനെ അവിടെ സന്ദർശിക്കുകയും ബന്ധുക്കളോടും നാട്ടുകാരോടും സംസാരിക്കുകയും ചെയ്ത ആളാണ് ഞാൻ. അന്ന് അവിടെയും ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം ആരോപണം ഉന്നയിക്കാൻ ഞാൻ മുതിർന്നിട്ടില്ല. ബൽറാമിന്റെ സിദ്ധാന്തമനുസരിച്ച് അങ്ങനെ ഉന്നയിച്ചിട്ട് തെളിയിക്കാൻ പ്രയാസമെന്ന് പറഞ്ഞ് കൈകഴുകാം. ഞാൻ അതിന് മുതിർന്നിട്ടില്ല.
16. ദേവേന്ദ്ര പാണ്‌ഡെ മുതലുള്ള കോൺഗ്രസ് ക്രിമിനലുകളുടെ കാര്യം ഞാൻ പറഞ്ഞത് ബൽറാമിന് ഇഷ്ടമായില്ല. ഇതൊക്കെ എന്തിനാണ് പറയുന്നതെന്ന് ബൽറാം ചോദിക്കുന്നു. മിനിമം 30 കൊല്ലം മുമ്പുള്ള കാര്യമാണ് ഇതൊക്കെയെന്ന് ബൽറാം പരിഭവിക്കുന്നു. ഏതായാലും ഞാൻ പറഞ്ഞ കാര്യങ്ങൾ നിഷേധിച്ചിട്ടില്ല ഭാഗ്യം!. 30 വർഷങ്ങൾ മുമ്പുള്ള കാര്യങ്ങൾ പറയരുതെന്ന് പറയുന്ന ബൽറാം താങ്കൾ ദയവായി പറയൂ എത്ര വർഷം മുമ്പു വരെയുള്ള കാര്യങ്ങൾ എനിക്ക് പറയാം?.
വർഷക്കണക്ക് പറയുന്ന ബൽറാമിന് പക്ഷെ 63 കൊല്ലം മുമ്പ് റഷ്യയിൽ മരിച്ചുപോയ സ്റ്റാലിന്റെ ചെറുപ്പത്തിലെ കാര്യങ്ങൾപോലും പറയാം. വർഷക്കണക്ക് എനിക്കെ ബാധകമാകൂ ബൽറാമിന് ബാധകമല്ല എന്ന്. ശരി അതു ഞാൻ സമ്മതിക്കുന്നു. പുതിയ കാര്യങ്ങളെ കുറിച്ച് മാത്രം പറഞ്ഞാൽ മതിയെങ്കിൽ ഇനി അങ്ങനെയാവാം. നിലമ്പൂർ രാധാ വധം മുതൽ വയനാട് ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.ജോൺ പാർടി ഓഫീസിൽ ജീവനൊടുക്കിയ സംഭവത്തിലെവരെ പ്രതികളോട് കോൺഗ്രസ് സ്വീകരിച്ച സമീപനമെന്താണ്? താങ്കളോടൊപ്പം നിയമസഭയിൽ ഇരിക്കുന്ന ഇരട്ടക്കൊലക്കേസ് പ്രതിയോടും ബലാത്സംഗ കേസിൽ പരാതി ഉയർന്ന രണ്ട് എം.എൽ.എ മാരോടും കോൺഗ്രസ് സ്വീകരിച്ച സമീപനമെന്താണ്?.
പഴയതും പുതിയതുമായ സംഭവങ്ങളിൽ എന്നും കോൺഗ്രസ് കുറ്റവാളികൾക്ക് കുടയായി മാറുന്ന സമീപനം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ മുഴുവൻ ഉദാഹരണങ്ങളുണ്ട്. താങ്കൾക്ക് താൽപര്യമുണ്ടെങ്കിൽ ഒരു നൂറ് ഉദാഹരണം ഈ ഇരുപ്പിൽ ഞാൻ പറയാം. പക്ഷെ ഇവിടെയും ബൽറാം എന്നെ തെറ്റിദ്ധരിച്ചു. ഞാനിതൊക്കെ പറഞ്ഞത് നിങ്ങൾ ചെയ്തിട്ടില്ലേ ഞങ്ങളും ചെയ്യും എന്നു പറയാനല്ല.
ഏറ്റവും വെറുക്കപ്പെട്ട ഭൂതകാലമുള്ള ഒരു പാർട്ടിയുടെ യുവനേതാവായ ബൽറാം ഞങ്ങൾ മാലാഖമാരാണ്, കുറ്റവാളികളോട് ഞങ്ങൾ പടവാളെടുക്കുന്നവരാണ് എന്നൊക്കെ വീമ്പിളക്കിയപ്പോൾ ഇന്നുവരെയുള്ള അനുഭവം വെച്ച് നിങ്ങളുടെ കയ്യിലെ ചോരക്കറ ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. ദേവേന്ദ്ര പാണ്‌ഡെയുടെ ചിത്രം പ്രൊഫൈൽ ആക്കിയില്ലപോലും. നല്ല ചിത്രം കിട്ടാഞ്ഞിട്ടാവും. കുറ്റവാളികൾക്ക് എല്ലാ പിന്തുണയും കൊടുക്കുന്നവർ, എം.എൽ.എ.യും മന്ത്രിയും സംസ്ഥാന സെക്രട്ടറിയുമാക്കിയവർ, കേസുകൾ തേച്ചുമായ്ച്ച് സഹായിച്ചവർ ഇപ്പോൾ സമാധാന പ്രസംഗം നടത്തുമ്പോൾ ഞാൻ ഇതൊക്കെ ഓർമിപ്പിച്ചുവെന്നെ ഒള്ളൂ.
പിന്നെ മമ്പറം ദിവാകരനെന്ന പേര് ഇപ്പോഴെങ്കിലും ബൽറാം ഉച്ഛരിച്ചല്ലോ. ഞാൻ കൃതാർത്ഥനായി. അപ്പോ ആളെ അറിയാം. പിന്നെ പ്രാധാന്യത്തിന്റെ കാര്യമാണെങ്കിൽ കോൺഗ്രസിൽ ഇപ്പോഴും വി.ടി.ബൽറാമിനേക്കാൾ പ്രാധാന്യമുള്ള നേതാവ് മമ്പറം ദിവാകരനാണെന്നാണ് ഞാൻ മനസിലാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മമ്പറം തോറ്റതിനാൽ എം.എൽ.എ ആയില്ലെന്ന് മാത്രം.
17. രാജീവ് ഗാന്ധിയുടെ പ്രസംഗം ഞാൻ കേട്ടെഴുതിയെന്നൊക്കെ പരിഹസിക്കുന്നുണ്ട് ബൽറാം. പരിഹാസം നല്ല സ്വഭാവരീതിയാണെന്ന് തോന്നുന്നുവെങ്കിൽ എനിക്ക് പരിഭവമില്ല. ഞാൻ രാജീവ് ഗാന്ധിയുടെ പ്രസംഗം കേട്ടെഴുതിയെടുത്തതല്ല ബൽറാം, ഒരു പുസ്തകത്തിൽ വായിച്ചതാണ്. പിന്നെ ഞാൻ ഹിന്ദി ഭാഷാ പണ്ഡിതനല്ല. താങ്കളുടേയോ, താങ്കൾക്ക് ട്യൂഷൻ ഉപദേശിച്ച ആളുടെയോ പാണ്ഡിത്യം എനിക്കില്ല. ഞാൻ മനസിലാക്കിയത് “ബർഗത് കാ പേഡ്” എന്നാൽ ആൽവൃക്ഷമാണെന്നും വൻവൃക്ഷം വടവൃക്ഷം തുടങ്ങിയ അർത്ഥത്തിലും ഈ വാക്കു ഉപയോഗിക്കാറുമുണ്ടെന്നാണ്. ഇത് തെറ്റാണെങ്കിൽ എന്നെ തിരുത്തിക്കൊള്ളൂ. ഒരു ദുരഭിമാനവുമില്ലാതെ ഞാൻ എന്റെ ധാരണ മാറ്റാം. പറയൂ എന്താണ് ആ വാക്കിന്റെ അർത്ഥം? ഇത്രയും പറഞ്ഞു നിർത്തുമ്പോഴും കൂട്ടക്കൊലയ്ക്ക് നേരിട്ട് നേതൃത്വം നൽകിയ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗങ്ങളോടുള്ള കോൺഗ്രസിന്റെ സമീപനത്തെക്കുറിച്ച് ബൽറാം ഒന്നും പറഞ്ഞിട്ടില്ല. ഓ.. സംഭവം നടന്നിട്ട് 31 വർഷമായതിനാൽ പറയാൻ പാടില്ലല്ലോ. ഞാൻ വിട്ടു.
18. പിണറായി വിജയനെകുറിച്ച് പൊതുവേദിയിൽ പുകഴ്ത്തുകയും ഫേസ്ബുക്കിൽ ആക്ഷേപിക്കുകയും ചെയ്ത ബൽറാമിന്റെ അവസരവാദത്തെയും നാട്യങ്ങളെയും കുറിച്ച് ഓർക്കുമ്പോൾ എനിക്കും തോന്നുന്നത് സഹതാപമാണ്. “ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോൾ വിശിഷ്ടാതിഥികളെകുറിച്ച് ഒന്നു രണ്ടു നല്ല കാര്യങ്ങൾ പറയുക, വിമർശനങ്ങൾ ഉണ്ടെങ്കിൽ അത് മാന്യമായ ഭാഷയിൽ സൂചിപ്പിക്കുക എന്നതൊക്കെ ഒരു മിനിമം മര്യാദമാത്രമാണ്” ഇതാണ് ബൽറാമിന്റെ ന്യായം. ഒറ്റകാര്യം ചോദിക്കട്ടെ ആ വിയോജിപ്പ് മാന്യമായ ഭാഷയിൽ നിങ്ങൾ അവിടെ പ്രകടിപ്പിച്ചുവോ? അങ്ങനെ എങ്കിൽ ഈ മറുപടിക്ക് പ്രസക്തിയുണ്ടാകുമായിരുന്നു. നേരിൽ കാണുമ്പോൾ അപദാനങ്ങൾ വാഴ്ത്തുന്നതും അതു കഴിഞ്ഞാൽ ആക്ഷേപിക്കുന്നതും കാപട്യമാണെന്ന് ഞാൻ കരുതുന്നു.
കണ്ടാൽ ചിരിക്കുന്നതും അഭിവാദ്യം ചെയ്യുന്നതും വീട്ടിൽവരുന്ന ആളുകളോട് ഇരിക്കാൻ പറയുന്നതും ചായകൊടുക്കുന്നതുമൊക്കെ എന്റെയും ബൽറാമിന്റെയും നാട്ടിൽ മാത്രമല്ല ലോകത്തെല്ലായിടത്തുമുള്ള കാര്യമാണ്. എന്നാൽ നേരിൽ കാണുമ്പോൾ പുകഴ്ത്തിയിട്ട് പിരിഞ്ഞു കഴിഞ്ഞാൽ ആക്ഷേപിക്കുന്നത് ലോകത്തെവിടെയും ഇല്ലാത്ത കാര്യവുമാണ്. പിന്നെ ബൽറാമിന്റെ വീട്ടിൽ പിണറായി ചായകുടിക്കാൻ എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളെക്കുറിച്ചല്ല നമ്മുടെ ചർച്ചയെന്നാണ് എന്റെ വിശ്വാസം.
തൃത്താലയുടെ കാര്യങ്ങൾ ഞാൻ മനസിലാക്കിവയ്ക്കാൻ ബൽറാം എന്നെ ഉപദേശിക്കുന്നുണ്ട്. പ്രിയ ബൽറാമെ, തൃത്താല മാത്രമല്ല കേരളത്തിലെ ഏതാണ്ടെല്ലാ നാടുകളും നിങ്ങൾ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പായിതന്നെ സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഞാൻ കടന്നുപോയിട്ടുള്ളതും മനസ്സിലാക്കിയിട്ടുള്ളതുമാണ്. ഉപദേശം മറ്റാർക്കെങ്കിലും കൊടുത്തേക്കൂ.
താങ്കൾ പറഞ്ഞതുപ്രകാരമാണെങ്കിൽ നമ്മുടെ കത്തിടപാട് അവസാനിക്കുകയാണ്. ഇനി കത്തില്ലാത്തതിനാൽ ഒന്നും വിശദീകരിക്കാനാവശ്യപ്പെടുന്നില്ല. മുൻ കത്തുകളിലെ നിരവധി വിഷയങ്ങളോട് ബൽറാം തന്ത്രപരമായി മൗനം പാലിച്ചിട്ടുണ്ട്. എനിക്ക് പരാതിയില്ല. പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലെ നിശബ്ദത പാലിക്കാനും താങ്കൾക്ക് സ്വാതന്ത്ര്യമുണ്ട്. എങ്കിലും ഒരു കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ ആകുമോ എന്ന് ശ്രമിക്കണം. എന്റെ നാട്ടിലാണ് നിങ്ങളുടെ പാർടി ഓഫീസിൽ ഒരു പാവം സ്ത്രീയെ കൊന്ന് ചാക്കിൽ കെട്ടിവച്ചത്. അവരുടെ ആശ്രിതർ നിർദ്ധനരാണ്. പശ്ചാത്താപമായിട്ടെങ്കിലും കോൺഗ്രസ് പാർടി ആ കുടുംബത്തിന് സാമ്പത്തിക നഷ്ടപരിഹാരം നൽകുമോ?
(നിങ്ങളുടെ പാർടി ഓഫീസിൽ ഗാന്ധിയന്മാർ അഹിംസാ മാർഗത്തിൽ കൊന്ന ആ പാവം സ്ത്രീയുടെ കുടുംബത്തെ കഴിയും വിധം സഹായിച്ചത് സി.പി.ഐ(എം) ആണ്.)
അപ്പോൾ പിന്നെ നിർത്തട്ടെ.
ഒരാകാശം നിറയെ സ്‌നേഹത്തോടെ
എം.സ്വരാജ്.