Tuesday 12 July 2016

എന്താണ് മാര്‍ക്സിസം ? (അടിസ്ഥാന പാഠങ്ങള്‍ ) അവസാന ഭാഗം What is Marxism basic lessons

മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 7

7.1 ഉൽപാദനബന്ധങ്ങൾ ഏതെല്ലാം

ഉൽപാദനശക്തികളുടെ വളര്‍ച്ചയുടെ ഭാഗമായി ഉൽപാദന ബന്ധങ്ങൾക്ക്‌ മാറ്റമുണ്ടാകുന്നു എന്ന കാര്യം നാം നേരത്തെ മനസിലാക്കിയല്ലോ. ഉൽപാദനത്തിന്‌ വേണ്ടിവിവിധ വര്‍ഗങ്ങൾ തമ്മിലുണ്ടാക്കുന്ന ബന്ധങ്ങളാണല്ലോ ഉൽപാദന ബന്ധങ്ങൾ. ഉൽപാദനത്തിനായി ആരെല്ലാം തമ്മിലാണ്‌ ബന്ധങ്ങൾ ഉണ്ടാക്കുന്നത്‌ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഉൽപാദനബന്ധങ്ങളുടെ അഥവാ സാമൂഹ്യവ്യവസ്ഥയുടെ പേരുകൾ നിര്‍ണ്ണയിക്കപ്പെടുന്നത്‌. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ആറുതരം ഉൽപാദനബന്ധങ്ങളാണ്‌ ചരിത്രത്തിൽ ഉണ്ടാവുക എന്ന്‌ മാര്‍ക്‌സിസം വിലയിരുത്തുന്നു.
  1. പ്രാകൃത കമ്യൂണിസം
  2. അടിമത്തം
  3. ജന്മിത്തം
  4. മുതലാളിത്തം
  5. സോഷ്യലിസം
  6. കമ്യൂണിസം

7.1.1. പ്രാകൃത കമ്മ്യൂണിസം

മനുഷ്യ സമൂഹത്തിന്റെ ആദ്യകാലത്ത്‌ ഉടമയും അടിമയും ഇല്ലായിരുന്നു. ഈ കാലഘട്ടത്തെയാണ്‌ പ്രാകൃത കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. ഇതിനെ ഗോത്രവ്യവസ്ഥ എന്നും പറയാറുണ്ട്‌. എന്തുകൊണ്ടാണ്‌ പ്രാകൃത കമ്മ്യൂണിസ്റ്റ്‌ ഘട്ടത്തിൽ അടിമയും ഉടമയും ഇല്ലാതെ പോയത്‌? ഒരാൾക്ക്‌ ജീവിക്കാനുള്ളത്‌ തന്നെ അയാൾക്ക്‌ ഉൽപാദിപ്പിക്കാന്‍ കഴിയാത്ത വിധം പിന്നോക്കമായിരുന്നു അക്കാലത്തെ ഉൽപാദന രീതി. അതുകൊണ്ട്‌ തന്നെ ഒരാളെ അടിമയാക്കി വെക്കാന്‍ കഴിയുമായിരുന്നില്ല. അടിമത്തം നിലനിൽക്കണമെങ്കിൽ ഉൽപാദനത്തിന്‌ ചില സവിശേഷതകൾ ഉണ്ടാവണം. ഒരാൾ അടിമയാവണമെങ്കിൽ അയാൾക്ക്‌ ജീവന്‍ നിലനിര്‍ത്താനുള്ളതും അടിമയായി വെക്കുന്നവര്‍ക്ക്‌ നൽകാനുള്ളതും ഉൽപാദിപ്പിക്കാനാവണം. പ്രാകൃത കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥയിൽ ഒരാൾക്ക്‌ വേണ്ടത്‌ തന്നെ അവര്‍ക്ക്‌ ഉൽപാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നത്‌. സ്വന്തം ജീവിതം നിലനിര്‍ത്തുന്നതിന്‌ ബുദ്ധിമുട്ടുന്ന ഒരാളെ അടിമയാക്കിയാൽ അയാളെ അടിമയാക്കി വെച്ചിരിക്കുന്നവരുടെ ജീവിതവും ഇല്ലാതാവുകയാണ്‌ ഫലത്തിൽ സംഭവിക്കുക. അതായത്‌ ഫലത്തിൽ അടിമത്തം നിലനിൽക്കുന്നതിനുള്ള ഭൗതിക ചുറ്റുപാടുകൾ ആദ്യ കാലഘട്ടത്തിൽ വികസിച്ചിരുന്നില്ല. അത്തരമൊരു വ്യവസ്ഥയിൽ അടിമത്തം എന്നത്‌ നിലനിൽക്കില്ല. അത്തരമൊരു വ്യവസ്ഥ അവരുടെ മരണത്തിലായിരിക്കും കലാശിക്കുക. അതായത്‌ അടിമ ഉടമ പോലും നിലനിര്‍ത്താന്‍ ഉതകുന്ന ഭൗതികോൽപാദനം ആ സമൂഹത്തിൽ ഉണ്ടായിരുന്നില്ല. എല്ലാവരും കൂട്ടായി അധ്വാനിച്ചാൽ മാത്രമേ അവര്‍ക്ക്‌ കഷ്‌ടിച്ച്‌ ജീവിക്കാന്‍ പറ്റുന്ന അവസ്ഥ നിലനിന്നിരുന്നുള്ളൂ. അതുകൊണ്ട്‌ ആര്‍ക്കും ആരെയും ചൂഷണം ചെയ്യാന്‍ പറ്റുന്ന ഒരു സാഹചര്യം അന്ന്‌ വികസിച്ചുവന്നിരുന്നില്ല. ഉൽപാദനത്തിന്റെ പ്രാകൃതാവസ്ഥയാണ്‌ ചൂഷണത്തെ മാറ്റി നിര്‍ത്തിയത്‌. കാട്ടിൽ നിന്ന്‌ കായ്‌കനികൾ ശേഖരിച്ചതും പുഴയിൽ നിന്നും മത്സ്യം പിടിച്ചതുമെല്ലാം അന്ന്‌ കൂട്ടായി ഉൽപാദനം നടത്തുന്നതായിരുന്നു രീതിയായിരുന്നു ഉണ്ടായിരുന്നത്‌. ഒരു തരം പെറുക്കി തിന്നുന്ന സമ്പ്രദായമായിരുന്നു അത്‌. ദാരിദ്ര്യത്തിന്റെ ഒരു തരം പങ്കുവെക്കലായിരുന്നു ഈ കാലത്ത്‌ ഉണ്ടായിരുന്നത്‌. പിന്നീട്‌ ഉൽപാദനം വര്‍ദ്ധിക്കുന്നതോടെ ഈ സ്ഥിതിവിശേഷത്തിന്‌ മാറ്റമുണ്ടാകുന്നു. അതായത്‌ ഉൽപാദന ശക്തികളുടെ വികാസത്തോടെ പ്രാകൃത കമ്മ്യൂണിസം അടിമത്ത വ്യവസ്ഥയായി രൂപപ്പെടുന്നു.

7.2 അടിമ-ഉടമ വ്യവസ്ഥ എങ്ങനെ ഉണ്ടായി?

പ്രാകൃത കമ്മ്യൂണിസത്തിന്‌ ശേഷം രൂപപ്പെട്ട വ്യവസ്ഥയാണ്‌ അടിമ-ഉടമ വ്യവസ്ഥ. പ്രാകൃത കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥയിൽ ഉൽപാദനം പ്രാകൃതാവസ്ഥയിലായിരുന്നു. എന്നാൽ പ്രകൃതിയിൽ പ്രാകൃത ഉപകരണങ്ങളുമായി ഉൽപാദനം നടത്തുന്ന മനുഷ്യന്‍ അതിന്റെ പരമിതികൾ മനസിലാക്കി കൊണ്ട്‌ കൂടുതൽ മെച്ചപ്പെട്ട ഉപകരണങ്ങൾ കണ്ടെത്താന്‍ ശ്രമിക്കുകയുണ്ടായി. അതിന്റെ ഫലമായി അവര്‍ ഉപയോഗിക്കുന്ന ഉൽപാദന ഉപകരണങ്ങൾ മെച്ചപ്പെടാനും ആരംഭിച്ചു. ശിലകളുടെ സ്ഥാനത്ത്‌ അമ്പും വില്ലും വാളും മറ്റ്‌ വിവിധ ഉപകരണങ്ങളും ഉണ്ടാകാന്‍ തുടങ്ങി. ഇത്തരത്തിൽ ഉൽപാദനത്തിനുള്ള ഉപകരണങ്ങൾ വളര്‍ന്നുവന്നതോടെ അത്‌ ഉപയോഗിച്ച്‌ കൂടുതൽ ഉൽപാദനം നടത്താവുന്ന സാഹചര്യം വന്നു. ഇതിലൂടെ ഒരാൾക്ക്‌ ജീവന്‍ നിലനിര്‍ത്താനും അധ്വാനിക്കാനുള്ള ശേഷി നിലനിര്‍ത്താനും ആവശ്യമായതിനേക്കാൾ ഉൽപാദിപ്പിക്കാന്‍ പറ്റും എന്ന അവസ്ഥ ഉളവായി. അതോടുകൂടി മിച്ചോൽപാദനം സമൂഹത്തിൽ ഉണ്ടാകാന്‍ തുടങ്ങി. പ്രകൃത കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥയിൽ മനുഷ്യനും പ്രകൃതി ശക്തികളും തമ്മിലായിരുന്നു പ്രധാന വൈരുദ്ധ്യം. കാറ്റ്‌, മഴ, തീ തുടങ്ങിയ പ്രകൃതി ശക്തികളെ മനുഷ്യന്‍ ഭയപ്പെട്ടിരുന്നു. അവരെ പ്രീതിപ്പെടുത്തി ഇവരുടെ ആക്രമണങ്ങളിൽ നിന്ന്‌ രക്ഷനേടാം എന്ന സമീപനമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌. എല്ലാ സമൂഹങ്ങളിലെയും ആദ്യത്തെ ആരാധന പ്രകൃതി ശക്തികളോടായി തീര്‍ന്നത്‌ അതുകൊണ്ടാണ്‌. മിച്ചോൽപാദനം രൂപപ്പെട്ടതോടെ പ്രകൃതി പൂജയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനും പ്രത്യേക വിഭാഗം രൂപപ്പെട്ട്‌ വന്നു. പുരോഹിത വിഭാഗം അങ്ങനെ ഉയര്‍ന്നുവന്നു. അവര്‍ ഉൽപാദനത്തിൽ പങ്കെടുത്തില്ലെങ്കിലും അവര്‍ക്ക്‌ വേണ്ടത്‌ നൽകാന്‍ കഴിയുമെന്ന സാഹചര്യം മിച്ചോൽപാദനം ഉണ്ടാക്കി. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ പുരോഹിത വിഭാഗത്തിന്‌ ജീവിക്കാന്‍ വേണ്ടത്‌ നൽകാനുള്ള ഉത്തരവാദിത്തം അധ്വാനിക്കുന്ന വിഭാഗങ്ങൾക്കായി തീര്‍ന്നു.
ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുമ്പോൾ പിടിക്കപ്പെടുന്ന വിഭാഗങ്ങളെ അടിമകളായി സൂക്ഷിക്കാന്‍ കഴിയുന്ന അവസ്ഥ മിച്ചോൽപാദനം ഉണ്ടാക്കി. അവര്‍ അടിമകളായി മാറ്റപ്പെട്ടു. ഗോത്ര തലവന്മാര്‍ തന്നെ ഭരണകര്‍ത്താക്കളായി ഉയര്‍ന്നുവരികയും പുരോഹിത വിഭാഗം അവരുമായി യോജിച്ച്‌ വരികയും ചെയ്യുന്ന സാഹചര്യവും ഉയര്‍ന്നു വന്നു. അങ്ങനെ പുതിയ ഉടമ വര്‍ഗങ്ങൾ സമൂഹത്തിൽ രൂപപ്പെട്ടു. ഇതോടെ പ്രവര്‍ത്തി വിഭജനങ്ങൾ ഉണ്ടായി. അടിമകളുടെയും ഉല്‌പാദനോപാധികളുടെയും ഉടമസ്ഥാവകാശം ഉടമവര്‍ഗത്തിന്റെ കൈവശമായി. ഉടമയുടെ മറ്റൊരു ഉല്‌പാദനോപകരണം മാത്രമായി തീര്‍ന്നു അടിമകൾ. മിച്ചോൽപാദനം രൂപപ്പെട്ട്‌ വരികയും പുതിയ സാമൂഹ്യ മാറ്റങ്ങൾ വളര്‍ന്നുവരികയും ചെയ്‌തതിന്റെ ഫലമായിട്ടാണ്‌ പ്രാകൃത കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥ അടിമ-ഉടമ വ്യവസ്ഥയായി മാറ്റപ്പെട്ടത്‌. ഉൽപാദനത്തിനായി ഉണ്ടാക്കുന്ന ബന്ധത്തെ ആണല്ലോ ഉൽപാദന ബന്ധം എന്ന്‌ പറയുന്നത്‌. ഇവിടെ ഉൽപാദനം അടിമ-ഉടമ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടക്കുന്നത്‌ എന്നതിനാൽ ഈ വ്യവസ്ഥയുടെ പേര്‌ അടിമ-ഉടമ വ്യവസ്ഥ എന്നായി മാറുകയും ചെയ്‌തു.

7.3 എന്താണ്‌ ജന്മിത്തം?

ജന്മിയും കുടിയാനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ സാമൂഹ്യവ്യവസ്ഥയിൽ ഉൽപ്പാദനം നടക്കുന്നത്‌. അതുകൊണ്ടുതന്നെ, ഈ വ്യവസ്ഥയെ ജന്മിത്വ വ്യവസ്ഥ എന്ന്‌ പറയുന്നു. ഇവിടെ ജന്മിയാണ്‌ ഉൽപ്പാദന ഉപകരണങ്ങളുടെ ഉടമസ്ഥനായി വരുന്നത്‌. എന്നാൽ, കുടിയാന്റെ മുഴുവനും ഉടമ എന്ന അവസ്ഥ നിലനിൽക്കുന്നില്ല. അടിമയെ വിൽക്കാനും വാങ്ങാനും പറ്റുമെങ്കിലും അടിമത്താവസ്ഥയിലെപ്പോലെ കൊല്ലാനും മറ്റുമുള്ള അവകാശം ഉടമയ്‌ക്കില്ല. ജന്മിയുടെ സ്വത്തുടമസ്ഥതയ്‌ക്കു കീഴിലാണ്‌ അടിയാളനെങ്കിലും അയാൾക്ക്‌ വ്യക്തിപരമായ ഉടമസ്ഥത വളര്‍ന്നുവരുന്നതു കാണാം. പണിയായുധങ്ങൾക്കുമേലും സ്വകാര്യ സംരംഭങ്ങൾക്കുമേലും അടിയാളന്‌ കുറച്ചൊക്കെ അവകാശം കിട്ടുന്നു. ഇരുമ്പു കലപ്പ, കന്നുകാലി വളര്‍ത്തൽ, ധാന്യകൃഷി, തോട്ടകൃഷി ഇതെല്ലാം ഉണ്ടായപ്പോൾ ജന്മിത്തത്തിന്റെ രൂപത്തിനു തന്നെ മാറ്റങ്ങൾ ഉണ്ടാകാന്‍ തുടങ്ങി. ഈ മാറ്റം ജന്മിത്വത്തിന്റെ തകര്‍ച്ചയിലേക്ക്‌ നയിച്ചു.

ഉദാഹരണമായി, ജന്മിത്വവ്യവസ്ഥ നിലനിൽക്കുന്ന കാലത്ത്‌ പുതിയ ഉൽപ്പാദന ഉപകരണങ്ങൾ വളര്‍ന്നുവരും. അവയെ ഉൾക്കൊള്ളുവാന്‍ ജന്മിത്വവ്യവസ്ഥയ്‌ക്ക്‌ കഴിയാതെ വരുമ്പോഴാണ്‌ മുതലാളിത്തവ്യവസ്ഥയിലേക്ക്‌ സമൂഹം എത്തിച്ചേരുന്നത്‌. ആധുനിക യന്ത്രങ്ങൾ പ്രവര്‍ത്തിക്കണമെങ്കിൽ അത്‌ പ്രവര്‍ത്തിപ്പിക്കുവാനുള്ള വിദ്യാഭ്യാസവും അറിവും ഉണ്ടാകേണ്ടതുണ്ട്‌. ജന്മിത്വവ്യവസ്ഥയിലാവട്ടെ കുലത്തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ അറിവുകൾ നിലനിൽക്കുന്നത്‌ എന്നതിനാൽ പുതിയ വിജ്ഞാനങ്ങളെ ഉൾക്കൊണ്ട്‌ യന്ത്രങ്ങൾ ഉൾപ്പെടെ പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷി ജനങ്ങൾക്ക്‌ കൈവരിക്കാനാവില്ല. തൊട്ടുകൂടായ്‌മ പോലെയുള്ള രീതികൾ ഒരു ഫാക്‌ടറി വ്യവസ്ഥ വളര്‍ന്നുവരുന്നതിന്‌ തടസ്സമാണ്‌. ചുരുക്കത്തിൽ, വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്കും ജന്മിത്വം തടസ്സമാകുന്നു. ഇത്തരമൊരു ഘട്ടത്തിൽ ജന്മിത്വത്തിനെതിരായുള്ള സാംസ്‌കാരികവും സാമൂഹ്യവുമായ മുന്നേറ്റങ്ങൾ രൂപപ്പെട്ടുവരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങൾ ഉൾപ്പെടെ ഉയര്‍ന്നുവരുന്നത്‌ ഇത്തരമൊരു മാറ്റത്തിന്റെ ഭാഗമായിട്ടാണ്‌. ജന്മിത്വത്തിൽനിന്ന്‌ ആധുനിക മുതലാളിത്തത്തിന്റെ വളര്‍ച്ചയിലേക്കുള്ള വഴികൾ വെട്ടിത്തുറക്കുന്നതിന്റെ ഭാഗമാണ്‌ നവോത്ഥാന ആശയങ്ങൾ എന്നു കൂടി കാണേണ്ടതുണ്ട്‌.
പഴയ ഭാഗങ്ങള്‍ ഇവിടെ  വായിക്കാം 

പുത്തലത്ത്‌ ദിനേശന്‍  ബോധി കോമണ്‍സ്ല്‍  എഴുതിയ  ലേഖനം. 

No comments: