Tuesday 12 July 2016

എന്താണ് മാര്‍ക്സിസം ? (അടിസ്ഥാന പാഠങ്ങള്‍ ) ഭാഗം ഒന്ന് What is Marxism basic lessons

മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 1


എന്താണ്‌ ദർശനം?

മനുഷ്യനിൽ ചിന്തകൾ രൂപപ്പെട്ടശേഷം തന്നെക്കുറിച്ചും ചുറ്റുമുള്ള ഓരോ പ്രതിഭാസങ്ങളെ കുറിച്ചും അവർ ചിന്തിക്കാൻ തുടങ്ങി. ഇതിലൂടെ മനുഷ്യർ ചില നിഗമനങ്ങളിലെത്തി. മാത്രമല്ല, തന്റെ ചുറ്റും നടക്കുന്ന പ്രവർത്തനങ്ങളിൽ പൊതുവായ ചില ബന്ധങ്ങൾ ഉണ്ടെന്നും നിരീക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തിൽ മനുഷ്യരിൽ രൂപംകൊണ്ട കാഴ്‌ചപ്പാടുകളെയാണ്‌ ദർശനം എന്ന്‌ പറയുന്നത്‌. ദർശനത്തിൽ മൂന്ന്‌ കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന്‌ കാണാം.
  1. മനുഷ്യരെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌.
  2. ചുറ്റുപാടിനെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌.
  3. മനുഷ്യനും ചുറ്റുപാടുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌.
ഓരോ ശാസ്ത്രശാഖയും അതാതു മേഖലയിൽ പൊതുവിൽ ബാധിക്കുന്ന നിയമങ്ങളെക്കുറിച്ചാണ് വിശദീകരിക്കുന്നത്. എന്നാൽ ഇവയ്ക്കെല്ലാം ബാധകമായ പൊതുവായ നിയമങ്ങളാണ് ദർശനത്തിൽ വരുന്നത്. ഓരോ കാലത്തും മനുഷ്യന്റെ അറിവുകൾ വികസിക്കുന്നതിനനുസരിച്ച്‌ ദർശനങ്ങൾക്കും പൊതുവിൽ വികാസമുണ്ടാകുന്നുണ്ട്‌. ഓരോ മനുഷ്യരും മുമ്പിലുള്ള സംഭവവികാസങ്ങളെ കാണുമ്പോൾ അവ സംബന്ധിച്ച്‌ ആലോചിച്ച് നിഗമനങ്ങളിൽ എത്തും. അറിയാത്ത കാര്യങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യും. അത് വരെ മനുഷ്യ സമൂഹം സ്വാംശീകരിച്ച കാഴ്ചപ്പാടുകൾ ഇത്തരം നിഗമനങ്ങൾക്ക് അടിസ്ഥാനമായിത്തീരും.


മാർക്‌സ്‌ തന്റെ ദർശനങ്ങളെ രൂപപ്പെടുത്തിയത്‌ ദാർശനികരംഗത്ത്‌ അതുവരെ ഉണ്ടായിട്ടുള്ള കാഴ്‌ചപ്പാടുകളെ വിലയിരുത്തിക്കൊണ്ടും സ്വാംശീകരിച്ചുകൊണ്ടുമാണ്‌. അക്കാലത്ത് ഏറ്റവും വികസിച്ച ചിന്തകൾ തന്റെ രാജ്യത്ത് മുന്നോട്ട് വെച്ചവർ എന്ന നിലയിൽ ഹെഗലിന്റെയും ഫെയർ ബാഗിന്റെയും ചിന്തകളെ വിശദമായി മാർക്സ് വിലയിരുത്തുന്നുണ്ട്. അതിലെ ഗുണപരമായ അംശങ്ങളെ സ്വാംശീകരിച്ചുകൊണ്ടും ദൗർബല്യങ്ങളെ തിരുത്തിക്കൊണ്ടുമാണ് മാർക്സ് തന്റെ ദർശനം മുന്നോട്ട് വെക്കുന്നത്. ഈ ദർശനത്തെയാണ് നാം മാർക്സിയൻ ദർശനം എന്ന് വിളിക്കുന്നത്. ഇത്‌ കാണിക്കുന്നത്‌ ദർശനം എന്നത്‌ തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്‌ എന്നതാണ്‌.
മാർക്‌സിന്റെയും എംഗൽസിന്റെയും കാഴ്‌ചപ്പാടുകളെ ലെനിനും മാവോയും അന്റോണിയോ ഗ്രാംഷിയും ഉൾപ്പെടെയുള്ള വിവിധ ചിന്തകന്മാർ അതാത്‌ കാലഘട്ടത്തിലെ അനുഭവങ്ങളുമായി ചേർത്തുകൊണ്ട്‌ വികസിപ്പിക്കുകയുണ്ടായി. അതുകൊണ്ട്‌, മാർക്‌സിയൻ ദർശനം എന്നത്‌ നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്‌. അതേസമയം, ചില അടിസ്ഥാന നിലപാടുകൾ അതിൽ ഉണ്ട്‌ എന്നതും വിസ്‌മരിക്കരുത്‌. 

ആശയവാദവും ഭൗതികവാദവും

മാർക്‌സിന്റെ കാലത്ത്‌ ദാർശനിക രംഗത്ത്‌ രണ്ട്‌ ചിന്താഗതികൾ ഏറ്റുമുട്ടിയിരുന്നു. അവയെ പൊതുവിൽ നമുക്ക്‌ രണ്ടായി തിരിക്കാം.
1) ഭൗതികവാദം

2) ആശയവാദം

എന്താണ്‌ ഭൗതികവാദം?

കല്ല്‌, മണ്ണ്‌, വെള്ളം, നീരാവി തുടങ്ങിയ ഭൗതികമായ വസ്‌തുക്കൾ നമുക്ക്‌ ചുറ്റുമുണ്ട്‌. ഭൗതികവസ്‌തുക്കൾ അഥവാ പദാർത്ഥമാണ്‌ പ്രാഥമികം എന്ന്‌ പറയുന്ന ദർശനങ്ങളാണ്‌ ഭൗതികവാദ ദർശനം. ചിന്തകളും ആശയങ്ങളും വികാരങ്ങളുമെല്ലാം ഭൗതിക വസ്‌തുക്കളുടെ ഉൽപന്നം മാത്രമാണ് എന്നും ഭൗതികവാദികൾ കരുതുന്നു. പ്രപഞ്ചത്തിലുള്ള കാര്യങ്ങളെ മനസിലാക്കാനാകുമെന്നും ഇവർ വ്യക്തമാക്കുന്നു.

എന്താണ്‌ ആശയവാദം?

മനുഷ്യന്റെ മനസ്സിലുള്ള ചിന്തകളും ആശയങ്ങളുമാണ്‌ പ്രാഥമികമെന്ന്‌ പറയുന്ന വാദക്കാരെയാണ്‌ ആശയവാദികൾ എന്ന്‌ പറയുന്നത്‌. ഭൗതികലോകം ഒരു മായയാണ്‌ യാഥാർത്ഥ്യമല്ല എന്ന നിലപാടും ഉണ്ട്‌. ലോകത്തിലെ രഹസ്യങ്ങൾ മനുഷ്യന്‌ കണ്ടെത്താൻ കഴിയില്ലെന്നും ആശയവാദികൾ പൊതുവിൽ കരുതുന്നു.
ഈ വിഭജനം പൊതുവിൽ ലോകത്ത്‌ നിലനിന്നിരുന്നു. ലോകത്തിലെ ദർശനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഇത്തരത്തിലുള്ള രണ്ട്‌ കാഴ്‌ചപ്പാടുകൾ ഏറ്റുമുട്ടിയിരുന്നു എന്ന്‌ കാണാം. ഇന്ത്യയിലാണെങ്കിൽ ചാർവാകം, ലോകയാതം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ദർശനങ്ങൾ ഭൗതിക പ്രപഞ്ചമാണ്‌ പ്രാഥമികം എന്ന സമീപനമാണ്‌ മുന്നോട്ട്‌ വെച്ചത്‌. പ്രപഞ്ചം ഉൽഭവിച്ചത്‌ പരമാണുവിൽ നിന്നാണെന്നും അതാണ്‌ പരമമായ സത്യമെന്നും മുന്നോട്ട്‌ വെച്ച കണാദന്റെ വൈശേഷിക ദർശനം ഇന്ത്യൻ ഭൗതികവാദത്തിലെ പ്രധാനപ്പെട്ട ഒന്നാണ്‌. ഭൗതികസത്തയാണ്‌ പ്രപഞ്ചത്തിന്റെ ആദികാരണമെന്നും അതിന്റെ പരിവർത്തനത്തിലൂടെയാണ്‌ സർവ്വചരാചരങ്ങളും ഉൽഭവിച്ചതെന്നുമുള്ള കപിലന്റെ സാംഖ്യദർശനവും ഇന്ത്യൻ ഭൗതികവാദത്തിന്റെ പ്രധാന സംഭാവനയാണ്‌.
എന്നാൽ വേദാന്തം, മീമാംസം പോലുള്ള സിദ്ധാന്തങ്ങളാവട്ടെ ആശയവാദത്തിൽ അധിഷ്‌ഠിതവുമാണ്‌. ഇതിൽ നിന്നും വ്യക്തമാകുന്നത്‌ ഭാരതീയ ദർശനം എന്ന്‌ ഇന്ന്‌ വിളിക്കപ്പെടുന്നവ ഭൗതികവാദവും ആശയവാദവും ഉൾക്കൊള്ളുന്നതാണെന്നാണ്.
പാശ്ചാത്യ ദർശനത്തിലും ഈ ചേരിതിരിവുകൾ സ്‌പഷ്‌ടമാണ്‌. എപ്പിക്യൂറിയസ്‌, ലുക്രേഷ്യസ്‌, ദമോക്രിത്തസ്‌ തുടങ്ങിയ പുരാതന ചിന്തകർ ഭൗതികവാദികളായിരുന്നു. എപ്പിക്യൂറിയസിനെ പറ്റിയുള്ള പഠനത്തിലാണ്‌ മാർക്‌സ് ഡോക്‌ടറേറ്റ്‌ നേടിയത്‌. അരിസ്റ്റോട്ടിൽ, അക്വിനാസ്‌, ഇമ്മാനുവൽ കാന്റ്‌ തുടങ്ങിയവർ ആശയവാദികളുമായിരുന്നു.
ഭൗതികവാദം പൊതുവിൽ ഭരണവർഗങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു. അതുകൊണ്ട്‌ തന്നെ ഭൗതികവാദ സിദ്ധാന്തങ്ങൾക്ക്‌ ഭരണവർഗ കാഴ്‌ചപാടുകളിൽ നിന്ന്‌ ശക്തമായ എതിർപ്പ്‌ നേരിടേണ്ടി വന്നിട്ടുണ്ട്‌. ഇന്ത്യയിലെ തന്നെ ലോകായതം പോലുള്ള ഭൗതികവാദചിന്തകളെ കുറിച്ചുള്ള പുസ്‌തകങ്ങൾ നശിപ്പിക്കപ്പെടുകയായിരുന്നു. അതിനെ എതിർക്കുന്നതിനായി ആശയവാദികൾ ഉദ്ധരിച്ച ഭാഗങ്ങളിൽ നിന്നാണ്‌ അവയെ നാമിപ്പോൾ പൊതുവിൽ മനസിലാക്കുന്നത്‌. ഭൗതികവാദ സിദ്ധാന്തങ്ങളെ ഇത്തരത്തിൽ ലഭിക്കാതെ പോയതിന്റെ പ്രശ്‌നം ജവഹർലാൽനെഹ്രു തന്റെ പ്രസിദ്ധമായ `ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്‌തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്‌: "ഇന്ത്യയിലെ ഭൗതികവാദ സാഹിത്യങ്ങളിൽ ഏറിയകൂറും പിൽക്കാലങ്ങളിൽ പുരോഹിതന്മാരും മാമൂൽ മതവിശ്വാസക്കാരായ മറ്റുള്ളവരും നശിപ്പിച്ചതാവാൻ സാധ്യതയുണ്ട്."
തന്റെ കാലത്ത്‌ വികസിച്ചുവന്ന ആശയവാദത്തേയും ഭൗതികവാദത്തേയും മാർക്‌സ്‌ സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ വിധേയമാക്കി. അവയുടെ ശക്തി ദൗർബല്യങ്ങൾ വിലയിരുത്തി. ആ ദൗർബല്യങ്ങൾ പരിഹരിച്ചുകൊണ്ടാണ്‌ മാർക്‌സ്‌ തന്റെ ദർശനമായ വൈരുദ്ധ്യാത്മക ഭൗതികവാദം രൂപപ്പെടുത്തിയത്. അതായത്‌, ചരിത്രത്തിൽ അതുവരെ ഉണ്ടായ ദർശനങ്ങളേയും അറിവുകളേയും സ്വാംശീകരിച്ചുകൊണ്ടാണ്‌ മാർക്‌സ്‌ തന്റെ ദർശനത്തിന്‌ രൂപം നൽകിയത്‌ എന്നർത്ഥം.

ഹെഗലിയൻ ചിന്തയോടുള്ള മാർക്‌സിന്റെ വിമർശനം

മാർക്‌സ്‌ ആശയവാദത്തിന്റെ ദൗർബല്യങ്ങളേയും അത്‌ നൽകിയ സംഭാവനകളേയും മാർക്സ് പരിശോധിക്കുന്നുണ്ട്. ആശയവാദം (ആശയമാണ്‌ പ്രധാനം) എന്ന വാദം അക്കാലത്ത്‌ ഏറ്റവും വികസിച്ച്‌ നിന്നത്‌ ഹെഗലിലായിരുന്നു. ഹെഗലിയൻ ചിന്തകളെ പരിശോധിക്കുന്നതിലൂടെ ആശയവാദ പാരമ്പര്യത്തിന്റെ വിമർശനങ്ങളിലേക്കാണ് മാർക്സ് എത്തിച്ചേരുന്നത്.
ഹെഗൽ മൂന്ന്‌ പ്രധാനപ്പെട്ട കാര്യങ്ങളാണ്‌ മുന്നോട്ട്‌ വെച്ചത്‌.
1) ചിന്തയാണ്‌ അഥവാ ആശയമാണ്‌ പ്രാഥമികമായിട്ടുള്ളത്‌.
2) ചിന്തയ്‌ക്കകത്ത്‌ വിരുദ്ധ ശക്തികൾ ഏറ്റുമുട്ടുന്നു. അതാണ്‌ പുരോഗതിക്ക്‌ അടിസ്ഥാനം.
3) എല്ലാം മാറ്റത്തിന്‌ വിധേയമാണ്‌.
ചിന്തയാണ്‌ പ്രാഥമികം എന്ന്‌ പറയുന്ന ഹെഗലിന്റെ ആശയവാദത്തെ മാർക്‌സ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കി. അതിന്റെ അടിസ്ഥാനത്തിൽ എത്തിയ നിഗമനത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെ ഉദാഹരിക്കാം. മനുഷ്യൻ കൈ പോയാലും കാലുപോയാലും ചിന്തിക്കും. പക്ഷെ തല പോയാൽ ചിന്തിക്കാനാവില്ല. അപ്പോൾ ആശയം രൂപപ്പെടണമെങ്കിൽ തലച്ചോറ്‌ വേണമല്ലോ. തലച്ചോർ എന്ന ഭൗതികവസ്‌തു ഉണ്ടെങ്കിലേ ചിന്ത ഉണ്ടാവുകയുള്ളൂ എന്നാണല്ലോ ഇതിനർത്ഥം. അതുകൊണ്ട്‌ ഭൗതികവസ്‌തു തന്നെയാണ്‌ പ്രാഥമികം. അതിന്റെ സ്വഭാവമാണ്‌ ചിന്ത എന്ന ഭൗതികവാദ കാഴ്‌ചപ്പാട്‌ മാർക്‌സ്‌ മുന്നോട്ട് വെച്ചു. അതിലൂടെ ആശയമല്ല ഭൗതിക പദാർത്ഥമാണ്‌ പ്രാഥമികം എന്ന ഭൗതികവാദ ധാരണയെ മാർക്‌സ്‌ ഉറപ്പിച്ചു നിർത്തി.
രണ്ടാമത്തെ ഹെഗലിന്റെ വാദമായ ചിന്തയ്‌ക്കകത്ത്‌ വിരുദ്ധ ശക്തികൾ ഏറ്റുമുട്ടുന്നുണ്ട്‌ എന്ന വാദത്തെയും മാർക്‌സ്‌ പരിശോധിച്ചു. ചിന്തയ്‌ക്കകത്ത്‌ വിരുദ്ധ ശക്തികൾ ഏറ്റുമുട്ടുന്നു. അത്തരം സംഘർഷങ്ങളിൽ നിന്ന്‌ പുതിയ ഒന്നിലേക്ക്‌ എത്തിച്ചേരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പുരോഗതി ഉണ്ടാകുന്നു. ഇങ്ങനെ ലോകം മുന്നോട്ട്‌ പോകുന്നു എന്നതാണ് ഹെഗലിന്റെ വാദം.
മാർക്‌സ്‌ പറഞ്ഞു: വിരുദ്ധ ശക്തികൾ ഏറ്റുമുട്ടുന്നുണ്ട്‌ എന്നത്‌ ശരിയാണ്‌. ഭൗതികവസ്‌തുവിലാണ്‌ അത്‌ ഏറ്റുമുട്ടുന്നത്‌. അത്തരം ഏറ്റുമുട്ടലാണ്‌ മാറ്റത്തിന്‌ അടിസ്ഥാനമായി തീരുന്നത്‌. അതായത്‌ വിരുദ്ധ ശക്തികൾ ഏറ്റുമുട്ടുന്നുണ്ട്‌ എന്ന ഹെഗലിന്റെ വാദത്തെ മാർക്‌സ്‌ അംഗീകരിച്ചു. എന്നാൽ അത്‌ ചിന്തയ്‌ക്കകത്താണ്‌ എന്ന ഹെഗലിന്റെ വാദം തള്ളി. ബാഹ്യപ്രകൃതിയിലും സമൂഹത്തിലും നടക്കുന്ന വിരുദ്ധ ശക്തികളുടെ സംഘട്ടനത്തിന്റെ പ്രതിഫലനമാണ് ചിന്തയുടെ മണ്ഡലത്തിൽ അഥവാ ആശയത്തിൽ ഉണ്ടാകുന്നതെന്ന് മാർക്സ് വ്യക്തമാക്കി (ഈ കാര്യം തുടർന്ന് വരുന്ന പാഠഭാഗങ്ങളിൽ കൂടുതൽ വ്യക്തമാവും, തൽകാലം ഭൗതിക വസ്തുവിനകത്താണ് വിരുദ്ധ ശക്തികൾ ഏറ്റുമുട്ടുന്നത് എന്നതാണ് മാർക്സിന്റെ വാദം എന്ന് മനസിൽ ഉറപ്പിച്ച് നിർത്തിയാൽ മതി).
മൂന്നാമത്തെ വാദമായ എല്ലാം മാറ്റത്തിന് വിധേയമാണ് എന്ന ഹെഗലിന്റെ വാദത്തെ മാർക്സ് അംഗീകരിക്കുന്നു. അതായത് എല്ലാം മാറ്റത്തിന്‌ വിധേയമാണ്‌ എന്ന ഹെഗലിയൻ കാഴ്‌ചപ്പാടിനെ മാർക്‌സ്‌ അംഗീകരിക്കുന്നു.
ചുരുക്കത്തിൽ ആശയവാദത്തിന്റെ പാരമ്പര്യത്തിൽ നിന്ന്‌ വൈരുദ്ധ്യവാദത്തെ മാർക്‌സ്‌ സ്വീകരിക്കുന്നു. വൈരുദ്ധ്യവാദം ആശയത്തിലാണ്‌ ഹെഗലിന്റെ വാദത്തിന്‌ പകരം ഭൗതികവസ്‌തുവിലാണ്‌ എന്ന കാഴ്‌ചപ്പാട്‌ മാർക്‌സ്‌ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
അതായത്‌ ഒന്നാമത്തെ വാദത്തെ (ആശയമാണ്‌ പ്രാഥമികം) മാർക്‌സ്‌ തള്ളുന്നു. രണ്ടാമത്തെ വാദത്തെ പകുതി സ്വീകരിക്കുന്നു (വൈരുദ്ധ്യവാദം), പകുതി തള്ളിക്കളയുന്നു (ആശയരംഗത്താണ്‌ വിരുദ്ധ ശക്തികൾ ഏറ്റുമുട്ടുന്നുണ്ട്‌ എന്നത്‌). മൂന്നാമത്തെ വാദത്തെ (എല്ലാം മാറ്റത്തിന്‌ വിധേയമാണ്‌) പൂർണ്ണമായും സ്വീകരിക്കുന്നു.
ഇങ്ങനെ ആശയവാദ പാരമ്പര്യത്തിലൂടെ വളർന്നുവന്ന വൈരുദ്ധ്യവാദത്തെ ഉൾക്കൊണ്ടുകൊണ്ടാണ് വൈരുദ്ധാത്മക ഭൗതിക വാദമെന്ന ആശയത്തിന് അടിത്തറയിടുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആശയത്തിനകത്ത് വിരുദ്ധ ശക്തികൾ ഏറ്റുമുട്ടുന്നതിലൂടെയാണ് മാറ്റമുണ്ടാകുന്നത് എന്ന ഹെഗലിന്റെ വാദത്തെ തിരുത്തി അത് ഭൗതിക പ്രപഞ്ചത്തിലാണ് എന്ന് സ്ഥാപിക്കുകയാണ് മാർക്സ് തന്റെ ദർശനത്തിൽ ചെയ്യുന്നത്.

ഭൗതികവാദവും ഫെയർബാഗും (യാന്ത്രിക ഭൗതികവാദം‌)

ഭൗതികവാദത്തെ സംബന്ധിച്ച്‌ അക്കാലത്ത്‌ നിലനിന്ന ധാരണകളെ മാർക്‌സ്‌ പരിശോധിക്കുകയുണ്ടായി. ജർമ്മനിയിൽ ഭൗതികവാദം ഏറ്റവും ഉയർന്ന രീതിയിൽ വികസിച്ചത്‌ ഫെയർബാഗിലാണ്‌. അദ്ദേഹത്തിന്റെ ഭൗതികവാദ സിദ്ധാന്തങ്ങളെ മാർക്‌സ്‌ പരിശോധിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ ഈ സിദ്ധാന്തത്തിന്റെ പോരായ്‌മകളെ മാർക്‌സ്‌ വിശദീകരിച്ചു.
അക്കാലത്ത്‌ നിലനിന്ന ഭൗതികവാദം മുന്നോട്ട്‌ വെച്ച കാഴ്‌ചപ്പാടിനെ ഇത്തരത്തിൽ വിശദീകരിക്കാം. ഒരു വാച്ചിന്‌ ആവശ്യമായ വസ്‌തുക്കളെല്ലാം നാമൊരു മേശപ്പുറത്തിട്ടാൽ അതിൽ നിന്ന്‌ സമയം മനസ്സിലാക്കാനാവില്ല. എന്നാൽ അവയെല്ലാം ഒരു പ്രത്യേക രീതിയിൽ സംവിധാനം ചെയ്‌ത്‌ വാച്ചിന്റെ രീതിയിൽ ആക്കിയാൽ അത്‌ പ്രവർത്തിക്കും. ഇതുപോലെ ഭൗതിക വസ്‌തുക്കൾ ഒരു പ്രത്യേക രീതിയിൽ കൂടിച്ചേരുമ്പോഴാണ്‌ ഓരോ സ്വഭാവ വിശേഷങ്ങൾ ഉണ്ടാകുന്നത്‌ എന്ന്‌ ഇവർ വിശദീകരിച്ചു. അതായത്‌ ഒരു യന്ത്രം ഉണ്ടാക്കുന്നത്‌ നട്ടും ബോൾട്ടും അതുപോലുള്ള വസ്‌തുക്കളും ഉപയോഗിച്ചുകൊണ്ടാണല്ലോ. ഈ ഭൗതിക വസ്‌തുക്കൾ ഒരു പ്രത്യേകരീതിയിൽ സംവിധാനം ചെയ്‌തുകഴിഞ്ഞാൽ യന്ത്രമായി പ്രവർത്തിച്ച്‌ അതിന്റെ സ്വഭാവം കാണിക്കുമല്ലോ. അതുപോലെ ഭൗതികവസ്‌തുക്കൾ ഒരു പ്രത്യേക രീതിയിൽ കൂടിച്ചേർക്കുമ്പോഴാണ്‌ ഓരോ ഗുണങ്ങൾ ഉണ്ടാകുന്നതെന്ന്‌ ഇത്തരം വാദക്കാർ വിശദീകരിച്ചു. ഭൗതികപ്രപഞ്ചത്തെ അതീവസങ്കീർണ്ണമായ യന്ത്രസംവിധാനത്തിനെയെന്നപോലെ പരിഗണിക്കുന്നതിനാലാണ്‌ ഇതിനെ യാന്ത്രികഭൗതികവാദം എന്ന്‌ വിളിക്കുന്നത്‌.
എന്താണ്‌ ഈ വാദത്തിന്റെ പരിമിതി? ഭൗതിക വസ്‌തുക്കൾ പ്രത്യേക രീതിയിൽ കൂടിച്ചേരുമ്പോഴാണ്‌ സ്വഭാവ വിശേഷങ്ങൾ ഉണ്ടാകുന്നു എന്ന കാഴ്‌ചപ്പാട്‌ നാം സ്വീകരിക്കുമ്പോൾ, എന്തുകൊണ്ട്‌ പുതിയ പുതിയ ചിന്തകളും അതുപോലെ പുതിയ ഗുണങ്ങളും ഉണ്ടാകുന്നു എന്ന കാര്യം വിശദീകരിക്കാനാവില്ല. നൂറ്‌ കൊല്ലം മുമ്പുള്ള ചിന്തകളും ലോകവുമല്ലല്ലോ ഇപ്പോഴുള്ളത്‌. ഇത്‌ എന്തുകൊണ്ട്‌ ഉണ്ടായി? ഇക്കാര്യം ഈ സിദ്ധാന്തം വെച്ച്‌ മനസിലാക്കാനാവില്ല. മാറ്റങ്ങളെ യന്ത്രചലനങ്ങളായി മാത്രം കാണുന്നതിനാൽ പുതിയ ഗുണങ്ങളുടെ ആവിർഭാവത്തെ ഈ സിദ്ധാന്തം വെച്ച്‌ വിശദീകരിക്കാൻ കഴിയാതെ പോകുന്നു.
മാറ്റങ്ങളുടെ കാരണമെന്താണ്‌ എന്നും ഈ കാഴ്‌ചപ്പാട്‌ വെച്ച്‌ വിശദീകരിക്കാൻ പറ്റില്ലല്ലോ. അപ്പോൾ കാരണമായി ഏതോ ശക്തിയുണ്ട് എന്ന നിലയിലേക്ക്‌ എത്തേണ്ടി വരും. അങ്ങനെ വരുമ്പോൾ അത്‌ ആശയവാദത്തിന്റെ രീതി തന്നെയായി മാറുന്നു. യാന്ത്രിക ഭൗതികവാദത്തിൽ ദൈവം പിൻവാതിലിലൂടെ കടന്നു വരുന്നുവെന്ന്‌ പറയുന്നത്‌ ഇതുകൊണ്ടാണ്‌. അതിനാൽ ഇത്തരം കാര്യങ്ങളെ വിശകലനം ചെയ്‌തുകൊണ്ട്‌ യാന്ത്രിക ഭൗതികവാദം എന്നത്‌ ലോകത്തിന്റെ ചലനങ്ങളേയും മാറ്റങ്ങളേയും വിശദീകരിക്കാൻ പറ്റുന്ന ഒന്നല്ലെന്ന്‌ മാർക്‌സ്‌ വിശദീകരിച്ചു. ആശയത്തിന്റെ പ്രാധാന്യവും യാഥാർത്ഥ്യവും കാണാൻ കഴിയുന്നില്ല എന്ന പോരായ്‌മയും ഇതിൽ നിലനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി (ഭൗതികവസ്‌തുവാണ്‌ അടിസ്ഥാനമെങ്കിലും ആശയത്തിന്റെ പ്രാധാന്യം എങ്ങനെയാണ്‌ വരുന്നത്‌ എന്നത്‌ അടുത്ത ഭാഗത്ത്‌ വിശദീകരിക്കും).

പുത്തലത്ത്‌ ദിനേശന്‍  ബോധി കോമണ്‍സ്ല്‍  എഴുതിയ  ലേഖനം. 



No comments: