ഇക്കഴിഞ്ഞ ദിവസം രാജ്യം 'കനത്ത സുരക്ഷയിൽ' റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ആരുടെ സ്വാതന്ത്ര്യം ആരുടെ റിപ്പബ്ലിക് ആണ് ആഘോഷിക്കുന്നത് എന്നതാണ് ചോദ്യം ? ഭരണകൂടം തന്റെ പൗരന്മാരെ ശത്രുക്കളായി കാണുന്ന രാജ്യത്ത് ആരാണ് സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ? ആരാണ് സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലാരകുന്നത് ?
ഹിരോഷിമ ദിനവും നാഗസാക്കി ദിനവും ഓർമ്മിക്കുന്ന നമ്മൾ അവരുടെ നഷ്ട്ടങ്ങൾക്കു മുന്നിൽ സർവ്വ മത പ്രാർത്ഥനയും മെഴുകുതിരി കത്തിച്ചു കണ്ണീർ വാർക്കുകയും ചെയ്യുന്നു.
എന്നാൽ ഇവിടെ കേരളത്തിൽ കാസറഗോഡ് എന്നൊരു ദുരിത സ്ഥലം ഉണ്ട്. അതെദുരിത സ്ഥലം തന്നെ. ഹിരോഷിമയിലും നാഗസാക്കിയിലും യുദ്ധ കൊതി മൂത്ത ഭരണ വർഗ്ഗങ്ങൾ തലമുറകളെ വരെ അറുത്തു മാറ്റുന്ന അണുവികരണങ്ങൾ വർഷിച്ച ദുരിതങ്ങൾക്ക് സമാനമായി ദുര മൂത്ത ഭരണവർഗ്ഗം വിഷമഴ പെയ്യിപ്പിച്ച് ഇന്നും 'മനുഷ്യ കൊലങ്ങളല്ലത്ത' കുട്ടികൾ ജനിച്ചു വീഴുന്ന കാസർഗോഡ്. 'അറപ്പും വെറുപ്പും ഉളവാക്കുന്ന മനുഷ്യ കോലങ്ങൾ' ആയി അവർ ജനിച്ചു വീഴുന്നു, അപസ്മാരവും, ഓട്ടിസവും, ബുദ്ധി മാന്ദ്യവും, അംഗപരിമിതികളും, ആയി ഈ കുട്ടികൾ അമ്മമാരുടെ കണ്ണീരു നനഞ്ഞു വളരുന്നു. ഇടയ്ക്കു 'ചത്തു' പോകുന്നു. ജനിച്ചു വീഴുന്ന കുഞ്ഞിനെ സമൂഹത്തിന്റെ ഇര വിശേഷണം നല്കി സെക്രട്റെരിയെട്റ്റ് നടയിൽ ഭിക്ഷക്കാരിയെ പോലെ യാചിച്ചു നില്ക്കുവാൻ ത്രാണി ഇല്ലാത്തതിനാൽ ചിലർ കുഞ്ഞിനെ ഭ്രൂണത്തിലെ കൊന്നു കളയുന്നു. ഭ്രൂണത്തിലെ കൊന്നു കളയേണ്ടി വരുന്ന ഒരമ്മയുടെ, അമ്മമാരുടെ വേദന മനസ്സിലാക്കുവാൻ ജീവനില്ലാത്ത ഭരണകൂടങ്ങൾക്ക് എങ്ങനെ കഴിയും? കയറി കിടക്കുന്ന വീടിനു ജപ്തി നോട്ടീസ് വന്നു ഏതു നിമിഷവും ഈ കുഞ്ഞുങ്ങളെയും കൊണ്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്ന ഒരു അമ്മയുടെ മനസ്സ് ആർക്കാണ് കാണാൻ കഴിയുക ?
നീറ്റാ ജലാറ്റിൻ കമ്പനി, മലബാർ ഗോൾഡ്, കിറ്റെക്സ് തുടങ്ങി സമൂഹത്തെ 'വികസിപ്പിക്കുവാൻ' കച്ച മുറുക്കി ഇറങ്ങിയവരെ പിന്തുണയ്ക്കുന്ന മത സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ എന്ത് കൊണ്ടാണ് നമുക്ക് മുന്നിൽ ജീവിക്കുന്ന എൻഡോ സൾഫാൻ ഇരകളെ കാണാതെ പോകുന്നത് ?
എന്താണ് ഈ ഇരകൾ ആവശ്യപെടുന്നത് ?
*ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2010 ഡിസംബറില്‍ ശുപാര്‍ശ ചെയ്ത അടിയന്തിര സഹായം എത്രയും പെട്ടെന്ന് നല്‍കുക.
*പുനരധിവാസം ശാസ്ത്രീയമായി നടപ്പിലാക്കുക.
* ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളി ബാങ്ക് ജപ്തിയില്‍ നിന്ന് രക്ഷിക്കുക.
*പതിനൊന്ന് പഞ്ചായത്തുകള്‍ക്ക് പുറത്ത് നിന്നുള്ള ബാധിതരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക.
*ബഡ്‌സ് സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹാരിക്കുക.
*വര്‍ഷത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി രോഗികളായവരെ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക.
ലോക രാഷ്ട്രങ്ങൾക്ക് മുന്നില് ഭള്ളു പറയുവാനും ഭാരതം വലിയ എന്തോ ആന ആണെന്ന് കാണിക്കുവാൻ വേണ്ടി ആഫ്രിക്കൻ രാജ്യങ്ങളുടെ വികസനത്തിനായി കോടികൾ നല്കുന്ന ഭരണകൂടങ്ങൾ സ്വന്തം നാട്ടിൽ ചീഞ്ഞ പുഴുക്കളെ പോലെ മനുഷ്യനെ കൊന്നു തള്ളിയിട്ടു നേടുന്നതാണ് ആ പണം എന്ന് മറന്നു പോകുന്നു.
റിപ്പബ്ലിക്, സ്വാതന്ത്ര്യ ഭാരതത്തിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് ഞാൻ കോൾ മയിർ കൊള്ളുന്നില്ല, മനുഷ്യാവകാശ കമ്മീഷനും കോടതിയും ഭരണകൂടവും മാധ്യമങ്ങളും പശുവിനും പട്ടിക്കും നല്കുന്ന ജീവിക്കാൻ ഉള്ള അവകാശങ്ങൾ എങ്കിലും ഈ പാവങ്ങൾക്ക് നല്കണം.
എൻഡോസൾഫാൻ കുട്ടികളെയും അവരുടെ അമ്മമാരെയും കണ്ട കാര്യം അവരോടു സംസാരിച്ച കാര്യം എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ കിട്ടിയ മറുപടി, "എന്റെ ജീവിതം ആസ്വദിക്കാൻ ഉള്ളതാണ് , ഇത് പോലെ ഉള്ള കാര്യങ്ങൾ കേൾക്കുവാൻ എനിക്ക് താൽപ്പര്യം ഇല്ല, എന്റെ ലൈഫ് ഫുൾ എൻജോയ് ചെയ്യുക അല്ലാതെ ഈ വക കാര്യങ്ങൾ ഒന്നും കേൾക്കാൻ താല്പ്പര്യം ഇല്ല" എന്നാണ്.
നമ്മൾ കാണണം ഈ കുട്ടികളെ, ഈ അമ്മമാരേ, കഥാവശേഷനിലെ ദിലീപിന്റെ കഥാപാത്രം പോലെ നിങ്ങൾക്ക് ഒരു പക്ഷേ ഈ ജീവിതത്തോടു വെറുപ്പ് തോന്നി സ്വയംഹത്യ ചെയ്യുവാൻ തോന്നിയേക്കാം. ഇവരോടൊപ്പം സമരം ചെയ്യേണ്ടതുണ്ട് , ഇവർക്കൊപ്പം നിൽക്കേണ്ടതുണ്ട്.
ഇരകളുടെ അവകാശങ്ങളും അവകാശങ്ങൾ ആണ്.
1 comment:
ഇരകളുടെ അവകാശങ്ങളാണേറ്റവും ആദ്യം പരിപാലിക്കപ്പെടേണ്ടത്. പക്ഷെ....
Post a Comment