Thursday 22 August 2013

ദളിത്‌ വിപ്ലവം / Dalit revolution

എല്ലാ ദളിതരും സംഘടിക്കേണ്ടതിന്‍റെ ആവശ്യം ഇന്ന് ഏറി വന്നിരിക്കുന്നു. എന്നാല്‍ ആ സംഘടനം ജാതിയമോ മതപരമോ ആയിരിക്കരുത്. മറിച്ചു രാഷ്ട്രീയപരമായിരിക്കണം. സ്വയം ബ്രാഹ്മണവല്‍ക്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന SNDP യെ പോലുള്ള സാമൂദായിക സംഘടനകളെ കൂട്ടു പിടിക്കാതെ രാഷ്ട്രീയമായി സംഘടിക്കുക. തന്‍റെ അവകാശങ്ങള്‍ തട്ടി പറിക്കുന്നവനെതിരെ അത്തരം രാഷ്ട്രീയ സമുദായ സംഘടനകള്‍ക്കെതിരെ ദളിതന്‍റെ വികാരം ഉണരണം. സ്വയം കച്ചവടവല്‍ക്കരിച്ച് ശവകല്ലറയില്‍ അടക്കം ചെയ്യാതെ വിദ്യാഭ്യസത്തിലൂന്നിയ പുരോഗതി കൈവരിക്കണം. അധികാരത്തിന്റെ ദുഷിച്ച ദ്രംഷ്ട്ടകളില്‍ പെട്ടുലയാതെ .... മാറ്റത്തിന്‍റെ പടവാള്‍ വീണ്ടും എന്തുവാന്‍ സമയമായിരിക്കുന്നു.


അയ്യങ്കാളിയും കുമാരഗുരുവും പല്പ്പുവും, പണ്ഡിറ്റ്‌ കറപ്പനും, ചട്ടമ്പി സ്വാമികളും, നാരായണനും മറ്റും വെട്ടി വെടുപ്പാക്കിയ അശുദ്ധിയുടെ തീണ്ടലിന്‍റെ തൊടീലിന്‍റെ ചപ്പു ചവറു കൂനകള്‍ ഇന്ന് വീണ്ടും മുള പൊട്ടി തുടങ്ങിയിരിക്കുന്നു. അല്ലെങ്കില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു കൊണ്ടിരിക്കുന്നു. അയിത്തം ഉള്ള അവര്‍ണ്ണനെ ശുചീകരിക്കുവാന്‍ ബ്രാഹ്മണന്‍ ഇറങ്ങി പുറപ്പെടണം എന്നുള്ളത് ചരിത്രത്തിന്‍റെ  വിരോധാഭാസം ആണ്. സ്വയം ശുചികരിക്കുക. അഴുക്കു ചാലുകളില്‍ കിടക്കുവാനും ഗ്രഹിണി പിടിച്ച വയറുമായി നടക്കുവാനും ഉള്ളതല്ല ദളിതന്‍റെ ജീവിതം. ഉണ്ണാന്‍മാരായ നമ്പൂതിരിമാര്‍ക്കും കരിങ്കല്‍   പ്രതിമകള്‍ക്കും കൊടുക്കുന്ന കാണിക്ക കൊണ്ട് ദളിതന് ക്ഷേമം ഉണ്ടാകില്ല. എന്നും അത് ബ്രാഹ്മണ്യത്തിന്‍റെ പള്ള വീര്‍പ്പിക്കാന്‍ മാത്രമേ ഉതുകൂ എന്ന് തിരിച്ചറിയുക. പട്ടികള്‍ക്കിടയില്‍ വെളുത്ത പട്ടിയും കറുത്ത പട്ടിയും ഇല്ല എന്നുള്ള തിരിച്ചറിവ് അധികാരത്തിന്‍റെ എല്ലിന്‍ കഷണത്തിന് വേണ്ടിയുള്ള കടി പിടിയില്‍ നിന്ന് മോചിതരായി ശക്തി ആര്ജ്ജിക്കുവാന്‍ കഴിയും.
ജ്യോതിഷവും മഷി നോട്ടവും ഗണിതവും എല്ലാം ഇന്നേ വരെ ദളിതന് ഗുണം ഉണ്ടാക്കിട്ടില്ല,..... വശ്യ മോഹന യന്ത്ര ചരടുകള്‍, കാമദേവ സന്താന സമ്പന്ന സന്ഥാന ഏലസ്സുകള്‍ തുടങ്ങി സവര്‍ണ്ണന്‍ ഇന്നും നടത്തി കൊണ്ടിരിക്കുന്ന തട്ടിപ്പില്‍ നിന്നും അന്ധവിശ്വാസത്തില്‍ നിന്നും സ്വയം തിരിച്ചറിവ് നേടുക മാത്രമേ ദളിതന് രക്ഷയുള്ളൂ…..അമ്പലങ്ങളില്‍  നിന്നും, സവര്‍ണ്ണ അധിപത്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പോലും ദളിതന് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു... ആല്ലെങ്കില്‍ അത്തരം പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു... ഒരു നവ ദളിത്‌ മുന്നേറ്റത്തിനു, ദളിത്‌ വിപ്പ്ലവത്തിന് സമയമായിരിക്കുന്നു .....
നായരാടിയും നമ്പ്യാരും നമ്പൂതിരിയും നായയെ പോലെ വിളിക്കുമ്പോള്‍ നടു വളച്ചു, കൈ കൂപ്പി നിക്കണ്ട കാലം കഴിഞ്ഞിരിക്കുന്നു. ആരാടാ എന്ന് ചോദിച്ചാല്‍ ഞാനാടാ എന്ന് പറയാനുള്ള ചങ്ക്ഒറപ്പ്, ധിക്കാരം, ബോധം, വിവേകം, എന്നിവയോട് കൂടി ഇന്നത്തെ ദളിതന്‍ ഉണര്‍ന്നു  വരേണ്ടി ഇരിക്കുന്നു.

  

No comments: