Tuesday 12 July 2016

എന്താണ് മാര്‍ക്സിസം ? (അടിസ്ഥാന പാഠങ്ങള്‍ ) അവസാന ഭാഗം What is Marxism basic lessons

മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 7

7.1 ഉൽപാദനബന്ധങ്ങൾ ഏതെല്ലാം

ഉൽപാദനശക്തികളുടെ വളര്‍ച്ചയുടെ ഭാഗമായി ഉൽപാദന ബന്ധങ്ങൾക്ക്‌ മാറ്റമുണ്ടാകുന്നു എന്ന കാര്യം നാം നേരത്തെ മനസിലാക്കിയല്ലോ. ഉൽപാദനത്തിന്‌ വേണ്ടിവിവിധ വര്‍ഗങ്ങൾ തമ്മിലുണ്ടാക്കുന്ന ബന്ധങ്ങളാണല്ലോ ഉൽപാദന ബന്ധങ്ങൾ. ഉൽപാദനത്തിനായി ആരെല്ലാം തമ്മിലാണ്‌ ബന്ധങ്ങൾ ഉണ്ടാക്കുന്നത്‌ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഉൽപാദനബന്ധങ്ങളുടെ അഥവാ സാമൂഹ്യവ്യവസ്ഥയുടെ പേരുകൾ നിര്‍ണ്ണയിക്കപ്പെടുന്നത്‌. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ആറുതരം ഉൽപാദനബന്ധങ്ങളാണ്‌ ചരിത്രത്തിൽ ഉണ്ടാവുക എന്ന്‌ മാര്‍ക്‌സിസം വിലയിരുത്തുന്നു.
  1. പ്രാകൃത കമ്യൂണിസം
  2. അടിമത്തം
  3. ജന്മിത്തം
  4. മുതലാളിത്തം
  5. സോഷ്യലിസം
  6. കമ്യൂണിസം

7.1.1. പ്രാകൃത കമ്മ്യൂണിസം

മനുഷ്യ സമൂഹത്തിന്റെ ആദ്യകാലത്ത്‌ ഉടമയും അടിമയും ഇല്ലായിരുന്നു. ഈ കാലഘട്ടത്തെയാണ്‌ പ്രാകൃത കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. ഇതിനെ ഗോത്രവ്യവസ്ഥ എന്നും പറയാറുണ്ട്‌. എന്തുകൊണ്ടാണ്‌ പ്രാകൃത കമ്മ്യൂണിസ്റ്റ്‌ ഘട്ടത്തിൽ അടിമയും ഉടമയും ഇല്ലാതെ പോയത്‌? ഒരാൾക്ക്‌ ജീവിക്കാനുള്ളത്‌ തന്നെ അയാൾക്ക്‌ ഉൽപാദിപ്പിക്കാന്‍ കഴിയാത്ത വിധം പിന്നോക്കമായിരുന്നു അക്കാലത്തെ ഉൽപാദന രീതി. അതുകൊണ്ട്‌ തന്നെ ഒരാളെ അടിമയാക്കി വെക്കാന്‍ കഴിയുമായിരുന്നില്ല. അടിമത്തം നിലനിൽക്കണമെങ്കിൽ ഉൽപാദനത്തിന്‌ ചില സവിശേഷതകൾ ഉണ്ടാവണം. ഒരാൾ അടിമയാവണമെങ്കിൽ അയാൾക്ക്‌ ജീവന്‍ നിലനിര്‍ത്താനുള്ളതും അടിമയായി വെക്കുന്നവര്‍ക്ക്‌ നൽകാനുള്ളതും ഉൽപാദിപ്പിക്കാനാവണം. പ്രാകൃത കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥയിൽ ഒരാൾക്ക്‌ വേണ്ടത്‌ തന്നെ അവര്‍ക്ക്‌ ഉൽപാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നത്‌. സ്വന്തം ജീവിതം നിലനിര്‍ത്തുന്നതിന്‌ ബുദ്ധിമുട്ടുന്ന ഒരാളെ അടിമയാക്കിയാൽ അയാളെ അടിമയാക്കി വെച്ചിരിക്കുന്നവരുടെ ജീവിതവും ഇല്ലാതാവുകയാണ്‌ ഫലത്തിൽ സംഭവിക്കുക. അതായത്‌ ഫലത്തിൽ അടിമത്തം നിലനിൽക്കുന്നതിനുള്ള ഭൗതിക ചുറ്റുപാടുകൾ ആദ്യ കാലഘട്ടത്തിൽ വികസിച്ചിരുന്നില്ല. അത്തരമൊരു വ്യവസ്ഥയിൽ അടിമത്തം എന്നത്‌ നിലനിൽക്കില്ല. അത്തരമൊരു വ്യവസ്ഥ അവരുടെ മരണത്തിലായിരിക്കും കലാശിക്കുക. അതായത്‌ അടിമ ഉടമ പോലും നിലനിര്‍ത്താന്‍ ഉതകുന്ന ഭൗതികോൽപാദനം ആ സമൂഹത്തിൽ ഉണ്ടായിരുന്നില്ല. എല്ലാവരും കൂട്ടായി അധ്വാനിച്ചാൽ മാത്രമേ അവര്‍ക്ക്‌ കഷ്‌ടിച്ച്‌ ജീവിക്കാന്‍ പറ്റുന്ന അവസ്ഥ നിലനിന്നിരുന്നുള്ളൂ. അതുകൊണ്ട്‌ ആര്‍ക്കും ആരെയും ചൂഷണം ചെയ്യാന്‍ പറ്റുന്ന ഒരു സാഹചര്യം അന്ന്‌ വികസിച്ചുവന്നിരുന്നില്ല. ഉൽപാദനത്തിന്റെ പ്രാകൃതാവസ്ഥയാണ്‌ ചൂഷണത്തെ മാറ്റി നിര്‍ത്തിയത്‌. കാട്ടിൽ നിന്ന്‌ കായ്‌കനികൾ ശേഖരിച്ചതും പുഴയിൽ നിന്നും മത്സ്യം പിടിച്ചതുമെല്ലാം അന്ന്‌ കൂട്ടായി ഉൽപാദനം നടത്തുന്നതായിരുന്നു രീതിയായിരുന്നു ഉണ്ടായിരുന്നത്‌. ഒരു തരം പെറുക്കി തിന്നുന്ന സമ്പ്രദായമായിരുന്നു അത്‌. ദാരിദ്ര്യത്തിന്റെ ഒരു തരം പങ്കുവെക്കലായിരുന്നു ഈ കാലത്ത്‌ ഉണ്ടായിരുന്നത്‌. പിന്നീട്‌ ഉൽപാദനം വര്‍ദ്ധിക്കുന്നതോടെ ഈ സ്ഥിതിവിശേഷത്തിന്‌ മാറ്റമുണ്ടാകുന്നു. അതായത്‌ ഉൽപാദന ശക്തികളുടെ വികാസത്തോടെ പ്രാകൃത കമ്മ്യൂണിസം അടിമത്ത വ്യവസ്ഥയായി രൂപപ്പെടുന്നു.

7.2 അടിമ-ഉടമ വ്യവസ്ഥ എങ്ങനെ ഉണ്ടായി?

പ്രാകൃത കമ്മ്യൂണിസത്തിന്‌ ശേഷം രൂപപ്പെട്ട വ്യവസ്ഥയാണ്‌ അടിമ-ഉടമ വ്യവസ്ഥ. പ്രാകൃത കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥയിൽ ഉൽപാദനം പ്രാകൃതാവസ്ഥയിലായിരുന്നു. എന്നാൽ പ്രകൃതിയിൽ പ്രാകൃത ഉപകരണങ്ങളുമായി ഉൽപാദനം നടത്തുന്ന മനുഷ്യന്‍ അതിന്റെ പരമിതികൾ മനസിലാക്കി കൊണ്ട്‌ കൂടുതൽ മെച്ചപ്പെട്ട ഉപകരണങ്ങൾ കണ്ടെത്താന്‍ ശ്രമിക്കുകയുണ്ടായി. അതിന്റെ ഫലമായി അവര്‍ ഉപയോഗിക്കുന്ന ഉൽപാദന ഉപകരണങ്ങൾ മെച്ചപ്പെടാനും ആരംഭിച്ചു. ശിലകളുടെ സ്ഥാനത്ത്‌ അമ്പും വില്ലും വാളും മറ്റ്‌ വിവിധ ഉപകരണങ്ങളും ഉണ്ടാകാന്‍ തുടങ്ങി. ഇത്തരത്തിൽ ഉൽപാദനത്തിനുള്ള ഉപകരണങ്ങൾ വളര്‍ന്നുവന്നതോടെ അത്‌ ഉപയോഗിച്ച്‌ കൂടുതൽ ഉൽപാദനം നടത്താവുന്ന സാഹചര്യം വന്നു. ഇതിലൂടെ ഒരാൾക്ക്‌ ജീവന്‍ നിലനിര്‍ത്താനും അധ്വാനിക്കാനുള്ള ശേഷി നിലനിര്‍ത്താനും ആവശ്യമായതിനേക്കാൾ ഉൽപാദിപ്പിക്കാന്‍ പറ്റും എന്ന അവസ്ഥ ഉളവായി. അതോടുകൂടി മിച്ചോൽപാദനം സമൂഹത്തിൽ ഉണ്ടാകാന്‍ തുടങ്ങി. പ്രകൃത കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥയിൽ മനുഷ്യനും പ്രകൃതി ശക്തികളും തമ്മിലായിരുന്നു പ്രധാന വൈരുദ്ധ്യം. കാറ്റ്‌, മഴ, തീ തുടങ്ങിയ പ്രകൃതി ശക്തികളെ മനുഷ്യന്‍ ഭയപ്പെട്ടിരുന്നു. അവരെ പ്രീതിപ്പെടുത്തി ഇവരുടെ ആക്രമണങ്ങളിൽ നിന്ന്‌ രക്ഷനേടാം എന്ന സമീപനമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌. എല്ലാ സമൂഹങ്ങളിലെയും ആദ്യത്തെ ആരാധന പ്രകൃതി ശക്തികളോടായി തീര്‍ന്നത്‌ അതുകൊണ്ടാണ്‌. മിച്ചോൽപാദനം രൂപപ്പെട്ടതോടെ പ്രകൃതി പൂജയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനും പ്രത്യേക വിഭാഗം രൂപപ്പെട്ട്‌ വന്നു. പുരോഹിത വിഭാഗം അങ്ങനെ ഉയര്‍ന്നുവന്നു. അവര്‍ ഉൽപാദനത്തിൽ പങ്കെടുത്തില്ലെങ്കിലും അവര്‍ക്ക്‌ വേണ്ടത്‌ നൽകാന്‍ കഴിയുമെന്ന സാഹചര്യം മിച്ചോൽപാദനം ഉണ്ടാക്കി. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ പുരോഹിത വിഭാഗത്തിന്‌ ജീവിക്കാന്‍ വേണ്ടത്‌ നൽകാനുള്ള ഉത്തരവാദിത്തം അധ്വാനിക്കുന്ന വിഭാഗങ്ങൾക്കായി തീര്‍ന്നു.
ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുമ്പോൾ പിടിക്കപ്പെടുന്ന വിഭാഗങ്ങളെ അടിമകളായി സൂക്ഷിക്കാന്‍ കഴിയുന്ന അവസ്ഥ മിച്ചോൽപാദനം ഉണ്ടാക്കി. അവര്‍ അടിമകളായി മാറ്റപ്പെട്ടു. ഗോത്ര തലവന്മാര്‍ തന്നെ ഭരണകര്‍ത്താക്കളായി ഉയര്‍ന്നുവരികയും പുരോഹിത വിഭാഗം അവരുമായി യോജിച്ച്‌ വരികയും ചെയ്യുന്ന സാഹചര്യവും ഉയര്‍ന്നു വന്നു. അങ്ങനെ പുതിയ ഉടമ വര്‍ഗങ്ങൾ സമൂഹത്തിൽ രൂപപ്പെട്ടു. ഇതോടെ പ്രവര്‍ത്തി വിഭജനങ്ങൾ ഉണ്ടായി. അടിമകളുടെയും ഉല്‌പാദനോപാധികളുടെയും ഉടമസ്ഥാവകാശം ഉടമവര്‍ഗത്തിന്റെ കൈവശമായി. ഉടമയുടെ മറ്റൊരു ഉല്‌പാദനോപകരണം മാത്രമായി തീര്‍ന്നു അടിമകൾ. മിച്ചോൽപാദനം രൂപപ്പെട്ട്‌ വരികയും പുതിയ സാമൂഹ്യ മാറ്റങ്ങൾ വളര്‍ന്നുവരികയും ചെയ്‌തതിന്റെ ഫലമായിട്ടാണ്‌ പ്രാകൃത കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥ അടിമ-ഉടമ വ്യവസ്ഥയായി മാറ്റപ്പെട്ടത്‌. ഉൽപാദനത്തിനായി ഉണ്ടാക്കുന്ന ബന്ധത്തെ ആണല്ലോ ഉൽപാദന ബന്ധം എന്ന്‌ പറയുന്നത്‌. ഇവിടെ ഉൽപാദനം അടിമ-ഉടമ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടക്കുന്നത്‌ എന്നതിനാൽ ഈ വ്യവസ്ഥയുടെ പേര്‌ അടിമ-ഉടമ വ്യവസ്ഥ എന്നായി മാറുകയും ചെയ്‌തു.

7.3 എന്താണ്‌ ജന്മിത്തം?

ജന്മിയും കുടിയാനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ സാമൂഹ്യവ്യവസ്ഥയിൽ ഉൽപ്പാദനം നടക്കുന്നത്‌. അതുകൊണ്ടുതന്നെ, ഈ വ്യവസ്ഥയെ ജന്മിത്വ വ്യവസ്ഥ എന്ന്‌ പറയുന്നു. ഇവിടെ ജന്മിയാണ്‌ ഉൽപ്പാദന ഉപകരണങ്ങളുടെ ഉടമസ്ഥനായി വരുന്നത്‌. എന്നാൽ, കുടിയാന്റെ മുഴുവനും ഉടമ എന്ന അവസ്ഥ നിലനിൽക്കുന്നില്ല. അടിമയെ വിൽക്കാനും വാങ്ങാനും പറ്റുമെങ്കിലും അടിമത്താവസ്ഥയിലെപ്പോലെ കൊല്ലാനും മറ്റുമുള്ള അവകാശം ഉടമയ്‌ക്കില്ല. ജന്മിയുടെ സ്വത്തുടമസ്ഥതയ്‌ക്കു കീഴിലാണ്‌ അടിയാളനെങ്കിലും അയാൾക്ക്‌ വ്യക്തിപരമായ ഉടമസ്ഥത വളര്‍ന്നുവരുന്നതു കാണാം. പണിയായുധങ്ങൾക്കുമേലും സ്വകാര്യ സംരംഭങ്ങൾക്കുമേലും അടിയാളന്‌ കുറച്ചൊക്കെ അവകാശം കിട്ടുന്നു. ഇരുമ്പു കലപ്പ, കന്നുകാലി വളര്‍ത്തൽ, ധാന്യകൃഷി, തോട്ടകൃഷി ഇതെല്ലാം ഉണ്ടായപ്പോൾ ജന്മിത്തത്തിന്റെ രൂപത്തിനു തന്നെ മാറ്റങ്ങൾ ഉണ്ടാകാന്‍ തുടങ്ങി. ഈ മാറ്റം ജന്മിത്വത്തിന്റെ തകര്‍ച്ചയിലേക്ക്‌ നയിച്ചു.

ഉദാഹരണമായി, ജന്മിത്വവ്യവസ്ഥ നിലനിൽക്കുന്ന കാലത്ത്‌ പുതിയ ഉൽപ്പാദന ഉപകരണങ്ങൾ വളര്‍ന്നുവരും. അവയെ ഉൾക്കൊള്ളുവാന്‍ ജന്മിത്വവ്യവസ്ഥയ്‌ക്ക്‌ കഴിയാതെ വരുമ്പോഴാണ്‌ മുതലാളിത്തവ്യവസ്ഥയിലേക്ക്‌ സമൂഹം എത്തിച്ചേരുന്നത്‌. ആധുനിക യന്ത്രങ്ങൾ പ്രവര്‍ത്തിക്കണമെങ്കിൽ അത്‌ പ്രവര്‍ത്തിപ്പിക്കുവാനുള്ള വിദ്യാഭ്യാസവും അറിവും ഉണ്ടാകേണ്ടതുണ്ട്‌. ജന്മിത്വവ്യവസ്ഥയിലാവട്ടെ കുലത്തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ അറിവുകൾ നിലനിൽക്കുന്നത്‌ എന്നതിനാൽ പുതിയ വിജ്ഞാനങ്ങളെ ഉൾക്കൊണ്ട്‌ യന്ത്രങ്ങൾ ഉൾപ്പെടെ പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷി ജനങ്ങൾക്ക്‌ കൈവരിക്കാനാവില്ല. തൊട്ടുകൂടായ്‌മ പോലെയുള്ള രീതികൾ ഒരു ഫാക്‌ടറി വ്യവസ്ഥ വളര്‍ന്നുവരുന്നതിന്‌ തടസ്സമാണ്‌. ചുരുക്കത്തിൽ, വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്കും ജന്മിത്വം തടസ്സമാകുന്നു. ഇത്തരമൊരു ഘട്ടത്തിൽ ജന്മിത്വത്തിനെതിരായുള്ള സാംസ്‌കാരികവും സാമൂഹ്യവുമായ മുന്നേറ്റങ്ങൾ രൂപപ്പെട്ടുവരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങൾ ഉൾപ്പെടെ ഉയര്‍ന്നുവരുന്നത്‌ ഇത്തരമൊരു മാറ്റത്തിന്റെ ഭാഗമായിട്ടാണ്‌. ജന്മിത്വത്തിൽനിന്ന്‌ ആധുനിക മുതലാളിത്തത്തിന്റെ വളര്‍ച്ചയിലേക്കുള്ള വഴികൾ വെട്ടിത്തുറക്കുന്നതിന്റെ ഭാഗമാണ്‌ നവോത്ഥാന ആശയങ്ങൾ എന്നു കൂടി കാണേണ്ടതുണ്ട്‌.
പഴയ ഭാഗങ്ങള്‍ ഇവിടെ  വായിക്കാം 

പുത്തലത്ത്‌ ദിനേശന്‍  ബോധി കോമണ്‍സ്ല്‍  എഴുതിയ  ലേഖനം. 

എന്താണ് മാര്‍ക്സിസം ? (അടിസ്ഥാന പാഠങ്ങള്‍ ) ഭാഗം 6 What is Marxism basic lessons

മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 6

6.1 എന്താണ്‌ ചരിത്രപരമായ ഭൗതികവാദം

മാര്‍ക്‌സിയൻ ദര്‍ശനത്തിന്റെ അടിസ്ഥാനമായ വൈരുദ്ധ്യാത്മക ഭൗതികവാദം ചരിത്രത്തില്‍ പ്രയോഗിക്കുമ്പോഴാണ്‌ അത്‌ ചരിത്രപരമായ ഭൗതികവാദമായി തീരുന്നത്‌. ഭൗതികവാദത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട്‌ കാര്യങ്ങളെ പഠിക്കുന്ന രീതിയാണ്‌ ഇത്‌. എല്ലാറ്റിനേയും അതിന്റെ വൈരുധ്യത്തില്‍ പഠിക്കുക, മാറ്റത്തില്‍ പഠിക്കുക, പരസ്പര ബന്ധത്തില്‍ പഠിക്കുക എന്ന വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ രീതി ചരിത്രത്തില്‍ പ്രയോഗിക്കുന്നത്‌ കൂടിയാണ്‌ ഇത്‌. അതായത്‌ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ സമൂഹത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രയോഗിക്കുമ്പോള്‍ അത്‌ ചരിത്രപരമായ ഭൗതികവാദമായി തീരുന്നു. ചരിത്രപരമായ ഭൗതികവാദത്തെ ഇ.എം.എസ്‌ വിശേഷിപ്പിച്ചത്‌ ‘വൈരുധ്യാത്മക ഭൗതികവാദത്തിന്റെ സവിശേഷരൂപം' എന്നാണ്‌.

6.2 മനുഷ്യനും മൃഗങ്ങളും

മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്‌. പ്രകൃതിയില്‍ നടന്ന പരിണാമത്തിന്റെ ഭാഗമായാണ്‌ മനുഷ്യസമൂഹം തന്നെ രൂപപ്പെട്ട്‌ വന്നത്‌. അതിനാല്‍ പ്രകൃതിയില്‍നിന്നും മാറ്റിനിര്‍ത്തി മനുഷ്യസമൂഹത്തെ പഠിക്കാനാവില്ല. ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടുകൊണ്ട്‌ ജീവിക്കാനാണ്‌ മൃഗങ്ങള്‍ ശ്രമിക്കുന്നത്‌. എന്നാല്‍ മനുഷ്യന്‍ ചുറ്റുപാടുകളെ തനിക്ക്‌ ആവശ്യമുള്ള വിധത്തില്‍ മാറ്റി എടുക്കാനാണ്‌ ശ്രമിക്കുന്നത്‌. മൃഗങ്ങള്‍ക്ക്‌ ചുറ്റുപാടുകളെ മാറ്റി എടുക്കുന്ന അതിസങ്കീർണ്ണമായ ഉപകരണങ്ങളുണ്ടാക്കാന്‍ കഴിയില്ല. പുലി വാളുകൊണ്ട്‌ നടക്കുന്നതോ സിംഹം കവണ കൊണ്ട്‌ എയ്യുന്നതോ കാണാറില്ലല്ലോ. എന്നാല്‍ മനുഷ്യന്‍ ശിലായുഗത്തിലേ കല്ലു മുതല്‍ ഇന്നത്തെ കമ്പ്യൂട്ടര്‍ വരെ ഉണ്ടാക്കിയിട്ടുണ്ട്‌. അതായത്‌ പ്രകൃതിയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കാന്‍ മനുഷ്യന്‌ കഴിയും. അത്‌ ഉപയോഗിച്ച്‌ തന്റെ ജീവിത ആവശ്യങ്ങള്‍ക്ക്‌ വേണ്ട സാധനങ്ങള്‍ ഉണ്ടാക്കാനും മനുഷ്യന്‌ കഴിവുണ്ട്‌. അതുകൊണ്ടാണ്‌ ‘ആയുധോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന മൃഗം' എന്ന നിര്‍വചനം മനുഷ്യന്‌ കിട്ടിയത്‌. ആദ്യകാലത്ത്‌ മനുഷ്യനും മൃഗങ്ങളും കാട്ടില്‍ ഒന്നിച്ച്‌ കഴിഞ്ഞിരുന്നു. മൃഗങ്ങളുടെ ജൈവികമായ ശേഷിയുടെ അടിസ്ഥാനത്തില്‍ അത്‌ വസ്തുക്കള്‍ നിര്‍മ്മിക്കുന്നത്‌ അത്ഭുതത്തോടെ മനുഷ്യന്‍ നോക്കിനിന്നിരിക്കും. ചിലന്തി വലയുണ്ടാക്കുമ്പോള്‍ മനുഷ്യന്‍ അദ്ഭുതത്തോടെ നോക്കി നിന്നിരിക്കും. ചിലന്തി ഇന്നും വലയുണ്ടാക്കുകയാണ്‌. എന്നാല്‍ മനുഷ്യന്‍ ഇത്തരം വല മാത്രമല്ല കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന അവസ്ഥയിലേക്ക്‌ എത്തി നില്‍ക്കുന്നു. ഈ വളര്‍ച്ച എങ്ങനെയുണ്ടായി എന്നത്‌ ചരിത്രപരമായ ഭൗതികവാദത്തിന്റെ അന്വേഷണത്തിലെ പ്രധാനപ്പെട്ട ഭാഗമാണ്‌.

6.3 സാമൂഹ്യ വളര്‍ച്ച എന്നാല്‍ ഉല്പാദനശക്തികളുടെ വളര്‍ച്ച

ചരിത്രം നാം പഠിക്കുമ്പോള്‍ ഓരോ നാട്ടിലേയും ജനജീവിതം അറിയുന്നതിന്‌ അക്കാലത്ത്‌ അവര്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ എന്താണെന്ന്‌ പരിശോധിക്കുകയാണ്‌ പതിവ്‌. സിന്ധു നദീതട നാഗരികതയെ കുറിച്ച്‌ പഠിക്കുമ്പോള്‍ അവര്‍ അക്കാലത്ത്‌ ഉപയോഗിച്ച ഉപകരണങ്ങള്‍ എന്താണ്‌ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ ആ നാഗരികതയുടെ സവിശേഷത നാം മനസിലാക്കുന്നത്‌. ഒരു സമൂഹത്തിന്റെ സ്വഭാവം രൂപപ്പെടുന്നത്‌ ആ സമൂഹം എന്ത്‌ ഉല്പാദിപ്പിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഒരു സമൂഹത്തിന്റെ രീതിക്ക്‌ അനുസരിച്ചായിരിക്കും അവരുടെ ജീവിതക്രമമെന്ന്‌ നമുക്ക്‌ കണ്ടെത്താനാകും. അതുപോലെ കല്ലുളിയാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ ആ സമൂഹത്തിലെ ജീവിതം അതിന്‌ അനുസരിച്ചായിരിക്കും ഉണ്ടാവുക. അപ്പോഴും സമൂഹത്തിന്റെ അടിസ്ഥാനമെന്നത്‌ അവിടുത്തെ ഉല്പാദന രീതിയാണ്‌ എന്ന്‌ വരുന്നു. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം - ഇതെല്ലാം എങ്ങനെ ഉണ്ടാക്കുന്നു, ഇതിനുപയോഗിക്കുന്ന ഉപകരണങ്ങള്‍ ഏവ, ഉണ്ടാക്കാനും ഉപയോഗിക്കാനും ഉള്ള മനുഷ്യന്റെ കഴിവ്‌ ഏതു വിധത്തിലാണ്‌ - ഇതാണ്‌ സമൂഹത്തിന്റെ സ്വഭാവം മനസിലാക്കുന്നതിന്‌ അടിസ്ഥാനമായിട്ടുള്ളത്‌. അപ്പോള്‍ ഉല്പാദന ക്രമത്തെ മനസിലാക്കി കൊണ്ട്‌ നമുക്ക്‌ ഒരു സമൂഹത്തെ കുറിച്ച്‌ പഠിക്കാനാകുമെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

6.4 എന്താണ്‌ ഉല്പാദനം?

ഉല്പാദനോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട്‌ പ്രകൃതിവസ്തുക്കളുടെ മേല്‍ മനുഷ്യര്‍ അവരുടെ അദ്ധ്വാനം ചെലുത്തി അവയെ മനുഷ്യനാവശ്യമുള്ള ജീവിതോപാധികളായി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയാണ്‌ ഉല്പാദനം എന്ന്‌ പറയുക. അപ്പോള്‍ ഉല്പാദനത്തിന്‌ എന്തൊക്കെ വേണം
  1. മനുഷ്യന്റെ അദ്ധ്വാനം
  2. മനുഷ്യാദ്ധ്വാനത്തിനു വിധേയമാകുന്ന വസ്തുക്കൾ
  3. മനുഷ്യാദ്ധ്വാനം പ്രയോഗിക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍
ഇതിനെ മൂന്നും ചേര്‍ന്ന്‌ വിളിക്കുന്ന പേരാണ്‌ 'ഉല്പാദനശക്തികൾ'. അതായത്‌ ഉല്പാദനത്തിന്‌ വേണ്ട ശക്തികളെയാണ്‌ ഉല്പാദനശക്തികൾ എന്ന്‌ പറയുന്നത്‌.

6.5 എന്താണ്‌ ഉല്പാദനബന്ധങ്ങൾ?

ഒരു സമൂഹത്തിലെ ജനജീവിതം നിലനില്‍ക്കണമെങ്കില്‍ ഉല്പാദനം നടക്കേണ്ടതുണ്ട്‌. ഇങ്ങനെ ഉല്പാദനം നടത്തുന്നതിന്‌ വേണ്ടി ജനങ്ങള്‍ തമ്മില്‍ ചില ബന്ധങ്ങളില്‍ ഏര്‍പ്പെടേണ്ടി വരും. ഇങ്ങനെ ഉല്പാദനത്തിന്‌ വേണ്ടി വിവിധ വര്‍ഗങ്ങൾ തമ്മില്‍ ഏര്‍പ്പെടുന്ന ബന്ധത്തെയാണ്‌ ‘ഉല്പാദനബന്ധങ്ങൾ' എന്നു പറയുന്നത്‌. മുതലാളിത്ത കാലത്ത്‌ മുതലാളിയുടെ കൈയിലായിരിക്കും ഉപകരണങ്ങളും അധ്വാനവസ്തുക്കളും ഉണ്ടാവുക. അതായത്‌ ഫാക്റ്ററിയും യന്ത്രങ്ങളും മുതലാളിയുടെ സ്വത്തായിരിക്കും. അവിടെ ഉല്പാദനത്തിന്‌ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും മുതലാളിയുടേത്‌ തന്നെയായിരിക്കും. എന്നാല്‍ ഇതുകൊണ്ട്‌ മാത്രം ഉല്പാദനം നടക്കില്ല. ഉല്പാദനം നടക്കണമെങ്കില്‍ ഇവ പ്രവര്‍ത്തിപ്പിക്കുന്നതിന്‌ ഉള്ള അധ്വാനം പ്രയോഗിക്കേണ്ടതുണ്ട്‌. ഈ അധ്വാനം സ്വാഭാവികമായും തൊഴിലാളികളുടെ കൈയിലായിരിക്കും ഉണ്ടാവുക. ഇത്‌ കാണിക്കുന്നത്‌ തൊഴിലാളിയുടെ അധ്വാനവും മുതലാളിയുടെ കൈയിലുള്ള ഉപകരണങ്ങളും അധ്വാനവസ്തുക്കളും ചേരുമ്പോള്‍ മാത്രമേ ഉല്പാദനം നടക്കുകയുള്ളൂ. അപ്പോള്‍ മുതലാളിയും തൊഴിലാളിയും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കേണ്ടി വരുന്നു. ഇത്ര മണിക്കൂര്‍ ജോലി ചെയ്താൽ ഇത്ര രൂപ തരും എന്ന്‌ മുതലാളി പറയുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ തമ്മില്‍ ചര്‍ച്ച ചെയ്‌ത്‌ ഒരു ധാരണയില്‍ എത്തുന്നു. 8 മണിക്കൂര്‍ ജോലി ചെയ്യും അതിന്‌ 200 രൂപ പ്രതിഫലം. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഉല്പാദനത്തിനായി ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഇത്തരത്തിലുള്ള ബന്ധങ്ങളെയാണ് ഉല്പാദന ബന്ധങ്ങള്‍ എന്ന്‌ പറയുന്നത്‌. ഏത്‌ വര്‍ഗങ്ങൾ തമ്മിലാണ്‌ ഇത്തരം കരാര്‍ രൂപപ്പെടുത്തുന്നത്‌ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഏത്‌ സാമൂഹ്യവ്യവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌ എന്ന്‌ നിശ്ചയിക്കുന്നത്‌. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള കരാറാണ്‌ ആ സമൂഹത്തിന്റെ ഉല്പാദനത്തെ നിര്‍ണ്ണായകമായി രൂപപ്പെടുത്തുന്നുവെങ്കില്‍ ആ വ്യവസ്ഥയെ മുതലാളിത്ത സമൂഹം എന്ന്‌ വിളിക്കുന്നു. ജന്മിയും കുടിയാനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെങ്കില്‍ അത്‌ ജന്മിത്വ വ്യവസ്ഥയാകുന്നു. അടിമയും ഉടമയും തമ്മിലുള്ളതാണെങ്കില്‍ അത്‌ അടിമത്വവ്യവസ്ഥയാകുന്നു.
പഴയ ഭാഗങ്ങള്‍ ഇവിടെ  വായിക്കാം 

പുത്തലത്ത്‌ ദിനേശന്‍  ബോധി കോമണ്‍സ്ല്‍  എഴുതിയ  ലേഖനം. 


എന്താണ് മാര്‍ക്സിസം ? (അടിസ്ഥാന പാഠങ്ങള്‍ ) ഭാഗം അഞ്ച് What is Marxism basic lessons

മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 5

5. വൈരുദ്ധ്യാത്മക ഭൗതികവാദം ചുരുക്കത്തിൽ

മാർക്‌സിയൻ ദർശനത്തിന്റെ ഒരു ഭാഗമായ വൈരുദ്ധ്യാത്മക ഭൗതികവാദം കഴിഞ്ഞ ഭാഗത്തോടെ അവസാനിച്ചു. അടുത്തതായി മാർക്‌സിയൻ ദർശനത്തിന്റെ അടുത്ത ഭാഗമായി ചരിത്രപരമായ ഭൗതികവാദമാണ്‌ നമുക്ക്‌ മനസിലാക്കാനുള്ളത്‌. അതിന്‌ മുമ്പ്‌ വൈരുദ്ധ്യാത്മക വാദത്തിന്റെ പ്രാഥമിക പാഠവുമായി ബന്ധപ്പെട്ട്‌ അവതരിപ്പിച്ച കാര്യങ്ങൾ ഒന്ന്‌ ഓർമ്മപ്പെടുത്തുകയാണ്‌. താഴെ പറയുന്ന കാര്യത്തിൽ സംശയമുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വായിച്ചു നോക്കേണ്ടതാണ്‌.

5.1 രണ്ട്‌ ചിന്താഗതികൾ

ചിന്തയാണോ ഭൗതിക വസ്‌തുവാണോ പ്രധാനം എന്ന ചോദ്യം ദാർശനികരംഗത്ത്‌ സജീവമായി പ്രാചീനകാലം തൊട്ടേ നിലനിന്ന ഒന്നായിരുന്നു. മാർക്‌സിന്റെ കാലത്തും സജീവമായി ഈ ചർച്ച പല വിധത്തിലും നടക്കുകയുണ്ടായി. ചിന്തയാണ്‌ പ്രധാനം എന്ന്‌ പറയുന്ന വാദക്കാർ ആശയവാദികളെന്നും ഭൗതിക വസ്‌തുക്കൾ (പദാർത്ഥം) ആണ് പ്രാഥമികം എന്ന്‌ പറയുന്ന വാദക്കാർ ഭൗതികവാദികളെന്നും അറിയപ്പെട്ടു.

5.2 മാർക്‌സിന്റെ സംഭാവന

മാർക്‌സ്‌ തന്റെ കാലത്ത്‌ ഏറെ വികസിച്ചിരുന്ന ഈ രണ്ട്‌ ചിന്താധാരകളേയും പരിശോധനയ്‌ക്ക്‌ വിധേയമാക്കി. എന്നിട്ട്‌ ഭൗതിക വസ്‌തുക്കളാണ്‌ പ്രാഥമികം എന്ന്‌ അദ്ദേഹം വിലയിരുത്തി. (തലച്ചോറില്ലെങ്കിൽ ചിന്തയില്ലല്ലോ) ഭൗതിക വസ്‌തുക്കളിൽ നിന്ന്‌ ചിന്ത രൂപപ്പെട്ട്‌ കഴിഞ്ഞാൽ ചിന്തയ്‌ക്ക്‌ ഭൗതിക വസ്‌തുക്കളെ മാറ്റുന്നതിനുള്ള ശേഷിയുണ്ടെന്നും മാർക്‌സ്‌ നിരീക്ഷിച്ചു. ഇങ്ങനെ ഭൗതിക വസ്‌തുക്കളാണോ ചിന്തയാണോ പ്രധാനം എന്ന ദാർശനിക രംഗത്തെ ഒരു സുപ്രധാന സമസ്യ മാർക്‌സ്‌ പൂരിപ്പിച്ചു. ദാർശനിക ലോകത്തെ മാർക്‌സിന്റെ പ്രധാന സംഭാവനയാണ്‌ ഇത്‌.

5.3 ഭൗതിക വസ്‌തുക്കളും അതിന്റെ സവിശേഷതകളും

ഭൗതിക വസ്‌തുക്കൾ അഥവാ പദാർത്ഥമാണ്‌ അടിസ്ഥാനം. അതിന്റെ വിവിധ രൂപങ്ങളുണ്ട്‌. ഖരം, ദ്രാവകം, വാതകം, പ്ലാസ്‌മ, ഊർജ്ജ രൂപങ്ങൾ എന്നിവയാണ്‌ അതെന്ന്‌ പൊതുവിൽ പറയാം. പദാർത്ഥത്തിന്റെ പ്രധാന സവിശേഷത അവ ചലിക്കുന്നു അഥവാ മാറുന്നു എന്നതാണ്‌. ഭൗതിക വസ്‌തുക്കൾ പ്രാഥമികമായിരിക്കുകയും അവ ചലിക്കുകയും മാറുകയും ചെയ്യുകയാണ്‌. അപ്പോൾ മാറ്റം എന്നത്‌ ലോകത്തിന്റെ സ്വഭാവം തന്നെയായി തീരുന്നുവെന്നും മാർക്‌സ്‌ നിരീക്ഷിച്ചു. മാത്രമല്ല എല്ലാ വസ്‌തുക്കളും പ്രതിഭാസങ്ങളും പരസ്‌പരം ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌ എന്നും അദ്ദേഹം നിരീക്ഷിച്ചു. ഒറ്റപ്പെട്ട്‌ കിടക്കുന്ന ഒന്നുമില്ല. അതിനാൽ നാം എന്തിനെ കുറിച്ച്‌ മനസിലാക്കാൻ ശ്രമിക്കുമ്പോഴും അതിന്റെ പരസ്‌പര ബന്ധത്തിലും അതിൽ വന്ന മാറ്റത്തിന്റേയും അടിസ്ഥാനത്തിൽ പഠിക്കണമെന്നും മാർക്‌സ്‌ നിരീക്ഷിച്ചു.

5.4 മാറ്റത്തിന്റെ കാരണം, രീതി, ദിശ

എല്ലാ വസ്‌തുക്കളിലും പ്രതിഭാസങ്ങളിലും വിരുദ്ധങ്ങളായ ശക്തികളോ വശങ്ങളോ അടങ്ങിയിരിക്കുന്നു. (വൈരുദ്ധ്യാത്മകത) ഇവ തമ്മിൽ യോജിപ്പുമുണ്ട്‌ (അതാണ്‌ അതിന്റെ അസ്ഥിത്വത്തിനടിസ്ഥാനം), അവ തമ്മിൽ സംഘട്ടനവുമുണ്ട്‌ (അതാണ്‌ മാറ്റത്തിന്‌ അടിസ്ഥാനം). വിപരീതങ്ങളുടെ ഐക്യവും സമരവുമെന്ന ഈ രീതിയാണ്‌ വളർച്ചയ്‌ക്ക്‌ കാരണം. മാറ്റത്തിന്‌ കാരണം ഭൗതിക വസ്‌തുക്കളിലും പ്രതിഭാസങ്ങളിലും നിലനിൽക്കുന്ന ഐക്യവും സമരവുമാണെന്ന്‌ മാർക്‌സ്‌ നിരീക്ഷിച്ചു. മാറ്റത്തിന്റെ രീതി അളവിലുണ്ടാകുന്ന മാറ്റവും ഗുണത്തിലുണ്ടാകുന്ന മാറ്റവുമാണെന്ന്‌ കണ്ടെത്തി. മാറ്റത്തിന്റെ ദിശ എന്നത്‌ നിഷേധത്തിന്റെ നിഷേധമെന്ന രൂപത്തിലാണെന്നും വ്യക്തമാക്കി. പ്രപഞ്ചം എന്നത്‌ ഇവിടെ തന്നെ നിലനിന്നിരുന്ന ഒന്നാണെന്നും അവയുടെ സ്വഭാവം മാത്രമാണ്‌ മാറുന്നത്‌ എന്നും വിലയിരുത്തി. ഇങ്ങനെ മാറ്റത്തിന്റേയും ചലനത്തിന്റേയും പരസ്‌പര ബന്ധത്തിന്റേയും അടിസ്ഥാനത്തിൽ നിലനിൽക്കുന്നതാണ്‌ ലോകമെന്ന്‌ വിലയിരുത്തി.

5.5 ജ്ഞാന സിദ്ധാന്തം

മനുഷ്യന്‌ അറിവ്‌ രൂപപ്പെടുന്നത്‌ ചുറ്റുപാടുകളിൽ നിന്നാണ്‌. ഇങ്ങനെ ലഭിക്കുന്ന അറിവുകൾ മനുഷ്യരും അവരുടെ കൂട്ടായ്‌മയും ചിന്താമണ്ഡലത്തിൽ വെച്ച്‌ അവരുടെ ആവശ്യങ്ങൾക്ക്‌ അനുസരിച്ച്‌ കൂടുതൽ വികസിപ്പിച്ച്‌ സമൂഹത്തിന്‌ നൽകുകയാണ്‌ ചെയ്യുന്നത്‌. വീണ്ടും വരുന്ന തലമുറ ഈ അറിവുകളെ കൂടുതൽ സമ്പുഷ്‌ടമാക്കി അടുത്ത തലമുറയ്‌ക്ക്‌ കൈമാറുന്നു. അങ്ങനെ അറിവുകൾ വികസിക്കുന്നു. അറിവുകൾ രൂപപ്പെട്ട്‌ കഴിഞ്ഞാൽ അവ ഉപയോഗിച്ച്‌ ചുറ്റുപാടുകളെ മാറ്റാനും കഴിയും.

5.6 സിദ്ധാന്തവും പ്രയോഗവും

അറിവ്‌ ശരിയാണോ എന്ന്‌ പരിശോധിക്കുന്നത്‌ പ്രയോഗത്തിൽ നിന്നുകൊണ്ടാണ്‌. പ്രയോഗത്തിൽ അത്‌ ശരിയല്ലെന്ന്‌ തെളിയിക്കപ്പെടുമ്പോൾ സിദ്ധാന്തം നാം തിരുത്തേണ്ടി വരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വീണ്ടും പ്രയോഗിക്കുന്നു. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നിന്ന്‌ വീണ്ടും സിദ്ധാന്തത്തെ നവീകരിക്കുന്നു. ഇങ്ങനെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പരസ്‌പര ബന്ധത്തിൽ നിന്നാണ്‌ അറിവ്‌ വികസിക്കുന്നത്‌. അറിവ്‌ പ്രയോഗിക്കുമ്പോൾ സ്ഥലകാലങ്ങളെ തിരിച്ചറിയേണ്ടതുണ്ട്‌. സ്ഥലകാലത്തെ മനസിലാക്കി വേണം സിദ്ധാന്തം പ്രയോഗിക്കാൻ. ഇങ്ങനെ ചുറ്റുപാടുകളുമായി പരസ്‌പരം ബന്ധപ്പെട്ടുകൊണ്ട്‌ നിലനിൽക്കുന്നതാണ്‌ അറിവും അതിന്റെ വികാസവും.

5.7 മറ്റു കാര്യങ്ങൾ

ഇതുവരെ ‘മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങളി’ൽ അവതരിപ്പിച്ച ആശയങ്ങളുടെ രത്‌നചുരുക്കമാണിത്‌. ഇതിലേതെങ്കിലും ഭാഗത്ത്‌ അവ്യക്തത തോന്നുന്നുവെങ്കിൽ അതുമായി ബന്ധപ്പെട്ട പോസ്റ്റ്‌ ഒന്നുകൂടി വായിച്ച്‌ വ്യക്തത വരുത്തേണ്ടതുണ്ട്‌. അടുത്ത ഭാഗത്തേയ്‌ക്ക്‌ കടക്കുമ്പോൾ ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ അതുകൂടി വ്യക്തമാക്കണം. നിരവധി ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. പലതിനും മറുപടി നൽകാതിരുന്നത്‌ അത്തരം കാര്യങ്ങളാണ്‌ തുടർന്ന്‌ അവതരിപ്പിക്കുന്നത്‌ എന്നത്‌ കൊണ്ടാണ്‌. ഇനി വരുന്ന ഭാഗത്തും ഇവിടെ ഉയർന്നു വന്ന ചോദ്യങ്ങൾക്കുള്ള പ്രതികരണങ്ങളുണ്ട്‌. ‘മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ’ ആരംഭിക്കുമ്പോൾ അടിസ്ഥാന സിദ്ധാന്തങ്ങളല്ല മറിച്ച്‌ പുതിയ വികാസങ്ങളാണ്‌ ചർച്ച ചെയ്യേണ്ടത്‌ എന്ന കാഴ്‌ചപ്പാട്‌ ചില സുഹൃത്തുക്കൾ മുന്നോട്ട്‌ വെച്ചിരുന്നു. എന്നാൽ അടിസ്ഥാന പാഠങ്ങൾ മനസിലാക്കാതെ വികാസത്തെ കുറിച്ച്‌ ചർച്ച ചെയ്യാനാവില്ല എന്നതിനാലാണ്‌ ആ ദിശയിലേക്ക്‌ പോകാതിരുന്നത്‌. പിന്നെ പ്രാഥമികമായ പാഠങ്ങൾ ആവശ്യമുള്ളവരെയാണ്‌ ഇത്‌ പ്രധാനമായും ലക്ഷ്യം വെച്ചത്‌. മാർക്‌സിസത്തെ പറ്റി പൊതുവിൽ അറിയുമെങ്കിലും കൃത്യതയോടെ മനസിലാക്കുന്നതിലുള്ള പോരായ്‌മ പൊതുവെ പ്രകടമാണ്‌. ഈ അനുഭവം കൂടി ഉള്ളതുകൊണ്ടാണ്‌ ഇത്തരത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചത്‌.

പഴയ ഭാഗങ്ങള്‍ ഇവിടെ  വായിക്കാം 

പുത്തലത്ത്‌ ദിനേശന്‍  ബോധി കോമണ്‍സ്ല്‍  എഴുതിയ  ലേഖനം. 

എന്താണ് മാര്‍ക്സിസം ? (അടിസ്ഥാന പാഠങ്ങള്‍ ) ഭാഗം നാല് What is Marxism basic lessons

മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 4



മാറ്റത്തെ സംബന്ധിച്ചുള്ള മൂന്ന്‌ ചോദ്യങ്ങൾക്ക്‌ മാര്‍ക്സിസം എത്തിച്ചേര്‍ന്ന മൂന്ന്‌ നിഗമനങ്ങളിലേക്കാണ്‌ കഴിഞ്ഞ ഭാഗത്തിൽ വിശദീകരിച്ചത്‌. എന്തുകൊണ്ടാണ്‌ മാറ്റങ്ങൾ ഉണ്ടാകുന്നത്‌ എന്ന ചോദ്യത്തിന്‌ വൈരുദ്ധ്യങ്ങളുടെ ഐക്യത്തിന്റേയും സമരത്തിന്റേയും ഫലമായാണ്‌ എന്ന കാര്യത്തില്‍ നാം എത്തിച്ചേര്‍ന്നു. രണ്ടാമതായി മാറ്റത്തിന്റെ കാരണമെന്താണ്‌ എന്ന ചോദ്യത്തിന്‌ എണ്ണത്തിലുണ്ടാകുന്ന മാറ്റം, ഗുണത്തിലുണ്ടാകുന്ന മാറ്റം എന്നതാണ്‌ അതിന്‌ കാരണമെന്നും മനസ്സിലാക്കുകയുണ്ടായി. മൂന്നാമതായി വന്ന ചോദ്യമായ ഏതു ദിശയിലാണ്‌ ഈ മാറ്റങ്ങൾ സംഭവിക്കുന്നത്‌ എന്നതിന്‌ നിഷേധത്തിന്റെ നിഷേധം എന്ന രീതിയിലാണെന്നും മനസിലാക്കുകയുണ്ടായി.
വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അവസാന ഭാഗത്തിലേക്കാണ്‌ അടുത്തതായി നാം എത്തിച്ചേരുന്നത്‌. ഇതിനുശേഷം മാര്‍ക്സിയൻ ദര്‍ശനത്തിന്റെ ഭാഗമായ ചരിത്രപരമായ ഭൗതികവാദത്തിലേക്ക്‌ നാം പ്രവേശിക്കും. വൈരുദ്ധ്യാത്മക ഭൗതികവാദം ചരിത്രത്തില്‍ പ്രയോഗിക്കുമ്പോഴാണ്‌ ചരിത്രപരമായ ഭൗതികവാദം രൂപപ്പെടുന്നത്‌. ഈ ഭാഗത്തിൽ രണ്ട്‌ പ്രധാനപ്പെട്ട കാര്യങ്ങളാണ്‌ നമുക്ക്‌ ചര്‍ച്ച ചെയ്യാനുള്ളത്‌.
  1. ജ്ഞാനസിദ്ധാന്തം
  2. സിദ്ധാന്തവും പ്രയോഗവും
അറിവ്‌ രൂപപ്പെടുന്നത്‌ എങ്ങനെയെന്നും അറിവും പ്രയോഗവും തമ്മിലുള്ള പരസ്പര ബന്ധത്തേയും കുറിച്ചുമാണ്‌ ഈ ഭാഗത്ത് വിശദീകരിക്കുന്നത്‌.

4.1 അറിവ് ലഭിക്കുന്നതെങ്ങനെ?

അറിവുകൾ ആവട്ടെ നിശ്ചലമായി നില്‍ക്കുന്ന ഒന്നല്ല. അവയ്ക്കും നിരന്തരം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്‌. ഇന്നലെ കണ്ടുപിടിച്ച കാര്യങ്ങൾ ഇന്ന്‌ തിരുത്തപ്പെടുന്നുണ്ട്‌. ഇന്ന്‌ കണ്ടെത്തിയ കാര്യങ്ങൾ നാളെ കൂടുതല്‍ നവീകരിക്കപ്പെട്ടു എന്നും വരാം. ഇങ്ങനെ അറിവുകളുടെ രംഗത്തും മറ്റെല്ലാ മേഖലയും എന്ന പോലെ നിരന്തരമാറ്റങ്ങൾക്ക്‌ വിധേയമാകുന്നുണ്ട്‌.
മനുഷ്യന്‌ അറിവ്‌ ലഭിക്കുന്നത്‌ എങ്ങനെയാണ്‌? ചുറ്റുമുള്ള ലോകത്ത്‌ നിന്നാണ്‌ അറിവ്‌ ഉണ്ടാകുന്നത്‌. ഉദാഹരണമായി, കേരളത്തില്‍ ജനിച്ച ഒരു കുട്ടിയെ അമേരിക്കയിലേക്ക്‌ കൊണ്ടുപോകുന്നു എന്ന്‌ കരുതുക. ആ കുട്ടി സ്വാഭാവികമായും സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷ്‌ ആയിരിക്കും. മാത്രമല്ല, അമേരിക്കൻ സമൂഹത്തിലെ അറിവുകളും ആചാരങ്ങളുമായിരിക്കും ആ കുട്ടി സ്വായത്തമാക്കുക.
ആ കുട്ടിയെ കേരളത്തില്‍ തന്നെയാണ്‌ വളര്‍ത്തിയത്‌ എങ്കില്‍ ആ കുട്ടി സംസാരിക്കുന്ന ഭാഷ മലയാളമായിരിക്കും. മാത്രമല്ല, അറിവുകളും ശീലങ്ങളും ആചാരങ്ങളുമെല്ലാം ഇവിടുത്തേതായിരിക്കും. ഇത്‌ കാണിക്കുന്നത്‌ ഭാഷയോടൊപ്പം തന്നെ അറിവുകൾ കുട്ടിക്ക്‌ ലഭിക്കുന്നത്‌ ഏത്‌ സമൂഹത്തിലാണോ കുട്ടി വളരുന്നത്‌ ആ സമൂഹത്തിന്റേതായിരിക്കും.
ഇതില്‍ നിന്ന്‌ വ്യക്തമാകുന്നതെന്താണ്‌. നാം അറിവ്‌ നേടുന്നത്‌ നമുക്ക്‌ ചുറ്റുമുളള നാമടക്കമുള്ള വസ്തുനിഷ്ഠ പ്രപഞ്ചത്തില്‍ നിന്നാണ്‌. ഇങ്ങനെ ചുറ്റുപാടുമുള്ള ലോകവും ആ ലോകത്ത്‌ നിലനില്‍ക്കുന്ന അറിവുകളും മനുഷ്യന്റെ മനസില്‍ ഉണ്ടാക്കുന്ന പ്രതിഫലനത്തെയാണ്‌ അറിവ്‌ എന്ന്‌ പറയുന്നത്‌.
ചുറ്റുപാടുമുള്ള ലോകം മനുഷ്യനില്‍ പ്രവര്‍ത്തിക്കുകയും അവനില്‍ വിവിധങ്ങളായ ആശയങ്ങളും കാഴ്ചപ്പാടുകളും സ്വപ്നങ്ങളും എല്ലാം ജനിപ്പിക്കുകയും ചെയ്യുന്നു. ചുറ്റുമുള്ള വസ്തുക്കളുമായി നിരന്തരമുള്ള ഇടപെടലില്‍ നിന്നാണ്‌ അറിവ്‌ ഉണ്ടാകുന്നത്‌ എന്നര്‍ത്ഥം.
അറിവുകൾ ആവട്ടെ നിശ്ചലമായി നില്‍ക്കുന്ന ഒന്നല്ല. അവയ്ക്കും നിരന്തരം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്‌. ഇന്നലെ കണ്ടുപിടിച്ച കാര്യങ്ങൾ ഇന്ന്‌ തിരുത്തപ്പെടുന്നുണ്ട്‌. ഇന്ന്‌ കണ്ടെത്തിയ കാര്യങ്ങൾ നാളെ കൂടുതല്‍ നവീകരിക്കപ്പെട്ടു എന്നും വരാം. ഇങ്ങനെ അറിവുകളുടെ രംഗത്തും മറ്റെല്ലാ മേഖലയും എന്ന പോലെ നിരന്തരമാറ്റങ്ങൾക്ക്‌ വിധേയമാകുന്നുണ്ട്‌.
ഭൗതികമായ വസ്തുക്കളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്‌ മനുഷ്യനില്‍ ചിന്തയും ബോധവും എല്ലാം രൂപപ്പെടുന്നത്‌ എന്ന്‌ ആധുനിക ശാസ്ത്രത്തിന്റെ വികാസം അടിവരയിടുന്നു. ചില മാനസിക പ്രവര്‍ത്തനങ്ങൾ നടക്കുമ്പോൾ തലച്ചോറിന്റെ ചില ഭാഗങ്ങൾ സ്പന്ദിക്കപ്പെടുന്നതായി സ്കാനറുകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്‌.
തലച്ചോറിന്റെ ചില ഭാഗങ്ങളില്‍ തകരാറ്‌ സംഭവിക്കുമ്പോൾ മനുഷ്യന്റെ ചില മാനസിക പ്രക്രിയകൾക്ക്‌ തകരാറ്‌ സംഭവിക്കുന്നത്‌ കാണാമല്ലോ. ചില അപകടങ്ങളില്‍പെട്ട്‌ തലച്ചോറിന്‌ ക്ഷതമേല്‍ക്കുമ്പോൾ ചില മാനസിക പ്രവര്‍ത്തനങ്ങൾ തകരാറിലാകുന്നു. തലച്ചോറെന്ന ഭൗതിക ഘടകത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ മാനസിക വ്യാപാരങ്ങൾ നിലനില്‍ക്കുന്നത്‌. ഭൗതിക ഘടകങ്ങൾ തന്നെയാണ്‌ മാനസികമായ രീതികളുടെ ആവിര്‍ഭാവത്തിന്‌ അടിസ്ഥാനമെന്ന്‌ ഈ വസ്തുതകളെല്ലാം അടിവരയിടുന്നു.

4.2 ബോധത്തിന്‌ ഭൗതിക വസ്തുക്കൾക്ക്‌ മേല്‍ മാറ്റം വരുത്താനാകും

കഴിഞ്ഞ പോസ്റ്റില്‍ ബോധത്തിന്റെ അഥവാ ചിന്തയുടെ അടിസ്ഥാനം ഭൗതിക വസ്തുക്കളാണ്‌ എന്ന്‌ ഒന്നുകൂടി വ്യക്തമാക്കിയല്ലോ. എന്നാല്‍ ഭൗതിക വസ്തുക്കളില്‍ നിന്ന്‌ ചിന്ത രൂപപ്പെട്ട്‌ കഴിഞ്ഞാല്‍ അവയ്‌ക്ക്‌ ഭൗതിക വസ്തുക്കൾക്ക്‌ മേല്‍ സ്വാധീനം ചെലുത്താനും അവയെ മാറ്റാനും കഴിയും എന്ന കാര്യവും ഇതോടൊപ്പം ചേര്‍ത്ത്‌ വായിക്കേണ്ടതുണ്ട്‌.
എന്തുകൊണ്ടാണ്‌ ഇങ്ങനെ പറയുന്നത്‌? ഉദാഹരണമായി ഹൃദയരോഗിയായ ഒരാൾ ഉണ്ടെന്ന്‌ കരുതുക. വളരെ സങ്കടകരമായ ഒരു വാര്‍ത്ത കേൾക്കുമ്പോൾ ചിലപ്പോൾ അയാളുടെ ഹൃദ്രോഗം മൂര്‍ച്ഛിച്ചു വരുന്നതായി കാണാം. വളരെ വിഷമം തോന്നിക്കുന്ന ഒരു വാര്‍ത്ത കേൾക്കുമ്പോൾ ശരീരമാസകലം തളര്‍ന്ന്‌ അബോധാവസ്ഥയിലേക്ക്‌ മനുഷ്യര്‍ എത്തിച്ചേരുന്ന അനുഭവവും നാം കണ്ടിട്ടുള്ളതാണ്‌. മേല്‍പറഞ്ഞ ഉദാഹരണങ്ങളില്‍ ഹൃദയമെന്ന ഭൗതിക വസ്തുവിനേയോ ശരീരമെന്ന ഭൗതിക വസ്തുവിനേയോ ഏതെങ്കിലും ഒരു ഭൗതിക വസ്തുകൊണ്ട്‌ ആരും പ്രഹരിച്ചിട്ടില്ല. ഇവിടെ ദുഃഖകരമായ വാര്‍ത്ത എന്ന ഒരു ആശയമാണ്‌ ഹൃദയത്തേയും ശരീരത്തേയും തളര്‍ത്തിയത്‌. ഭൗതിക വസ്തുവിന്‌ മേല്‍ ആശയം സ്വാധീനം ചെലുത്തുന്നുവെന്നതിന്റെ ഭാഗമാണിത്‌. സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നതിന്‌ ജനങ്ങളില്‍ നാം ആശയപ്രചരണം നടത്താറുണ്ട്‌. ഇത്തരം ആശയപ്രചരണത്തിലൂടെ ജനങ്ങളെ പ്രവര്‍ത്തനത്തിന്‌ സജ്ജരാക്കാനും സമൂഹത്തിലാകമാനം മാറ്റം വരുത്തുന്നതിനുള്ള ഇടപെടലിന്‌ സജ്ജമാക്കാനുമാകും. മനുഷ്യനെ പ്രവര്‍ത്തനസജ്ജമാക്കാൻ ആശയത്തിന്‌ കഴിയും എന്നതിന്റെ തെളിവ്‌ കൂടിയാണ്‌ ഇത്‌. അതായത്‌ ആശയം ഭൗതിക വസ്തുക്കളില്‍ സ്വാധീനം ചെലുത്തുന്നു എന്നര്‍ത്ഥം. ചില ദര്‍ശനങ്ങളും ചിന്തകളും സമൂഹത്തെ പുരോഗതിയിലേക്ക്‌ നയിക്കും. ചിലത്‌ മുന്നോട്ട്‌ പോക്കിന്‌ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ചിന്തകൾക്ക്‌ ഭൗതിക ലോകത്തെ സ്വാധീനിക്കാനാകും എന്നതിന്റെ ഏറ്റവും പ്രകടമായ തെളിവുകളാണിത്‌.
അപ്പോൾ ആശയമാണോ ഭൗതികവസ്തുവാണോ പ്രധാനമെന്ന ചോദ്യത്തിന്‌ നാം എങ്ങനെ മറുപടി പറയും? ഇവിടെ മനസിലാക്കേണ്ടത്‌ ഭൗതിക വസ്തുക്കളില്‍ നിന്നാണ്‌ ആശയവും ചിന്തയും രൂപപ്പെടുന്നത്‌. തലച്ചോറെന്ന ഭൗതികവസ്തു ഇല്ലെങ്കില്‍ ചിന്ത ഇല്ലല്ലോ? അതുകൊണ്ട്‌ അടിസ്ഥാനം ഭൗതിക വസ്തു തന്നെ. എന്നാല്‍ ഭൗതിക വസ്തുക്കളില്‍ നിന്ന്‌ (തലച്ചോറില്‍ നിന്ന്‌) ചിന്തകൾ രൂപപ്പെട്ട്‌ കഴിഞ്ഞാല്‍ അവയ്ക്ക് ഭൗതിക വസ്തുവിനെ മാറ്റിമറിക്കുന്ന തരത്തില്‍ ഇടപെടാനും കഴിയും എന്ന യാഥാര്‍ത്ഥ്യവും നാം മറക്കരുത്‌.

4.3 പുതിയ അറിവുകൾ എങ്ങനെ ഉണ്ടാകുന്നു

സമൂഹത്തില്‍ ഓരോ കാലഘട്ടത്തിലും പുതിയ അറിവുകൾ രൂപപ്പെട്ട്‌ വരും. രൂപപ്പെടുന്ന അറിവുകളെ മനുഷ്യൻ തന്റെ ആവശ്യങ്ങൾക്ക്‌ അനുസരിച്ച്‌ കൂടുതല്‍ വികസിപ്പിക്കാൻ ശ്രമിക്കും. അങ്ങനെ വീണ്ടും അറിവുകൾ നവീകരിക്കുകയും തിരുത്തപ്പെടുകയും ചെയ്യും. റേഡിയോ കണ്ടുപിടിച്ചശേഷം ടെലിവിഷനിലേക്ക്‌ മനുഷ്യൻ എത്തിച്ചേര്‍ന്നു. പിന്നീട്‌ കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും മൊബൈല്‍ ഫോണുകളുടേയും ലോകത്തേയ്ക്കും മനുഷ്യര്‍ വളര്‍ന്നു കഴിഞ്ഞു. അല്‍പജ്ഞാനത്തില്‍ നിന്ന്‌ കൂടുതല്‍ ജ്ഞാനത്തിലേക്ക്‌ എന്ന തരത്തില്‍ നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്നതാണ്‌ മനുഷ്യന്റെ അറിവുകൾ. അറിവ്‌ എന്നത്‌ നിശ്ചലമായി നില്‍ക്കുന്ന ഒന്നല്ല. മനുഷ്യനും ചുറ്റുപാടും തമ്മിലുള്ള ഇടപെടലിന്റെ ഭാഗമായി വികസിച്ചു വരുന്നത്‌ കൂടിയാണ്‌.
പുതിയ അറിവ്‌ എങ്ങനെ ഉണ്ടാകുന്നു? തന്നെയും തന്റെ ചുറ്റുപാടുകളേയും നിരീക്ഷിക്കുന്നതിലൂടെയാണ്‌ മനുഷ്യൻ പുതിയ അറിവുകളിലേക്ക്‌ എത്തുന്നത്‌. ഇത്തരത്തില്‍ തന്റെ ചുറ്റുപാടില്‍ നിന്നും അതുവരെ മനുഷ്യസമൂഹം ആര്‍ജ്ജിച്ച അറിവുകൾ മനുഷ്യൻ സ്വാംശീകരിക്കുന്നു. ആ അറിവുകൾ വീണ്ടും പിന്നീട്‌ വരുന്ന ആളോ അവരുടെ കൂട്ടായ്മയോ സ്വാംശീകരിച്ച്‌ തങ്ങളുടെ അറിവുകൾ കൂടി ചേര്‍ത്ത്‌ നവീകരിച്ച്‌ സമൂഹത്തിന്‌ നല്‍കുന്നു. ഇങ്ങനെ സമൂഹവും വ്യക്തികളും (കൂട്ടായ്മയും) തമ്മിലുള്ള പരസ്പര ബന്ധത്തില്‍ നിന്നാണ്‌ അറിവുകൾ രൂപപ്പെട്ട്‌ വരുന്നത്‌.
നാം എന്റേത്‌ എന്ന്‌ പറഞ്ഞ്‌ അവതരിപ്പിക്കുന്ന പുതിയ കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിന്‌ ഒരു സമൂഹം ആര്‍ജ്ജിച്ച അറിവുകൾ അടിസ്ഥാനമായി തീരുന്നുണ്ട്‌. മാര്‍ക്സ് തന്റെ സിദ്ധാന്തം രൂപീകരിക്കുമ്പോൾ അതിന്‌ മുമ്പുണ്ടായിട്ടുള്ള നിരവധി അറിവുകളെ സ്വാംശീകരിച്ച്‌ ഉപയോഗിച്ചിട്ടുണ്ട്‌. ഹെഗലില്‍ നിന്നാണ്‌ വൈരുദ്ധ്യാത്മകത മാര്‍ക്സ് സ്വാംശീകരിച്ചത്‌. ഫെയര്‍ബാഗിനെ പോലെയുള്ള ഭൗതികവാദികളില്‍നിന്ന്‌ ഭൗതികവാദവും സ്വീകരിക്കുന്നു. അക്കാലത്ത്‌ നിലനിന്ന ഈ രണ്ട്‌ അറിവുകളേയും സ്വാംശീകരിച്ചുകൊണ്ടാണ്‌ മാര്‍ക്സ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ദര്‍ശനത്തിലേക്ക്‌ എത്തിച്ചേരുന്നത്‌.
നേരത്തെ പറഞ്ഞ ഉദാഹരണം കണക്കിലെടുത്താല്‍ റേഡിയോവിന്റെ എല്ലാ ഭാഗങ്ങളും കണ്ടുപിടിച്ചത്‌ മാര്‍ക്കോണിയല്ല. അതിന്‌ മുമ്പ്‌ തനിക്ക്‌ ലഭിച്ച അറിവുകളെ കൂടി ഉപയോഗപ്പെടുത്തി പുതിയ ഒരു ഉപകരണം വികസിപ്പിക്കുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. അങ്ങനെ അത്‌ റേഡിയോ എന്ന പേരില്‍ സമൂഹത്തിന്‌ സമര്‍പ്പിക്കുന്നു. പിന്നീട്‌ വരുന്ന ജോണ്‍ ബേര്‍ഡിനെ പോലെയുള്ളവര്‍ റേഡിയോവിനെ കുറിച്ചുള്ള അറിവ്‌ സമൂഹത്തില്‍ നിന്ന്‌ സ്വാംശീകരിച്ച്‌ ടെലിവിഷൻ എന്ന കൂടുതല്‍ ഉയര്‍ന്ന ഉപകരണമാക്കി സമൂഹത്തിന്‌ നല്‍കുന്നു. ഇങ്ങനെ ഓരോ മനുഷ്യനും അവന്റെ കൂട്ടായ്മയും കണ്ടുപിടിച്ച കാര്യങ്ങൾ അതിന്‌ മുമ്പുള്ള മനുഷ്യര്‍ കണ്ടുപിടിച്ച അറിവുകൾ കൂടി ഉൾക്കൊള്ളുന്നതാണ്‌. അങ്ങനെ മനുഷ്യന്റെ അറിവുകൾ എന്നത്‌ ഒരു സമൂഹ്യ പ്രക്രിയ എന്ന നിലയില്‍ കൂടിയാണ്‌ വികസിക്കുന്നത്‌.
നാം എന്റേത്‌ എന്ന്‌ പറഞ്ഞ്‌ അവതരിപ്പിക്കുന്ന പുതിയ കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിന്‌ ഒരു സമൂഹം ആര്‍ജ്ജിച്ച അറിവുകൾ അടിസ്ഥാനമായി തീരുന്നുണ്ട്‌. മാര്‍ക്സ് തന്റെ സിദ്ധാന്തം രൂപീകരിക്കുമ്പോൾ അതിന്‌ മുമ്പുണ്ടായിട്ടുള്ള നിരവധി അറിവുകളെ സ്വാംശീകരിച്ച്‌ ഉപയോഗിച്ചിട്ടുണ്ട്‌. ഹെഗലില്‍ നിന്നാണ്‌ വൈരുദ്ധ്യാത്മകത മാര്‍ക്സ് സ്വാംശീകരിച്ചത്‌. ഫെയര്‍ബാഗിനെ പോലെയുള്ള ഭൗതികവാദികളില്‍നിന്ന്‌ ഭൗതികവാദവും സ്വീകരിക്കുന്നു. അക്കാലത്ത്‌ നിലനിന്ന ഈ രണ്ട്‌ അറിവുകളേയും സ്വാംശീകരിച്ചുകൊണ്ടാണ്‌ മാര്‍ക്സ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ദര്‍ശനത്തിലേക്ക്‌ എത്തിച്ചേരുന്നത്‌.
പരസ്പര ബന്ധങ്ങളിലൂടെയും സാമൂഹ്യമായ ഇടപെടലിലൂടെയും പുതിയ അറിവുകൾ രൂപപ്പെടുത്തുന്ന രീതികൾ ഇന്ന്‌ കൂടുതല്‍ വികസിച്ചു വരുന്നതായാണ്‌ കാണാനാകുന്നത്‌. മുമ്പ്‌ പരീക്ഷണങ്ങൾ ഒറ്റപ്പെട്ട വ്യക്തികൾ നടത്തുന്നതായിരുന്നുവെങ്കില്‍ ഇന്ന്‌ അത്‌ നൂറുകണക്കിന്‌ ആളുകൾ പങ്കെടുക്കുന്ന പ്രക്രിയയായി മാറിയിട്ടുണ്ട്‌. അറിവിന്റെ സാമൂഹ്യവല്‍ക്കരണത്തിലൂടെയും അതിന്റെ ഭാഗമായുള്ള അന്വേഷണങ്ങളിലൂടെയുമാണ്‌ അറിവുകൾ രൂപപ്പെടുന്നത്‌ എന്ന നില ഇന്ന്‌ കൂടുതല്‍ ശക്തിപ്പെട്ടുവരികയാണ്‌. ശാസ്ത്രത്തിന്റെ വികാസം ഇക്കാര്യത്തിലുള്ള മാര്‍ക്സിന്റെ കാഴ്ചപ്പാടുക കൂടുതല്‍ ശരിവയ്ക്കുന്നു.


4.4 സിദ്ധാന്തവും പ്രയോഗവും

നമ്മുടെ അറിവുകൾ ശരിയാണോ എന്ന്‌ എങ്ങനെയാണ്‌ മനസിലാവുക. അത്‌ പ്രയോഗത്തിലൂടെയാണ്‌ നമുക്ക്‌ മനസിലാക്കാനാവുക. അറിവ്‌ പ്രയോഗിക്കുമ്പോൾ വരുന്ന പോരായ്മകൾ നമുക്ക്‌ കണ്ടെത്താനാകും. ആ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അറിവിനെ വീണ്ടും നവീകരിച്ച്‌ പ്രയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. അതില്‍ എന്തെങ്കിലും പോരായ്മ കണ്ടാല്‍ കാഴ്ചപ്പാടിനെ വീണ്ടും നവീകരിക്കേണ്ടി വരുന്നു. ഇങ്ങനെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പാരസ്പരിക ബന്ധത്തിലൂടെയാണ്‌ അറിവ്‌ വികസിക്കുന്നത്‌.
ഉദാഹരണമായി, മുമ്പ്‌ ഇന്ത്യ റോക്കറ്റ്‌ വിക്ഷേപിക്കാറുണ്ടായിരുന്നു. എന്നാല്‍ അത്‌ വിക്ഷേപിച്ച ഉടനെ കടലില്‍ പോയി വീഴുന്ന സ്ഥിതയാണ്‌ മുമ്പ്‌ ഉണ്ടാവാറ്‌. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ അറിവുകളെ പ്രയോഗത്തില്‍ തിരുത്തുന്നു. അതിനുശേഷം ലഭിക്കുന്ന അറിവ്‌ വീണ്ടും പ്രയോഗിക്കുന്നു. അതിലൂടെ റോക്കറ്റ്‌ കുറേക്കൂടി മുന്നോട്ട്‌ പോയി തകരുന്ന സ്ഥിതി ഉണ്ടായി. ഈ പ്രയോഗത്തില്‍ നിന്നും സിദ്ധാന്തത്തെ വീണ്ടും തിരുത്തുന്നു. അത്തരം രീതികളിലൂടെ റോക്കറ്റുകളെ ശൂന്യാകാശത്തിലേക്ക്‌ അയയ്‌ക്കാൻ പറ്റുന്ന ശേഷിയിലേക്ക്‌ നാം എത്തിച്ചേര്‍ന്നു. ഇന്ന്‌ ചൊവ്വയിലേക്ക്‌ വരെ പോകുന്ന സ്ഥിതി സിദ്ധാന്തങ്ങളുടേയും പ്രയോഗത്തിന്റേയും അടിസ്ഥാനത്തില്‍ വികസിച്ചതാണ്‌.
ബഹിരാകാശ രംഗത്ത്‌ ഉൾപ്പെടെയുള്ള എല്ലാ കണ്ടുപിടുത്തങ്ങളുടെ കാര്യത്തിലും ഇത്തരമൊരു രീതി കാണാം. സിദ്ധാന്തം പ്രയോഗിച്ച്‌ അതില്‍ നിന്ന്‌ അനുഭവങ്ങൾ സ്വാംശീകരിച്ച്‌ സിദ്ധാന്തത്തെ നവീകരിച്ച്‌ വീണ്ടും പ്രയോഗിക്കുകയും ചെയ്യുന്നതിലൂടെയാണ്‌ മനുഷ്യന്റെ കാഴ്ചപ്പാടുകൾ വികസിക്കുന്നത്‌. അറിവ്‌ ശരിയാണോ എന്നത്‌ പ്രയോഗത്തിലൂടെയാണ്‌ വ്യക്തമാക്കപ്പെടുന്നത്‌. ഇങ്ങനെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പാരസ്പരിക ബന്ധം മാര്‍ക്സിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചപ്പാടുകളില്‍ ഒന്നാണ്‌.
മാര്‍ക്സിസത്തിന്റെ സവിശേഷതയെ സംബന്ധിച്ച്‌ മാര്‍ക്സ് പറഞ്ഞ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്‌: "ലോകത്ത്‌ ഇതുവരെ ഉണ്ടായിട്ടുള്ള സൈദ്ധാന്തികന്മാര്‍ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അതിനെ മാറ്റി മറിക്കുകയാണ്‌ പ്രധാനം". ഇങ്ങനെ സിദ്ധാന്തത്തെ കേവലമായി കാണുകയല്ല, അവയെ പ്രയോഗത്തിലുള്ള വഴികാട്ടിയായിക്കൂടിയാണ്‌ മാര്‍ക്സിസം കാണുന്നത്‌.

4.5 അറിവ്‌ പ്രയോഗിക്കേണ്ടത്‌ സ്ഥലകാലം നോക്കി

ഇന്ത്യയില്‍ സോഷ്യലിസവും കമ്മ്യൂണിസവും കെട്ടിപ്പടുക്കാൻ നിലകൊള്ളുന്ന പാര്‍ടിയാണ്‌ സി.പി.ഐ (എം). എന്നാല്‍ നേരിട്ട്‌ സോഷ്യലിസ്റ്റ്‌ വിപ്ലവം നടത്താനല്ല പാര്‍ടിയുടെ പരിപാടി നിര്‍ദ്ദേശിക്കുന്നത്‌. ജനങ്ങളുടെ ബോധനിലവാരവും സമൂഹത്തിന്റെ വളര്‍ച്ചയുടെ നിലവാരവും കണക്കിലെടുത്ത്‌ ജനകീയ ജനാധിപത്യവിപ്ലവം എന്നതിനാണ്‌ അടിയന്തര പരിപാടിയായി മുന്നോട്ട്‌ വെച്ചിട്ടുള്ളത്‌. അതിനുശേഷമാണ്‌ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിലേക്ക്‌ കടക്കൂ എന്നാണ്‌ ആ പരിപാടി നിര്‍ദ്ദേശിക്കുന്നത്‌.
ശരിയായ സിദ്ധാന്തത്തെ അതിന്റെ സ്ഥലകാലങ്ങൾ കണക്കിലെടുത്ത്‌ പ്രയോഗിക്കുക എന്നതും പ്രധാനമാണ്‌. ഉദാഹരണമായി ന്യൂട്രല്‍ ഗിയറില്‍ വണ്ടി നീങ്ങും എന്ന സിദ്ധാന്തം ശരിയാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ ഒരു താഴ്ന്ന സ്ഥലത്ത് വെച്ചുകൊണ്ട്‌ വണ്ടി ന്യൂട്രല്‍ ആക്കിയാല്‍ അത്‌ നീങ്ങുകയില്ല. അതേസമയം അത്‌ ഉയർന്ന സ്ഥലത്ത് വെച്ചുകൊണ്ടാണ്‌ ചെയ്യുന്നതെങ്കില്‍ വണ്ടി മുന്നോട്ട്‌ നീങ്ങും. ന്യൂട്രല്‍ ഗിയറില്‍ വണ്ടി നീങ്ങും എന്നത്‌ ശരിയായ സിദ്ധാന്തമാണ്‌. എന്നാല്‍ ശരിയായ സ്ഥലത്ത്‌ വെച്ച്‌ ചെയ്യുമ്പോൾ (ഉയരത്തിൽ) മാത്രമേ അത്‌ ശരിയായി തീരൂ.
സാഹചര്യത്തെ മനസിലാക്കി കൊണ്ട്‌ അറിവുകൾ പ്രയോഗിക്കണമെന്ന കാര്യത്തിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌.
അതായത്‌ ഏത്‌ സ്ഥലകാലത്ത്‌ നിന്നുകൊണ്ടാണ്‌ സിദ്ധാന്തം പ്രയോഗിക്കുന്നത്‌ എന്നത്‌ സംബന്ധിച്ച ധാരണ പ്രധാനമാണ്‌. ഓരോ രാജ്യത്തിന്റേയും പരിതസ്ഥിതിക്ക്‌ അനുസരിച്ച്‌ വിപ്ലവം നടത്തണമെന്ന കമ്മ്യൂണിസ്റ്റ്‌ കാഴ്ചപ്പാടിന്റെ അടിസ്ഥാനവും ഇത്‌ തന്നെ.
ഉദാഹരണമായി ഇന്ത്യയില്‍ സോഷ്യലിസവും കമ്മ്യൂണിസവും കെട്ടിപ്പടുക്കാൻ നിലകൊള്ളുന്ന പാര്‍ടിയാണ്‌ സി.പി.ഐ (എം). എന്നാല്‍ നേരിട്ട്‌ സോഷ്യലിസ്റ്റ്‌ വിപ്ലവം നടത്താനല്ല പാര്‍ടിയുടെ പരിപാടി നിര്‍ദ്ദേശിക്കുന്നത്‌. ജനങ്ങളുടെ ബോധനിലവാരവും സമൂഹത്തിന്റെ വളര്‍ച്ചയുടെ നിലവാരവും കണക്കിലെടുത്ത്‌ ജനകീയ ജനാധിപത്യവിപ്ലവം എന്നതിനാണ്‌ അടിയന്തര പരിപാടിയായി മുന്നോട്ട്‌ വെച്ചിട്ടുള്ളത്‌. അതിനുശേഷമാണ്‌ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിലേക്ക്‌ കടക്കൂ എന്നാണ്‌ ആ പരിപാടി നിര്‍ദ്ദേശിക്കുന്നത്‌.
ഇത്‌ കാണിക്കുന്നത്‌ അതാത്‌ സാഹചര്യം കണക്കിലെടുത്തുകൊണ്ട്‌ വിപ്ലവത്തിനെപ്പറ്റിയുള്ള സിദ്ധാന്തം പോലും പ്രയോഗിക്കാൻ പറ്റൂ എന്നര്‍ത്ഥം. അതായത്‌ സ്ഥലകാലങ്ങൾ നോക്കാതെയുള്ള യാന്ത്രികമായ ഇടപെടല്‍ എന്നത്‌ മാര്‍ക്സിസത്തിന്‌ അന്യമായ ഒന്നാണ്‌.

പഴയ ഭാഗങ്ങള്‍ ഇവിടെ  വായിക്കാം 

പുത്തലത്ത്‌ ദിനേശന്‍  ബോധി കോമണ്‍സ്ല്‍  എഴുതിയ  ലേഖനം. 

എന്താണ് മാര്‍ക്സിസം ? (അടിസ്ഥാന പാഠങ്ങള്‍ ) ഭാഗം മൂന്ന് What is Marxism basic lessons

മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 3

വൈരുദ്ധ്യവാദത്തിന്റെ സ്വഭാവം

ഭൗതികപദാര്‍ത്ഥമാണ്‌ അടിസ്ഥാനം. അതിന്റെ സ്ഥായിയായ സ്വഭാവമാണ്‌ ചലനം അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ലോകത്തെ അറിയുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ്‌ വൈരുദ്ധ്യാവാദം. അതിന്‌ അടിസ്ഥാനപരമായ രണ്ട്‌ സവിശേഷതകളുണ്ട്‌. 1. ഒറ്റപ്പെട്ടുനില്‍ക്കുന്ന യാതൊന്നും ലോകത്തില്ല. എല്ലാം പരസ്‌പരം ബന്ധിതമാണ്‌. 2. ചലനമില്ലാത്ത ഒന്നും ലോകത്തില്ല. ലോകത്തുള്ള ഏത്‌ പ്രതിഭാസങ്ങള്‍ പരിശോധിച്ചാലും ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒന്നില്ല എന്ന്‌ കാണാം. ഉദാഹരണമായി, മഴ പെയ്‌താല്‍ വെള്ളം താഴോട്ട്‌ ഒഴുകുന്നു. എന്തുകൊണ്ടാണ്‌ അത്‌? ഗുരുത്വാകര്‍ഷണ ബലമാണ്‌ അതിന്‌ കാരണം. അത്‌ എന്തുകൊണ്ട്‌ ഉണ്ടായി എന്ന്‌ ചോദിക്കുമ്പോള്‍ അതിന്റെ സവിശേഷതകളിലേക്ക്‌ നാം നീങ്ങുന്നു. വയനാട്ടില്‍ ഒരു കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തു എന്നു പറയുമ്പോള്‍ എന്തുകൊണ്ടാണ്‌ ആത്മഹത്യ നടന്നത്‌ എന്ന്‌ നാം ചോദിക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്‌ വില കുറഞ്ഞതുകൊണ്ടാണ്‌ എന്ന്‌ മറുപടി വരുന്നു. എന്തുകൊണ്ടാണ്‌ വില കുറഞ്ഞത്‌? അത്‌ ഇറക്കുമതി മൂലമാണെന്ന്‌ ഉത്തരം. എന്തുകൊണ്ട്‌ ഇറക്കുമതി ഉണ്ടായി? ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമാണ്‌. അങ്ങനെ ഒരു പ്രശ്‌നത്തെ നാം സമീപിക്കുമ്പോള്‍ അവ പരസ്‌പര ബന്ധിതമായ ഒരു ലോകക്രമത്തിന്റെ ഭാഗം എന്ന നിലയിലാണ്‌ നാം കാണുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ടി സാര്‍വദേശീയ പ്രശ്‌നങ്ങള്‍ പ്രധാനമായി കാണുന്നതിനു കാരണം. ലോകക്രമത്തിന്റെ ഭാഗമായാണ്‌ നമ്മുടെ രാഷ്‌ട്രീയ സ്ഥിതിഗതികളും നിലനില്‍ക്കുന്നത്‌. അതിനാല്‍ അവയെ കുറിച്ച്‌ മനസിലാക്കുമ്പോഴേ നമ്മുടെ മുമ്പിലുള്ള രാഷ്‌ട്രീയ പ്രശ്‌നങ്ങളേയും മനസിലാക്കാനാകൂ എന്നതാണ്‌ അതിന്റെ നിലപാട്‌. ഇങ്ങനെ പരസ്‌പരം ബന്ധിതം മാത്രമല്ല, ലോകം മാറ്റത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്‌. അതുകൊണ്ടാണ്‌ ഒരു കാലഘട്ടത്തില്‍ പാര്‍ടി ഏറ്റെടുത്ത കടമയാവില്ല മറ്റൊരു ഘട്ടത്തില്‍ ഏറ്റെടുക്കേണ്ടി വരുന്നത്‌ എന്ന നിലപാട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍ സ്വീകരിക്കുന്നു. അങ്ങനെ മാറ്റത്തെ മനസ്സിലാക്കിയും അവയുടെ പാരസ്‌പരിക ബന്ധത്തെ തിരിച്ചറിഞ്ഞും മുന്നോട്ടുപോവുക എന്നതാണ്‌ മാര്‍ക്‌സിസ്റ്റ്‌ നിലപാട്‌. നിരന്തരം പ്രയോഗത്തേയും നവീകരിക്കുക എന്ന കാഴ്‌ചപ്പാട്‌ ഉയര്‍ന്ന്‌ വരുന്നത്‌ ഇതിന്റെ അടിസ്ഥാനത്തിലാണ്‌. നിരന്തരം നവീകരിക്കുന്ന തത്വശാസ്‌ത്രമായി മാര്‍ക്‌സിസം മാറുന്നതും ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്‌.

വൈരുധ്യാത്മക ഭൗതികവാദം മുന്നോട്ടുവയ്‌ക്കുന്ന ചോദ്യങ്ങള്‍

ലോകത്തിന്റെ അടിസ്ഥാനം പദാര്‍ത്ഥമാണെന്നും ആ പദാര്‍ത്ഥമെല്ലാം മാറ്റങ്ങള്‍ക്ക്‌ വിധേയമാണെന്നും ഉള്ള കാര്യം നേരത്തെയുള്ള ഭാഗങ്ങളില്‍ വ്യക്തമാക്കിയല്ലോ. അങ്ങനെ മാറ്റം അടിസ്ഥാനമാണ്‌ എന്ന്‌ തിരിച്ചറിയുമ്പോള്‍ സ്വാഭാവികമായും നമ്മുടെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരും. ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുകയും അതിന്‌ ഉത്തരങ്ങള്‍ മാര്‍ക്‌സിസം മുന്നോട്ടുവയ്‌ക്കുകയും ചെയ്യുന്നു. നമ്മുടെ ഉള്ളിലുള്ള ചില സംശയങ്ങളെത്തന്നെയാണ്‌ ഇത്‌ അവതരിപ്പിക്കുന്നത്‌. ഒന്ന്‌, ലോകത്ത്‌ എന്തുകൊണ്ടാണ്‌ മാറ്റങ്ങള്‍ ഉണ്ടാകുന്നത്‌? രണ്ട്‌, ആ മാറ്റത്തിന്റെ കാരണമെന്താണ്‌? മൂന്ന്‌, ഏതു ദിശയിലാണ്‌ ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്‌? ഈ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വൈരുധ്യാത്മക ഭൗതികവാദം മുന്നോട്ടുവയ്‌ക്കുന്നു. അഥവാ, ഉത്തരങ്ങള്‍ക്ക്‌ സഹായകമായ സമീപനങ്ങള്‍ നമുക്ക്‌ മുമ്പാകെ അവതരിപ്പിക്കുകയും ചെയ്യുന്നു. യാന്ത്രിക ഭൗതികവാദത്തെക്കുറിച്ച്‌ പറയുമ്പോള്‍ മാറ്റങ്ങള്‍ എന്തുകൊണ്ട്‌ ഉണ്ടാകുന്നു എന്ന കാര്യം മനസ്സിലാക്കാന്‍ ഈ വാദത്തിന്‌ കഴിഞ്ഞില്ല എന്ന മാര്‍ക്‌സിന്റെ വിമര്‍ശനം നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. ഇവിടെ മാര്‍ക്‌സിസം ആ മാറ്റത്തിന്റെ കാരണത്തെക്കുറിച്ചും അതിന്റെ സ്വഭാവം എന്താണ്‌ എന്നതും മാറ്റത്തിന്റെ അഥവാ വളര്‍ച്ചയുടെ ദിശ എന്താണ്‌ എന്നും വിശദീകരിക്കുന്നുണ്ട്‌. മാര്‍ക്‌സിസത്തില്‍ ചലന നിയമങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധമായിട്ടുള്ള കാഴ്‌ചപ്പാട്‌ ഇക്കാര്യമാണ്‌ വിശദീകരിക്കുന്നത്‌.

മാറ്റത്തിന്റെ കാരണമെന്ത്‌?

കഴിഞ്ഞ പോസ്റ്റില്‍ കണ്ടതുപോലെ മാറ്റത്തിന്റെ അഥവാ വളര്‍ച്ചയുടെ കാരണമെന്താണ്‌ എന്ന ചോദ്യത്തിന്‌ വളര്‍ച്ചയുടെ കാരണമായി വിശദീകരിക്കുന്നത്‌ വിരുദ്ധ ശക്തികള്‍ തമ്മിലുള്ള ഐക്യവും സമരവും എന്നതാണ്‌. എല്ലാ വസ്‌തുക്കളിലും പ്രതിഭാസങ്ങളിലും വിരുദ്ധങ്ങളായ ശക്തികളോ വശങ്ങളോ അടങ്ങിയിരിക്കുന്നു. ഇവ തമ്മില്‍ യോജിപ്പുമുണ്ട്‌ (അതാണ്‌ അതിന്റെ അസ്ഥിത്വത്തിനടിസ്ഥാനം), അവ തമ്മില്‍ സംഘട്ടനവുമുണ്ട്‌ (അതാണ്‌ മാറ്റത്തിന്‌ അടിസ്ഥാനം). ഇതിനെയാണ്‌ വിപരീതങ്ങളുടെ ഐക്യവും സമരവുമെന്ന്‌ പറയുന്നത്‌. നാം ചിലപ്പോള്‍ സന്തോഷിക്കും. ചിലപ്പോള്‍ ദുഃഖിക്കും. ദുഃഖമെന്നും സന്തോഷമെന്നുമുള്ള വിരുദ്ധമായ വികാരങ്ങള്‍ നമ്മുടെ ഉള്ളില്‍ തന്നെ നിലനില്‍ക്കുന്ന ഒന്നാണ്‌. ഭക്ഷണം കഴിക്കലുമുണ്ട്‌. വിസര്‍ജ്ജനവുമുണ്ട്‌. വിരുദ്ധശക്തികള്‍ ഐക്യപ്പെട്ട്‌ നില്‍ക്കുമ്പോള്‍ ആ വസ്‌തു നിലനില്‍ക്കുന്നു. ഉദാഹരണമായി ഒരാള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുക മാത്രമാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌ എന്ന്‌ കരുതുക. അവ വിസര്‍ജ്ജ്യമായി പുറംന്തള്ളപ്പെടുന്നില്ലെങ്കില്‍ ആ മനുഷ്യന്റെ നിലനില്‍പ്‌ തന്നെ അപകടത്തിലാവും. വിസര്‍ജ്ജ്യം മാത്രമാണ്‌ നടക്കുന്നതെങ്കിലും സ്ഥിതി മേല്‍പറഞ്ഞത്‌ തന്നെ. ഇങ്ങനെ വസ്‌തുക്കളിലുള്ള വിരുദ്ധ ശക്തികള്‍ ഐക്യപ്പെട്ട്‌ നില്‍ക്കുന്നതിനാലാണ്‌ അവ നിലനില്‍ക്കുന്നത്‌. കണക്കില്‍ കൂട്ടലുണ്ട്‌, കുറയ്‌ക്കലുണ്ട്‌. സയന്‍സില്‍ നെഗറ്റീവ്‌ ചാര്‍ജ്ജുണ്ട്‌ പോസിറ്റീവ്‌ ചാര്‍ജ്ജുമുണ്ട്‌. ഇങ്ങനെ എല്ലാ പ്രതിഭാസത്തിനകത്തും വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. ഇവ തമ്മില്‍ ഐക്യപ്പെട്ട്‌ പോകുമ്പോള്‍ ആ പ്രതിഭാസങ്ങള്‍ അതേപോലെ നിലനില്‍ക്കും. ഈ ഐക്യത്തിന്‌ മാറ്റം വരുമ്പോള്‍ അവ തമ്മില്‍ ഏറ്റുമുട്ടും. ഈ ഏറ്റുമുട്ടലിലൂടെ അഥവാ സമരത്തിലൂടെയാണ്‌ പുതിയ ഒന്ന്‌ രൂപപ്പെട്ട്‌ വരിക. ഉദാഹരണമായി ഒരാള്‍ ബസ്‌ വാങ്ങി. അതൊരു ബിസിനസായി നടത്തണമെങ്കില്‍ ഡ്രൈവറും കണ്ടക്‌ടറും വേണം. ഇവര്‍ക്ക്‌ 100 രൂപ ദിവസം കൂലി നല്‍കാമെന്ന്‌ ബസ്‌ മുതലാളി പറഞ്ഞു. 200 വേണമെന്ന്‌ തൊഴിലാളി. ഇപ്പോള്‍ അവര്‍ തമ്മില്‍ സമരമായി. മധ്യസ്ഥം പറഞ്ഞ്‌ 150 രൂപയില്‍ പരസ്‌പരം പൊരുത്തപ്പെട്ടു. അപ്പോള്‍ അവര്‍ തമ്മില്‍ ഐക്യമായി. ഐക്യമായപ്പോള്‍ ബസ്‌ സര്‍വ്വീസ്‌ നടത്തുന്ന സ്ഥിതിയായി. ഇങ്ങനെ ഐക്യപ്പെടുമ്പോള്‍ വസ്‌തു അഥവാ പ്രതിഭാസം നിലനില്‍ക്കുന്നു. സമരമാകുമ്പോള്‍ ആ പ്രതിഭാസത്തിന്‌ മാറ്റം വരുന്നു. 150 രൂപയില്‍ മാത്രം എന്ന്‌ തൊഴിലാളി കരുതിയാല്‍ ആ സംവിധാനത്തിന്‌ മാറ്റം ഉണ്ടാകുന്നില്ല. അതില്‍ കൂടുതല്‍ വേണമെന്ന്‌ തൊഴിലാളി ആവശ്യപ്പെടുന്നു. അതിന്‌ മുതലാളി തയ്യാറാവാതെ നില്‍ക്കുമ്പോള്‍ അവര്‍ സമരരംഗത്തേയ്‌ക്ക്‌ ഇറങ്ങുന്നു. ബസ്‌ സര്‍വ്വീസ്‌ തന്നെ നിലക്കുന്നു. സമരത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ഈ വൈരുദ്ധ്യം ബസ്‌ സര്‍വ്വീസിനെ തന്നെ ബാധിക്കുന്നു. അതായത്‌ ഐക്യം നിലനില്‍പിന്റേയും സമരം മാറ്റത്തിന്റേതുമാണ്‌. ഇങ്ങനെ ഐക്യപ്പെട്ടും സമരസപ്പെട്ടും വീണ്ടും ഐക്യപ്പെട്ടും വീണ്ടും സമരപ്പെട്ടും പോകുന്ന പ്രക്രിയയിലൂടെയാണ്‌ ഓരോന്നും വളരുന്നത്‌. ഇത്തരത്തിലുള്ള നവീകരണവും തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു. സാമൂഹ്യവികാസം നോക്കിയാലും ഇതേ സ്ഥിതി തന്നെയാണ്‌ കാണാനാവുക. ഒരു വ്യവസ്ഥ ഉണ്ടാകുന്നു. ആ വ്യവസ്ഥയിലെ വൈരുദ്ധ്യം സമരമായി ഏറ്റുമുട്ടലായി മാറുന്നു. അതിലൂടെ പുതിയ ഒരു വ്യവസ്ഥ ഉണ്ടാകുന്നു. ആ വ്യവസ്ഥയ്‌ക്കകത്ത്‌ വീണ്ടും ഏറ്റുമുട്ടുന്നു. പുതിയൊരു വ്യവസ്ഥ ഉണ്ടാകുന്നു. അതിനകത്ത്‌ വീണ്ടും വൈരുദ്ധ്യം വരുന്നു. അവ ഏറ്റുമുട്ടുന്നു. ഇങ്ങനെ വിരുദ്ധശക്തികളുടെ ഐക്യവും സമരവും എന്ന നിയമമാണ്‌ വളര്‍ച്ചയുടെ കാരണം എന്ന്‌ മാര്‍ക്‌സിസം വിഭാവനം ചെയ്യുന്നു. വൈരുദ്ധ്യങ്ങള്‍ തന്നെ രണ്ടു തരത്തിലുണ്ട്‌. ഒന്ന്‌ ശത്രുതാപരമായതും മറ്റൊന്ന്‌ ശത്രുതാപരമല്ലാത്തതും. കുടുംബത്തിനകത്ത്‌ ഒരു തര്‍ക്കമുണ്ടായി. ആ തര്‍ക്കത്തിന്റെ കാരണം പരിഹരിച്ചാല്‍ സ്വാഭാവികമായും അത്‌ ഇല്ലാതായി തീരും. ഇത്‌ ശത്രുതാപരമല്ലാത്ത വൈരുദ്ധ്യമാണ്‌. എന്നാല്‍ മുതലാളിക്ക്‌ ലാഭം ഉണ്ടാക്കണം. അത്‌ ഉണ്ടാവണമെങ്കില്‍ തൊഴിലാളിക്ക്‌ കൂലി കുറച്ചും അതുപോലെയുള്ള സൗകര്യങ്ങള്‍ ഇല്ലാതാക്കിയും മുന്നോട്ട്‌ പോവണം. ഈ വൈരുദ്ധ്യം നേരത്തെ പറഞ്ഞതുപോലെ പരിഹരിക്കില്ല. മുതലാളി ഉള്ളിടത്ത്‌ തൊഴിലാളി ഉണ്ടാകും. ഇത്‌ പരിഹരിക്കപ്പെടണമെങ്കില്‍ മുതലാളിയും തൊഴിലാളിയും ഇല്ലാതാവണം. ഈ വൈരുദ്ധ്യത്തെയാണ്‌ ശത്രുതാപരമായ വൈരുദ്ധ്യം എന്ന്‌ പറയുക. ഈ വൈരുദ്ധ്യം ഇല്ലാതാകണമെങ്കില്‍ വ്യവസ്ഥ തന്നെ തകരേണ്ടതുണ്ട്‌. മുതലാളിത്തത്തിന്റെ തകര്‍ച്ചയിലൂടെ മാത്രമേ ഈ വൈരുദ്ധ്യം പരിഹരിക്കപ്പെടുകയുള്ളൂ. ശത്രുതാപരമായ വൈരുദ്ധ്യം വ്യവസ്ഥയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌. അല്ലാത്തവ ആ വ്യവസ്ഥയ്‌ക്ക്‌ അകത്ത്‌ പരിഹരിക്കാനാകും.

മാറ്റത്തിന്റെ സ്വഭാവമെന്ത്‌?

കഴിഞ്ഞ പോസ്റ്റില്‍ കണ്ടതുപോലെ വിരുദ്ധ ശക്തികളുടെ ഐക്യവും സമരവുമാണ്‌ മാറ്റത്തിന്‌ കാരണമെന്ന്‌ നാം മനസിലാക്കി. ഇങ്ങനെ മാറ്റം ഉണ്ടാകുമ്പോള്‍ മാറ്റത്തിന്റെ രീതി ഏത്‌ വിധമാണ്‌ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരും. ഇത്‌ രണ്ട്‌ തരത്തിലുണ്ട്‌ എന്നാണ്‌ മാര്‍ക്‌സിസം വിശദീകരിക്കുന്നത്‌. (എ) എണ്ണത്തില്‍ വരുന്ന മാറ്റം (ബി) സ്വഭാവത്തിലുള്ള മാറ്റം എണ്ണത്തില്‍ ക്രമേണ വരുന്ന മാറ്റം ആ വസ്‌തുവിന്റേയോ പ്രതിഭാസത്തിന്റേയോ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുന്നു. ഈ മാറ്റത്തെയാണ്‌ എടുത്തുചാട്ടം എന്നു പറയുന്നത്‌. ഒരു എടുത്തുചാട്ടം പിന്നെ മന്ദഗതി പിന്നെയും എടുത്തുചാട്ടം. ഇതാണ്‌ മാറ്റത്തിന്റെ പൊതുവായ രീതി. ദശാബ്ദങ്ങളോളം നീണ്ടുനില്‍ക്കുന്ന സാവധാനമുള്ള പരിവര്‍ത്തനം തുടര്‍ന്ന്‌ എടുത്തുചാട്ടം എന്നതാണ്‌ മാറ്റത്തിന്റെ രീതി. എടുത്തുചാട്ടമെന്ന വിപ്ലവകാലഘട്ടത്തില്‍ മുമ്പ്‌ നിരവധി വര്‍ഷങ്ങള്‍ കൊണ്ട്‌ മാത്രം നടന്ന മാറ്റങ്ങള്‍, ഏതാനും ദിവസങ്ങള്‍ക്കുളളില്‍ നടക്കുന്നു. സാവധാനമായി ഉണ്ടാവുന്ന പരിവര്‍ത്തനമാണ്‌ പിന്നീട്‌ കുതിച്ചുചാട്ടത്തില്‍ എത്തിച്ചേരുന്നത്‌. വസ്‌തുക്കളും പ്രതിഭാസങ്ങളും വളരുന്നതിന്റെ സ്വഭാവം ഇതാണെന്ന്‌ മാര്‍ക്‌സിസം കാണുന്നു. ഇത്‌ എങ്ങനെ എളുപ്പം മനസിലാക്കാം? ഒരു കുട്ടിയെ പ്രസവിക്കണമെങ്കില്‍ അമ്മ പത്തുമാസം അതിനെ ചുമക്കണം. ഒന്നാംമാസത്തില്‍ അമ്മയുടെ വയറ്റില്‍ കിടക്കുന്ന ഭ്രൂണവും രണ്ടാം മാസത്തില്‍ കിടക്കുന്ന ഭ്രൂണവും തമ്മിലുള്ള വ്യത്യാസം എന്താണ്‌? ഒന്നാം മാസത്തില്‍ ഉള്ളതിനേക്കാള്‍ ഭ്രൂണത്തില്‍ പല അവയവങ്ങളും കൂടുതലായി ഉണ്ടായിട്ടുണ്ടാവും. അഥവാ കോശങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുണ്ടാവും. ഓരോ മാസം പിന്നിടുമ്പോഴും ഇത്തരത്തിലുള്ള വളര്‍ച്ച ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ പടിപടിയായി കോശത്തിന്റെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ചയുടെ ഫലമായി പത്താം മാസം ആകുമ്പോഴേക്കും അമ്മയുടെ വയറ്റില്‍ അത്‌ കുട്ടിയായി മാറുന്നു. പിന്നെ അവിടെതന്നെ നിലനിര്‍ത്തണം എന്ന്‌ കരുതിയാല്‍ അത്‌ സാധ്യമാവില്ല. ഇങ്ങനെ ഭ്രൂണത്തിന്റെ ക്രമേണയുള്ള വളര്‍ച്ച ഒരു പ്രത്യേക ഘട്ടത്തില്‍ എത്തുമ്പോള്‍ കുട്ടി എന്ന സ്വഭാവത്തിലേക്ക്‌ എത്തിച്ചേരുന്നു. പിന്നെ ഭ്രൂണാവസ്ഥയല്ല കുട്ടി എന്ന അവസ്ഥയിലാണ്‌ എത്തുക. അപ്പോള്‍ പുതിയ സ്വഭാവം കാണിക്കുന്നു. പുറത്തേയ്‌ക്ക്‌ വരുന്നു. ഭ്രൂണത്തിന്റെ ക്രമേണയുള്ള ഈ വളര്‍ച്ച ഇല്ലെങ്കില്‍ കുട്ടി എന്ന അവസ്ഥ എത്തുകയില്ല. ഇത്‌ കാണിക്കുന്നത്‌ എന്താണ്‌? ക്രമേണയുള്ള വളര്‍ച്ച ഒരു പ്രത്യേക ഘട്ടത്തില്‍ എത്തുമ്പോള്‍ അതിന്റെ സ്വഭാവത്തെ തന്നെ മാറ്റി മറിക്കുന്ന ഒന്നായി തീരുന്നു. കോശത്തിലെ എണ്ണത്തിലുണ്ടാകുന്ന മാറ്റം അതിന്റെ സ്വഭാവത്തില്‍ തന്നെയുള്ള മാറ്റമായി പരിണമിക്കുന്നു. മൂലകങ്ങളുടെ സ്ഥിതി പരിശോധിച്ചാല്‍ അവയുടെ ന്യൂക്ലിയസിലുണ്ടാകുന്ന ഘടകങ്ങളുടെ എണ്ണവും സ്വഭാവവുമാണ്‌ ഏത്‌ മൂലകം എന്ന്‌ നിശ്ചയിക്കപ്പെടുന്നത്‌. അവയുടെ എണ്ണത്തില്‍ മാറ്റം ഉണ്ടാകുമ്പോള്‍ മൂലകം തന്നെ മാറുന്നു. ന്യൂക്ലിയസില്‍ ഒരു പ്രോട്ടോണും പുറത്ത്‌ അതിനെ ചുറ്റിക്കറങ്ങുന്ന ഒരു ഇലക്‌ട്രോണുള്ള മൂലകമാണ്‌ ഹൈഡ്രജന്‍. എന്നാല്‍ ന്യൂക്ലീയസിനകത്ത്‌ രണ്ട്‌ പ്രോട്ടോണാകുമ്പോള്‍ അത്‌ ഹീലിയമായി മാറുന്നു. ഇതിന്‌ സമാനമായ മാറ്റം ഇലക്‌ട്രോണിലും ഉണ്ടാകുന്നു. എണ്ണത്തിലുണ്ടാകുന്ന മാറ്റം മൂലകത്തിന്റെ സ്വഭാവത്തെ തന്നെ മാറ്റുന്നു എന്ന കാര്യമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. സാമൂഹ്യമാറ്റത്തിനും ഈ നിയമം ബാധകമാണ്‌. നിലനില്‍ക്കുന്ന വ്യവസ്ഥയെ മാറ്റിമറിച്ച്‌ വിപ്ലവം സംഘടിപ്പിക്കണമെങ്കില്‍ എന്താണ്‌ വേണ്ടത്‌? എന്തുകൊണ്ടാണ്‌ ഇപ്പോള്‍ വിപ്ലവം നടത്താന്‍ അതിനായി ശാസ്‌ത്രീയമായി ചിന്തിക്കുന്ന സംഘടനകള്‍ ശ്രമിക്കാത്തത്‌? അത്‌ നടക്കണമെങ്കില്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശേഷി വിപ്ലവത്തിന്‌ നേതൃത്വം നല്‍കുന്ന തൊഴിലാളി വര്‍ഗത്തിന്‌ ഉണ്ടാകേണ്ടതുണ്ട്‌. അങ്ങനെ ഉണ്ടാവണമെങ്കില്‍ അത്തരം ബോധത്തിലേക്ക്‌ ബഹുഭൂരിപക്ഷം ജനതയേയും കൊണ്ടുവരണം. അതായത്‌ വിപ്ലവബോധത്തെ സംബന്ധിച്ചുള്ള ധാരണ കാത്തുസൂക്ഷിക്കുന്ന ജനങ്ങളുടെ എണ്ണം ഏറെ വര്‍ദ്ധിക്കണം എന്നര്‍ത്ഥം. അങ്ങനെ ബോധം വര്‍ദ്ധിക്കണമെങ്കില്‍ എന്തുവേണം? ദൈനംദിന പ്രക്ഷോഭങ്ങളിലും പ്രവര്‍ത്തനങ്ങളിലും അവരെ പങ്കെടുപ്പിക്കാനാവണം. അതിലൂടെ ജനങ്ങളുടെ ബോധത്തില്‍ മാറ്റം സംഭവിക്കുകയും അതിന്‌ ഉതകുന്ന സാഹചര്യം സമൂഹത്തില്‍ ഉണ്ടാകുമ്പോഴാണ്‌ മാറ്റത്തിന്‌ സമൂഹം പാകപ്പെടുന്നത്‌. ബോധം ഉയര്‍ത്താനുള്ള പ്രക്ഷോഭ-പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട്‌ മാത്രമേ ഈ മാറ്റം സാധ്യമാവുകയുള്ളൂ. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മാറി നിന്നുകൊണ്ട്‌ വിപ്ലവപ്രവര്‍ത്തനം നടത്താനാവില്ലെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ക്രമേണയുള്ള മാറ്റത്തിലൂടെ എല്ലാം സാധ്യമാകുമെന്നും എടുത്ത്‌ ചാട്ടത്തിന്റേതായ രീതി ഉണ്ടാവേണ്ടതില്ല എന്നുമുള്ള കാഴ്‌ചപ്പാട്‌ ഉള്‍ക്കൊള്ളുന്നതാണ്‌ വലതുപക്ഷ വ്യതിയാനം എന്ന നിലയില്‍ വിലയിരുത്തപ്പെടുന്നത്‌. അതേസമയം ദൈനംദിന പ്രവര്‍ത്തനങ്ങളും വര്‍ഗ-ബഹുജനസംഘടനകളുടെ കെട്ടിപ്പടുക്കലും ഉള്‍പ്പെടെയുള്ളവ ഇല്ലാതെ തന്നെ വിപ്ലവ സാധ്യമാകും എന്ന ധാരണ കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ ഇടതുപക്ഷ വ്യതിയാനം എന്നുള്ളത്‌. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മാറിനിന്നുകൊണ്ടും ബഹുജനപ്രസ്ഥാനം സംഘടിപ്പിക്കാതെയുള്ള വിപ്ലവ പ്രവര്‍ത്തനത്തെ കുറിച്ചുള്ള കേവല വായാടിത്തങ്ങള്‍ മാര്‍ക്‌സിസ്റ്റ്‌ ധാരണകളില്‍ നിന്ന്‌ അന്യമാണെന്ന്‌ ഈ കാഴ്‌ചപ്പാട്‌ വ്യക്തമാക്കുന്നു.

മാറ്റത്തിന്റെ രീതി എന്താണ്‌?

ഏത്‌ ദിശയിലാണ്‌ മാറ്റങ്ങള്‍ സംഭവിക്കുന്നത്‌ എന്ന ചോദ്യം ദര്‍ശനത്തില്‍ ഉയര്‍ന്നുവരുന്നുണ്ടല്ലോ. അതിനുള്ള ഉത്തരം എന്ന നിലയിലാണ്‌ മാറ്റത്തിന്റെ ദിശ നിഷേധത്തിന്റെ നിഷേധമാണെന്ന്‌ മാര്‍ക്‌സിസം നിരീക്ഷിക്കുന്നത്‌. നേരത്തെ സൂചിപ്പിച്ചതുപോലെ വിരുദ്ധശക്തികളുടെ സംഘട്ടനത്തിന്റെ ഫലമായി വസ്‌തുക്കളുടെയും പ്രതിഭാസങ്ങളുടെയും സ്വഭാവത്തില്‍ തന്നെ മാറ്റം വരുന്നു. ഈ മാറ്റത്തിന്റെ രീതി എന്നത്‌ സാവധാനമായി ഉണ്ടാകുന്ന മാറ്റം പെട്ടെന്നുള്ള എടുത്തുചാട്ടത്തിലേക്ക്‌ നയിക്കുന്നു. നിലവിലുള്ള സ്വഭാവത്തില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ സ്വഭാവത്തിലേയ്‌ക്കാണ്‌ ഈ എടുത്തുചാട്ടം നയിക്കുക. അതായത്‌, നിലവിലുള്ള സ്വഭാവം നിഷേധിക്കപ്പെടുന്നു. പകരം വസ്‌തുവിന്റെ സ്വഭാവത്തില്‍ നിന്ന്‌ വ്യത്യസ്‌തമായ സ്വഭാവത്തിലേക്ക്‌ ഇത്‌ എത്തിച്ചേരുന്നു. ഫ്യൂഡല്‍ കാലഘട്ടത്തെ നിഷേധിച്ചുകൊണ്ടാണ്‌ മുതലാളിത്തമുണ്ടാകുന്നത്‌. ആ മുതലാളിത്തത്തെ നിഷേധിച്ചുകൊണ്ട്‌ സോഷ്യലിസ്റ്റ്‌ വ്യവസ്ഥയും രൂപീകരിക്കപ്പെടുന്നു. ഇങ്ങനെ തുടര്‍ച്ചയായ നിഷേധങ്ങളിലൂടെയാണ്‌ സമൂഹം വളരുന്നത്‌. ഇങ്ങനെ എത്തിച്ചേരുന്ന പുതിയ പ്രതിഭാസത്തിലും വിരുദ്ധശക്തികളുടെ ഏറ്റുമുട്ടലുകള്‍ നടക്കും, അതിന്റെ ഫലമായി നിലവിലുള്ള സ്വഭാവത്തെ നിഷേധിച്ചുകൊണ്ട്‌ പുതിയ സ്വഭാവം പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെ ഒന്നിനെ നിഷേധിച്ച്‌ മറ്റൊന്ന്‌ ഉണ്ടാവുന്നു. അതിനെ നിഷേധിച്ച്‌ വേറൊരു സ്വഭാവവും രൂപപ്പെടുന്നു. ഈ രീതിയിലാണ്‌ മാറ്റത്തിന്റെ ദിശ രൂപപ്പെടുന്നത്‌. പുതിയ സ്വഭാവം രൂപപ്പെടുമ്പോള്‍ അത്‌ പഴയതിന്റെ പൂര്‍ണ്ണമായ നിഷേധമായിക്കൊള്ളണമെന്നില്ല. പഴയതിന്റെ ചില അംശങ്ങള്‍ പുതിയതിലും നിലനില്‍ക്കും. അതേ അവസരത്തില്‍, ഇത്‌ പഴയതിന്റെ തനിയാവര്‍ത്തനമായി മാറുന്നില്ല. ഉദാഹരണമായി, മുതലാളിത്തവ്യവസ്ഥ സോഷ്യലിസത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്‌തു എന്നിരിക്കട്ടെ. സോഷ്യലിസ്റ്റ്‌ വ്യവസ്ഥയ്‌ക്കകത്തും മുതലാളിത്തത്തിന്റേതായ ചില സവിശേഷതകള്‍ തുടര്‍ന്നും നിലനില്‍ക്കുന്നതായി കാണാം. ഇവ തിരിച്ചറിഞ്ഞ്‌, മാറ്റി എടുക്കുകയാണ്‌ വേണ്ടത്‌. സോഷ്യലിസ്റ്റ്‌ വ്യവസ്ഥയ്‌ക്കകത്ത്‌ നിലനില്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാതെ നിലപാടെടുക്കുമ്പോള്‍ ആ വ്യവസ്ഥ തന്നെ ചിലപ്പോള്‍ തകര്‍ക്കപ്പെടാം. സോവിയറ്റ്‌ യൂണിയനില്‍ ഉള്‍പ്പെടെ ഉണ്ടായിട്ടുള്ള തിരിച്ചടിയെ ഈ കാഴ്‌ചപ്പാടിന്റെ കൂടി പശ്ചാത്തലത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്‌. 1871ല്‍ പാരീസ്‌ കമ്മ്യൂണിന്റെ അനുഭവപാഠത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്‌സ്‌ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയില്‍ ഒരു തിരുത്തല്‍ വരുത്തി. തൊഴിലാളികള്‍ അധികാരം പിടിച്ചാല്‍ മാത്രം പോരാ, ആ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന മുതലാളിത്ത രൂപങ്ങളെ ഇല്ലായ്‌മ ചെയ്യുന്നതിനായി തൊഴിലാളിവര്‍ഗത്തിന്റെ സര്‍വ്വാധിപത്യം സ്ഥാപിക്കണം. ഒരു വ്യവസ്ഥ മാറി മറ്റൊന്ന്‌ വന്നുകഴിഞ്ഞാലും പഴയതിന്റെ അംശങ്ങള്‍ നിലനില്‍ക്കുന്നതായി കാണാം. ഇവയെ തൊഴിലാളിവര്‍ഗം മനസ്സിലാക്കി ഇല്ലായ്‌മ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ നടത്തണമെന്ന കാര്യമാണ്‌ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യമെന്ന കാഴ്‌ചപ്പാടിലൂടെ മാര്‍ക്‌സ്‌ മുന്നോട്ട്‌ വെച്ചത്‌. നിഷേധത്തിന്റെ നിഷേധത്തെ ഇത്തരമൊരു തലത്തില്‍ കണ്ടുകൊണ്ട്‌ ഇടപെടുന്നതിന്‌ കഴിയേണ്ടതുണ്ട്‌. മാറ്റം ഒരു തുടര്‍പ്രക്രിയയാണ്‌ എന്ന്‌ തിരിച്ചറിയുന്നതോടൊപ്പംതന്നെ, തിരിച്ചടികളെ സംബന്ധിച്ചും വ്യക്തമായ ധാരണ ഉണ്ടാകുമ്പോള്‍ മാത്രമേ കൂടുതല്‍ നല്ല നിലയില്‍ മുന്നോട്ട്‌ പോകാനാകൂ. ഈ കാഴ്‌ചപ്പാടോടെ ഇടപെടല്‍ നടത്തുമ്പോള്‍ മാത്രമേ സാമൂഹ്യ വികാസ പ്രക്രിയ ശരിയായ തലത്തിലേക്ക്‌ വികസിക്കുകയുള്ളൂ. അതിലൂടെ മാത്രമേ മാര്‍ക്‌സിസത്തിന്റെ യാന്ത്രികപരമായ പ്രയോഗത്തില്‍നിന്ന്‌ മോചനമുണ്ടാവുകയുള്ളൂ.

പഴയ ഭാഗങ്ങള്‍ ഇവിടെ  വായിക്കാം 

പുത്തലത്ത്‌ ദിനേശന്‍  ബോധി കോമണ്‍സ്ല്‍  എഴുതിയ  ലേഖനം. 

എന്താണ് മാര്‍ക്സിസം ? (അടിസ്ഥാന പാഠങ്ങള്‍ ) ഭാഗം രണ്ട് What is Marxism basic lessons

മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 2


വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ രൂപീകരണം

മാര്‍ക്‌സിന്റെ കാലത്തും നിലനിന്നിരുന്ന ദാര്‍ശനിക രംഗത്തെ പ്രധാനപ്പെട്ട സമസ്യയായിരുന്നു ആശയമാണോ ഭൗതിക പ്രപഞ്ചമാണോ പ്രാഥമികം എന്നുള്ളത്‌. ഈ ചര്‍ച്ചകളെ വിശകലനം ചെയ്‌തുകൊണ്ട്‌ മാര്‍ക്‌സ്‌ എത്തിച്ചേര്‍ന്ന നിഗമനം ഭൗതിക പ്രപഞ്ചമാണ്‌ പ്രാഥമികം എന്നതാണ്‌. അതായത്‌ തലച്ചോര്‍ ഇല്ലെങ്കില്‍ ചിന്തയും ആശയവും രൂപപ്പെടുകയില്ല എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം അവതരിപ്പിച്ചു.
അന്നത്തെ ഭൗതികവാദത്തിനുണ്ടായിരുന്ന പ്രധാനപ്പെട്ട ദൗര്‍ബല്യം ഭൗതിക പ്രപഞ്ചവും ആശയവും തമ്മിലുള്ള പരസ്‌പര ബന്ധത്തെ സംബന്ധിച്ചുള്ള അവ്യക്തതയായിരുന്നു. ഇവ തമ്മിലുള്ള പാരസ്‌പരിക ബന്ധത്തെ മാര്‍ക്‌സ്‌ ശരിയായ രീതിയില്‍ വിശകലനം ചെയ്‌തു. ചുരുക്കത്തില്‍ ഭൗതിക വസ്‌തുക്കളാണ്‌ പ്രാഥമികം. എന്നാല്‍ അതില്‍ നിന്ന്‌ ചിന്തയും ആശയങ്ങളും രൂപപ്പെട്ട്‌ കഴിഞ്ഞാല്‍ അത്‌ ഭൗതിക വസ്‌തുക്കളെ തന്നെ മാറ്റി മറിക്കും. ഉദാഹരണമായി ദുഃഖകരമായ ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ കേള്‍ക്കുന്നയാളുടെ ശരീരത്തിലും മാറ്റങ്ങള്‍ ഉണ്ടാവാറുണ്ട്‌. മാനസിക സമ്മര്‍ദ്ദങ്ങള്‍ ശാരീരികമായ അസ്വാസ്ഥ്യങ്ങളിലേക്ക്‌ നയിക്കുകയും ചെയ്യും. ദുഃഖകരമായ ഒരു വാര്‍ത്ത ഒരു ഹൃദ്‌രോഗിയുടെ ഹൃദയത്തെ തന്നെ തകര്‍ത്തുകളയും. ഹൃദയം ഒരു ഭൗതിക വസ്‌തുവായിരുന്നിട്ടും അത്‌ തകരുന്നത്‌ ആശയങ്ങളുടെ അഥവാ ചിന്തയുടെ സ്വാധീനം കൊണ്ടാണല്ലോ. ഇതുപോലെ തന്നെ ആശയപരമായ പ്രചരണവും അതിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലുകളും ചുറ്റുപാടുകളെ മാറ്റി മറിക്കുന്നതിന്‌ ഇടയാക്കുമെന്നും മാര്‍ക്‌സ്‌ നിരീക്ഷിച്ചു.
അതോടൊപ്പം ഭൗതികപ്രപഞ്ചത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനകാരണവും മാര്‍ക്‌സ്‌ വിശകലനം ചെയ്യുകയുണ്ടായി. (അതിന്റെ വിശദാംശങ്ങള്‍ പിന്നീട്‌ വ്യക്തമാക്കും.) ശാസ്‌ത്രരംഗത്തുണ്ടായ വികാസമാണ്‌ ഇത്തരമൊരു നിരീക്ഷണത്തില്‍ എത്തിക്കുന്നതിന്‌ മാര്‍ക്‌സിനെ സഹായിച്ചത്‌ എന്ന വസ്‌തുതയും നാം കാണേണ്ടതുണ്ട്‌. അതായത്‌ അതുവരെയുള്ള ദര്‍ശനങ്ങളില്‍ ആശയവാദികള്‍ ഭൗതിക വസ്‌തുവാണ്‌ അടിസ്ഥാനമെന്ന്‌ തിരിച്ചറിഞ്ഞില്ല. ഭൗതികവാദികളാവട്ടെ ആശയത്തിന്റെ പ്രാധാന്യവും മനസിലാക്കിയില്ല. ഈ ദൗര്‍ബല്യങ്ങളെ പരിഹരിച്ചുകൊണ്ട്‌ ദാര്‍ശനികരംഗത്തെ ഒരു സമസ്യയെ പൂരിപ്പിച്ചെടുത്തു എന്നതാണ്‌ മാര്‍ക്‌സ്‌ ദാര്‍ശനിക ലോകത്ത്‌ നല്‍കിയ പ്രധാനപ്പെട്ട സംഭാവന. ഇതാണ്‌ ദാര്‍ശനിക ചരിത്രത്തില്‍ മാര്‍ക്‌സിന്റെ സവിശേഷ സ്ഥാനം നിര്‍ണ്ണയിക്കുന്നതെന്നും പറയാം.

എന്താണ്‌ ദ്രവ്യം

ഭൗതിക പദാര്‍ത്ഥങ്ങളാണ്‌ അടിസ്ഥാനമെന്ന്‌ മേല്‍വിവരിച്ച കാര്യങ്ങളില്‍ നിന്ന്‌ വ്യക്തമാണല്ലോ. ഭൗതിക വസ്‌തുക്കളെ ദര്‍ശനത്തില്‍ ദ്രവ്യം, പദാര്‍ത്ഥം തുടങ്ങിയ പേരുകളിലാണ്‌ വിളിക്കപ്പെടുന്നത്‌. ദ്രവ്യത്തിന്‌ അഥവാ പദാര്‍ത്ഥത്തിന്‌ വിവിധ രൂപങ്ങളാണ്‌ ഉള്ളത്‌. അവയെ സാധാരണ നിലയില്‍ ഖരം, ദ്രാവകം, വാതകം, പ്ലാസ്‌മ, ഊര്‍ജ്ജരൂപങ്ങള്‍ എന്നീ നിലകളിലാണ്‌ കാണപ്പെടുന്നത്‌. ഖരാവസ്ഥയിലുള്ള വസ്‌തുക്കള്‍, ദ്രാവകാവസ്ഥയിലുള്ള വസ്‌തുക്കള്‍, വാതകാവസ്ഥയിലുള്ള വസ്‌തുക്കള്‍, വിവിധ തരത്തിലുള്ള ഊര്‍ജ്ജ രൂപങ്ങള്‍ അതായത്‌ വൈദ്യുതി, കാറ്റ്‌ തുടങ്ങിയവ. ഇത്തരം രൂപങ്ങളെയെല്ലാം ചേര്‍ത്താണ്‌ ദ്രവ്യം അഥവാ പദാര്‍ത്ഥം എന്ന നിലയില്‍ കാണുന്നത്‌. ആറ്റങ്ങള്‍ വിഭജിക്കുന്നു എന്ന കണ്ടുപിടുത്തം മാര്‍ക്‌സിന്റേയും എംഗല്‍സിന്റേയും കാലത്ത്‌ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ ആറ്റം വിഭജിക്കപ്പെട്ടപ്പോള്‍ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന ധാരണകള്‍ തകിടം മറിഞ്ഞു എന്ന വിമര്‍ശനം ഉയര്‍ന്നുവരികയുണ്ടായി. ദ്രവ്യത്തിന്റെ സ്വഭാവം മാറുന്നു എന്നതായിരുന്നു ഈ വിമര്‍ശനങ്ങളുടെ അടിസ്ഥാനം.
ദ്രവ്യത്തിന്റെ രൂപം എങ്ങനെ മാറിയാലും അതാണ്‌ (ഭൗതികവസ്‌തുക്കള്‍) അടിസ്ഥാനപരമായി നില്‍ക്കുന്നത്‌ എന്ന വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാന നിലപാടുകളെ ഈ രൂപമാറ്റങ്ങളൊന്നും ചോദ്യം ചെയ്യുന്നില്ല. ഉദാഹരണമായി, അടിസ്ഥാനം കല്ലാണെന്ന്‌ കണ്ടെത്തിയെന്ന്‌ കരുതുക. പിന്നീട്‌, കല്ലിനകത്ത്‌ വിവിധ ഘടകങ്ങള്‍ ഉണ്ടെന്ന്‌ നിരീക്ഷിച്ചാലും കല്ലാണ്‌ അടിസ്ഥാനം എന്ന കാഴ്‌ചപ്പാടിന്‌ മാറ്റമില്ലല്ലോ.
ആറ്റങ്ങള്‍ വിഭജിക്കപ്പെടാമെന്നും അവ വീണ്ടും വിഭജിക്കപ്പെടാം എന്ന കാര്യത്തിലും തര്‍ക്കമില്ല. ദ്രവ്യത്തിന്റെ അതുവരെ അജ്ഞാതമായിരുന്ന പ്രത്യേകതകളാണ്‌ പുതിയ കണ്ടുപിടുത്തങ്ങളിലൂടെ പുറത്ത്‌ വരുന്നത്‌. ഇവിടെ ഒന്നും തന്നെ ദ്രവ്യത്തിന്റെ നിലനില്‍പ്‌ നിഷേധിക്കപ്പെടുന്നില്ല. അതിന്റെ രൂപം മാറുന്നു എന്ന പ്രശ്‌നം മാത്രമേയുള്ളൂ. ഭൗതികവാദവും എപ്പിയോ വിമര്‍ശനവും എന്ന തന്റെ പ്രസിദ്ധമായ ലേഖനത്തില്‍ ഇത്തരം വാദങ്ങള്‍ക്ക്‌ ലെനിന്‍ മറുപടി പറയുന്നുണ്ട്‌. ബോധത്തിന്‌ പുറത്ത്‌ നില്‍ക്കുന്ന എല്ലാറ്റിനേയും ദ്രവ്യമെന്ന സംജ്ഞയിലേക്ക്‌ കൊണ്ടുവരികയാണ്‌ ലെനിന്‍ ചെയ്‌തിട്ടുള്ളത്‌. ഇന്ദ്രീയാനുഭവത്തിലൂടെ നമുക്ക്‌ ബോധ്യപ്പെടുന്ന വസ്‌തുനിഷ്‌ഠ യാഥാര്‍ത്ഥ്യം എന്നതില്‍ കവിഞ്ഞ്‌ യാതൊരു അര്‍ത്ഥവും ദ്രവ്യമെന്ന സംജ്ഞക്കില്ല. അതായത്‌ മനുഷ്യന്റെ ചിന്തയ്‌ക്ക്‌ പുറത്ത്‌ നില്‍ക്കുന്ന വസ്‌തുക്കളെല്ലാം ദ്രവ്യമാണ്‌ എന്ന നിലയിലേക്ക്‌ ഇത്‌ എത്തിച്ചേരുന്നു.
സോവിയറ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ പ്രവര്‍ത്തിച്ച സോഷ്യലിസ്റ്റ്‌ ശാസ്‌ത്രജ്ഞന്മാരും ഈ കാഴ്‌ചപ്പാടിനെ വികസിപ്പിച്ചു. ദ്രവ്യമില്ലാതാകുന്നില്ലെന്നും രൂപമാറ്റം സംഭവിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും അവര്‍ ചൂണ്ടിക്കാട്ടി. വ്യത്യസ്‌തമായ നിരവധി കണികകളെ അവര്‍ തന്നെ കണ്ടെത്തുകയുണ്ടായി. മാത്രമല്ല, ഇനിയും പുതിയ കണികകള്‍ ഉണ്ടാകാം എന്നും അവര്‍ ദീര്‍ഘദര്‍ശനം ചെയ്‌തു.
ദ്രവ്യത്തിന്റെ രൂപം എങ്ങനെ മാറിയാലും അതാണ്‌ (ഭൗതികവസ്‌തുക്കള്‍) അടിസ്ഥാനപരമായി നില്‍ക്കുന്നത്‌ എന്ന വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാന നിലപാടുകളെ ഈ രൂപമാറ്റങ്ങളൊന്നും ചോദ്യം ചെയ്യുന്നില്ല. ഉദാഹരണമായി, അടിസ്ഥാനം കല്ലാണെന്ന്‌ കണ്ടെത്തിയെന്ന്‌ കരുതുക. പിന്നീട്‌, കല്ലിനകത്ത്‌ വിവിധ ഘടകങ്ങള്‍ ഉണ്ടെന്ന്‌ നിരീക്ഷിച്ചാലും കല്ലാണ്‌ അടിസ്ഥാനം എന്ന കാഴ്‌ചപ്പാടിന്‌ മാറ്റമില്ലല്ലോ. അതുപോലെ, ദ്രവ്യത്തിന്റെ രൂപം എങ്ങനെ മാറിയാലും ദ്രവ്യമാണോ (ഭൗതിക വസ്‌തുവാണോ) അടിസ്ഥാനമെന്ന കാഴ്‌ചപ്പാട്‌ ശരിയായി തുടരുന്നുണ്ടല്ലോ. ശാസ്‌ത്രം വികസിക്കുമ്പോള്‍ ദ്രവ്യത്തിന്‌ വിവിധ രൂപങ്ങളുണ്ടെന്ന്‌ കണ്ടുപിടിച്ചാലും ദ്രവ്യമാണ്‌ അഥവാ പദാര്‍ത്ഥമാണ്‌ അടിസ്ഥാനമാണെന്ന മാര്‍ക്‌സിസത്തിന്റെ കാഴ്‌ചപ്പാടുകളെ നിഷേധിക്കുന്നില്ല.

പ്രപഞ്ചോല്‍പത്തിയെക്കുറിച്ച്

1370 കോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന മഹാവിസ്‌ഫോടനത്തോടെയാണ്‌ ഇന്നത്തെ പ്രപഞ്ചം ഉണ്ടായത്‌ എന്നാണ്‌ പൊതുവില്‍ ശാസ്‌ത്രജ്ഞന്മാര്‍ കരുതുന്നത്‌. 1928 ല്‍ ജോര്‍ജ്ജ്‌ ലൈമറ്റര്‍ എന്ന ശാസ്‌ത്രജ്ഞനാണ്‌ ഈ സിദ്ധാന്തം മുന്നോട്ട്‌ വെച്ചത്‌. അത്യന്തം സാന്ദ്രീകൃതമായ ഒരു ബിന്ദുവിലേക്ക്‌ ചുരുങ്ങിയ പ്രപഞ്ചമാണ്‌ മഹാസ്‌ഫോടനത്തോടെ വികസിക്കാനാരംഭിച്ചത്‌ എന്ന ഈ വാദത്തിനാണ്‌ മേല്‍ക്കൈ ഉള്ളത്‌. ഇത്‌ കാണിക്കുന്നത്‌ ശൂന്യതയില്‍ നിന്നല്ല മറിച്ച്‌ ഒരു രൂപം മറ്റൊരു രൂപത്തിലേക്ക്‌ മാറ്റപ്പെടുക മാത്രമാണ്‌ ഉണ്ടാവുന്നത്‌ എന്നാണ്‌. സാന്ദ്രീകൃതമായ ഒരു ബിന്ദുവിലേക്ക്‌ പ്രപഞ്ചം ചുരുങ്ങുക എന്ന്‌ പറയുമ്പോള്‍ നേരത്തെ തന്നെ പദാര്‍ത്ഥങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്നാണല്ലോ അര്‍ത്ഥം. ഇതില്‍ നിന്ന്‌ വ്യക്തമാകുന്നതെന്താണ്‌. പ്രപഞ്ചോല്‍പത്തി എന്ന്‌ പറയുന്നത്‌ ശൂന്യതയില്‍ നിന്ന്‌ പ്രപഞ്ചം ഉണ്ടായി എന്നതല്ല. മറിച്ച്‌ ഇവിടെ ഉണ്ടായിരുന്ന പദാര്‍ത്ഥത്തിന്റെ സ്വഭാവം ഇന്നത്തെ രീതിയിലേക്ക്‌ മാറി എന്ന്‌ മാത്രമേ അര്‍ത്ഥമുള്ളൂ. ശൂന്യതയില്‍ നിന്ന്‌ പ്രപഞ്ചം ഉണ്ടാവുകയല്ല പ്രപഞ്ചത്തിന്റെ രൂപം ഇന്നത്തെ നിലയിലേക്ക്‌ മാറുകയാണ്‌ ഉണ്ടായത്‌. ഈ മാറ്റത്തിനെയാണ്‌ നാം പ്രപഞ്ചോല്‍പത്തി എന്ന്‌ പറയുന്നത്‌. ഈ സിദ്ധാന്തം മാര്‍ക്‌സിസം പ്രപഞ്ചോല്‍പത്തിയുമായി ബന്ധപ്പെട്ട്‌ മുന്നോട്ട്‌ വെച്ച കാഴ്‌ചപ്പാടുകളെ ശരിവെക്കുകയാണ്‌ ചെയ്യുന്നത്‌. മാര്‍ക്‌സിസത്തിന്റെ നിലപാട്‌ പ്രപഞ്ചത്തില്‍ പദാര്‍ത്ഥങ്ങള്‍ അനാധികാലം തൊട്ടേ നിലനില്‍ക്കുന്നതാണെന്നും അവയുടെ സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നതാണ്‌. കുറേക്കാലം കഴിയുമ്പോള്‍ ഇന്നത്തെ പ്രപഞ്ചവും അതേപോലെ നില്‍ക്കില്ല. അതിന്റെ രൂപവും മാറും. ഭൂമിയും സൗരയൂഥവുമെല്ലാം നശിക്കും. ഈ പദാര്‍ത്ഥങ്ങള്‍ മറ്റൊരു രൂപം പ്രാപിക്കും. ഇങ്ങനെ പദാര്‍ത്ഥങ്ങളുടെ രൂപമാറ്റമാണ്‌ നിരന്തരമായി ലോകത്ത്‌ നടന്നുകൊണ്ടിരിക്കുന്നത്‌. അല്ലാതെ ശൂന്യതയില്‍ നിന്ന്‌ എന്തെങ്കിലും ഉണ്ടാവുകയോ ആരെങ്കിലും സൃഷ്‌ടിക്കുകയോ ചെയ്യുന്നതല്ല. പാദാര്‍ത്ഥം ഇവിടെ തന്നെ നിലനില്‍ക്കുന്നതും അതിന്‌ രൂപമാറ്റം സംഭവിക്കുകയുമാണ്‌ ചെയ്യുന്നത്‌. പ്രപഞ്ചം എപ്പോള്‍ ഉണ്ടായി എന്ന ചോദ്യത്തിന്‌ അത്‌ ഇന്നത്തെ രൂപത്തില്‍ എങ്ങനെ എത്തി എന്ന അര്‍ത്ഥം മാത്രമേയുള്ളൂ. അല്ലാതെ പ്രപഞ്ചം ഉണ്ടാക്കിയതാര്‌ എന്ന്‌ ചോദ്യം അപ്രസക്തമാണ്‌. സ്ഥിരമായി ഉള്ളത്‌ എപ്പോള്‍ ഉണ്ടായി എന്നത്‌ പറയാനാവില്ലല്ലോ.


ഹിഗ്‌സ്‌ ബോസണ്‍ന്റെ കണ്ടുപിടുത്തവും മാര്‍ക്‌സിസവും

അടുത്ത കാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്‌ ഹിഗ്‌സ്‌ ബോസണെ കുറിച്ചുള്ളത്‌. വസ്‌തുക്കള്‍ക്ക്‌ പിണ്ഡം ഉണ്ടാകുന്നതിന്‌ കാരണം തേടിയുള്ള അന്വേഷണമാണ്‌ ഹിഗ്‌സ്‌ ബോസണ്‍ അഥവാ ദൈവകണത്തിന്റെ കണ്ടെത്തലിലേക്ക്‌ എത്തിച്ചേരുന്നത്‌. എന്താണ്‌ പിണ്ഡം? ഒരു വസ്‌തുവില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ പിണ്ഡം നിര്‍ണ്ണയിക്കപ്പെടുന്നത്‌. എന്നാല്‍, ഭാരം എന്നത്‌ ആ വസ്‌തുവിനെ ആകര്‍ഷണത്തിലേക്ക്‌ കൊണ്ടുവരുന്നതിനുള്ള ബലമാണ്‌. ചന്ദ്രന്‌ ഭൂമിയെ അപേക്ഷിച്ച്‌ ആറിലൊന്നാണ്‌ ആകര്‍ഷണം എന്നതിനാല്‍ ഭൂമിയിലുള്ള വസ്‌തുവിനേക്കാള്‍ ആറിലൊന്നായിരിക്കും ചന്ദ്രനില്‍ വസ്‌തുവിന്റെ ഭാരം. ഹിഗ്‌സ്‌ ബോസണ്‍ എന്ന കണത്തിന്റെ ചിതറലില്‍ നിന്നാണ്‌ പിണ്ഡം ഉണ്ടാകുന്നത്‌ എന്ന്‌ ശാസ്‌ത്രലോകം കണ്ടെത്തുകയാണ്‌ പുതുതായി ചെയ്‌തത്‌. ഹിഗ്‌സ്‌ ബോസണെ ദൈവകണം എന്ന്‌ പറയാറുണ്ടെങ്കിലും അതിന്‌ ദൈവവുമായി യാതൊരു ബന്ധവുമില്ല. ദൈവകണം എന്ന പേരുകേട്ട്‌ ദൈവത്തിന്റെ സൃഷ്‌ടി എന്ന നിലയില്‍ കരുതി എന്നത്‌ മാത്രമാണ്‌ ഇതിന്‌ ദൈവവുമായുള്ള ബന്ധം. ഭൗതിക വസ്‌തുവാണ്‌ അടിസ്ഥാനം എന്ന ധാരണയെ കൂടുതല്‍ ഉറപ്പിക്കുക മാത്രമാണ്‌ ഈ കണ്ടെത്തലിലൂടെ ഉണ്ടായിട്ടുള്ളത്‌. വസ്‌തുക്കളുടേയും ഊര്‍ജ്ജത്തിന്റേയും അടിസ്ഥാനമായി 18 മൂലകണങ്ങള്‍ ഉണ്ടെന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്‌. ആറ്റത്തിന്റെ ന്യൂക്ലിയസിലെ ന്യൂട്രോണും പ്രോട്ടോണുമെല്ലാം നിര്‍മ്മിക്കപ്പെടുന്നത്‌ ഇത്തരത്തിലുള്ള വിവിധ ഘടകങ്ങള്‍ കൊണ്ടാണ്‌. അതില്‍ ആറുതരം കോര്‍ക്കുകളും ആറുതരം ലെപ്‌ടോണുകളും പെടും. പ്രകാശത്തിന്റെ അടിസ്ഥാന കണമായി കരുതുന്ന ഫോട്ടോണുകള്‍ക്ക്‌ പിണ്ഡമില്ല. അവ കണികാ സ്വഭാവത്തിലാണുള്ളത്‌. ചിലപ്പോള്‍ അവ തരംഗത്തിന്റെ സ്വഭാവവും കാണിക്കും. എന്നാല്‍ ലെപ്‌ടോണുകള്‍ക്കും കോര്‍ക്കുകള്‍ക്കും പിണ്ഡമുണ്ട്‌. ഇത്‌ എങ്ങനെ ഉണ്ടായി എന്ന്‌ വിശദീകരിക്കുന്നതിന്‌ കഴിഞ്ഞിരുന്നില്ല. ഇത്‌ വിശദീകരിക്കപ്പെടുകയാണ്‌ ഹിഗ്‌സ്‌ ബോസണ്‍ന്റെ കണ്ടുപിടിത്തത്തിലൂടെ ഉണ്ടാകുന്നത്‌. ഇത്‌ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന നിലപാടുകളെ ചോദ്യം ചെയ്യുകയല്ല ഭൗതികവാദപരമായ കാഴ്‌ചപ്പാടിനെ ശക്തിപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌.

എന്താണ്‌ കേവലവാദം?

എല്ലാം മാറ്റത്തിനു വിധേയമാണ്‌. മാറ്റം മാത്രമാണ്‌ മാറാത്തത്‌ എന്ന്‌ വൈരുദ്ധ്യവാദികള്‍ കാണുമ്പോള്‍ ഒന്നും മാറ്റത്തിന്‌ വിധേയമല്ലെന്ന അടിസ്ഥാന നിലപാടില്‍ കേവലവാദം ഉറച്ചുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ, സമൂഹത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും നിലനില്‍ക്കുന്ന ലോകത്തിന്റെ സംരക്ഷകരായും കേവലവാദികള്‍ മാറുന്നു.
വൈരുദ്ധ്യവാദത്തിന്‌ നേര്‍വിപരീതമായ സമീപനത്തെയാണ്‌ കേവലവാദം എന്ന്‌ വിളിക്കുന്നത്‌. എല്ലാറ്റിനും പരസ്‌പര ബന്ധമുണ്ടെന്നും അത്‌ മാറ്റത്തിനു വിധേയമാണെന്നും കേവലവാദികള്‍ അംഗീകരിക്കുന്നില്ല. ഓരോന്നിനെയും അതായിത്തന്നെ കാണുന്ന സമീപനമാണ്‌ ഇത്‌. ഓരോ വസ്‌തുക്കള്‍ക്കും പ്രതിഭാസത്തിനകത്തും നടക്കുന്ന സംഘര്‍ഷങ്ങളെ ഈ ചിന്താരീതി കാണുന്നില്ല. ഈ രണ്ട്‌ വാദങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ നേരത്തെ പറഞ്ഞ കര്‍ഷകരുടെ ആത്മഹത്യയുടെ ഉദാഹരണം തന്നെ നോക്കിയാല്‍ മതി. കര്‍ഷക ആത്മഹത്യയെക്കുറിച്ച്‌ വൈരുദ്ധ്യവാദത്തിന്റെ അടിസ്ഥാനത്തില്‍ കാണുന്നവരാണ്‌ വിശകലനം ചെയ്യുന്നതെങ്കില്‍ ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും അതിന്‌ കാരണമായിത്തീരുന്ന നയങ്ങളിലേക്കും അത്‌ എത്തിച്ചേരും. നയങ്ങളില്‍ മാറ്റം വരുത്തി ഈ പ്രശ്‌നം പരിഹരിക്കുക എന്ന ശാസ്‌ത്രീയമായ സമീപനത്തിലായിരിക്കും അത്‌ എത്തിച്ചേരുക. ഇതേ കാര്യം കേവലവാദപരമായ സമീപനമെടുക്കുന്ന ഒരാള്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ കര്‍ഷക ആത്മഹത്യയ്‌ക്ക്‌ കാരണമായിത്തീരുന്ന നയങ്ങളുമായി ഇതിനെ ബന്ധിപ്പിക്കുകയില്ല. അഥവാ, പാരസ്‌പരിക ബന്ധത്തില്‍ ആ പ്രശ്‌നങ്ങളെ കാണുകയുമില്ല. നിരന്തരമായ മാറ്റത്തേയും പരസ്‌പര ബന്ധത്തേയുമാണ്‌ വൈരുദ്ധ്യവാദം മുന്നോട്ടുവയ്‌ക്കുന്നത്‌. പരസ്‌പര ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ കാണാതിരിക്കുകയും ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ മാറ്റമുണ്ടാക്കാന്‍ കഴിയും എന്ന്‌ കരുതുന്നില്ല എന്നതിനാലും കേവലവാദം സാമൂഹ്യ വളര്‍ച്ചയെത്തന്നെ തടസ്സപ്പെടുത്തുന്ന ഒന്നായിത്തീരുന്നു. പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണങ്ങളെ കണ്ടെത്തി പരിഹരിക്കുന്നതിന്‌ ഈ കാഴ്‌ചപ്പാട്‌ തടസ്സമായിത്തീരുന്നു. മാറ്റത്തെ അംഗീകരിക്കുന്നില്ല എന്നതിനാല്‍ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ സംരക്ഷകരായും കേവലവാദികള്‍ മാറുന്നു. എല്ലാം മാറ്റത്തിനു വിധേയമാണ്‌. മാറ്റം മാത്രമാണ്‌ മാറാത്തത്‌ എന്ന്‌ വൈരുദ്ധ്യവാദികള്‍ കാണുമ്പോള്‍ ഒന്നും മാറ്റത്തിന്‌ വിധേയമല്ലെന്ന അടിസ്ഥാന നിലപാടില്‍ കേവലവാദം ഉറച്ചുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ, സമൂഹത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും നിലനില്‍ക്കുന്ന ലോകത്തിന്റെ സംരക്ഷകരായും കേവലവാദികള്‍ മാറുന്നു. പാരസ്‌പരിക ബന്ധത്തെ മനസ്സിലാക്കി സമഗ്രതയില്‍ കാര്യങ്ങളെ കാണുന്നില്ല എന്ന ദൗര്‍ബല്യമാണ്‌ ഉത്തരാധുനിക സിദ്ധാന്തങ്ങളിലും തെളിഞ്ഞുനില്‍ക്കുന്നത്‌.

ചലനം: ദ്രവ്യത്തിന്റെ സ്ഥായിയായ സ്വഭാവം

ദ്രവ്യത്തിന്റെ കൂടെത്തന്നെയുള്ള സ്വഭാവമാണ്‌ ചലനം. ഏതു പദാര്‍ത്ഥവും ചലിക്കും. ദ്രവ്യത്തിന്റെ ഏതു രൂപമായാലും ഈ സ്വഭാവം പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ചലനത്തെ ദ്രവ്യത്തില്‍നിന്ന്‌ മാറ്റിനിര്‍ത്താന്‍ പറ്റുന്നതല്ല. ചലിക്കുക എന്നുള്ളത്‌ ദ്രവ്യത്തിന്റെ അഥവാ പദാര്‍ത്ഥത്തിന്റെ സ്ഥിരമായ സ്വഭാവമാണ്‌. ഖരപദാര്‍ത്ഥമായാലും അതിലെ ആറ്റങ്ങള്‍ക്ക്‌ കമ്പന ചലനമുണ്ട്‌ എന്നത്‌ നമുക്കറിയാം. ചലനം അഥവാ മാറ്റം ജീവജാലങ്ങളിലും ഉണ്ടാകാറുണ്ട്‌. ഉദാഹരണമായി, ചില കീടനാശിനികള്‍ ആദ്യകാലഘട്ടങ്ങളില്‍ കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കുമ്പോള്‍ അവ നശിച്ചുപോകുമായിരുന്നു. എന്നാല്‍ അതേ കീടനാശിനി പിന്നീട്‌ ഇത്തരം കീടങ്ങളുടെ മുകളില്‍ പ്രയോഗിക്കുമ്പോള്‍ അവ നശിക്കാത്ത നില ഉണ്ടാകാറുണ്ട്‌. ഇത്‌ ജീവജാലങ്ങള്‍ പരിസ്ഥിതിയില്‍ നിന്ന്‌ ഉണ്ടാകുന്ന മാറ്റങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നു എന്നതുകൊണ്ടാണ്‌ ഈ സ്ഥിതി വിശേഷം ഉണ്ടാകുന്നത്‌. ലോകത്തിന്റെ മൊത്തം ചിത്രം പരിശോധിച്ചാല്‍ പഴയകാലം അതേ പോലെ തുടരുകയല്ല, ചെയ്യുന്നത്‌. എല്ലാം മാറ്റത്തിന്‌ വിധേയമാവുകയാണ്‌. ഇങ്ങനെ ഭൗതിക വസ്‌തുക്കള്‍ അടിസ്ഥാനമായിത്തീരുകയും അവയുടെ സ്വഭാവമായി ചലനം നടക്കുകയുമാണ്‌ ചെയ്യുന്നത്‌. അതുകൊണ്ടാണ്‌ മാറ്റങ്ങള്‍ക്ക്‌ മാത്രമാണ്‌ മാറ്റമുണ്ടാകാത്തത്‌ എന്ന്‌ പറയുന്നത്‌. അത്‌ ശാസ്‌ത്രീയമായ യാഥാര്‍ത്ഥ്യമാണ്‌. `ചലനം ചലനം സര്‍വ്വത്ര' എന്ന്‌ പറയുന്നത്‌.
പഴയ ഭാഗങ്ങള്‍ ഇവിടെ  വായിക്കാം 

പുത്തലത്ത്‌ ദിനേശന്‍  ബോധി കോമണ്‍സ്ല്‍  എഴുതിയ  ലേഖനം.