Wednesday 26 August 2015

കാക്ക മുട്ട / Kakka Muttai

ജനപ്രിയവും എന്നാൽ കലാമൂല്യമുള്ളതുമായ  ചിത്രങ്ങളുടെ അമരത്വം തമിഴ് സിനിമകൾക്ക്‌ തന്നെയെന്നുറപ്പിക്കുകയാണ് നവാഗതനായ എം മണികണ്ഠന്റെ 'കാക്ക മുട്ടൈ'. വിപണികൾ ആകർഷിക്കാത്ത, ആരുമറിയാത്ത ചേരി ജീവിതങ്ങളെ നേരായി പകർത്തി വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. താര ചിത്രങ്ങളിൽ ഇടി ബഹളങ്ങൾ തുടരുമ്പോൾ സമാന്തരമായി തമിഴിൽ 'കാക്ക മുട്ടൈ'-കൾ പിറവിയെടുക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. 2014ലെ മികച്ച കുട്ടികളുടെ സിനിമക്കുള്ള  ദേശീയ പുരസ്കാരം നേടിയ 'കാക്ക മുട്ടൈ' മികച്ച പ്രദർശന വിജയവും സ്വന്തമാക്കി കഴിഞ്ഞു.

അനുദിനം വികസിക്കുന്ന നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്ത് ആയിരങ്ങൾ തിങ്ങിപാർക്കുന്ന ഒരു ചേരിയിലാണ് സഹോദരങ്ങളായ  'പെരിയ കാക്ക മുട്ടയും' 'ചിന്ന കാക്കാ മുട്ടയും' കഴിഞ്ഞുവരുന്നത്. അമ്മയും മുത്തശ്ശിയും അവരോടൊപ്പം ആ ഒറ്റമുറിയിൽ ഉണ്ട്. അച്ഛൻ ജയിലിലും. ദിവസവും കോഴിമുട്ട കഴിക്കാനുള്ള പ്രാപ്തി ഇല്ലാത്തതിനാൽ കാക്കയുടെ മുട്ട മോഷട്ടിച്ചു കഴിക്കുകയാണ് അവരുടെ പതിവ്; 'കാക്കയും ഒരു പക്ഷിയാണല്ലോ' - എന്ന് മുത്തശ്ശി അവരെ ന്യായീകരിക്കുകയും ചെയ്യും (അങ്ങനെ വന്നുചേർന്ന പേരാണ് 'കാക്കാ മുട്ടൈ' ) . നഗരത്തിൽ പുതുതായി തുടങ്ങിയ പിസ്സ ഷോപ്പ് ഇവരെ ഏറെ ആകർഷിക്കുന്നു. പിസ്സ വാങ്ങാനുള്ള  299 രൂപ സ്വരൂപിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് തുടർന്ന് ചിത്രത്തിൽ. കല്‍ക്കരി കൊണ്ടുപോകുന്ന ചരക്കു തീവണ്ടികളില്‍ നിന്നും താഴെ വീഴുന്ന കല്‍ക്കരി കഷ്ണങ്ങള്‍ തൂക്കി വിറ്റാണ് പണം സ്വരുക്കൂട്ടുന്നത്. ഇത്രമാത്രം ലളിതമായ ഒരു കഥാഘടനയിൽ നിന്നുകൊണ്ട്  സമകാലികമായ വിഷയങ്ങൾ ചർച്ചക്ക് വെക്കുന്നു സംവിധായകൻ.

സാമ്പത്തികാടിസ്ഥാനത്തിൽ പകുത്ത വ്യത്യസ്ഥങ്ങളായ രണ്ടു സാമൂഹികാന്തരീക്ഷങ്ങളുണ്ട് 'കാക്ക മുട്ടൈ' യിൽ. ഒറ്റമുറിയിൽ ശ്വാസം മുട്ടിക്കഴിയുന്നവരെന്നു നമുക്ക് അനുഭവപ്പെടുന്ന, എന്നാൽ പ്രസാദാത്മക മുഖവുമായി കറങ്ങി നടക്കുന്ന രണ്ടു കുട്ടികളുടെ കഥയിലൂടെ സംവിധായകൻ എം മണികണ്ഠന്‍ മുന്നോട്ടു വെക്കുന്ന കാര്യങ്ങൾ ആഴത്തിൽ ശ്രദ്ധ ആവിശ്യപ്പെടുന്നതാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലും മനുഷ്യരാശിയിൽ അന്തർലീനമായി കിടക്കുന്നത് ജീവിച്ച് തീർക്കേണ്ട ജീവിതമാണ്. സ്വാതന്ത്ര്യവും അവകാശങ്ങളും വർണ്ണത്തിനാലും സാമ്പത്തികാടിസ്ഥാനത്തിലും നിയന്ത്രിതമാകുന്നിടത്താണ് 'കാക്ക മുട്ടൈ' യുടെ പ്രസക്തി. ദാരിദ്ര്യം, വാർദ്ധക്യം, പരിസ്ഥിതി, ആഗോളവൽക്കരണം, രാഷ്ട്രീയം, നഗരവൽക്കരണം വർണ്ണാടിസ്ഥാനത്തിലുള്ള വിവേചനം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചിത്രത്തിൽ കടന്നു വരുന്നു. കാക്ക കറുത്തതും അതിനാൽ എന്തും നിഷിദ്ധമാകുന്ന ഒരു വിഭാഗവുമായി മാറുന്നു. കാക്കയുടെ മുട്ട കഴിക്കുന്ന കുട്ടികളും അങ്ങനെത്തന്നെ. താഴേത്തട്ടിലെ ജീവിതങ്ങളിലൂടെ ഇത്തരം വിവേചനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നു ചിത്രം.


പൂർണ്ണമായി കടപെട്ടിരിക്കുന്നു

പാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ സംവിധായകാൻ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട് . സാധാ സിനിമ ചേരിയിൽ നമ്മൾ കാണുന്ന അമൂൽ കുട്ടികളല്ല എന്നത് തന്നെ ശ്രദ്ധേയം .. മികച്ച അവാർഡ്‌ കരസ്ഥമാക്കിയത്തിൽ  നൂറു ശതമാനം സത്യസന്ധത അവർ കഥാപാത്രങ്ങളിൽ പുലർത്തിയിട്ടുണ്ട് . ബാബു ആന്റണിയും ചിത്രത്തിലെ നായികയും ശ്രദ്ധിക്കപെടെണ്ടത് തന്നെ. ചിത്രത്തിലെ നയകുട്ടി വരെ അഭിനയിച്ചിരിക്കുന്നു!4.5/5

1 comment:

ajith said...

മുതല്‍മുടക്ക് തിരിച്ചുപിടിക്കുമെന്ന് ഒരു ഗാരന്റിയുമില്ലാത്ത ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിച്ച് ധനുഷും ഒരു കലാകാരന്‍ എന്നനിലയില്‍ തന്റെ പ്രതിബദ്ധത കാട്ടുന്നുണ്ട്. ധനുഷിനും വെറ്റിമാരനും കൂടി അനുമോദനങ്ങള്‍