Wednesday 5 July 2017

എന്താണ്‌ പവർ ഫെമിനിസം?

എന്താണ്‌ പവർ ഫെമിനിസം?

എന്താണ്‌ പവർ ഫെമിനിസം?

നിസഹായതയുടെ, മൂകതയുടെ, വേദനയുടെ, തോൽവിയുടെ ബിംബങ്ങളിൽ അഭിരമിക്കുന്ന ഒരു ഫെമിനിസമല്ല ഇന്നത്തെ കാലത്തിന്‌ ആവശ്യം എന്നവർ പറയുന്നു. ധനസാക്ഷരത, അധികാരസാക്ഷരത, ജയിക്കാനുള്ള അഭിനിവേശം എന്നിവയാണ്‌ പുതിയ സ്ത്രീക്ക്‌ വേണ്ടത്‌. പുരുഷാധിപത്യത്തിന്‌ പണത്തിന്റെയും വോട്ടിന്റെയും നാണംകെടുത്തലിന്റെയും സ്ഥൂലഭാഷ മാത്രമാണ്‌ മനസിലാവുക
എം ഡി രാധിക
ദി ബ്യൂട്ടി മിത്ത്‌ എന്ന പ്രശസ്തകൃതിയുടെ രചയിതാവാണ്‌ ഫയർ വിത്ത്‌ ഫയർ എഴുതിയ നയമി വൂൾഫ്‌. തീയെ തീ കൊണ്ടുനേരിടുക എന്ന പഴമൊഴിയിൽ നിന്നാണ്‌ ഈ ശീർഷകം. സ്ത്രീവാദത്തിന്റെ രണ്ടാം തരംഗത്തെ എല്ലാ ആദരവോടും കൃതജ്ഞതയോടും കൂടിത്തന്നെ വിമർശനവിധേയമാക്കുന്നു ഈ പുസ്തകം. അങ്ങനെ ഒരു മൂന്നാം തരംഗത്തിന്റെ വരവ്‌ നമ്മെ അറിയിക്കുകയും ചെയ്യുന്നു. ഇരയുടെ ഫെമിനിസത്തിൽ നിന്ന്‌ ശക്തിയുടെ, അധികാരത്തിന്റെ ഫെമിനിസത്തിലേയ്ക്ക്‌ സ്ത്രീകൾ നീങ്ങേണ്ടതിന്റെ ആവശ്യകത നയമി വൂൾഫ്‌ എടുത്തു കാട്ടുന്നു.
നിസഹായതയുടെ, മൂകതയുടെ, വേദനയുടെ, തോൽവിയുടെ ബിംബങ്ങളിൽ അഭിരമിക്കുന്ന ഒരു ഫെമിനിസമല്ല ഇന്നത്തെ കാലത്തിന്‌ ആവശ്യം എന്നവർ പറയുന്നു. ധനസാക്ഷരത, അധികാരസാക്ഷരത, ജയിക്കാനുള്ള അഭിനിവേശം എന്നിവയാണ്‌ പുതിയ സ്ത്രീക്ക്‌ വേണ്ടത്‌. പുരുഷാധിപത്യത്തിന്‌ പണത്തിന്റെയും വോട്ടിന്റെയും നാണംകെടുത്തലിന്റെയും സ്ഥൂലഭാഷ മാത്രമാണ്‌ മനസിലാവുക. അതിനോട്‌ ആ ഭാഷയിൽത്തന്നെ വേണം സംസാരിക്കാൻ. എന്നാൽ വളർച്ചയുടെ ഈ ഘട്ടത്തിൽ ഫെമിനിസം അതിൽത്തന്നെ കൂടുതൽ സൂക്ഷ്മമാവേണ്ടതുണ്ട്‌. ലളിതവൽക്കരണങ്ങൾക്കപ്പുറം പോയി കാര്യങ്ങളെ അവയുടെ സങ്കീർണതയിൽ മനസിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്‌. എന്തുകൊണ്ട്‌ സ്ത്രീകൾ ഫെമിനിസ്റ്റുകളാവാൻ മടിക്കുന്നു? ഫെമിനിസത്തിന്റെ ചില കടുംപിടുത്തങ്ങൾ അവരെ അകറ്റുന്നുണ്ടോ? അവരെ സ്വന്തം ചട്ടക്കൂട്ടിലേയ്ക്ക്‌ ഒതുക്കാതെ, അവരുടെ ജീവിതങ്ങളിൽ നിന്ന്‌ പഠിച്ച്‌ സ്വയം സമൃദ്ധമാവുകയാണ്‌ സ്ത്രീവാദം ചെയ്യേണ്ടത്‌. എന്ന്‌ ഈ എഴുത്തുകാരി വിശ്വസിക്കുന്നു.
എന്താണ്‌ പവർ ഫെമിനിസം? അത്‌ സന്തോഷത്തിലും ശക്തിയിലും അധിഷ്ഠിതമാണ്‌. അത്‌ പ്രത്യയശാസ്ത്ര നിഷ്ഠകൾക്കു പകരം പ്രായോഗികതയിൽ വിശ്വസിക്കുന്നു. സ്ത്രീവാദത്തിന്റേതായാൽ പോലും സ്വയം തളച്ചിടാൻ സ്വതന്ത്രബുദ്ധിയുള്ള ഒരു സ്ത്രീയും തയാറാകില്ല എന്ന സത്യം അത്‌ ഉയർത്തിക്കാട്ടുന്നു.
ബാല്യത്തിൽ പെൺകുട്ടികൾ ആൺകുട്ടികളോളം തന്നെ വന്യതയുള്ളവരാണ്‌. ശരിക്കും പുലിക്കുട്ടികൾ. ഡാർവീനിയൻ മൃഗങ്ങൾ. ധാർഷ്ട്യവും മത്സരബുദ്ധിയും അഹന്തയും വിജയാസക്തിയുമുള്ളവർ. എന്നാൽ പിന്നീടവയെല്ലാം ഒളിവിൽ പോകുന്നു. അവൾ ആശ്രിതത്വത്തിൽ സുഖം കാണാൻ പഠിക്കുന്നു. സംരക്ഷിക്കപ്പെടുമ്പോൾ ലഭിക്കുന്ന ശ്രദ്ധയും എന്നും കുട്ടിയായി കരുതപ്പെടുന്നതിലെ ഗൗരവരാഹിത്യവും ജീവിതത്തിൽ ഏറെ തെരഞ്ഞടുപ്പുകളില്ലാത്തതിന്റെ ലാളിത്യവും അവൾ ആഗ്രഹങ്ങളായി കണ്ടുതുടങ്ങുന്നു. ഇവയെല്ലാം വേണ്ടെന്നുവച്ചാലേ സ്വന്തം മനുഷ്യത്വം സാക്ഷാത്കരിക്കപ്പെടൂ എന്നവൾ തിരിച്ചറിയുന്നില്ല. തന്നിലെ ആ ‘ചീത്തക്കുട്ടി’യെ അവൾ തിരിച്ചുപിടിക്കണം. തന്നിലെ കാട്ടുകുതിരയുടെ ഊർജ്ജത്തെ മുതിർന്ന സ്ത്രീയുടെ വിവേകംകൊണ്ട്‌ നിയന്ത്രിച്ച്‌ ജീവിതം സഫലമാക്കണം. ഇരയുടെ ഫെമിനിസം സ്ത്രീയെ നന്മയുടെ പ്രതീകവും പുരുഷനെ മൃഗസമാനനുമായി കാണുന്നു. എന്നാൽ സ്ത്രീയിലും പുരുഷനിലെന്ന പോലെ നന്മയും തിന്മയുമുണ്ട്‌. ദൈവവും ചെകുത്താനും ചേർന്ന ആ മനുഷ്യാവസ്ഥ ഇരുവരിലുമുണ്ട്‌.
എല്ലാ പുരുഷന്മാരും വേട്ടക്കാരോ, അവരുടെ ലിംഗങ്ങൾ തോക്കുകളോ അല്ല. സ്ത്രീപീഡനത്തെപ്പറ്റി ഇരയുടെ ഫെമിനിസം വാചാലമാകുന്നു. എന്നാൽ സ്ത്രീയുടെ ലൈംഗികാഭിലാഷത്തെ, അനുഭൂതികളെ പ്രകാശിപ്പിക്കുന്ന ഒരു ഭാഷ അത്‌ സ്വായത്തമാക്കിയിട്ടുണ്ടോ? ഫെമിനിസ്റ്റ്‌ ദൈവശാസ്ത്രജ്ഞയായ മേരിഡാലിയുടെ പ്രസംഗങ്ങളിൽ നുരയുന്ന പുരുഷവിദ്വേഷവും പാരുഷ്യവും കടുത്ത പരിഹാസവും അയാളെ വെറുക്കാനാഗ്രഹിക്കാത്ത ഏതൊരു സ്ത്രീയേയും വേദനിപ്പിക്കും എന്ന്‌ വൂൾഫ്‌. ഒരു മനുഷ്യാവകാശപ്രസ്ഥാനം കൂടിയാണ്‌ ഫെമിനിസം. ചില പുരുഷന്മാരുടെ തെറ്റായ ചെയ്തികളുടെ പേരിൽ പുരുഷരാശിയെ ഒന്നടങ്കം വെറുക്കുന്ന നിലയിലേയ്ക്ക്‌ സ്ത്രീവാദം ചെന്നെത്തരുത്‌. ഫെമിനിസത്തിന്റെ ഒന്നാം തരംഗം പുരുഷന്മാരെ അകറ്റി നിർത്തിയിരുന്നില്ല. അവർ അന്ന്‌ ശത്രുക്കളായിരുന്നില്ല. സാമൂഹ്യനീതിക്കുവേണ്ടിയുള്ള സ്ത്രീയുടെ സമരത്തിലെ പങ്കാളികളായിരുന്നു. ബലാൽസംഗത്തെ എതിർക്കുമ്പോൾ തന്നെ ലൈംഗികതയെ പുൽകുവാനും നമുക്ക്‌ കഴിയണം. സ്ത്രീയുടെ ലൈംഗികതയെപ്പറ്റി ലോകം തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുമ്പോൾ, സ്വന്തം ലൈംഗിക സത്യം എന്തെന്ന്‌ സ്ത്രീകൾ ലോകത്തോട്‌ പറയണം- വാക്കുകളിലൂടെ, മറ്റ്‌ ആത്മാവിഷ്കാരങ്ങളിലൂടെ ഉഭയസമ്മതത്തോടെയുള്ള മുതിർന്ന സ്ത്രീ പുരുഷന്മാരുടെ ലൈംഗികവേഴ്ചയിൽ പവർഫെമിനിസത്തിന്‌ പരാതിയില്ല. ഭർത്താവിന്റെ പരസ്ത്രീഗമനത്തിൽ ഹിലരി ക്ലിന്റൺ എടുത്ത നിലപാട്‌ (അത്‌ ഞങ്ങളുടെ വ്യക്തിപരമായ കാര്യം മാത്രമാണ്‌ എന്നത്‌) ഒരു പവർഫെമിനിസ്റ്റ്‌ നിലപാടായി നയമി വൂൾഫ്‌ കാണുന്നു.
പണം ഉണ്ടാക്കുന്നത്‌ മോശമാണ്‌ എന്ന ചിന്ത അത്തരം കാര്യങ്ങൾ പറയുന്നത്‌ വിലകുറഞ്ഞ ഏർപ്പാടാണ്‌ എന്ന മനോഭാവം മതത്തിലും പരമ്പരാഗത ഇടതുപക്ഷത്തിനും ഉപരിവർഗസ്ത്രീകളിലും ഒക്കെ കാണാം. അതിനവർക്കുള്ള കാരണങ്ങൾ വ്യത്യസ്തമാണെങ്കിലും. എന്നാൽ സാമ്പത്തിക സ്വാതന്ത്ര്യമാണ്‌ സ്ത്രീക്ക്‌ ഏറ്റവുമാദ്യം വേണ്ടത്‌. പണത്തെ നല്ല കാര്യങ്ങൾക്കുപയോഗിച്ച്‌ സമൂഹമാറ്റത്തിനുള്ള ഉപകരണമാക്കാൻ കഴിയും. സ്വന്തം കഴിവുകളുടെ പേരിൽ തൊഴിലുടമയോട്‌ വിലപേശുന്നത്‌ മോശം സംഗതിയല്ല. അതൊരു രാഷ്ട്രീയ പ്രവൃത്തി തന്നെയാണ്‌.
സ്ത്രീയിലും ഉൽക്കർഷേച്ഛ ഉണ്ട്‌. ജനപ്രിയമായ ഹാർലെക്വൻ റൊമാൻസുകൾ സ്ത്രീയുടെ സ്വന്തമായ ജീവിതവിജയത്തെക്കുറിച്ചുള്ള ഫാന്റസികൾക്ക്‌ പ്രാധാന്യം കൊടുത്തു തുടങ്ങിയത്‌ ഇത്‌ മനസിലാക്കിയിട്ടാണ്‌. മുമ്പ്‌ ഭർത്താക്കന്മാരിലൂടെ നേടിയിരുന്ന വിജയം ഒറ്റയ്ക്ക്‌ നേടാൻ ഇന്നത്തെ സ്ത്രീ കൊതിക്കുന്നു. പ്രശസ്തി, പണം, സ്ഥാനമാനങ്ങൾ എല്ലാം അവളും ആഗ്രഹിക്കുന്നു. ഇരയുടെ ഫെമിനിസം സ്ത്രീകളുടെ ആത്മത്യാഗത്തിനുള്ള കഴിവിനെപ്പറ്റി പറയുമ്പോൾ, അവളുടെ മഹത്വാകാംക്ഷയാണ്‌ ത്രാണിയുടെ ഫെമിനിസം ചൂണ്ടിക്കാട്ടുന്നത്‌. സ്ത്രീ, സ്വന്തം സ്വാതന്ത്ര്യത്തേക്കാൾ ബന്ധങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കുന്നതായി രണ്ടാം തരംഗ പഠനങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ അവൾ സ്വയം നിർണയത്തേയും ഒറ്റയ്ക്ക്‌ നിൽക്കേണ്ടി വരുന്ന നേതൃസ്ഥാനങ്ങളേയും എന്തിന്‌ തന്നോടടുപ്പമുള്ളവരിൽ അസൂയയുണർത്തുന്ന വിജയങ്ങളെപ്പോലും ഭയപ്പെടുന്നു? സ്വന്തം ഇച്ഛയെ ഇത്തരത്തിൽ അടിച്ചമർത്തുന്നവരാണ്‌ മറ്റ്‌ സ്ത്രീകളുടെ നേട്ടങ്ങളെ ആഘോഷിക്കാൻ അശക്തകളായിത്തീരുന്നത്‌. ഈ വിധം സ്വയം തീർക്കുന്ന ചങ്ങലക്കെട്ടുകൾ അവൾ പൊട്ടിച്ചെറിയണം. അവൾ അധികാരത്തെ ഭയപ്പെടുന്നതിന്റെ ഒരു കാരണം അതിന്റെ ചീത്ത ഉപയോഗം മാത്രമേ പൊതുവേ ആണുങ്ങൾക്കിടയിൽ അവൾ കണ്ടിട്ടുള്ളൂ എന്നതാണ്‌. അതിനെ നീതിബോധത്തോടെയും മനസലിവോടെയും ഉപയോഗിക്കാനാവും എന്നവൾ മനസിലാക്കണം. അതിനെ പാടേ നിരാകരിക്കുന്ന സ്വഭാവം തിരുത്തണം.
വ്യക്തിബന്ധങ്ങൾക്ക്‌ നൽകുന്ന അമിതപ്രാധാന്യം സ്ത്രീക്ക്‌ സംഘടനാപ്രവർത്തനവും ബുദ്ധിമുട്ടുള്ളതാക്കുന്നു. ഒരു സംഘത്തിലെ ചില വ്യക്തികളെ ഇഷ്ടപ്പെടാൻ കഴിയാത്തതിനാൽ അതിൽ നിന്നവൾ അകലുന്നു. ഇതിനുപകരം, വ്യക്തിപരമായ അടുപ്പമില്ലാതെതന്നെ, പരസ്പര ബഹുമാനത്തോടെയും വ്യത്യസ്തതകളെ അംഗീകരിച്ചും ഒരു മഹത്തായ ലക്ഷ്യത്തിനുവേണ്ടി കൂട്ടായി പ്രവർത്തിക്കാനുള്ള ശേഷി സ്ത്രീകൾ ആർജിക്കണം.
മാധ്യമ പൂരിതമായ ഒരു ലോകത്താണ്‌ നാം ജീവിക്കുന്നത്‌. മുഖ്യധാരാ മാധ്യമങ്ങൾ ഫെമിനിസത്തെ പരിഹസിക്കുകയും വളച്ചൊടിക്കുകയും ചെയ്യും. ഫെമിനിസ്റ്റുകളെ തമസ്കരിക്കും. ജനപ്രിയ മാധ്യമങ്ങളെയാകട്ടെ ഫെമിനിസ്റ്റുകൾക്ക്‌ പുച്ഛമാണ്‌. വനിതാ മാസികകളേയും സ്ത്രീയെക്കുറിച്ചുള്ള ടി വി, റേഡിയോ പരിപാടികളേയും അവർ ഒഴിവാക്കുന്നു. നമ്മുടെ അന്നന്നത്തെ ചരിത്രത്തിന്റെ നിർമാതാക്കളാണ്‌ മാധ്യമങ്ങൾ എന്ന്‌ നയമിവൂൾഫ്‌ അവയെ സമർഥമായി ഉപയോഗിക്കുകയാണ്‌. അവയിൽ നിന്ന്‌ വരേണ്യഭാവത്തിൽ മാറി നിൽക്കുകയല്ല പുതിയ ഫെമിനിസ്റ്റുകൾ ചെയ്യേണ്ടത്‌.
ജനാധിപത്യത്തെക്കുറിച്ചുള്ള ആശയങ്ങൾ പോലെ തന്നെ ഫെമിനിസ്റ്റ്‌ ചിന്തയും മനുഷ്യവർഗത്തിന്റെ പൊതുസ്വത്താണ്‌. അവ സാധാരണ ജനങ്ങളിലേയ്ക്ക്‌ സ്ത്രീകളിലേയ്ക്കും പുരുഷന്മാരിലേയ്ക്കും കിനിഞ്ഞിറങ്ങണം. സ്ത്രീവാദസിദ്ധാന്തം സാങ്കേതികപദ ജഡിലമായ ഒരു ഭാഷയായി പരിണമിച്ച്‌ അക്കാദമിക ലോകത്തേയ്ക്ക്‌ പിൻവലിയുകയാണുണ്ടായത്‌. ഇത്‌ ഒരു ദുരന്തമാണ്‌. ഫെമിനിസവും സാധാരണ സ്ത്രീകളും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരായിത്തീരുന്നു എന്ന ദുരന്തം.
സ്ത്രീയുടെ വൈകാരികതയിലാണ്‌ ഇരയുടെ ഫെമിനിസം ഊന്നുന്നത്‌. എന്നാൽ അവളുടെ യുക്തിബോധവും വൈകാരികത പോലെതന്നെ പരിപോഷിപ്പിക്കപ്പെടണം. ചിട്ടയായും വ്യക്തമായും കൃത്യമായും ചിന്തിക്കാൻ പെൺകുട്ടികൾ പരിശീലിക്കണം. പൊതുകാര്യങ്ങളിൽ അമൂർത്തചിന്തക്കാണ്‌ പ്രസക്തി. (അത്‌/അല്ലെങ്കിൽ ഇത്‌) എന്ന ചിന്ത മനസിന്റെ വറുതിയാണ്‌ കാണിക്കുന്നത്‌ (അതും/ഇതും) എന്ന ചിന്താരീതിയാകട്ടെ അതിന്റെ സമൃദ്ധിയെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്‌ ഗർഭഛിദ്രത്തിനുള്ള അവകാശത്തിനുവേണ്ടി വാദിക്കുമ്പോൾത്തന്നെ, അത്‌ കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കുന്നു. ഉത്തരവാദിത്വബോധത്തോടെയുള്ള ഇണചേരലിനെപ്പറ്റിയും നമ്മൾ സംസാരിക്കണം.
നമുക്ക്‌ മനസും ആത്മാവും പലതരം വിശപ്പുകളുടെ ഇടമായ ശരീരവും എല്ലാമുള്ള, ത്രിമാനങ്ങളുള്ള സ്ത്രീകൾ ആകേണ്ടതുണ്ട്‌. സ്ത്രീപീഡനത്തേയും പുരുഷാധിപത്യ പ്രവണതകളേയും പറ്റി മാത്രം ചർച്ച ചെയ്ത്‌ സ്വൽപം ഇരുണ്ടു പോകുന്നുണ്ടോ ഫെമിനിസം? ഫെമിനിസ്റ്റ്‌ ബുദ്ധിജീവികൾ നിസാരമായിക്കാണുന്ന വനിതാ മാസികകളിലെ ശുഭപ്രതീക്ഷയും സ്വയംസഹായ സംഘങ്ങളുടെ മാറ്റത്തിലുള്ള അചഞ്ചലവിശ്വാസവും ഒരു വശത്ത്‌; ഫെമിനിസ്റ്റ്‌ സിദ്ധാന്തത്തിന്റെ വ്യക്തമായ രാഷ്ട്രീയവിശകലനങ്ങളും ഫെമിനിസ്റ്റ്‌ സംഘടനകളുടെ പ്രവർത്തനമികവും മറുവശത്ത്‌. ഇങ്ങനെ ചേരിതിരിയാതെ, ഇവയെല്ലാം ഒന്നിച്ച്‌ ഒരു പുഴപോലെ ഒഴുകുമ്പോഴേ കൂടുതൽ സ്ത്രീകളെ ആകർഷിക്കാൻ ഫെമിനിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ സാധ്യമാകൂ എന്ന ബോധ്യവും നയമി വൂൾഫിന്റെ പവർ ഫെമിനിസം മുന്നോട്ടുവയ്ക്കുന്നു.
പുസ്കത്തിൽ നിന്ന്‌:’നമ്മൾ പ്രായമുള്ള സ്ത്രീകളാണെങ്കിൽ, ചെറുപ്പക്കാരികൾ എല്ലാം എളുപ്പം തട്ടിയെടുക്കുമെന്ന നമ്മുടെ പേടിയെ പുനഃപരിശോധിക്കുക; നമ്മൾ യുവതികളാണെങ്കിൽ നമ്മുടെ പാത സുഗമമാക്കിയ മുതിർന്ന സ്ത്രീകൾക്ക്‌ അവർ അർഹിക്കുന്ന ബഹുമാനം നൽകുക.’ (കടപ്പാട്‌: സംഘടിത)

കടപ്പാട് (ജനയുഗം)

No comments: