Tuesday 12 July 2016

എന്താണ് മാര്‍ക്സിസം ? (അടിസ്ഥാന പാഠങ്ങള്‍ ) ഭാഗം അഞ്ച് What is Marxism basic lessons

മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 5

5. വൈരുദ്ധ്യാത്മക ഭൗതികവാദം ചുരുക്കത്തിൽ

മാർക്‌സിയൻ ദർശനത്തിന്റെ ഒരു ഭാഗമായ വൈരുദ്ധ്യാത്മക ഭൗതികവാദം കഴിഞ്ഞ ഭാഗത്തോടെ അവസാനിച്ചു. അടുത്തതായി മാർക്‌സിയൻ ദർശനത്തിന്റെ അടുത്ത ഭാഗമായി ചരിത്രപരമായ ഭൗതികവാദമാണ്‌ നമുക്ക്‌ മനസിലാക്കാനുള്ളത്‌. അതിന്‌ മുമ്പ്‌ വൈരുദ്ധ്യാത്മക വാദത്തിന്റെ പ്രാഥമിക പാഠവുമായി ബന്ധപ്പെട്ട്‌ അവതരിപ്പിച്ച കാര്യങ്ങൾ ഒന്ന്‌ ഓർമ്മപ്പെടുത്തുകയാണ്‌. താഴെ പറയുന്ന കാര്യത്തിൽ സംശയമുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വായിച്ചു നോക്കേണ്ടതാണ്‌.

5.1 രണ്ട്‌ ചിന്താഗതികൾ

ചിന്തയാണോ ഭൗതിക വസ്‌തുവാണോ പ്രധാനം എന്ന ചോദ്യം ദാർശനികരംഗത്ത്‌ സജീവമായി പ്രാചീനകാലം തൊട്ടേ നിലനിന്ന ഒന്നായിരുന്നു. മാർക്‌സിന്റെ കാലത്തും സജീവമായി ഈ ചർച്ച പല വിധത്തിലും നടക്കുകയുണ്ടായി. ചിന്തയാണ്‌ പ്രധാനം എന്ന്‌ പറയുന്ന വാദക്കാർ ആശയവാദികളെന്നും ഭൗതിക വസ്‌തുക്കൾ (പദാർത്ഥം) ആണ് പ്രാഥമികം എന്ന്‌ പറയുന്ന വാദക്കാർ ഭൗതികവാദികളെന്നും അറിയപ്പെട്ടു.

5.2 മാർക്‌സിന്റെ സംഭാവന

മാർക്‌സ്‌ തന്റെ കാലത്ത്‌ ഏറെ വികസിച്ചിരുന്ന ഈ രണ്ട്‌ ചിന്താധാരകളേയും പരിശോധനയ്‌ക്ക്‌ വിധേയമാക്കി. എന്നിട്ട്‌ ഭൗതിക വസ്‌തുക്കളാണ്‌ പ്രാഥമികം എന്ന്‌ അദ്ദേഹം വിലയിരുത്തി. (തലച്ചോറില്ലെങ്കിൽ ചിന്തയില്ലല്ലോ) ഭൗതിക വസ്‌തുക്കളിൽ നിന്ന്‌ ചിന്ത രൂപപ്പെട്ട്‌ കഴിഞ്ഞാൽ ചിന്തയ്‌ക്ക്‌ ഭൗതിക വസ്‌തുക്കളെ മാറ്റുന്നതിനുള്ള ശേഷിയുണ്ടെന്നും മാർക്‌സ്‌ നിരീക്ഷിച്ചു. ഇങ്ങനെ ഭൗതിക വസ്‌തുക്കളാണോ ചിന്തയാണോ പ്രധാനം എന്ന ദാർശനിക രംഗത്തെ ഒരു സുപ്രധാന സമസ്യ മാർക്‌സ്‌ പൂരിപ്പിച്ചു. ദാർശനിക ലോകത്തെ മാർക്‌സിന്റെ പ്രധാന സംഭാവനയാണ്‌ ഇത്‌.

5.3 ഭൗതിക വസ്‌തുക്കളും അതിന്റെ സവിശേഷതകളും

ഭൗതിക വസ്‌തുക്കൾ അഥവാ പദാർത്ഥമാണ്‌ അടിസ്ഥാനം. അതിന്റെ വിവിധ രൂപങ്ങളുണ്ട്‌. ഖരം, ദ്രാവകം, വാതകം, പ്ലാസ്‌മ, ഊർജ്ജ രൂപങ്ങൾ എന്നിവയാണ്‌ അതെന്ന്‌ പൊതുവിൽ പറയാം. പദാർത്ഥത്തിന്റെ പ്രധാന സവിശേഷത അവ ചലിക്കുന്നു അഥവാ മാറുന്നു എന്നതാണ്‌. ഭൗതിക വസ്‌തുക്കൾ പ്രാഥമികമായിരിക്കുകയും അവ ചലിക്കുകയും മാറുകയും ചെയ്യുകയാണ്‌. അപ്പോൾ മാറ്റം എന്നത്‌ ലോകത്തിന്റെ സ്വഭാവം തന്നെയായി തീരുന്നുവെന്നും മാർക്‌സ്‌ നിരീക്ഷിച്ചു. മാത്രമല്ല എല്ലാ വസ്‌തുക്കളും പ്രതിഭാസങ്ങളും പരസ്‌പരം ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌ എന്നും അദ്ദേഹം നിരീക്ഷിച്ചു. ഒറ്റപ്പെട്ട്‌ കിടക്കുന്ന ഒന്നുമില്ല. അതിനാൽ നാം എന്തിനെ കുറിച്ച്‌ മനസിലാക്കാൻ ശ്രമിക്കുമ്പോഴും അതിന്റെ പരസ്‌പര ബന്ധത്തിലും അതിൽ വന്ന മാറ്റത്തിന്റേയും അടിസ്ഥാനത്തിൽ പഠിക്കണമെന്നും മാർക്‌സ്‌ നിരീക്ഷിച്ചു.

5.4 മാറ്റത്തിന്റെ കാരണം, രീതി, ദിശ

എല്ലാ വസ്‌തുക്കളിലും പ്രതിഭാസങ്ങളിലും വിരുദ്ധങ്ങളായ ശക്തികളോ വശങ്ങളോ അടങ്ങിയിരിക്കുന്നു. (വൈരുദ്ധ്യാത്മകത) ഇവ തമ്മിൽ യോജിപ്പുമുണ്ട്‌ (അതാണ്‌ അതിന്റെ അസ്ഥിത്വത്തിനടിസ്ഥാനം), അവ തമ്മിൽ സംഘട്ടനവുമുണ്ട്‌ (അതാണ്‌ മാറ്റത്തിന്‌ അടിസ്ഥാനം). വിപരീതങ്ങളുടെ ഐക്യവും സമരവുമെന്ന ഈ രീതിയാണ്‌ വളർച്ചയ്‌ക്ക്‌ കാരണം. മാറ്റത്തിന്‌ കാരണം ഭൗതിക വസ്‌തുക്കളിലും പ്രതിഭാസങ്ങളിലും നിലനിൽക്കുന്ന ഐക്യവും സമരവുമാണെന്ന്‌ മാർക്‌സ്‌ നിരീക്ഷിച്ചു. മാറ്റത്തിന്റെ രീതി അളവിലുണ്ടാകുന്ന മാറ്റവും ഗുണത്തിലുണ്ടാകുന്ന മാറ്റവുമാണെന്ന്‌ കണ്ടെത്തി. മാറ്റത്തിന്റെ ദിശ എന്നത്‌ നിഷേധത്തിന്റെ നിഷേധമെന്ന രൂപത്തിലാണെന്നും വ്യക്തമാക്കി. പ്രപഞ്ചം എന്നത്‌ ഇവിടെ തന്നെ നിലനിന്നിരുന്ന ഒന്നാണെന്നും അവയുടെ സ്വഭാവം മാത്രമാണ്‌ മാറുന്നത്‌ എന്നും വിലയിരുത്തി. ഇങ്ങനെ മാറ്റത്തിന്റേയും ചലനത്തിന്റേയും പരസ്‌പര ബന്ധത്തിന്റേയും അടിസ്ഥാനത്തിൽ നിലനിൽക്കുന്നതാണ്‌ ലോകമെന്ന്‌ വിലയിരുത്തി.

5.5 ജ്ഞാന സിദ്ധാന്തം

മനുഷ്യന്‌ അറിവ്‌ രൂപപ്പെടുന്നത്‌ ചുറ്റുപാടുകളിൽ നിന്നാണ്‌. ഇങ്ങനെ ലഭിക്കുന്ന അറിവുകൾ മനുഷ്യരും അവരുടെ കൂട്ടായ്‌മയും ചിന്താമണ്ഡലത്തിൽ വെച്ച്‌ അവരുടെ ആവശ്യങ്ങൾക്ക്‌ അനുസരിച്ച്‌ കൂടുതൽ വികസിപ്പിച്ച്‌ സമൂഹത്തിന്‌ നൽകുകയാണ്‌ ചെയ്യുന്നത്‌. വീണ്ടും വരുന്ന തലമുറ ഈ അറിവുകളെ കൂടുതൽ സമ്പുഷ്‌ടമാക്കി അടുത്ത തലമുറയ്‌ക്ക്‌ കൈമാറുന്നു. അങ്ങനെ അറിവുകൾ വികസിക്കുന്നു. അറിവുകൾ രൂപപ്പെട്ട്‌ കഴിഞ്ഞാൽ അവ ഉപയോഗിച്ച്‌ ചുറ്റുപാടുകളെ മാറ്റാനും കഴിയും.

5.6 സിദ്ധാന്തവും പ്രയോഗവും

അറിവ്‌ ശരിയാണോ എന്ന്‌ പരിശോധിക്കുന്നത്‌ പ്രയോഗത്തിൽ നിന്നുകൊണ്ടാണ്‌. പ്രയോഗത്തിൽ അത്‌ ശരിയല്ലെന്ന്‌ തെളിയിക്കപ്പെടുമ്പോൾ സിദ്ധാന്തം നാം തിരുത്തേണ്ടി വരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വീണ്ടും പ്രയോഗിക്കുന്നു. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നിന്ന്‌ വീണ്ടും സിദ്ധാന്തത്തെ നവീകരിക്കുന്നു. ഇങ്ങനെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പരസ്‌പര ബന്ധത്തിൽ നിന്നാണ്‌ അറിവ്‌ വികസിക്കുന്നത്‌. അറിവ്‌ പ്രയോഗിക്കുമ്പോൾ സ്ഥലകാലങ്ങളെ തിരിച്ചറിയേണ്ടതുണ്ട്‌. സ്ഥലകാലത്തെ മനസിലാക്കി വേണം സിദ്ധാന്തം പ്രയോഗിക്കാൻ. ഇങ്ങനെ ചുറ്റുപാടുകളുമായി പരസ്‌പരം ബന്ധപ്പെട്ടുകൊണ്ട്‌ നിലനിൽക്കുന്നതാണ്‌ അറിവും അതിന്റെ വികാസവും.

5.7 മറ്റു കാര്യങ്ങൾ

ഇതുവരെ ‘മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങളി’ൽ അവതരിപ്പിച്ച ആശയങ്ങളുടെ രത്‌നചുരുക്കമാണിത്‌. ഇതിലേതെങ്കിലും ഭാഗത്ത്‌ അവ്യക്തത തോന്നുന്നുവെങ്കിൽ അതുമായി ബന്ധപ്പെട്ട പോസ്റ്റ്‌ ഒന്നുകൂടി വായിച്ച്‌ വ്യക്തത വരുത്തേണ്ടതുണ്ട്‌. അടുത്ത ഭാഗത്തേയ്‌ക്ക്‌ കടക്കുമ്പോൾ ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ അതുകൂടി വ്യക്തമാക്കണം. നിരവധി ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. പലതിനും മറുപടി നൽകാതിരുന്നത്‌ അത്തരം കാര്യങ്ങളാണ്‌ തുടർന്ന്‌ അവതരിപ്പിക്കുന്നത്‌ എന്നത്‌ കൊണ്ടാണ്‌. ഇനി വരുന്ന ഭാഗത്തും ഇവിടെ ഉയർന്നു വന്ന ചോദ്യങ്ങൾക്കുള്ള പ്രതികരണങ്ങളുണ്ട്‌. ‘മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ’ ആരംഭിക്കുമ്പോൾ അടിസ്ഥാന സിദ്ധാന്തങ്ങളല്ല മറിച്ച്‌ പുതിയ വികാസങ്ങളാണ്‌ ചർച്ച ചെയ്യേണ്ടത്‌ എന്ന കാഴ്‌ചപ്പാട്‌ ചില സുഹൃത്തുക്കൾ മുന്നോട്ട്‌ വെച്ചിരുന്നു. എന്നാൽ അടിസ്ഥാന പാഠങ്ങൾ മനസിലാക്കാതെ വികാസത്തെ കുറിച്ച്‌ ചർച്ച ചെയ്യാനാവില്ല എന്നതിനാലാണ്‌ ആ ദിശയിലേക്ക്‌ പോകാതിരുന്നത്‌. പിന്നെ പ്രാഥമികമായ പാഠങ്ങൾ ആവശ്യമുള്ളവരെയാണ്‌ ഇത്‌ പ്രധാനമായും ലക്ഷ്യം വെച്ചത്‌. മാർക്‌സിസത്തെ പറ്റി പൊതുവിൽ അറിയുമെങ്കിലും കൃത്യതയോടെ മനസിലാക്കുന്നതിലുള്ള പോരായ്‌മ പൊതുവെ പ്രകടമാണ്‌. ഈ അനുഭവം കൂടി ഉള്ളതുകൊണ്ടാണ്‌ ഇത്തരത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചത്‌.

പഴയ ഭാഗങ്ങള്‍ ഇവിടെ  വായിക്കാം 

പുത്തലത്ത്‌ ദിനേശന്‍  ബോധി കോമണ്‍സ്ല്‍  എഴുതിയ  ലേഖനം. 

No comments: