Tuesday 21 February 2017

ഒരു മെയില്‍ഷോവനിസ്റ്റ് എഴുതുന്നു

പെണ്ണിന്റെ ഒച്ച പുരയ്ക്ക് മുകളില്‍ പൊങ്ങിയാല്‍ കുലം മുടിഞ്ഞു പോകും എന്നും, പെണ്ണ് നടക്കുമ്പോള്‍ മുട്ട നിലത്തുണ്ടെങ്കില്‍ ആ മുട്ട പൊട്ടാതെ വേണം നടക്കണം എന്നും, ആണുങ്ങളെ പോലെ മലര്‍ന്നു നിവര്‍ന്നു കിടക്കരുത് എന്നും ചെരിഞ്ഞേ കെടക്കാവൂ എന്നും ഓക്കേ പെണ്‍കുട്ടികളെ ഉപദേശിച്ചു കേട്ട് വളര്‍ന്നു വരുന്ന ഒരു സമൂഹത്തില്‍ ആണ് ഞാന്‍ ജീവിച്ചത്, ജീവിക്കുന്നത്, ജീവിച്ചു കൊണ്ടേ ഇരിക്കുന്നത്. ആണ്‍ കുട്ടിയുടെ ഒച്ച താരതമ്യേന പതുക്കെ ആണെങ്കില്‍ ഇവന്‍ എന്താണ് ഒരു മാതിരി പെണ്‍കുട്ടികളെ പോലെ, ആണുങ്ങള്‍ ആയാല്‍ കുറച്ചു ശബ്ദ ഗാംഭീര്യം വേണം , എന്നും പെണ്ണുങ്ങളെ പോലെ നടക്കാതെ ആണുങ്ങള്‍ ആയി നടക്കുവാനും ഓരോ നിമിഷവും വീട്ടുകാരും സമൂഹവും ഓരോ ആണ്‍കുട്ടിയുടെ മേലും പുരുഷ സമൂഹത്തിന്റെ മുദ്രകള്‍ ഏതു വിധേന ആണ് വേണ്ടത് എന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ ആണ്‍കുട്ടിക്ക് / പുരുഷന് എന്തെങ്കിലും വിശേഷ്യ മേന്മകള്‍ ഉണ്ട് എന്ന് ഞാന്‍ പോലും അറിയാതെ എന്റെ ഉപ ബോധ മനസ്സിലേക്ക് കയറുന്നതില്‍ ആരെയാണ് ഞാന്‍ കുറ്റ പെടുത്തുക ? ആരെയാണ് നിങ്ങള്‍ക്ക് കുറ്റ പെടുത്താന്‍ ആവുക ? താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞതും, പഴഞ്ചന്‍ ചിന്താ ഗതികള്‍ എന്ന് നമ്മള്‍ ആക്ഷേപിക്കുന്ന നമ്മുടെ മാതാപിതാക്കളെ എങ്ങനെ കുറ്റം പറയുവാന്‍ കഴിയും ? അവര്‍ക്ക് ലഭിച്ചിരിക്കുന്നതല്ലേ അവര്‍ നമുക്ക് നല്‍കുന്നത് ? അപ്പന്റെ ആട്ടും തുപ്പും കേട്ടാലും കേട്ടിയവനോടുള്ള കര്‍ത്തവ്യം മറക്കാത്ത അമ്മമാരെ കണ്ടല്ലേ നമ്മുടെ പെണ്‍കുട്ടികള്‍ വളര്‍ന്നു വരുന്നത്? അമ്മയെ തല്ലുന്നതും അമ്മയെ തെറി വിളിക്കുന്നതും കണ്ടിട്ടും അമ്മ പിന്നെയും അപ്പനോട് സ്നേഹം കാണിക്കുമ്പോള്‍ നമ്മള്‍ എന്താണ് കരുതുക ? ഏതൊക്കെ ആണ് ഒരു പുരുഷന്‍ എന്നത് ആരെ, ഏതു ബിംബത്തെ കണ്ടാണ്‌ നമ്മള്‍ പഠിക്കുക ? ഇതൊന്നും ആരും പഠിപ്പിക്കേണ്ടതല്ല ഒരു മനുഷ്യന്‍ എന്ന നിലയില്‍ സാമൂഹ്യ ജീവി എന്ന നിലയില്‍ ഒരുവന്‍ സ്വയം കണ്ടു ചെയ്യേണ്ടതാണ് എന്നല്ലേ നിങ്ങള്‍ വിചാരിക്കുന്നത് ?, എങ്ങനെ അത് ചെയ്യും എന്ന് കൂടി പറഞ്ഞു തരിക.
സ്കൂളില്‍ ചെറിയ ക്ലാസുകളില്‍ ഏതെങ്കിലും കുസൃതി കാണിച്ചാല്‍ ചിലപ്പോഴെങ്കിലും ഒരുവിധം അധ്യാപകര്‍ ചെയ്യുന്ന ഒരു ശിക്ഷ ഉണ്ട്. പെണ്‍കുട്ടികളുടെ അടുത്തു കൊണ്ട് പോയി ഇരുത്തുക. ആണും പെണ്ണും രണ്ടും രണ്ടു ദ്രുവങ്ങള്‍ ആണ് എന്നും, നീ ഇനിയും ഇത് പോലെ കാണിച്ചാല്‍ നിന്നെ എന്നും ഇവളുമാരുടെ അടുത്തു ഇരുത്തും എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും ഇല്ലെങ്കിലും ഏതെങ്കിലും ഒരു കുട്ടിയ്ക്ക് 'അത്' എന്തോ അപരാധം ആണ് എന്നും തോന്നിയാല്‍ ആരെയാണ് കുറ്റ പെടുത്തുക. വീട്ടില്‍ പെങ്ങന്മാരില്ലാത്ത ഒരു കുട്ടിയാണ് അത്തരത്തില്‍ ശിക്ഷക്കു വിധേയമായതെങ്കില്‍ എപ്പോഴാണ് അത് എന്നെ പോലെ തന്നെ ഒരു ജീവി ആണെന്നും അവളുടെ കൂടെ ഇരുന്നാല്‍, അവളുടെ കൂടെ നടന്നാല്‍, അവളുടെ കൂടെ കെടന്നാല്‍ തനിക്കു ഒന്നും സംഭവിക്കില്ല എന്ന് മനസ്സിലാക്കുക, പെണ്ണ് ഒരു മരീചിക ആയി അവന്റെ ഉള്ളില്‍ അത്ര ചെറുപ്പത്തിലെ ഇടം പിടിപ്പിക്കുന്നതില്‍ ആരെയാണ് നിങ്ങള്‍ കുറ്റം പറയുക? പിന്നീട് അധികം വിദ്യാഭ്യാസം ലഭിക്കാതെ വരികയും സ്ത്രീ സൌഹ്രധങ്ങള്‍ ഇല്ലാതെ വരികയും ചെയ്യുന്ന ഒരു പുരുഷന് അവനു സമൂഹത്തില്‍ നിന്ന് പകര്‍ന്നു കിട്ടുന്ന അറിവ് എന്തൊക്കെ ആണ് ? ഏതൊക്കെ തരത്തില്‍ ആണ് ? ആണുങ്ങളെ പോലെ ആവാന്‍ ശ്രമിക്കലാണ് പെണ്ണ് ജീന്‍സ് ഇട്ടാല്‍ എന്നും, മൂത്ത് കഴച്ചു നടക്കുന്ന പെണ്ണുങ്ങള്‍ ആണ് ജീന്‍സും ഷര്‍ട്ടും ഇട്ടു നടക്കുന്നത് എന്നും അവളെ കണ്ടാല്‍ അറിയാം അവള്‍ വെടിയാണ് എന്നും പറഞു പറഞ്ഞു പതം വന്നിടത്ത് നിന്നാണ് ആ അറിവ് വികസിക്കുന്നത്. അതങ്ങനെ അല്ല എന്ന് പറഞ്ഞു മനസ്സിലാക്കുവാന്‍ ആരുണ്ട്‌ ? നിന്റെ വീട്ടിലും ഇല്ലേ അമ്മ അവരോടാണേല്‍ ഇങ്ങനെ ഓക്കേ ചിന്തിക്കുവാനും സംസാരിക്കുവാനും കഴിയുമോ എന്നല്ലേ ? രണ്ടായിരത്തിനു ശേഷം ജനിച്ച ഒരു തലമുറയ്ക്ക് ഒരു പക്ഷേ അമ്മയോടും അച്ഛനോടും സൌഹ്രധങ്ങള്‍ സൂക്ഷിക്കാന്‍ പറ്റിയെന്നു ഇരിക്കും. അതിനു മുന്‍പുള്ള തലമുറകള്‍ക്ക് എത്ര പേര്‍ക്ക് അച്ഛനോടും അമ്മയോടും സ്വതന്ത്രമായി സംസാരിക്കുവാന്‍ കഴിയും. രണ്ടായിരത്തിനു ശേഷം ആണെങ്കിലും താരതമ്യേന കഷ്ട്ടപാടും ദുരിതങ്ങളും ആയി ജീവിക്കുന്ന ഒരു അച്ഛനോടും അമ്മയോടും ഒരു കുട്ടിയ്ക്ക് എത്രമാത്രം സൌഹ്രധമായി ഫ്രീ ആയി അവന്റെ പെണ്‍ സൌഹ്രധത്തെ കുറിച്ച് സംസാരിക്കുവാന്‍ കഴിയും ? നിങ്ങള്‍ എപ്പോഴും എവിടെയും ചര്‍ച്ച നടത്തുന്നത് ഇടത്തരക്കാരന്റെയും മേല്‍ തട്ടില്‍ ഉള്ളവരുടെയും വികാരങ്ങളെ വെച്ച് മാത്രമാണ്.
എവിടെ വെച്ചാണ് നല്ലൊരു സ്ത്രീ ബന്ധം കിട്ടുക ? ഒരു പെണ്‍കുട്ടിയുമായി സാധാരണ രീതിയില്‍ ചിരിച്ചു കളിച്ചു വര്‍ത്തമാനം പറയുവാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ കവലയിലോ, ഗ്രാമത്തിലോ, ടൌണിലോ സാധിക്കുമോ ?, എന്താടാ അവളായിട്ടു ഒരു ചുറ്റിക്കളി? നല്ല ഉഗ്രന്‍ ചരക്കാ അവള്, വല്ലതും നടക്കുവോടെ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് എന്തായാലും മറുപടി കൊടുത്തേ മതിയാവൂ, അത് ഏതു തരത്തിലുള്ള മറുപടി ആയിരിക്കും ? യേ അങ്ങനെ ഒന്നും ഇല്ലാ ഞങ്ങള്‍ നല്ല കൂട്ടാണ് എന്ന് പറഞ്ഞാല്‍ തിരിച്ചു അത് എന്റെ പൌരഷത്തിനു നേരെ ഉള്ള ചോദ്യം ആകും, ഇത് പോലുള്ള ഒരു ചരക്കിനെ വെറും കൂട്ട് മാത്രമോ നിനക്ക് അയ്യേ! എന്ന് ആയിരിക്കും മറുപടി. ഈ പൌരഷം എന്നത് ഇതാണോ എന്നതല്ലേ ചോദ്യങ്ങള്‍, അല്ല ബ്രോ ഇതൊന്നും അല്ല, അതൊന്നും ഇവിടെ പ്രസക്തി ഇല്ല, ഞാന്‍ പറയുന്നത് ഈ സമൂഹത്തിലെ കാര്യങ്ങള്‍ ആണ്, താത്വികമായ ബൌദ്ധീകമായ, മനീഷി ചിന്തകര്‍ക്ക് വേണ്ടി അല്ല. ഇനി വീട്ടില്‍ ആണെങ്കില്‍ നീ കവലയില്‍ ആ തല തെറിച്ച നസ്രാണി പെണ്ണും ആയി, ആ പൊലച്ചിയും ആയി, ആ കാക്കച്ചിയും ആയി കളിച്ചു ചിരിക്കുന്നത് കേട്ടല്ലോ, ഞാനിപ്പോഴേ പറഞ്ഞേക്കാം, നാട്ടുകാരെ കൊണ്ട് ചുമ്മാ അതും ഇതും പറയിപ്പിച്ചെക്കരുത്. അപ്പോള്‍ ചോദ്യം നമ്മള്‍ ചോദിച്ചു വരുന്നത് ഇതാണ് ആരുടെതാണ് പ്രശ്നം ?
ഒരു ''നോ'' അത് എന്ത് തന്നെ ആണെങ്കിലും അത് ഒരു നോ തന്നെ ആണ് എന്ന് മനസ്സിലാക്കുവാന്‍ പിങ്ക് പോലുള്ള സിനിമകള്‍ കണ്ടാല്‍ ആണ് ചിലപ്പോള്‍ എന്നേ പോലുള്ളവര്‍ക്ക് മനസ്സിലാവുക. ഒരു സ്ത്രീയുടുടെ ചിരിയും കളിയും നോട്ടവും എല്ലാം അവള്‍ ഈ പുരുഷന്മാരെ മുഴുവനും കഴപ്പ് മാറ്റുവാന്‍ ആയി വിളിക്കുന്നതാണ് എന്നുള്ള മുന്‍ധാരണകള്‍, (അത് മുന്‍ധാരണ മാത്രമല്ല, അതെന്റെ ശീലം ആണ്, ഞാന്‍ പരിശീലിച്ച, അല്ലെങ്കില്‍ എന്നേ പരിശീലിപ്പിച്ച ഒന്നാണ് ) മാറ്റുവാന്‍ ഏതു വിദ്യാഭ്യാസത്തിനു കഴിഞ്ഞട്ടുണ്ട് ? ഏതു സാമൂഹ്യ വെവസ്ഥക്ക് ആണ് കഴിഞ്ഞിരിക്കുന്നത് ? നിങ്ങള്‍ പുരുഷന്മാരുടെ കുറ്റങ്ങള്‍ മുഴുവനും സമൂഹത്തിന്റെ മേല്‍ ചാരി രക്ഷപെടുക ആണ് എന്നല്ലേ ? അല്ല, ഇതില്‍ രക്ഷ പെടലിന്റെയോ ന്യായികരണത്തിന്റെയോ ആവശ്യങ്ങളോ ധാരണകളോ ഇല്ല . സ്ത്രീയുടെ പാവാട കുറച്ചു പൊങ്ങിയാല്‍ അതവള്‍ നിനക്ക് നല്‍കുന്ന ക്ഷണം ആണെന്നും, ആണിന്റെ മുണ്ട് ചന്തിക്ക് മുകളില്‍ മടക്കി കുത്തിയാല്‍ പോലും അത് പൌരഷത്തിന്റെ പ്രതീകം ആണെന്നും ആരാണ് പഠിപ്പിച്ചട്ടുള്ളത്? എന്തൊക്കെ പറഞ്ഞാലും നീ വെറും ഒരു പെണ്ണാണ് വെറും പെണ്ണ്, എന്ന് ആരാണ് പഠിപ്പിക്കുന്നത്‌, സിനിമ വെറും സിനിമ അല്ലേ ? അത് വെറും കാഴ്ചകള്‍ ആല്ലേ ? അതങ്ങനെ കണ്ടു ആസ്വദിച്ചു വിടുക എന്നല്ലേ ? അല്ല, ഇവ എങ്ങനെ നമ്മളെ സ്വാധീനിക്കുന്നു എന്ന തിയറി ഫ്രോയിഡന്‍ ചിന്താ ധാരണകളെ വെച്ച് ഉദ്ധരിക്കുക എന്റെ പണിയല്ല, എങ്കിലും ഇവയെല്ലാം നമ്മളെ നമ്മള്‍ പോലും അറിയാതെ സ്വാധിനീക്കുന്നുണ്ട് എന്ന് എളുപ്പത്തില്‍ പറയാം, നല്ല ഒരു ആക്ഷന്‍ പടം കണ്ടു നമ്മുടെ കുഞ്ഞു കുട്ടികള്‍ അടുത്തിരിക്കുന്ന നമ്മളെ ചിലപ്പോള്‍ വെറുതെ ഇടിച്ചെന്നു വരും, സുരേഷ് ഗോപിയോടുള്ള ആരാധന മൂത്ത് പോലീസ് ആയി ഇറങ്ങി പുറപെട്ടവര്‍ ആരെങ്കിലും ഉണ്ടാകും, അധോലോക സിനിമള്‍ കണ്ടു ഒരു ജാക്കിയോ ദാവൂദ് ഇബ്രഹിമോ ആവാന്‍ കൊതിച്ചവര്‍ പലരും ബോംബക്ക് വണ്ടി കയറിയിട്ടുണ്ടാകും അത് കൊണ്ട് സിനിമ വെറും സിനിമ മാത്രം ആണെന്ന് പറയരുത്.
തീര്‍ച്ചയായിട്ടും ഒരു സൌമ്യയോ, ജ്യോതി സിംഗോ, ജിഷയോ, ഭാവനയോ ഇവിടെ കാര്യമാത്രമായ ഒരു മാറ്റം കൊണ്ട് വരും എന്ന് എനിക്ക് തോന്നുന്നില്ല, ഞാന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഭാവനയ്ക്ക് എതിരെ ഉള്ള ആക്രമണത്തില്‍ മമ്മൂട്ടി അപലപിക്കുന്നത്‌ കണ്ടിട്ട് കയ്യടിച്ചതിനു ശേഷം, അതിലെ പുരുഷ സംരക്ഷണത്തെ വിമര്‍ശിച്ച രെശ്മിയെ തെറി പറയുവാന്‍ പോയവരാണ്. അപ്പോള്‍ അത് കൊണ്ട് ഈ എഴുതുന്നതും പറയുന്നതും എല്ലാം വെറുതെ ആണ് . ഞാന്‍ നല്ലൊരു മെയില്‍ ഷോവനിസ്റ്റ് ആണ് എന്ന് അടിവര ഇട്ടു തന്നെ ഞാന്‍ പറയുന്നു, എപ്പോഴും എല്ലായ്പ്പോഴും ഞാന്‍ അത്തരത്തില്‍ ആണ് പ്രവര്‍ത്തിച്ചട്ടുള്ളത്, എങ്കിലും ചിലപ്പോഴെങ്കിലും വായനയും സൌഹ്രധങ്ങളും സിനിമകളും എല്ലാം അതില്‍ നിന്നും ആരോടെങ്കിലും ഇടക്കെപ്പോഴെങ്കിലും ഒന്ന് മാറ്റി ചിന്തിക്കുവാന്‍ കഴിഞ്ഞട്ടുണ്ടെങ്കില്‍ അത് ഞാന്‍ ആര്‍ജ്ജിച്ചെടുത്ത പോളിറ്റിക്കലി കറക്റ്റ് ആകുവാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതിന്റെ ഭാഗം ആണ്. അത് അങ്ങനെ മുന്നോട്ടു കൊണ്ട് പോകാണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും നേരത്തേ പറഞ്ഞ സമൂഹത്തിന്റെ പൌരുഷ പുരുഷ നിര്‍വചനങ്ങളില്‍ ചില സ്വകാര്യ ഇടങ്ങളില്‍ സംഭാഷണങ്ങളില്‍ എങ്കിലും മിക്കപ്പോഴും അവയൊക്കെ തെറ്റിക്കുന്നു. ഉള്ളില്‍ നമ്മള്‍ തന്നെ തളച്ചിടുന്ന ചില മംഗലശ്ശേരി നീലകണ്ടന്‍മാര്‍ ചിലപ്പോഴെങ്കിലും തല പൊക്കും.
ക്യാപ്പിറ്റല്‍ പണീഷ്മെന്റ് വിധിക്കണം എന്നും, ലിംഗം ചെത്തി കളയണം എന്നും ഉള്ള ആക്രോശങ്ങള്‍ കാലങ്ങാലായി കേട്ട് കൊണ്ടിരിക്കുന്നതാണ്, അതാണോ അതിന്റെ പ്രതിവിധി, നീ ചെത്തി കളഞ്ഞ ആറിഞ്ചു സാധനമല്ലടി എന്റെ ആണത്തം എന്ന് പഠിപ്പിച്ചിരിക്കുന്ന സമൂഹത്തോടാണ് ഈ ചെത്തി കളയല്‍ വിപ്ലവം പറയുന്നത്. മൂന്നു മാസമായ കുഞ്ഞിനെ ഉറങ്ങി കിടക്കുന്നിടത്ത് നിന്ന് ഇടുത്തു കൊണ്ട് പോയി പീഡിപ്പിക്കുന്നതും എണ്‍പത് വയസ്സായ സ്ത്രീയെ വായില്‍ തുണി തിരുകി കയറ്റി പീഡിപ്പിക്കുന്നതും അഞ്ചു മിനിട്ട് സുഖത്തിനു വേണ്ടി ആണെന്ന് കരുതുന്നത് തന്നെ ആണ് പ്രശനം, ഇതൊക്കെ ഒരു അസുഖം ആണ് അത് കണ്ടെത്തി ചികല്‍സിക്കുക എന്നല്ലാതെ ഇത്തരം കാപ്പിറ്റല്‍ പണീഷ്മെന്റിനോട് ഒരു മെയില്‍ ഷോവനിസ്റ്റ് ആയ എനിക്ക് യോജിക്കുവാന്‍ വിയോജിപ്പുണ്ട്. ചികല്‍സിക്കണം ഞങ്ങളെ ചികല്‍സിക്കണം ഒരു 'നോ' നോ ആണെന്നും, അവളുടെ ചിരിയും കളിയും തമാശയും, ഒന്ന് സ്നേഹത്തോടെ ചേര്‍ന്നിരിക്കലും ഒരു സ്പര്‍ശനവും സെക്സ് സിംബല്‍ അല്ല എന്ന് ഞങ്ങളെ പഠിപ്പിക്കണം, അതിനു ഞങ്ങളെ ചികല്‍സിക്കണം. ഇതൊക്കെ സ്വയം ആര്‍ജ്ജിച്ചു പഠിച്ചറിഞ്ഞു വരുമ്പോഴേക്കും ഒരു പാട് വൈകും .

No comments: