Tuesday 12 July 2016

എന്താണ് മാര്‍ക്സിസം ? (അടിസ്ഥാന പാഠങ്ങള്‍ ) ഭാഗം മൂന്ന് What is Marxism basic lessons

മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 3

വൈരുദ്ധ്യവാദത്തിന്റെ സ്വഭാവം

ഭൗതികപദാര്‍ത്ഥമാണ്‌ അടിസ്ഥാനം. അതിന്റെ സ്ഥായിയായ സ്വഭാവമാണ്‌ ചലനം അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ലോകത്തെ അറിയുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ്‌ വൈരുദ്ധ്യാവാദം. അതിന്‌ അടിസ്ഥാനപരമായ രണ്ട്‌ സവിശേഷതകളുണ്ട്‌. 1. ഒറ്റപ്പെട്ടുനില്‍ക്കുന്ന യാതൊന്നും ലോകത്തില്ല. എല്ലാം പരസ്‌പരം ബന്ധിതമാണ്‌. 2. ചലനമില്ലാത്ത ഒന്നും ലോകത്തില്ല. ലോകത്തുള്ള ഏത്‌ പ്രതിഭാസങ്ങള്‍ പരിശോധിച്ചാലും ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒന്നില്ല എന്ന്‌ കാണാം. ഉദാഹരണമായി, മഴ പെയ്‌താല്‍ വെള്ളം താഴോട്ട്‌ ഒഴുകുന്നു. എന്തുകൊണ്ടാണ്‌ അത്‌? ഗുരുത്വാകര്‍ഷണ ബലമാണ്‌ അതിന്‌ കാരണം. അത്‌ എന്തുകൊണ്ട്‌ ഉണ്ടായി എന്ന്‌ ചോദിക്കുമ്പോള്‍ അതിന്റെ സവിശേഷതകളിലേക്ക്‌ നാം നീങ്ങുന്നു. വയനാട്ടില്‍ ഒരു കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തു എന്നു പറയുമ്പോള്‍ എന്തുകൊണ്ടാണ്‌ ആത്മഹത്യ നടന്നത്‌ എന്ന്‌ നാം ചോദിക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്‌ വില കുറഞ്ഞതുകൊണ്ടാണ്‌ എന്ന്‌ മറുപടി വരുന്നു. എന്തുകൊണ്ടാണ്‌ വില കുറഞ്ഞത്‌? അത്‌ ഇറക്കുമതി മൂലമാണെന്ന്‌ ഉത്തരം. എന്തുകൊണ്ട്‌ ഇറക്കുമതി ഉണ്ടായി? ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമാണ്‌. അങ്ങനെ ഒരു പ്രശ്‌നത്തെ നാം സമീപിക്കുമ്പോള്‍ അവ പരസ്‌പര ബന്ധിതമായ ഒരു ലോകക്രമത്തിന്റെ ഭാഗം എന്ന നിലയിലാണ്‌ നാം കാണുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ടി സാര്‍വദേശീയ പ്രശ്‌നങ്ങള്‍ പ്രധാനമായി കാണുന്നതിനു കാരണം. ലോകക്രമത്തിന്റെ ഭാഗമായാണ്‌ നമ്മുടെ രാഷ്‌ട്രീയ സ്ഥിതിഗതികളും നിലനില്‍ക്കുന്നത്‌. അതിനാല്‍ അവയെ കുറിച്ച്‌ മനസിലാക്കുമ്പോഴേ നമ്മുടെ മുമ്പിലുള്ള രാഷ്‌ട്രീയ പ്രശ്‌നങ്ങളേയും മനസിലാക്കാനാകൂ എന്നതാണ്‌ അതിന്റെ നിലപാട്‌. ഇങ്ങനെ പരസ്‌പരം ബന്ധിതം മാത്രമല്ല, ലോകം മാറ്റത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്‌. അതുകൊണ്ടാണ്‌ ഒരു കാലഘട്ടത്തില്‍ പാര്‍ടി ഏറ്റെടുത്ത കടമയാവില്ല മറ്റൊരു ഘട്ടത്തില്‍ ഏറ്റെടുക്കേണ്ടി വരുന്നത്‌ എന്ന നിലപാട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍ സ്വീകരിക്കുന്നു. അങ്ങനെ മാറ്റത്തെ മനസ്സിലാക്കിയും അവയുടെ പാരസ്‌പരിക ബന്ധത്തെ തിരിച്ചറിഞ്ഞും മുന്നോട്ടുപോവുക എന്നതാണ്‌ മാര്‍ക്‌സിസ്റ്റ്‌ നിലപാട്‌. നിരന്തരം പ്രയോഗത്തേയും നവീകരിക്കുക എന്ന കാഴ്‌ചപ്പാട്‌ ഉയര്‍ന്ന്‌ വരുന്നത്‌ ഇതിന്റെ അടിസ്ഥാനത്തിലാണ്‌. നിരന്തരം നവീകരിക്കുന്ന തത്വശാസ്‌ത്രമായി മാര്‍ക്‌സിസം മാറുന്നതും ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്‌.

വൈരുധ്യാത്മക ഭൗതികവാദം മുന്നോട്ടുവയ്‌ക്കുന്ന ചോദ്യങ്ങള്‍

ലോകത്തിന്റെ അടിസ്ഥാനം പദാര്‍ത്ഥമാണെന്നും ആ പദാര്‍ത്ഥമെല്ലാം മാറ്റങ്ങള്‍ക്ക്‌ വിധേയമാണെന്നും ഉള്ള കാര്യം നേരത്തെയുള്ള ഭാഗങ്ങളില്‍ വ്യക്തമാക്കിയല്ലോ. അങ്ങനെ മാറ്റം അടിസ്ഥാനമാണ്‌ എന്ന്‌ തിരിച്ചറിയുമ്പോള്‍ സ്വാഭാവികമായും നമ്മുടെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരും. ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുകയും അതിന്‌ ഉത്തരങ്ങള്‍ മാര്‍ക്‌സിസം മുന്നോട്ടുവയ്‌ക്കുകയും ചെയ്യുന്നു. നമ്മുടെ ഉള്ളിലുള്ള ചില സംശയങ്ങളെത്തന്നെയാണ്‌ ഇത്‌ അവതരിപ്പിക്കുന്നത്‌. ഒന്ന്‌, ലോകത്ത്‌ എന്തുകൊണ്ടാണ്‌ മാറ്റങ്ങള്‍ ഉണ്ടാകുന്നത്‌? രണ്ട്‌, ആ മാറ്റത്തിന്റെ കാരണമെന്താണ്‌? മൂന്ന്‌, ഏതു ദിശയിലാണ്‌ ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്‌? ഈ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വൈരുധ്യാത്മക ഭൗതികവാദം മുന്നോട്ടുവയ്‌ക്കുന്നു. അഥവാ, ഉത്തരങ്ങള്‍ക്ക്‌ സഹായകമായ സമീപനങ്ങള്‍ നമുക്ക്‌ മുമ്പാകെ അവതരിപ്പിക്കുകയും ചെയ്യുന്നു. യാന്ത്രിക ഭൗതികവാദത്തെക്കുറിച്ച്‌ പറയുമ്പോള്‍ മാറ്റങ്ങള്‍ എന്തുകൊണ്ട്‌ ഉണ്ടാകുന്നു എന്ന കാര്യം മനസ്സിലാക്കാന്‍ ഈ വാദത്തിന്‌ കഴിഞ്ഞില്ല എന്ന മാര്‍ക്‌സിന്റെ വിമര്‍ശനം നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. ഇവിടെ മാര്‍ക്‌സിസം ആ മാറ്റത്തിന്റെ കാരണത്തെക്കുറിച്ചും അതിന്റെ സ്വഭാവം എന്താണ്‌ എന്നതും മാറ്റത്തിന്റെ അഥവാ വളര്‍ച്ചയുടെ ദിശ എന്താണ്‌ എന്നും വിശദീകരിക്കുന്നുണ്ട്‌. മാര്‍ക്‌സിസത്തില്‍ ചലന നിയമങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധമായിട്ടുള്ള കാഴ്‌ചപ്പാട്‌ ഇക്കാര്യമാണ്‌ വിശദീകരിക്കുന്നത്‌.

മാറ്റത്തിന്റെ കാരണമെന്ത്‌?

കഴിഞ്ഞ പോസ്റ്റില്‍ കണ്ടതുപോലെ മാറ്റത്തിന്റെ അഥവാ വളര്‍ച്ചയുടെ കാരണമെന്താണ്‌ എന്ന ചോദ്യത്തിന്‌ വളര്‍ച്ചയുടെ കാരണമായി വിശദീകരിക്കുന്നത്‌ വിരുദ്ധ ശക്തികള്‍ തമ്മിലുള്ള ഐക്യവും സമരവും എന്നതാണ്‌. എല്ലാ വസ്‌തുക്കളിലും പ്രതിഭാസങ്ങളിലും വിരുദ്ധങ്ങളായ ശക്തികളോ വശങ്ങളോ അടങ്ങിയിരിക്കുന്നു. ഇവ തമ്മില്‍ യോജിപ്പുമുണ്ട്‌ (അതാണ്‌ അതിന്റെ അസ്ഥിത്വത്തിനടിസ്ഥാനം), അവ തമ്മില്‍ സംഘട്ടനവുമുണ്ട്‌ (അതാണ്‌ മാറ്റത്തിന്‌ അടിസ്ഥാനം). ഇതിനെയാണ്‌ വിപരീതങ്ങളുടെ ഐക്യവും സമരവുമെന്ന്‌ പറയുന്നത്‌. നാം ചിലപ്പോള്‍ സന്തോഷിക്കും. ചിലപ്പോള്‍ ദുഃഖിക്കും. ദുഃഖമെന്നും സന്തോഷമെന്നുമുള്ള വിരുദ്ധമായ വികാരങ്ങള്‍ നമ്മുടെ ഉള്ളില്‍ തന്നെ നിലനില്‍ക്കുന്ന ഒന്നാണ്‌. ഭക്ഷണം കഴിക്കലുമുണ്ട്‌. വിസര്‍ജ്ജനവുമുണ്ട്‌. വിരുദ്ധശക്തികള്‍ ഐക്യപ്പെട്ട്‌ നില്‍ക്കുമ്പോള്‍ ആ വസ്‌തു നിലനില്‍ക്കുന്നു. ഉദാഹരണമായി ഒരാള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുക മാത്രമാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌ എന്ന്‌ കരുതുക. അവ വിസര്‍ജ്ജ്യമായി പുറംന്തള്ളപ്പെടുന്നില്ലെങ്കില്‍ ആ മനുഷ്യന്റെ നിലനില്‍പ്‌ തന്നെ അപകടത്തിലാവും. വിസര്‍ജ്ജ്യം മാത്രമാണ്‌ നടക്കുന്നതെങ്കിലും സ്ഥിതി മേല്‍പറഞ്ഞത്‌ തന്നെ. ഇങ്ങനെ വസ്‌തുക്കളിലുള്ള വിരുദ്ധ ശക്തികള്‍ ഐക്യപ്പെട്ട്‌ നില്‍ക്കുന്നതിനാലാണ്‌ അവ നിലനില്‍ക്കുന്നത്‌. കണക്കില്‍ കൂട്ടലുണ്ട്‌, കുറയ്‌ക്കലുണ്ട്‌. സയന്‍സില്‍ നെഗറ്റീവ്‌ ചാര്‍ജ്ജുണ്ട്‌ പോസിറ്റീവ്‌ ചാര്‍ജ്ജുമുണ്ട്‌. ഇങ്ങനെ എല്ലാ പ്രതിഭാസത്തിനകത്തും വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. ഇവ തമ്മില്‍ ഐക്യപ്പെട്ട്‌ പോകുമ്പോള്‍ ആ പ്രതിഭാസങ്ങള്‍ അതേപോലെ നിലനില്‍ക്കും. ഈ ഐക്യത്തിന്‌ മാറ്റം വരുമ്പോള്‍ അവ തമ്മില്‍ ഏറ്റുമുട്ടും. ഈ ഏറ്റുമുട്ടലിലൂടെ അഥവാ സമരത്തിലൂടെയാണ്‌ പുതിയ ഒന്ന്‌ രൂപപ്പെട്ട്‌ വരിക. ഉദാഹരണമായി ഒരാള്‍ ബസ്‌ വാങ്ങി. അതൊരു ബിസിനസായി നടത്തണമെങ്കില്‍ ഡ്രൈവറും കണ്ടക്‌ടറും വേണം. ഇവര്‍ക്ക്‌ 100 രൂപ ദിവസം കൂലി നല്‍കാമെന്ന്‌ ബസ്‌ മുതലാളി പറഞ്ഞു. 200 വേണമെന്ന്‌ തൊഴിലാളി. ഇപ്പോള്‍ അവര്‍ തമ്മില്‍ സമരമായി. മധ്യസ്ഥം പറഞ്ഞ്‌ 150 രൂപയില്‍ പരസ്‌പരം പൊരുത്തപ്പെട്ടു. അപ്പോള്‍ അവര്‍ തമ്മില്‍ ഐക്യമായി. ഐക്യമായപ്പോള്‍ ബസ്‌ സര്‍വ്വീസ്‌ നടത്തുന്ന സ്ഥിതിയായി. ഇങ്ങനെ ഐക്യപ്പെടുമ്പോള്‍ വസ്‌തു അഥവാ പ്രതിഭാസം നിലനില്‍ക്കുന്നു. സമരമാകുമ്പോള്‍ ആ പ്രതിഭാസത്തിന്‌ മാറ്റം വരുന്നു. 150 രൂപയില്‍ മാത്രം എന്ന്‌ തൊഴിലാളി കരുതിയാല്‍ ആ സംവിധാനത്തിന്‌ മാറ്റം ഉണ്ടാകുന്നില്ല. അതില്‍ കൂടുതല്‍ വേണമെന്ന്‌ തൊഴിലാളി ആവശ്യപ്പെടുന്നു. അതിന്‌ മുതലാളി തയ്യാറാവാതെ നില്‍ക്കുമ്പോള്‍ അവര്‍ സമരരംഗത്തേയ്‌ക്ക്‌ ഇറങ്ങുന്നു. ബസ്‌ സര്‍വ്വീസ്‌ തന്നെ നിലക്കുന്നു. സമരത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ഈ വൈരുദ്ധ്യം ബസ്‌ സര്‍വ്വീസിനെ തന്നെ ബാധിക്കുന്നു. അതായത്‌ ഐക്യം നിലനില്‍പിന്റേയും സമരം മാറ്റത്തിന്റേതുമാണ്‌. ഇങ്ങനെ ഐക്യപ്പെട്ടും സമരസപ്പെട്ടും വീണ്ടും ഐക്യപ്പെട്ടും വീണ്ടും സമരപ്പെട്ടും പോകുന്ന പ്രക്രിയയിലൂടെയാണ്‌ ഓരോന്നും വളരുന്നത്‌. ഇത്തരത്തിലുള്ള നവീകരണവും തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു. സാമൂഹ്യവികാസം നോക്കിയാലും ഇതേ സ്ഥിതി തന്നെയാണ്‌ കാണാനാവുക. ഒരു വ്യവസ്ഥ ഉണ്ടാകുന്നു. ആ വ്യവസ്ഥയിലെ വൈരുദ്ധ്യം സമരമായി ഏറ്റുമുട്ടലായി മാറുന്നു. അതിലൂടെ പുതിയ ഒരു വ്യവസ്ഥ ഉണ്ടാകുന്നു. ആ വ്യവസ്ഥയ്‌ക്കകത്ത്‌ വീണ്ടും ഏറ്റുമുട്ടുന്നു. പുതിയൊരു വ്യവസ്ഥ ഉണ്ടാകുന്നു. അതിനകത്ത്‌ വീണ്ടും വൈരുദ്ധ്യം വരുന്നു. അവ ഏറ്റുമുട്ടുന്നു. ഇങ്ങനെ വിരുദ്ധശക്തികളുടെ ഐക്യവും സമരവും എന്ന നിയമമാണ്‌ വളര്‍ച്ചയുടെ കാരണം എന്ന്‌ മാര്‍ക്‌സിസം വിഭാവനം ചെയ്യുന്നു. വൈരുദ്ധ്യങ്ങള്‍ തന്നെ രണ്ടു തരത്തിലുണ്ട്‌. ഒന്ന്‌ ശത്രുതാപരമായതും മറ്റൊന്ന്‌ ശത്രുതാപരമല്ലാത്തതും. കുടുംബത്തിനകത്ത്‌ ഒരു തര്‍ക്കമുണ്ടായി. ആ തര്‍ക്കത്തിന്റെ കാരണം പരിഹരിച്ചാല്‍ സ്വാഭാവികമായും അത്‌ ഇല്ലാതായി തീരും. ഇത്‌ ശത്രുതാപരമല്ലാത്ത വൈരുദ്ധ്യമാണ്‌. എന്നാല്‍ മുതലാളിക്ക്‌ ലാഭം ഉണ്ടാക്കണം. അത്‌ ഉണ്ടാവണമെങ്കില്‍ തൊഴിലാളിക്ക്‌ കൂലി കുറച്ചും അതുപോലെയുള്ള സൗകര്യങ്ങള്‍ ഇല്ലാതാക്കിയും മുന്നോട്ട്‌ പോവണം. ഈ വൈരുദ്ധ്യം നേരത്തെ പറഞ്ഞതുപോലെ പരിഹരിക്കില്ല. മുതലാളി ഉള്ളിടത്ത്‌ തൊഴിലാളി ഉണ്ടാകും. ഇത്‌ പരിഹരിക്കപ്പെടണമെങ്കില്‍ മുതലാളിയും തൊഴിലാളിയും ഇല്ലാതാവണം. ഈ വൈരുദ്ധ്യത്തെയാണ്‌ ശത്രുതാപരമായ വൈരുദ്ധ്യം എന്ന്‌ പറയുക. ഈ വൈരുദ്ധ്യം ഇല്ലാതാകണമെങ്കില്‍ വ്യവസ്ഥ തന്നെ തകരേണ്ടതുണ്ട്‌. മുതലാളിത്തത്തിന്റെ തകര്‍ച്ചയിലൂടെ മാത്രമേ ഈ വൈരുദ്ധ്യം പരിഹരിക്കപ്പെടുകയുള്ളൂ. ശത്രുതാപരമായ വൈരുദ്ധ്യം വ്യവസ്ഥയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌. അല്ലാത്തവ ആ വ്യവസ്ഥയ്‌ക്ക്‌ അകത്ത്‌ പരിഹരിക്കാനാകും.

മാറ്റത്തിന്റെ സ്വഭാവമെന്ത്‌?

കഴിഞ്ഞ പോസ്റ്റില്‍ കണ്ടതുപോലെ വിരുദ്ധ ശക്തികളുടെ ഐക്യവും സമരവുമാണ്‌ മാറ്റത്തിന്‌ കാരണമെന്ന്‌ നാം മനസിലാക്കി. ഇങ്ങനെ മാറ്റം ഉണ്ടാകുമ്പോള്‍ മാറ്റത്തിന്റെ രീതി ഏത്‌ വിധമാണ്‌ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരും. ഇത്‌ രണ്ട്‌ തരത്തിലുണ്ട്‌ എന്നാണ്‌ മാര്‍ക്‌സിസം വിശദീകരിക്കുന്നത്‌. (എ) എണ്ണത്തില്‍ വരുന്ന മാറ്റം (ബി) സ്വഭാവത്തിലുള്ള മാറ്റം എണ്ണത്തില്‍ ക്രമേണ വരുന്ന മാറ്റം ആ വസ്‌തുവിന്റേയോ പ്രതിഭാസത്തിന്റേയോ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുന്നു. ഈ മാറ്റത്തെയാണ്‌ എടുത്തുചാട്ടം എന്നു പറയുന്നത്‌. ഒരു എടുത്തുചാട്ടം പിന്നെ മന്ദഗതി പിന്നെയും എടുത്തുചാട്ടം. ഇതാണ്‌ മാറ്റത്തിന്റെ പൊതുവായ രീതി. ദശാബ്ദങ്ങളോളം നീണ്ടുനില്‍ക്കുന്ന സാവധാനമുള്ള പരിവര്‍ത്തനം തുടര്‍ന്ന്‌ എടുത്തുചാട്ടം എന്നതാണ്‌ മാറ്റത്തിന്റെ രീതി. എടുത്തുചാട്ടമെന്ന വിപ്ലവകാലഘട്ടത്തില്‍ മുമ്പ്‌ നിരവധി വര്‍ഷങ്ങള്‍ കൊണ്ട്‌ മാത്രം നടന്ന മാറ്റങ്ങള്‍, ഏതാനും ദിവസങ്ങള്‍ക്കുളളില്‍ നടക്കുന്നു. സാവധാനമായി ഉണ്ടാവുന്ന പരിവര്‍ത്തനമാണ്‌ പിന്നീട്‌ കുതിച്ചുചാട്ടത്തില്‍ എത്തിച്ചേരുന്നത്‌. വസ്‌തുക്കളും പ്രതിഭാസങ്ങളും വളരുന്നതിന്റെ സ്വഭാവം ഇതാണെന്ന്‌ മാര്‍ക്‌സിസം കാണുന്നു. ഇത്‌ എങ്ങനെ എളുപ്പം മനസിലാക്കാം? ഒരു കുട്ടിയെ പ്രസവിക്കണമെങ്കില്‍ അമ്മ പത്തുമാസം അതിനെ ചുമക്കണം. ഒന്നാംമാസത്തില്‍ അമ്മയുടെ വയറ്റില്‍ കിടക്കുന്ന ഭ്രൂണവും രണ്ടാം മാസത്തില്‍ കിടക്കുന്ന ഭ്രൂണവും തമ്മിലുള്ള വ്യത്യാസം എന്താണ്‌? ഒന്നാം മാസത്തില്‍ ഉള്ളതിനേക്കാള്‍ ഭ്രൂണത്തില്‍ പല അവയവങ്ങളും കൂടുതലായി ഉണ്ടായിട്ടുണ്ടാവും. അഥവാ കോശങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുണ്ടാവും. ഓരോ മാസം പിന്നിടുമ്പോഴും ഇത്തരത്തിലുള്ള വളര്‍ച്ച ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ പടിപടിയായി കോശത്തിന്റെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ചയുടെ ഫലമായി പത്താം മാസം ആകുമ്പോഴേക്കും അമ്മയുടെ വയറ്റില്‍ അത്‌ കുട്ടിയായി മാറുന്നു. പിന്നെ അവിടെതന്നെ നിലനിര്‍ത്തണം എന്ന്‌ കരുതിയാല്‍ അത്‌ സാധ്യമാവില്ല. ഇങ്ങനെ ഭ്രൂണത്തിന്റെ ക്രമേണയുള്ള വളര്‍ച്ച ഒരു പ്രത്യേക ഘട്ടത്തില്‍ എത്തുമ്പോള്‍ കുട്ടി എന്ന സ്വഭാവത്തിലേക്ക്‌ എത്തിച്ചേരുന്നു. പിന്നെ ഭ്രൂണാവസ്ഥയല്ല കുട്ടി എന്ന അവസ്ഥയിലാണ്‌ എത്തുക. അപ്പോള്‍ പുതിയ സ്വഭാവം കാണിക്കുന്നു. പുറത്തേയ്‌ക്ക്‌ വരുന്നു. ഭ്രൂണത്തിന്റെ ക്രമേണയുള്ള ഈ വളര്‍ച്ച ഇല്ലെങ്കില്‍ കുട്ടി എന്ന അവസ്ഥ എത്തുകയില്ല. ഇത്‌ കാണിക്കുന്നത്‌ എന്താണ്‌? ക്രമേണയുള്ള വളര്‍ച്ച ഒരു പ്രത്യേക ഘട്ടത്തില്‍ എത്തുമ്പോള്‍ അതിന്റെ സ്വഭാവത്തെ തന്നെ മാറ്റി മറിക്കുന്ന ഒന്നായി തീരുന്നു. കോശത്തിലെ എണ്ണത്തിലുണ്ടാകുന്ന മാറ്റം അതിന്റെ സ്വഭാവത്തില്‍ തന്നെയുള്ള മാറ്റമായി പരിണമിക്കുന്നു. മൂലകങ്ങളുടെ സ്ഥിതി പരിശോധിച്ചാല്‍ അവയുടെ ന്യൂക്ലിയസിലുണ്ടാകുന്ന ഘടകങ്ങളുടെ എണ്ണവും സ്വഭാവവുമാണ്‌ ഏത്‌ മൂലകം എന്ന്‌ നിശ്ചയിക്കപ്പെടുന്നത്‌. അവയുടെ എണ്ണത്തില്‍ മാറ്റം ഉണ്ടാകുമ്പോള്‍ മൂലകം തന്നെ മാറുന്നു. ന്യൂക്ലിയസില്‍ ഒരു പ്രോട്ടോണും പുറത്ത്‌ അതിനെ ചുറ്റിക്കറങ്ങുന്ന ഒരു ഇലക്‌ട്രോണുള്ള മൂലകമാണ്‌ ഹൈഡ്രജന്‍. എന്നാല്‍ ന്യൂക്ലീയസിനകത്ത്‌ രണ്ട്‌ പ്രോട്ടോണാകുമ്പോള്‍ അത്‌ ഹീലിയമായി മാറുന്നു. ഇതിന്‌ സമാനമായ മാറ്റം ഇലക്‌ട്രോണിലും ഉണ്ടാകുന്നു. എണ്ണത്തിലുണ്ടാകുന്ന മാറ്റം മൂലകത്തിന്റെ സ്വഭാവത്തെ തന്നെ മാറ്റുന്നു എന്ന കാര്യമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. സാമൂഹ്യമാറ്റത്തിനും ഈ നിയമം ബാധകമാണ്‌. നിലനില്‍ക്കുന്ന വ്യവസ്ഥയെ മാറ്റിമറിച്ച്‌ വിപ്ലവം സംഘടിപ്പിക്കണമെങ്കില്‍ എന്താണ്‌ വേണ്ടത്‌? എന്തുകൊണ്ടാണ്‌ ഇപ്പോള്‍ വിപ്ലവം നടത്താന്‍ അതിനായി ശാസ്‌ത്രീയമായി ചിന്തിക്കുന്ന സംഘടനകള്‍ ശ്രമിക്കാത്തത്‌? അത്‌ നടക്കണമെങ്കില്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശേഷി വിപ്ലവത്തിന്‌ നേതൃത്വം നല്‍കുന്ന തൊഴിലാളി വര്‍ഗത്തിന്‌ ഉണ്ടാകേണ്ടതുണ്ട്‌. അങ്ങനെ ഉണ്ടാവണമെങ്കില്‍ അത്തരം ബോധത്തിലേക്ക്‌ ബഹുഭൂരിപക്ഷം ജനതയേയും കൊണ്ടുവരണം. അതായത്‌ വിപ്ലവബോധത്തെ സംബന്ധിച്ചുള്ള ധാരണ കാത്തുസൂക്ഷിക്കുന്ന ജനങ്ങളുടെ എണ്ണം ഏറെ വര്‍ദ്ധിക്കണം എന്നര്‍ത്ഥം. അങ്ങനെ ബോധം വര്‍ദ്ധിക്കണമെങ്കില്‍ എന്തുവേണം? ദൈനംദിന പ്രക്ഷോഭങ്ങളിലും പ്രവര്‍ത്തനങ്ങളിലും അവരെ പങ്കെടുപ്പിക്കാനാവണം. അതിലൂടെ ജനങ്ങളുടെ ബോധത്തില്‍ മാറ്റം സംഭവിക്കുകയും അതിന്‌ ഉതകുന്ന സാഹചര്യം സമൂഹത്തില്‍ ഉണ്ടാകുമ്പോഴാണ്‌ മാറ്റത്തിന്‌ സമൂഹം പാകപ്പെടുന്നത്‌. ബോധം ഉയര്‍ത്താനുള്ള പ്രക്ഷോഭ-പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട്‌ മാത്രമേ ഈ മാറ്റം സാധ്യമാവുകയുള്ളൂ. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മാറി നിന്നുകൊണ്ട്‌ വിപ്ലവപ്രവര്‍ത്തനം നടത്താനാവില്ലെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ക്രമേണയുള്ള മാറ്റത്തിലൂടെ എല്ലാം സാധ്യമാകുമെന്നും എടുത്ത്‌ ചാട്ടത്തിന്റേതായ രീതി ഉണ്ടാവേണ്ടതില്ല എന്നുമുള്ള കാഴ്‌ചപ്പാട്‌ ഉള്‍ക്കൊള്ളുന്നതാണ്‌ വലതുപക്ഷ വ്യതിയാനം എന്ന നിലയില്‍ വിലയിരുത്തപ്പെടുന്നത്‌. അതേസമയം ദൈനംദിന പ്രവര്‍ത്തനങ്ങളും വര്‍ഗ-ബഹുജനസംഘടനകളുടെ കെട്ടിപ്പടുക്കലും ഉള്‍പ്പെടെയുള്ളവ ഇല്ലാതെ തന്നെ വിപ്ലവ സാധ്യമാകും എന്ന ധാരണ കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ ഇടതുപക്ഷ വ്യതിയാനം എന്നുള്ളത്‌. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മാറിനിന്നുകൊണ്ടും ബഹുജനപ്രസ്ഥാനം സംഘടിപ്പിക്കാതെയുള്ള വിപ്ലവ പ്രവര്‍ത്തനത്തെ കുറിച്ചുള്ള കേവല വായാടിത്തങ്ങള്‍ മാര്‍ക്‌സിസ്റ്റ്‌ ധാരണകളില്‍ നിന്ന്‌ അന്യമാണെന്ന്‌ ഈ കാഴ്‌ചപ്പാട്‌ വ്യക്തമാക്കുന്നു.

മാറ്റത്തിന്റെ രീതി എന്താണ്‌?

ഏത്‌ ദിശയിലാണ്‌ മാറ്റങ്ങള്‍ സംഭവിക്കുന്നത്‌ എന്ന ചോദ്യം ദര്‍ശനത്തില്‍ ഉയര്‍ന്നുവരുന്നുണ്ടല്ലോ. അതിനുള്ള ഉത്തരം എന്ന നിലയിലാണ്‌ മാറ്റത്തിന്റെ ദിശ നിഷേധത്തിന്റെ നിഷേധമാണെന്ന്‌ മാര്‍ക്‌സിസം നിരീക്ഷിക്കുന്നത്‌. നേരത്തെ സൂചിപ്പിച്ചതുപോലെ വിരുദ്ധശക്തികളുടെ സംഘട്ടനത്തിന്റെ ഫലമായി വസ്‌തുക്കളുടെയും പ്രതിഭാസങ്ങളുടെയും സ്വഭാവത്തില്‍ തന്നെ മാറ്റം വരുന്നു. ഈ മാറ്റത്തിന്റെ രീതി എന്നത്‌ സാവധാനമായി ഉണ്ടാകുന്ന മാറ്റം പെട്ടെന്നുള്ള എടുത്തുചാട്ടത്തിലേക്ക്‌ നയിക്കുന്നു. നിലവിലുള്ള സ്വഭാവത്തില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ സ്വഭാവത്തിലേയ്‌ക്കാണ്‌ ഈ എടുത്തുചാട്ടം നയിക്കുക. അതായത്‌, നിലവിലുള്ള സ്വഭാവം നിഷേധിക്കപ്പെടുന്നു. പകരം വസ്‌തുവിന്റെ സ്വഭാവത്തില്‍ നിന്ന്‌ വ്യത്യസ്‌തമായ സ്വഭാവത്തിലേക്ക്‌ ഇത്‌ എത്തിച്ചേരുന്നു. ഫ്യൂഡല്‍ കാലഘട്ടത്തെ നിഷേധിച്ചുകൊണ്ടാണ്‌ മുതലാളിത്തമുണ്ടാകുന്നത്‌. ആ മുതലാളിത്തത്തെ നിഷേധിച്ചുകൊണ്ട്‌ സോഷ്യലിസ്റ്റ്‌ വ്യവസ്ഥയും രൂപീകരിക്കപ്പെടുന്നു. ഇങ്ങനെ തുടര്‍ച്ചയായ നിഷേധങ്ങളിലൂടെയാണ്‌ സമൂഹം വളരുന്നത്‌. ഇങ്ങനെ എത്തിച്ചേരുന്ന പുതിയ പ്രതിഭാസത്തിലും വിരുദ്ധശക്തികളുടെ ഏറ്റുമുട്ടലുകള്‍ നടക്കും, അതിന്റെ ഫലമായി നിലവിലുള്ള സ്വഭാവത്തെ നിഷേധിച്ചുകൊണ്ട്‌ പുതിയ സ്വഭാവം പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെ ഒന്നിനെ നിഷേധിച്ച്‌ മറ്റൊന്ന്‌ ഉണ്ടാവുന്നു. അതിനെ നിഷേധിച്ച്‌ വേറൊരു സ്വഭാവവും രൂപപ്പെടുന്നു. ഈ രീതിയിലാണ്‌ മാറ്റത്തിന്റെ ദിശ രൂപപ്പെടുന്നത്‌. പുതിയ സ്വഭാവം രൂപപ്പെടുമ്പോള്‍ അത്‌ പഴയതിന്റെ പൂര്‍ണ്ണമായ നിഷേധമായിക്കൊള്ളണമെന്നില്ല. പഴയതിന്റെ ചില അംശങ്ങള്‍ പുതിയതിലും നിലനില്‍ക്കും. അതേ അവസരത്തില്‍, ഇത്‌ പഴയതിന്റെ തനിയാവര്‍ത്തനമായി മാറുന്നില്ല. ഉദാഹരണമായി, മുതലാളിത്തവ്യവസ്ഥ സോഷ്യലിസത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്‌തു എന്നിരിക്കട്ടെ. സോഷ്യലിസ്റ്റ്‌ വ്യവസ്ഥയ്‌ക്കകത്തും മുതലാളിത്തത്തിന്റേതായ ചില സവിശേഷതകള്‍ തുടര്‍ന്നും നിലനില്‍ക്കുന്നതായി കാണാം. ഇവ തിരിച്ചറിഞ്ഞ്‌, മാറ്റി എടുക്കുകയാണ്‌ വേണ്ടത്‌. സോഷ്യലിസ്റ്റ്‌ വ്യവസ്ഥയ്‌ക്കകത്ത്‌ നിലനില്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാതെ നിലപാടെടുക്കുമ്പോള്‍ ആ വ്യവസ്ഥ തന്നെ ചിലപ്പോള്‍ തകര്‍ക്കപ്പെടാം. സോവിയറ്റ്‌ യൂണിയനില്‍ ഉള്‍പ്പെടെ ഉണ്ടായിട്ടുള്ള തിരിച്ചടിയെ ഈ കാഴ്‌ചപ്പാടിന്റെ കൂടി പശ്ചാത്തലത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്‌. 1871ല്‍ പാരീസ്‌ കമ്മ്യൂണിന്റെ അനുഭവപാഠത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്‌സ്‌ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയില്‍ ഒരു തിരുത്തല്‍ വരുത്തി. തൊഴിലാളികള്‍ അധികാരം പിടിച്ചാല്‍ മാത്രം പോരാ, ആ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന മുതലാളിത്ത രൂപങ്ങളെ ഇല്ലായ്‌മ ചെയ്യുന്നതിനായി തൊഴിലാളിവര്‍ഗത്തിന്റെ സര്‍വ്വാധിപത്യം സ്ഥാപിക്കണം. ഒരു വ്യവസ്ഥ മാറി മറ്റൊന്ന്‌ വന്നുകഴിഞ്ഞാലും പഴയതിന്റെ അംശങ്ങള്‍ നിലനില്‍ക്കുന്നതായി കാണാം. ഇവയെ തൊഴിലാളിവര്‍ഗം മനസ്സിലാക്കി ഇല്ലായ്‌മ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ നടത്തണമെന്ന കാര്യമാണ്‌ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യമെന്ന കാഴ്‌ചപ്പാടിലൂടെ മാര്‍ക്‌സ്‌ മുന്നോട്ട്‌ വെച്ചത്‌. നിഷേധത്തിന്റെ നിഷേധത്തെ ഇത്തരമൊരു തലത്തില്‍ കണ്ടുകൊണ്ട്‌ ഇടപെടുന്നതിന്‌ കഴിയേണ്ടതുണ്ട്‌. മാറ്റം ഒരു തുടര്‍പ്രക്രിയയാണ്‌ എന്ന്‌ തിരിച്ചറിയുന്നതോടൊപ്പംതന്നെ, തിരിച്ചടികളെ സംബന്ധിച്ചും വ്യക്തമായ ധാരണ ഉണ്ടാകുമ്പോള്‍ മാത്രമേ കൂടുതല്‍ നല്ല നിലയില്‍ മുന്നോട്ട്‌ പോകാനാകൂ. ഈ കാഴ്‌ചപ്പാടോടെ ഇടപെടല്‍ നടത്തുമ്പോള്‍ മാത്രമേ സാമൂഹ്യ വികാസ പ്രക്രിയ ശരിയായ തലത്തിലേക്ക്‌ വികസിക്കുകയുള്ളൂ. അതിലൂടെ മാത്രമേ മാര്‍ക്‌സിസത്തിന്റെ യാന്ത്രികപരമായ പ്രയോഗത്തില്‍നിന്ന്‌ മോചനമുണ്ടാവുകയുള്ളൂ.

പഴയ ഭാഗങ്ങള്‍ ഇവിടെ  വായിക്കാം 

പുത്തലത്ത്‌ ദിനേശന്‍  ബോധി കോമണ്‍സ്ല്‍  എഴുതിയ  ലേഖനം. 

No comments: