Tuesday 12 July 2016

എന്താണ് മാര്‍ക്സിസം ? (അടിസ്ഥാന പാഠങ്ങള്‍ ) ഭാഗം 6 What is Marxism basic lessons

മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 6

6.1 എന്താണ്‌ ചരിത്രപരമായ ഭൗതികവാദം

മാര്‍ക്‌സിയൻ ദര്‍ശനത്തിന്റെ അടിസ്ഥാനമായ വൈരുദ്ധ്യാത്മക ഭൗതികവാദം ചരിത്രത്തില്‍ പ്രയോഗിക്കുമ്പോഴാണ്‌ അത്‌ ചരിത്രപരമായ ഭൗതികവാദമായി തീരുന്നത്‌. ഭൗതികവാദത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട്‌ കാര്യങ്ങളെ പഠിക്കുന്ന രീതിയാണ്‌ ഇത്‌. എല്ലാറ്റിനേയും അതിന്റെ വൈരുധ്യത്തില്‍ പഠിക്കുക, മാറ്റത്തില്‍ പഠിക്കുക, പരസ്പര ബന്ധത്തില്‍ പഠിക്കുക എന്ന വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ രീതി ചരിത്രത്തില്‍ പ്രയോഗിക്കുന്നത്‌ കൂടിയാണ്‌ ഇത്‌. അതായത്‌ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ സമൂഹത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രയോഗിക്കുമ്പോള്‍ അത്‌ ചരിത്രപരമായ ഭൗതികവാദമായി തീരുന്നു. ചരിത്രപരമായ ഭൗതികവാദത്തെ ഇ.എം.എസ്‌ വിശേഷിപ്പിച്ചത്‌ ‘വൈരുധ്യാത്മക ഭൗതികവാദത്തിന്റെ സവിശേഷരൂപം' എന്നാണ്‌.

6.2 മനുഷ്യനും മൃഗങ്ങളും

മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്‌. പ്രകൃതിയില്‍ നടന്ന പരിണാമത്തിന്റെ ഭാഗമായാണ്‌ മനുഷ്യസമൂഹം തന്നെ രൂപപ്പെട്ട്‌ വന്നത്‌. അതിനാല്‍ പ്രകൃതിയില്‍നിന്നും മാറ്റിനിര്‍ത്തി മനുഷ്യസമൂഹത്തെ പഠിക്കാനാവില്ല. ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടുകൊണ്ട്‌ ജീവിക്കാനാണ്‌ മൃഗങ്ങള്‍ ശ്രമിക്കുന്നത്‌. എന്നാല്‍ മനുഷ്യന്‍ ചുറ്റുപാടുകളെ തനിക്ക്‌ ആവശ്യമുള്ള വിധത്തില്‍ മാറ്റി എടുക്കാനാണ്‌ ശ്രമിക്കുന്നത്‌. മൃഗങ്ങള്‍ക്ക്‌ ചുറ്റുപാടുകളെ മാറ്റി എടുക്കുന്ന അതിസങ്കീർണ്ണമായ ഉപകരണങ്ങളുണ്ടാക്കാന്‍ കഴിയില്ല. പുലി വാളുകൊണ്ട്‌ നടക്കുന്നതോ സിംഹം കവണ കൊണ്ട്‌ എയ്യുന്നതോ കാണാറില്ലല്ലോ. എന്നാല്‍ മനുഷ്യന്‍ ശിലായുഗത്തിലേ കല്ലു മുതല്‍ ഇന്നത്തെ കമ്പ്യൂട്ടര്‍ വരെ ഉണ്ടാക്കിയിട്ടുണ്ട്‌. അതായത്‌ പ്രകൃതിയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കാന്‍ മനുഷ്യന്‌ കഴിയും. അത്‌ ഉപയോഗിച്ച്‌ തന്റെ ജീവിത ആവശ്യങ്ങള്‍ക്ക്‌ വേണ്ട സാധനങ്ങള്‍ ഉണ്ടാക്കാനും മനുഷ്യന്‌ കഴിവുണ്ട്‌. അതുകൊണ്ടാണ്‌ ‘ആയുധോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന മൃഗം' എന്ന നിര്‍വചനം മനുഷ്യന്‌ കിട്ടിയത്‌. ആദ്യകാലത്ത്‌ മനുഷ്യനും മൃഗങ്ങളും കാട്ടില്‍ ഒന്നിച്ച്‌ കഴിഞ്ഞിരുന്നു. മൃഗങ്ങളുടെ ജൈവികമായ ശേഷിയുടെ അടിസ്ഥാനത്തില്‍ അത്‌ വസ്തുക്കള്‍ നിര്‍മ്മിക്കുന്നത്‌ അത്ഭുതത്തോടെ മനുഷ്യന്‍ നോക്കിനിന്നിരിക്കും. ചിലന്തി വലയുണ്ടാക്കുമ്പോള്‍ മനുഷ്യന്‍ അദ്ഭുതത്തോടെ നോക്കി നിന്നിരിക്കും. ചിലന്തി ഇന്നും വലയുണ്ടാക്കുകയാണ്‌. എന്നാല്‍ മനുഷ്യന്‍ ഇത്തരം വല മാത്രമല്ല കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന അവസ്ഥയിലേക്ക്‌ എത്തി നില്‍ക്കുന്നു. ഈ വളര്‍ച്ച എങ്ങനെയുണ്ടായി എന്നത്‌ ചരിത്രപരമായ ഭൗതികവാദത്തിന്റെ അന്വേഷണത്തിലെ പ്രധാനപ്പെട്ട ഭാഗമാണ്‌.

6.3 സാമൂഹ്യ വളര്‍ച്ച എന്നാല്‍ ഉല്പാദനശക്തികളുടെ വളര്‍ച്ച

ചരിത്രം നാം പഠിക്കുമ്പോള്‍ ഓരോ നാട്ടിലേയും ജനജീവിതം അറിയുന്നതിന്‌ അക്കാലത്ത്‌ അവര്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ എന്താണെന്ന്‌ പരിശോധിക്കുകയാണ്‌ പതിവ്‌. സിന്ധു നദീതട നാഗരികതയെ കുറിച്ച്‌ പഠിക്കുമ്പോള്‍ അവര്‍ അക്കാലത്ത്‌ ഉപയോഗിച്ച ഉപകരണങ്ങള്‍ എന്താണ്‌ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ ആ നാഗരികതയുടെ സവിശേഷത നാം മനസിലാക്കുന്നത്‌. ഒരു സമൂഹത്തിന്റെ സ്വഭാവം രൂപപ്പെടുന്നത്‌ ആ സമൂഹം എന്ത്‌ ഉല്പാദിപ്പിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഒരു സമൂഹത്തിന്റെ രീതിക്ക്‌ അനുസരിച്ചായിരിക്കും അവരുടെ ജീവിതക്രമമെന്ന്‌ നമുക്ക്‌ കണ്ടെത്താനാകും. അതുപോലെ കല്ലുളിയാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ ആ സമൂഹത്തിലെ ജീവിതം അതിന്‌ അനുസരിച്ചായിരിക്കും ഉണ്ടാവുക. അപ്പോഴും സമൂഹത്തിന്റെ അടിസ്ഥാനമെന്നത്‌ അവിടുത്തെ ഉല്പാദന രീതിയാണ്‌ എന്ന്‌ വരുന്നു. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം - ഇതെല്ലാം എങ്ങനെ ഉണ്ടാക്കുന്നു, ഇതിനുപയോഗിക്കുന്ന ഉപകരണങ്ങള്‍ ഏവ, ഉണ്ടാക്കാനും ഉപയോഗിക്കാനും ഉള്ള മനുഷ്യന്റെ കഴിവ്‌ ഏതു വിധത്തിലാണ്‌ - ഇതാണ്‌ സമൂഹത്തിന്റെ സ്വഭാവം മനസിലാക്കുന്നതിന്‌ അടിസ്ഥാനമായിട്ടുള്ളത്‌. അപ്പോള്‍ ഉല്പാദന ക്രമത്തെ മനസിലാക്കി കൊണ്ട്‌ നമുക്ക്‌ ഒരു സമൂഹത്തെ കുറിച്ച്‌ പഠിക്കാനാകുമെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

6.4 എന്താണ്‌ ഉല്പാദനം?

ഉല്പാദനോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട്‌ പ്രകൃതിവസ്തുക്കളുടെ മേല്‍ മനുഷ്യര്‍ അവരുടെ അദ്ധ്വാനം ചെലുത്തി അവയെ മനുഷ്യനാവശ്യമുള്ള ജീവിതോപാധികളായി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയാണ്‌ ഉല്പാദനം എന്ന്‌ പറയുക. അപ്പോള്‍ ഉല്പാദനത്തിന്‌ എന്തൊക്കെ വേണം
  1. മനുഷ്യന്റെ അദ്ധ്വാനം
  2. മനുഷ്യാദ്ധ്വാനത്തിനു വിധേയമാകുന്ന വസ്തുക്കൾ
  3. മനുഷ്യാദ്ധ്വാനം പ്രയോഗിക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍
ഇതിനെ മൂന്നും ചേര്‍ന്ന്‌ വിളിക്കുന്ന പേരാണ്‌ 'ഉല്പാദനശക്തികൾ'. അതായത്‌ ഉല്പാദനത്തിന്‌ വേണ്ട ശക്തികളെയാണ്‌ ഉല്പാദനശക്തികൾ എന്ന്‌ പറയുന്നത്‌.

6.5 എന്താണ്‌ ഉല്പാദനബന്ധങ്ങൾ?

ഒരു സമൂഹത്തിലെ ജനജീവിതം നിലനില്‍ക്കണമെങ്കില്‍ ഉല്പാദനം നടക്കേണ്ടതുണ്ട്‌. ഇങ്ങനെ ഉല്പാദനം നടത്തുന്നതിന്‌ വേണ്ടി ജനങ്ങള്‍ തമ്മില്‍ ചില ബന്ധങ്ങളില്‍ ഏര്‍പ്പെടേണ്ടി വരും. ഇങ്ങനെ ഉല്പാദനത്തിന്‌ വേണ്ടി വിവിധ വര്‍ഗങ്ങൾ തമ്മില്‍ ഏര്‍പ്പെടുന്ന ബന്ധത്തെയാണ്‌ ‘ഉല്പാദനബന്ധങ്ങൾ' എന്നു പറയുന്നത്‌. മുതലാളിത്ത കാലത്ത്‌ മുതലാളിയുടെ കൈയിലായിരിക്കും ഉപകരണങ്ങളും അധ്വാനവസ്തുക്കളും ഉണ്ടാവുക. അതായത്‌ ഫാക്റ്ററിയും യന്ത്രങ്ങളും മുതലാളിയുടെ സ്വത്തായിരിക്കും. അവിടെ ഉല്പാദനത്തിന്‌ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും മുതലാളിയുടേത്‌ തന്നെയായിരിക്കും. എന്നാല്‍ ഇതുകൊണ്ട്‌ മാത്രം ഉല്പാദനം നടക്കില്ല. ഉല്പാദനം നടക്കണമെങ്കില്‍ ഇവ പ്രവര്‍ത്തിപ്പിക്കുന്നതിന്‌ ഉള്ള അധ്വാനം പ്രയോഗിക്കേണ്ടതുണ്ട്‌. ഈ അധ്വാനം സ്വാഭാവികമായും തൊഴിലാളികളുടെ കൈയിലായിരിക്കും ഉണ്ടാവുക. ഇത്‌ കാണിക്കുന്നത്‌ തൊഴിലാളിയുടെ അധ്വാനവും മുതലാളിയുടെ കൈയിലുള്ള ഉപകരണങ്ങളും അധ്വാനവസ്തുക്കളും ചേരുമ്പോള്‍ മാത്രമേ ഉല്പാദനം നടക്കുകയുള്ളൂ. അപ്പോള്‍ മുതലാളിയും തൊഴിലാളിയും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കേണ്ടി വരുന്നു. ഇത്ര മണിക്കൂര്‍ ജോലി ചെയ്താൽ ഇത്ര രൂപ തരും എന്ന്‌ മുതലാളി പറയുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ തമ്മില്‍ ചര്‍ച്ച ചെയ്‌ത്‌ ഒരു ധാരണയില്‍ എത്തുന്നു. 8 മണിക്കൂര്‍ ജോലി ചെയ്യും അതിന്‌ 200 രൂപ പ്രതിഫലം. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഉല്പാദനത്തിനായി ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഇത്തരത്തിലുള്ള ബന്ധങ്ങളെയാണ് ഉല്പാദന ബന്ധങ്ങള്‍ എന്ന്‌ പറയുന്നത്‌. ഏത്‌ വര്‍ഗങ്ങൾ തമ്മിലാണ്‌ ഇത്തരം കരാര്‍ രൂപപ്പെടുത്തുന്നത്‌ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഏത്‌ സാമൂഹ്യവ്യവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌ എന്ന്‌ നിശ്ചയിക്കുന്നത്‌. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള കരാറാണ്‌ ആ സമൂഹത്തിന്റെ ഉല്പാദനത്തെ നിര്‍ണ്ണായകമായി രൂപപ്പെടുത്തുന്നുവെങ്കില്‍ ആ വ്യവസ്ഥയെ മുതലാളിത്ത സമൂഹം എന്ന്‌ വിളിക്കുന്നു. ജന്മിയും കുടിയാനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെങ്കില്‍ അത്‌ ജന്മിത്വ വ്യവസ്ഥയാകുന്നു. അടിമയും ഉടമയും തമ്മിലുള്ളതാണെങ്കില്‍ അത്‌ അടിമത്വവ്യവസ്ഥയാകുന്നു.
പഴയ ഭാഗങ്ങള്‍ ഇവിടെ  വായിക്കാം 

പുത്തലത്ത്‌ ദിനേശന്‍  ബോധി കോമണ്‍സ്ല്‍  എഴുതിയ  ലേഖനം. 


No comments: