Sunday 19 February 2017

ഉല്‍പ്പത്തി

ദൈവം

കോടാനു കോടി വര്‍ഷങ്ങള്‍,
എത്ര കോടി വര്‍ഷങ്ങള്‍ ആണെന്ന്
ഒരു കയ്യും കണക്കും ഇല്ല.
ലൂസിഫര്‍ ആയി കളിച്ചും വഴക്കിട്ടും
അങ്ങനെ ജീവിതം തള്ളി നീക്കി കൊണ്ടിരുന്നു.

ഒരു സായാഹ്നത്തില്‍
ലൂസിഫറും ഒത്ത് ചായ കുടിച്ചു കൊണ്ടിരിക്കുമോഴാണ്
ദൈവത്തിനു ആ ബുദ്ധി തോന്നിയത്.

ലൂസിഫറെ തനിച്ചു തോല്‍പ്പിക്കുവാന്‍
തനിക്കൊരിക്കലും കഴിയില്ലലോ,
എന്നെ പോലെ മറ്റൊരുവനെ സൃഷ്ട്ടിക്കുക
അങ്ങനെ ലൂസിഫറെ തോല്‍പ്പിക്കുക.

ആദം

ആദിയില്‍ ദൈവം തന്റെ സ്വരൂപത്തില്‍
ആദാമിനെ സൃഷ്ട്ടിച്ചു.
ആദാം ഏകനും വിഷാദനും
ആയി കണ്ടതിനാല്‍ ദൈവം
അവനൊരു കൂട്ട് കണ്ടു പിടിച്ചു.

ഹവ്വ

ആദമിനു കണ്ടു പിടിച്ച കൂട്ട് ഹവ്വ
പക്ഷേ,
ആദമിനെ പോലെ ആയിരുന്നില്ല.

ദൃഡമായ ശരീരത്തിനു പകരം മാംസളമായ ശരീരം
ഉയര്‍ന്നു തുളമ്പുന്ന മുലകള്‍
കൊത്തി വലിക്കുന്ന കണ്ണുകള്‍
അവസാനമില്ലാത്ത ചുഴികള്‍
ദൈവത്തിനു തന്നെ തന്റെ സൃഷ്ട്ടിയില്‍ അസൂയ ജനിച്ചു.

ഏദന്‍ തോട്ടം

ഹവ്വ ആകുന്ന ഏദന്‍ തോട്ടം
അതിലെ ഒത്ത നടുവിലെ
ഏറ്റവും രുചിയുള്ളതും ഫലഫുഷ്ട്ടി ഉള്ളതും ആയ
ഫലം കഴിക്കരുതെന്ന് ദൈവത്തിന്റെ തിട്ടൂരം.

അധികാരം

സൃഷ്ട്ടിയുടെ അധികാരം ആദ്യമായി പ്രയോഗിക്കപെട്ടത്
അവിടെ വെച്ചായിരുന്നു.

അത് നീ  ഭക്ഷിക്കരുത് എന്നും
അത് നീ  അവനു കൊടുക്കാതെ
കാത്തു സൂക്ഷിക്കണം എന്നും.

പോരാളി അഥവാ ലൂസിഫര്‍

ദൈവത്തിനു ഹവ്വയുടെ മേല്‍ ഒരു കണ്ണ് ഉണ്ടെന്നറിഞ്ഞ
ലൂസിഫര്‍ ആദ്യം ചെയ്തത്
അധികാരം കൊണ്ട് വിലക്കിയ ആ ഒത്ത കനി
ആദ്യം ഹവ്വയോടു കൂടി കഴിച്ചു നോക്കി.

വിലക്കിന്റെ കനി,
രുചിയുടെ ആഴം കാണിച്ചു കൊടുത്തപ്പോള്‍
ലൂസിഫര്‍ ഹവ്വയോടു മന്ത്രിച്ചു.

എനിക്ക് ഈ  രുചി നിനക്ക് കാണിച്ചു തരുവാന്‍ കഴിഞ്ഞെങ്കില്‍
ദൈവത്തിന്റെ പ്രതിരൂപമായ ആദത്തിന്
നീ ഈ കനി കൊടുത്താല്‍
ഉണ്ടാകുന്ന ആനന്ദം എത്രമാത്രം ആയിരിക്കും.

ദൈവം തന്നെ തോല്‍പ്പിക്കാന്‍
ഇറക്കിയ ചീട്ടു  എട്ടായി മടക്കി
ഹവ്വയുടെ കയ്യില്‍ വെച്ച് കൊടുത്തു വിട്ടു  ലൂസിഫര്‍.

പ്രതികാരം

തനിക്ക് വേണ്ടി കാത്തു വെച്ച
വിലക്കിന്റെ കനി
ലൂസിഫറും ആദവും
പങ്കിട്ടെടുത്തപ്പോള്‍ പിന്നെയും
തോറ്റ ദൈവത്തിനു പ്രതികാരം ജനിച്ചു.

ശാപം

പ്രതികാരം കൊണ്ട് ദൈവം തന്റെ ഉറ്റ ചങ്ങാതിയെ
തനിക്കൊപ്പം ഉയരാതെ ഇരിക്കുവാന്‍ മണ്ണില്‍ ഇഴയുന്ന പാമ്പായി ശപിച്ചു.

ഹവ്വ എന്ന തന്റെ ഏദന്‍തോട്ടത്തെ
നിറവയറും ആയി അലയുവാന്‍ ഭൂമിയില്‍ ഉപേക്ഷിച്ചു.

ആദം എന്ന തന്റെ സ്വരൂപത്തെ
മണ്ണിനോട് മല്ലിടുവാന്‍ 
ലൂസിഫറിനോടും ഹവ്വയോടും കലഹിക്കുവാന്‍  ശപിച്ചു.

വിജയം

ഉറ്റ കൂട്ടുകാരന്റെ ശാപത്തിലും ചതിയിലും
പരാതി പറയാതെ ലൂസിഫര്‍ ഒന്ന് പുഞ്ചരിക്കുക മാത്രം ചെയ്തു .
വിറളിയ മുഖവും ആയി ദൈവം സ്വര്‍ഗ്ഗത്തിലേക്കും.

No comments: