Wednesday, 27 January 2016

ഭരണകൂടം കൊന്നിട്ടും കുഴിച്ചിടാത്തവർ അഥവാ നീതി ലഭിക്കാത്ത എൻഡോ സൾഫാൻ ഇരകൾ

ഇക്കഴിഞ്ഞ ദിവസം രാജ്യം 'കനത്ത സുരക്ഷയിൽ' റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ആരുടെ സ്വാതന്ത്ര്യം ആരുടെ റിപ്പബ്ലിക് ആണ് ആഘോഷിക്കുന്നത് എന്നതാണ് ചോദ്യം ? ഭരണകൂടം തന്റെ പൗരന്മാരെ ശത്രുക്കളായി കാണുന്ന രാജ്യത്ത് ആരാണ് സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ? ആരാണ് സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലാരകുന്നത് ?
ഹിരോഷിമ ദിനവും നാഗസാക്കി ദിനവും ഓർമ്മിക്കുന്ന നമ്മൾ അവരുടെ നഷ്ട്ടങ്ങൾക്കു മുന്നിൽ സർവ്വ മത പ്രാർത്ഥനയും മെഴുകുതിരി കത്തിച്ചു കണ്ണീർ വാർക്കുകയും ചെയ്യുന്നു.
എന്നാൽ ഇവിടെ കേരളത്തിൽ കാസറഗോഡ് എന്നൊരു ദുരിത സ്ഥലം ഉണ്ട്. അതെദുരിത സ്ഥലം തന്നെ. ഹിരോഷിമയിലും നാഗസാക്കിയിലും യുദ്ധ കൊതി മൂത്ത ഭരണ വർഗ്ഗങ്ങൾ തലമുറകളെ വരെ അറുത്തു മാറ്റുന്ന അണുവികരണങ്ങൾ വർഷിച്ച ദുരിതങ്ങൾക്ക് സമാനമായി ദുര മൂത്ത ഭരണവർഗ്ഗം വിഷമഴ പെയ്യിപ്പിച്ച് ഇന്നും 'മനുഷ്യ കൊലങ്ങളല്ലത്ത' കുട്ടികൾ ജനിച്ചു വീഴുന്ന കാസർഗോഡ്‌. 'അറപ്പും വെറുപ്പും ഉളവാക്കുന്ന മനുഷ്യ കോലങ്ങൾ' ആയി അവർ ജനിച്ചു വീഴുന്നു, അപസ്മാരവും, ഓട്ടിസവും, ബുദ്ധി മാന്ദ്യവും, അംഗപരിമിതികളും, ആയി ഈ കുട്ടികൾ അമ്മമാരുടെ കണ്ണീരു നനഞ്ഞു വളരുന്നു. ഇടയ്ക്കു 'ചത്തു' പോകുന്നു. ജനിച്ചു വീഴുന്ന കുഞ്ഞിനെ സമൂഹത്തിന്റെ ഇര വിശേഷണം നല്കി സെക്രട്റെരിയെട്റ്റ് നടയിൽ ഭിക്ഷക്കാരിയെ പോലെ യാചിച്ചു നില്ക്കുവാൻ ത്രാണി ഇല്ലാത്തതിനാൽ ചിലർ കുഞ്ഞിനെ ഭ്രൂണത്തിലെ കൊന്നു കളയുന്നു. ഭ്രൂണത്തിലെ കൊന്നു കളയേണ്ടി വരുന്ന ഒരമ്മയുടെ, അമ്മമാരുടെ വേദന മനസ്സിലാക്കുവാൻ ജീവനില്ലാത്ത ഭരണകൂടങ്ങൾക്ക് എങ്ങനെ കഴിയും? കയറി കിടക്കുന്ന വീടിനു ജപ്തി നോട്ടീസ് വന്നു ഏതു നിമിഷവും ഈ കുഞ്ഞുങ്ങളെയും കൊണ്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്ന ഒരു അമ്മയുടെ മനസ്സ് ആർക്കാണ് കാണാൻ കഴിയുക ?
നീറ്റാ ജലാറ്റിൻ കമ്പനി, മലബാർ ഗോൾഡ്‌, കിറ്റെക്സ് തുടങ്ങി സമൂഹത്തെ 'വികസിപ്പിക്കുവാൻ' കച്ച മുറുക്കി ഇറങ്ങിയവരെ പിന്തുണയ്ക്കുന്ന മത സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ എന്ത് കൊണ്ടാണ് നമുക്ക് മുന്നിൽ ജീവിക്കുന്ന എൻഡോ സൾഫാൻ ഇരകളെ കാണാതെ പോകുന്നത് ?
എന്താണ് ഈ ഇരകൾ ആവശ്യപെടുന്നത് ?
*ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2010 ഡിസംബറില്‍ ശുപാര്‍ശ ചെയ്ത അടിയന്തിര സഹായം എത്രയും പെട്ടെന്ന് നല്‍കുക.
*പുനരധിവാസം ശാസ്ത്രീയമായി നടപ്പിലാക്കുക.
* ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളി ബാങ്ക് ജപ്തിയില്‍ നിന്ന് രക്ഷിക്കുക.
*പതിനൊന്ന് പഞ്ചായത്തുകള്‍ക്ക് പുറത്ത് നിന്നുള്ള ബാധിതരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക.
*ബഡ്‌സ് സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹാരിക്കുക.
*വര്‍ഷത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി രോഗികളായവരെ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക.
ലോക രാഷ്ട്രങ്ങൾക്ക് മുന്നില് ഭള്ളു പറയുവാനും ഭാരതം വലിയ എന്തോ ആന ആണെന്ന് കാണിക്കുവാൻ വേണ്ടി ആഫ്രിക്കൻ രാജ്യങ്ങളുടെ വികസനത്തിനായി കോടികൾ നല്കുന്ന ഭരണകൂടങ്ങൾ സ്വന്തം നാട്ടിൽ ചീഞ്ഞ പുഴുക്കളെ പോലെ മനുഷ്യനെ കൊന്നു തള്ളിയിട്ടു നേടുന്നതാണ് ആ പണം എന്ന് മറന്നു പോകുന്നു.

റിപ്പബ്ലിക്, സ്വാതന്ത്ര്യ ഭാരതത്തിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് ഞാൻ കോൾ മയിർ കൊള്ളുന്നില്ല, മനുഷ്യാവകാശ കമ്മീഷനും കോടതിയും ഭരണകൂടവും മാധ്യമങ്ങളും പശുവിനും പട്ടിക്കും നല്കുന്ന ജീവിക്കാൻ ഉള്ള അവകാശങ്ങൾ എങ്കിലും ഈ പാവങ്ങൾക്ക് നല്കണം.
എൻഡോസൾഫാൻ കുട്ടികളെയും അവരുടെ അമ്മമാരെയും കണ്ട കാര്യം അവരോടു സംസാരിച്ച കാര്യം എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ കിട്ടിയ മറുപടി, "എന്റെ ജീവിതം ആസ്വദിക്കാൻ ഉള്ളതാണ് , ഇത് പോലെ ഉള്ള കാര്യങ്ങൾ കേൾക്കുവാൻ എനിക്ക് താൽപ്പര്യം ഇല്ല, എന്റെ ലൈഫ് ഫുൾ എൻജോയ് ചെയ്യുക അല്ലാതെ ഈ വക കാര്യങ്ങൾ ഒന്നും കേൾക്കാൻ താല്പ്പര്യം ഇല്ല" എന്നാണ്.
നമ്മൾ കാണണം ഈ കുട്ടികളെ, ഈ അമ്മമാരേ, കഥാവശേഷനിലെ ദിലീപിന്റെ കഥാപാത്രം പോലെ നിങ്ങൾക്ക് ഒരു പക്ഷേ ഈ ജീവിതത്തോടു വെറുപ്പ്‌ തോന്നി സ്വയംഹത്യ ചെയ്യുവാൻ തോന്നിയേക്കാം. ഇവരോടൊപ്പം സമരം ചെയ്യേണ്ടതുണ്ട് , ഇവർക്കൊപ്പം നിൽക്കേണ്ടതുണ്ട്.
ഇരകളുടെ അവകാശങ്ങളും അവകാശങ്ങൾ ആണ്.

Tuesday, 26 January 2016

M സ്വരാജ് - VT ബൽറാം സംവാദം

VT ബൽറാം v/s M സ്വരാജ്

ചരിത്രത്തിൽ  ഇടം നേടിയെക്കാവുന്ന  ഒരു രാഷ്ട്രീയ ചർച്ചയായിരുന്നു സ്വരാജും ബൽറാമും  തമ്മിൽ  നടന്നത് ... ചർച്ചയുടെ പൂർണ്ണ  വിവരങ്ങൾ    ചുവടെ



2014ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌: ഇന്ത്യ
56 ഇഞ്ച്‌ നെഞ്ചളവുള്ള, രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക്‌ പരിഹരിക്കാൻ കഴിവുള്ള, ദേശഭക്തനായ വികാസ്‌ പുരുഷൻ കടന്നുവരുന്നു. ചായക്കടയിലിരുന്ന് ചർച്ച നടത്തുന്നു. എല്ലാം നാടിന്റെ നന്മക്ക്‌ വേണ്ടിയല്ലേ, ആയിരക്കണക്കിനാളുകളുടെ കൂട്ടക്കൊലയടക്കമുള്ള ഭൂതകാലം പിന്നെ നാം എന്തിനോർക്കണം?
2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌: കേരളം
ഇരട്ടച്ചങ്കുള്ള, കേരളത്തിന്റെ എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക്‌ പരിഹരിക്കാൻ കഴിവുള്ള, ചിരിക്കാനറിയാവുന്ന വിപ്ലവനായകൻ കടന്നുവരുന്നു. എൻഡോസൾഫാൻ ദുരിതബാധിതരെ ആദ്യമായി ആശ്വസിപ്പിക്കുന്നു. എല്ലാം കേരളത്തിന്റെ നന്മക്ക്‌ വേണ്ടിയല്ലേ, നിരവധി രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരത്ത്വവും ആസൂത്രിത അഴിമതികളും അടക്കമുള്ള ഭൂതകാലം പിന്നെ നാം എന്തിനോർക്കണം?
******************************
കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ പേരിനെച്ചൊല്ലി വലിയ പരിഹാസങ്ങളാണല്ലോ സൈബർ സഖാക്കൾ ചൊരിയുന്നത്‌. കോൺഗ്രസ്‌ ഭരിക്കുന്ന കേരളത്തെ ആരിൽ നിന്നാണ്‌ രക്ഷിക്കാനുള്ളത്‌ എന്നാണവരുടെ ചോദ്യം. ഫാഷിസത്തെ പുൽകാൻ വെമ്പുന്ന മട്ടിൽ കേരളീയ സമൂഹത്തിൽ ആഴത്തിൽ വേരോടുന്ന ജാതി, മത വർഗ്ഗീയതയിൽനിന്നും അസഹിഷ്ണുതയിൽ നിന്നും ഭാവികേരളത്തിന്റെ എല്ലാ വികസന സാധ്യതകളേയും മുളയിലേ നുള്ളിക്കളയുന്ന സിപിഎമ്മിന്റെ വരട്ടുതത്ത്വവാദങ്ങളിൽ നിന്നും കേരളത്തെ രക്ഷിക്കാൻ കഴിയുന്നത്‌ കോൺഗ്രസ്‌ പ്രതിനിധാനം ചെയ്യുന്ന ഭരണഘടനാ മൂല്ല്യങ്ങൾക്കും സമാശ്ലേഷിയായ വികസനകാഴ്ച്ചപ്പാടുകൾക്കുമാണ്‌ എന്നാണ്‌ കേരളരക്ഷായാത്രയുടെ രാഷ്ട്രീയ സന്ദേശം.
എന്നാൽ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന യാത്രയുടെ പേര്‌ നവകേരളയാത്ര എന്നാണെന്നത്‌ കൗതുകകരമാണ്‌. കാരണം ഇതേ പേരിൽത്തന്നെയാണ്‌ മുൻപൊരിക്കലും ഇദ്ദേഹം തന്നെ മാർച്ച്‌ നടത്തിയത്‌ എന്ന് നമുക്കോർമ്മയുണ്ട്‌. അതിനുശേഷം അഞ്ച്‌ വർഷം കേരളം ഭരിക്കാൻ അദ്ദേഹം സെക്രട്ടറിയായ പാർട്ടിക്ക്‌ അവസരം ലഭിക്കുകയും ചെയ്തു. അന്ന് എന്തുകൊണ്ട്‌ ഈപ്പറയുന്ന നവകേരളം സൃഷ്ടിക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. അതോ അന്ന് സൃഷ്ടിച്ച്‌ പൂർത്തീകരിച്ച നവകേരളത്തിന്റെ രണ്ടാം എപ്പിസോഡ്‌ സൃഷ്ടിക്കാനുള്ള നവ നവ കേരളയാത്രയാണോ ഇത്തവണത്തേത്‌ ! അങ്ങനെയാണെങ്കിൽ ആദ്യത്തെ നവകേരളവും ഇപ്പോൾ മുന്നോട്ടുവെക്കുന്ന നവകേരളവും തമ്മിലുള്ള വ്യത്യാസമെന്താണ്‌? അന്നത്തേതിൽ നിന്ന് ഏതെല്ലാം നയങ്ങളാണ്‌ ഇന്ന് സിപിഎം വ്യത്യാസപ്പെടുത്തിയിരിക്കുന്നത്‌? അതിന്റെ കാരണങ്ങളെന്താണ്‌? കാഴ്ച്ചപ്പാടുകൾ മാറുന്നതിനിടയിലെ ഈ കാലതാമസം മൂലം നാടിന്‌ നഷ്ടമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം കൂടി സിപിഎം ഏറ്റെടുക്കുമോ?
ഏതായാലും ഈ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ തുടക്കം കുറിച്ച്‌ പൂർത്തീകരണത്തിന്റെ വക്കിലെത്തിയിരിക്കുന്ന കൊച്ചി മെട്രോ റെയിൽ സിപിഎമ്മിന്റെ മാറിയ വികസന കാഴ്ചപ്പാടിന്റെ പ്രതീകമായി പ്രചരണബോർഡുകളിൽ അവതരിപ്പിക്കപ്പെടുന്നത്‌ ആ പാർട്ടിയുടെ തികഞ്ഞ ഗതികേടിനെയാണ്‌ സൂചിപ്പിക്കുന്നത്‌ എന്ന് പറയാതെ വയ്യ.
==================================================================

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റിന്‌ വന്ന കമന്റുകളുടേയും പൊതുവിൽ സമീപദിവസങ്ങളിൽ നടക്കുന്ന അതിമാനുഷനായ നേതാവിനേക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകളുടേയും പശ്ചാത്തലത്തിൽ എനിക്ക്‌ പറയാനുള്ളത്‌ ഇവിടെ കുറിക്കുന്നു:
1) എന്തോ വലിയ സംഭവങ്ങളാണെന്ന മട്ടിൽ ഏതെങ്കിലും നേതാവിനെ ഭക്തരും ഫാൻസും തലയിലേറ്റി നടക്കുന്നുണ്ടെങ്കിൽ അതവരുടെ മാത്രം ബാധ്യതയാണ്‌. അത്‌ വെച്ച്‌ ആ നേതാക്കൾ വിമർശനാതീതരാവുന്നില്ല. ആരെങ്കിലും അവരെ വിമർശിച്ചാൽ അതിന്റെ പേരിൽ കുരുപൊട്ടിയിട്ടും തെറിവിളിച്ചിട്ടും കാര്യവുമില്ല. ജനാധിപത്യത്തിൽ ആരെയെങ്കിലും വിമർശിക്കുന്നതടക്കമുള്ള ഭരണഘടനാവകാശങ്ങൾക്കുള്ള യോഗ്യത പ്രായമല്ല, പൗരത്ത്വമാണ്‌. 70 വയസ്സിന്റെ പ്രായവും അനുഭവവുമുള്ളവരെയും ഒരു 37 വയസ്സുകാരന്‌ വിമർശിക്കാം.
2) ഹിറ്റ്‌ലറുടെ അവസാന ന്യൂറംബർഗ്ഗ്‌ റാലിയിൽ ഏതാണ്ട്‌ എട്ട്‌ ലക്ഷം ആളുകളാണ്‌ പങ്കെടുത്തിരുന്നത്‌. അത്‌ മുഴുവൻ പകർത്താൻ അക്കാലത്തെ ഒരു ക്യാമറക്കും കഴിഞ്ഞിരുന്നില്ല. ആധുനിക ജനാധിപത്യത്തിൽ തെരുവിലെ ആൾക്കൂട്ടത്തിന്റെ വലുപ്പം ശരിതെറ്റുകളുടെ അളവുകോലല്ല.
3) പാർട്ടിയിലെ മുതലാളിത്ത താത്പര്യങ്ങളെ തുറന്നെതിർത്തതിന്റെ പേരിൽ രക്തസാക്ഷിയായ ടി. പി. ചന്ദ്രശേഖരന്‌ യഥാർത്ഥ സഖാക്കൾ നൽകിയ വിശേഷണമാണ്‌ "ഇരട്ടച്ചങ്കുള്ള ധീരനായ കമ്മ്യൂണിസ്റ്റ്‌" എന്നത്‌. ചന്ദ്രശേഖരനെ ഇല്ലായ്മ ചെയ്തവർക്കും അതേ വിശേഷണം ചാർത്തിനൽകുന്നത്‌ അപഹാസ്യമാണ്‌. മുണ്ടുടുത്ത മുസ്സോളിനിമാരുടെ മാടമ്പിരാഷ്ട്രീയത്തിന്‌ അൽപ്പബുദ്ധികളായ ഫാൻസ്‌ നൽകുന്ന വിശേഷണ ഡെക്കറേഷൻസായേ അതിനെയൊക്കെ കാണാൻ പറ്റൂ.
4) ഗൂഢാലോചനാക്കേസുകൾ അന്വേഷിച്ച്‌ കണ്ടുപിടിക്കാനോ തെളിവ്‌ നിരത്തി കോടതിമുമ്പാകെ സ്ഥാപിക്കാനോ എളുപ്പമല്ല. മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസിൽ നിന്ന് സവർക്കർ ശിക്ഷിക്കപ്പെടാതെ പോയി. അതുപോലെ ടി പി ചന്ദ്രശേഖരൻ വധഗൂഢാലോചനയിലും ചിലർ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഒന്നിന്‌ മറുപടിയായി മറ്റൊന്ന് എന്ന നിലയിൽ കൃത്യമായി കണക്ക്‌ പാലിച്ചുകൊണ്ട്‌ മുന്നോട്ടുപോകുകയും പിന്നീട്‌ പാർട്ടി നേതാക്കന്മാർ സമാധാന ചർച്ച നടത്തിയാൽ സ്വിച്ചിട്ടപോലെ നിൽക്കുന്നതുമായ കണ്ണൂർ മോഡൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക്‌ പിന്നിൽ വ്യക്തമായ ഒരു സൂത്രധാരത്ത്വമുണ്ട്‌ എന്നതിൽ സംശയമൊന്നുമില്ല.
5) ഈ സർക്കാരിന്റെ കാലത്ത്‌ പുതുതായി വൈദ്യുത പദ്ധതികൾ ഒന്നും തുടങ്ങിയില്ല എന്നത്‌ വസ്തുതാവിരുദ്ധമാണ്‌. 44 മെഗാവാട്ടോളം പുതുതായി കേരളത്തിൽത്തന്നെയുള്ള ഉത്പാദനം വർദ്ധിപ്പിച്ചതോടൊപ്പം ഏതാണ്ട്‌ 1300 മെഗാവാട്ടോളം ദീർഗ്ഘകാല പവർ പർച്ചേസ്‌ അഗ്രീമെന്റുകൾ വഴി യൂണിറ്റിന്‌ ഏതാണ്ട്‌ 4 രൂപ നിരക്കിൽ അടുത്ത 30 വർഷത്തേക്ക്‌ ഉറപ്പുവരുത്താനും ഈ സർക്കാരിന്‌ കഴിഞ്ഞിട്ടുണ്ട്‌. മുൻകാലങ്ങളിലെ 30 ശതമാനത്തിൽ നിന്ന് പ്രസരണ വിതരണ നഷ്ടം 14 ശതമാനത്തോളമാക്കി കുറക്കാനും കഴിഞ്ഞു. ഛത്തീസ്ഗഢിൽ നിന്നുള്ള 26000 കോടി രൂപയുടെ പവർ കോറിഡോറിന്റെ നിർമ്മാണം ആരംഭിക്കാനിരിക്കുന്നു. ഏതായാലും ലാവലിൻ ഇടപാടിൽ 375 കോടി രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചുവെങ്കിലും അതിന്റെ ഫലമായി ഒരു യൂണിറ്റ്‌ വൈദ്യുതി പോലും കൂടുതലായി ഉത്പാദിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ്‌ സി&എജി കണ്ടെത്തിയത്‌.
6) ചില വലിയ നേതാക്കൾ പാർട്ടിയെ നയിച്ച നീണ്ട കാലത്ത്‌ പാർട്ടി വിവിധ തെരഞ്ഞെടുപ്പുകളിൽ ആവർത്തിച്ച്‌ പരാജയപ്പെടുകയായിരുന്നു എന്നത്‌ ഒരു വസ്തുത മാത്രമാണ്‌. പരസ്യപ്രചരണത്തിന്‌ വരാതെ അണ്ടർ ഗ്രൗണ്ടിലിരുന്ന് തെരഞ്ഞെടുപ്പ്‌ പ്രചരണം ഏകോപിപ്പിച്ചപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവർ നേതൃത്ത്വത്തിൽ നിന്ന് മാറിയതിന്‌ ശേഷമാണ്‌ ഈയിടെ ഒരു വിജയമുണ്ടായത്‌. പാർട്ടി അതിന്റെ അടിസ്ഥാന നിലപാടുകളിൽ നിന്ന് വ്യതിചലിച്ചതും പുത്തൻ പണക്കാരുടെ സ്വാധീനത്തിലമർന്നതും വർഗ്ഗീയ സംഘടനകളുമായി വരെ അവസരവാദപരമായ കൂട്ടുകെട്ടുകളുണ്ടാക്കിയതും ജനങ്ങളിൽ നിന്ന് (ആൾക്കൂട്ടങ്ങളിൽ നിന്നല്ല) അകന്നതും ഒക്കെ ഈ പരാജയങ്ങളുടെ കാരണമായി പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടുണ്ട്‌.
7) കേരളത്തിന്റെ ഭാവി വികസനത്തേക്കുറിച്ച്‌ മൗലികമായ ഒരു കാഴ്ച്ചപ്പാടും ഈ വലിയ നേതാവ്‌ ഇതുവരെ മുന്നോട്ടുവെച്ചതായി കാണുന്നില്ല. നാട്ടുകാർ മുഴുവൻ പതിനഞ്ച്‌ വർഷം മുൻപ്‌ തിരിച്ചറിഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ പുതുതായി കണ്ടെത്തിയതെന്ന മട്ടിൽ ഏറ്റുപറഞ്ഞ്‌ കുമ്പസാരം നടത്തുന്നത്‌ വലിയ കാര്യമൊന്നുമല്ല. മുറിമൂക്കന്മാർക്ക്‌ പ്രാധാന്യം കിട്ടുക മൂക്കില്ലാരാജ്യത്ത്‌ മാത്രമാണ്‌.
8) ഏത്‌ പാർട്ടിയിൽപ്പെട്ടവരാണെങ്കിലും പൊതുരംഗത്ത്‌ പ്രവർത്തിക്കുന്നവർ ഒരു പൊതുപരിപാടിയിൽ വെച്ച്‌ പരസ്പരം കാണുമ്പോൾ കൈകൊടുക്കുന്നതും അഭിവാദ്യം ചെയ്യുന്നതും പ്രസംഗത്തിൽ ഒന്നോ രണ്ടോ നല്ലവാക്കുകൾ പറയുന്നതും ഒക്കെ സാമാന്യമര്യാദയുടെ മാത്രം ഭാഗമാണ്‌. നരേന്ദ്രമോഡിയും സീതാറാം യെച്ചൂരിയും കണ്ടുമുട്ടുമ്പോഴും ഏതാണ്ടിങ്ങനെയൊക്കെത്തന്നെയാവും പെരുമാറുക. അതിനർത്ഥം അവർ "മനസ്സുകൊണ്ട്‌ ആരാധിക്കുന്നു" എന്നല്ല.
9) സാധാരണ മനുഷ്യരെല്ലാവരും ചിരിക്കാറുള്ളവരാണ്‌. കാപട്യമുള്ളവർ മാത്രമാണ്‌ ചിരിക്കുന്നതെന്നും ചിലർ ചിരിക്കാത്തത്‌ ഉള്ളിൽ കാപട്യമില്ലാത്തത്‌ കൊണ്ടാണെന്നുമൊക്കെ ഏതെങ്കിലും മനശ്ശാസ്ത്ര ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ടോ എന്നറിയില്ല്ല.
നേരത്തെ കാര്യമായി ചിരിക്കാതിരുന്നവർ ഈയിടെയായി ചിരിച്ച്‌ കാണുന്നത്‌ ഉള്ളിൽ കാപട്യം കുറേശ്ശെ കടന്നുവരുന്നത്‌ കൊണ്ടാണോ എന്ന് വിശദീകരിക്കേണ്ടത്‌ ഫാൻസുകാർ തന്നെയാണ്‌.
10) ഇന്ത്യൻ പ്രധാനമന്ത്രിയെ വിമർശിച്ചതിന്റെ പേരിലാണ്‌ ചിലർ തൃത്താല പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചത്‌. അങ്ങനെയാണെങ്കിൽ തൃത്താല പ്രധാനമണ്ടൻ എന്ന് മറ്റു ചിലരിപ്പോൾ വിശേഷിപ്പിക്കുന്നത്‌ ആരെ വിമർശിച്ചതിന്റെ പേരിലാണ്‌ എന്ന് അവർ തന്നെ വ്യക്തമാക്കേണ്ടതാണ്‌.
=========================================================

വെളിച്ചമെത്തുമ്പോൾ ഇരുട്ടിനു ഭയം.
എം.സ്വരാജ്
സഖാവ് പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ച് സമാനതകളില്ലാത്ത ജനമുന്നേറ്റമായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരള ചരിത്രത്തിലിന്നോളം ഒരു പരിപാടിയിലും കണ്ടിട്ടില്ലാത്ത വൻ ജനസഞ്ചയമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ഒഴുകിയെത്തുന്നത്. സമഗ്ര മാറ്റത്തിന് തയ്യാറെടുക്കുന്ന കേരളത്തിന്റെ കാഹളമാണ് നവകേരള മാർച്ച്. എന്നാൽ ഇതേ സമയത്താണ് ശ്രീ.വി.എം.സുധീരന്റെ ജാഥ മിക്കയിടത്തും ആരെയും ആകർഷിക്കാനാവാതെ അനാഥമായി കടന്നുപോകുന്നതിനും കേരളം സാക്ഷിയായത്. യു.ഡി.എഫ് ഭരണത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് വി.എം.സുധീരന്റെ യാത്രയെ വിലാപയാത്രയാക്കി മാറ്റിയത്.
രണ്ട് ജാഥയുടെയും അനുഭവങ്ങൾ സ്വാഭാവികമായും കോൺഗ്രസ് പ്രവർത്തകരെ അസ്വസ്ഥരാക്കുമെന്നുറപ്പ്. അത്തരം അസ്വസ്ഥത തലയ്ക്കുപിടിച്ചതിന്റെ വെപ്രാളത്തിലാണെന്നു തോന്നുന്നു സുഹൃത്തായ ശ്രീ. വി.ടി.ബൽറാം എം.എൽ.എ ഫേസ് ബുക്കിൽ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടത്. തുടർന്നുണ്ടായ പ്രതികരണങ്ങൾക്കുള്ള മറുപടിയായി മറ്റൊരു പോസ്റ്റും അദ്ദേഹത്തിന്റേതായി കണ്ടു. കേരളത്തിൽ ചുവപ്പു തരംഗം പടരുകയും സ്വന്തം നേതാവിന്റെ ജാഥയ്ക്ക് ആളൊഴിഞ്ഞ കസേരകൾ ശ്രോതാക്കളാവുകയും ചെയ്യുമ്പോൾ ബൽറാമിനുണ്ടാവുന്ന പ്രയാസം മനസിലാക്കാവുന്നതാണ്. പക്ഷെ അതിനോട് പ്രതികരിക്കുമ്പോൾ അദ്ദേഹം ഇത്രമാത്രം ചെറുതാവാൻ പാടില്ലായിരുന്നു.
പിണറായിക്കെതിരെ വിമർശനമുയർത്താൻ ഏതൊരാൾക്കും അവകാശമുണ്ട്. തീർച്ചയായും ആ സ്വാതന്ത്ര്യം ബൽറാമിനുമുണ്ട്. ആരും വിമർശനത്തിനതീതരുമല്ല. എന്നാൽ ഉത്തരവാദിത്വത്തോടെ വിമർശനമുന്നയിക്കുന്നതിനു പകരം ആക്ഷേപിക്കുന്നതും, ദുരാരോപണമുയർത്തുന്നതും മാന്യതയല്ല. “നിരവധി രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരത്വവും, ആസൂത്രിത അഴിമതികളും അടക്കമുള്ള ഭൂതകാലം” ഇതാണ് ബൽറാമിന്റെ ഒരു വാചകം. എത്രമാത്രം തരംതാഴ്ന്ന വിടുവായത്തമാണിത്? “നിരവധി രാഷ്ട്രീയ കൊലപാതകങ്ങൾ”, “ആസൂത്രിത അഴിമതി”, തുടങ്ങിയ ബൽറാമിന്റെ ആരോപണങ്ങളുടെ അടിസ്ഥാനമെന്താണ്? ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ തെളിവുകൾ ഹാജരാക്കി നിയമപരമായി മുന്നോട്ടു പോവുകയല്ലേ വേണ്ടത്?
അതിന് ബൽറാമിന്റെ ന്യായം “ഗൂഢാലോചനാ കേസുകൾ അന്വേഷിച്ച് കണ്ടുപിടിക്കാനോ തെളിവു നിരത്തി കോടതി മുമ്പാകെ സ്ഥാപിക്കാനോ എളുപ്പമല്ല” എന്നത്രെ! അപ്പോൾ എളുപ്പമുള്ളതെന്താണ്? ഇഷ്ടമില്ലാത്തവരെക്കുറിച്ച് എന്തും വിളിച്ചുപറയുക. അതാണ് ബൽറാം ചെയ്യുന്നത്. ഇതേ നാണയത്തിൽ ബൽറാമിനെതിരായി ആരോപണം ഉന്നയിച്ചാൽ എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം? സമീപകാലത്ത് ബൽറാമിന്റെ പാർടിയിലെ മൂന്ന് യുവനേതാക്കന്മാരാണ് അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രമായിരുന്ന തൃശ്ശൂരിൽ പരസ്പരം വെട്ടിമരിച്ചത്. മന്ത്രി സി.എൻ.ബാലകൃഷ്ണനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് ചോദിച്ച് ബൽറാമിനെ ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല. പക്ഷെ ബൽറാമിന്റെ മൂക്കിൻ തുമ്പിൽ നടന്ന പ്രസ്തുത കൊലപാതകങ്ങളുടെ “സൂത്രധാരത്വ”ത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പാർടിയിലെ തന്നെ ചിലർ വിരൽചൂണ്ടിയത് ബൽറാമിനു നേരെയായിരുന്നു.
എന്നാൽ ഇപ്പോൾ ഈ ആരോപണം ഞാൻ ഉയർത്തുന്നില്ല. കാരണം എനിക്കു ബോധ്യമായ തെളിവുകൾ ഇല്ല എന്നതുതന്നെ. മാത്രവുമല്ല ബൽറാം അങ്ങനെയൊന്നും ചെയ്യില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്നാൽ ബൽറാമിന്റെ ന്യായമനുസരിച്ച് ആരെങ്കിലും ഇങ്ങനെ ഒരാരോപണം ഉയർത്തിയ ശേഷം തെളിയിക്കാനൊക്കെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു കൈ കഴുകിയാൽ അത് അൽപത്തരമാവില്ലേ? അങ്ങനെ വന്നാൽ ആർക്കുമെതിരെ എന്തും വിളിച്ചു പറഞ്ഞശേഷം തെളിയിക്കാൻ എളുപ്പമല്ല എന്നു പറഞ്ഞ് ഒഴിയുന്ന സ്ഥിതി വരില്ലേ? ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കണോ എന്ന് എല്ലാവരും ചിന്തിക്കുന്നത് നല്ലതാണ്.
മറ്റു പല വിലകുറഞ്ഞ പരാമർശങ്ങളും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കാണാം. നവകേരള മാർച്ചിനെ സ്വീകരിക്കാനെത്തുന്ന ജനസാഗരം കണ്ട് നിലതെറ്റിയ ബൽറാം പറയുന്നു “ആധുനിക ജനാധിപത്യത്തിൽ തെരുവിലെ ആൾക്കൂട്ടത്തിന്റെ വലുപ്പം ശരി തെറ്റുകളുടെ അളവു കോലല്ല” ഹിറ്റ്‌ലറുടെ റാലിയെ കുറിച്ചും ഉദാഹരിക്കുന്നുണ്ട്. എങ്ങനെയുണ്ട് വിശകലനം? ഇപ്പോൾ മനസിലായില്ലേ സുധീരന്റെ യാത്ര അനാഥമായത് എന്തുകൊണ്ടാണെന്ന്! ആളു കൂടുന്നതിലല്ല ആളുകുറയുന്നതിലാണ് കാര്യം!!. ഇതൊരു വല്ലാത്ത വിലയിരുത്തലായിപ്പോയി.
രാഷ്ട്രീയ പാർടികൾ ജാഥയും പൊതുയോഗങ്ങളും നടത്തുന്നത് ആളെക്കൂട്ടാനല്ല മറിച്ച് പരമാവധി ആളെ അകറ്റാനാണ് എന്ന “ആധുനിക ജനാധിപത്യ സിദ്ധാന്തം” സത്യത്തിൽ എനിക്കിപ്പോഴും മനസിലായിട്ടില്ല. (ഞാൻ ഈ പോളിടെക്‌നിക്കിലൊന്നും പഠിച്ചിട്ടില്ല.) ആ സിദ്ധാന്തത്തെക്കുറിച്ച് ബൽറാം കൂടുതൽ വിശദീകരിച്ചാൽ ഒരു പക്ഷെ എനിക്കു മനസിലാകുമായിരിക്കാം. ഏതായാലും ഇത്തരം സിദ്ധാന്തങ്ങളറിയാത്തവരാണെന്നു തോന്നുന്നു കേരളത്തിൽ മഹാഭൂരിപക്ഷവും അതുകൊണ്ടാണ് നവകേരള മാർച്ച് ചരിത്ര സംഭവമായി മാറുന്നത്. ബൽറാം ദയവായി പൊറുക്കണം അല്ലാതെന്തു പറയാൻ.
“മുണ്ടുടുത്ത മുസോളിനി” തുടങ്ങിയ പ്രയോഗങ്ങളൊക്കെയുണ്ട് ബൽറാമിന്റേതായി. അങ്ങനെയൊക്കെ തനിക്കിഷ്ടമില്ലാത്തവരെ വിളിക്കുമ്പോൾ ബൽറാമിന് ആശ്വാസവും മന:സുഖവും കിട്ടുന്നുവെങ്കിൽ നല്ലത്. പക്ഷെ മുസോളിനി ആരായിരുന്നുവെന്നും അയാളുടെ രാഷ്ട്രീയം എന്തായിരുന്നുവെന്നും മറന്നു കളയരുത്. ആക്ഷേപിക്കാനാണെങ്കിലും ഉചിതമായ പ്രയോഗങ്ങളല്ലേ നല്ലത്?. മുസോളിനിയും, ഹിറ്റ്‌ലറും, ഇല്ലാതാക്കാൻ ശ്രമിച്ച ആശയത്തെയാണ് ഇപ്പോൾ ബൽറാമും തീർക്കാൻ നോക്കുന്നത്. ആ ഒരു തലത്തിലെങ്കിലും “മുണ്ടുടുത്ത മുസോളിനി” എന്ന പ്രയോഗം ആർക്കാണു കൂടുതൽ ചേരുകയെന്ന് ബൽറാം ആലോചിക്കട്ടെ.
പതിവു തെറ്റിക്കാതെ ടി.പി.ചന്ദ്രശേഖരനെയും ഒന്നു തൊട്ടു പോകുന്നുണ്ട് ബൽറാം. ശ്രീ. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ അപലപിക്കുന്നവരാണ് ഞങ്ങളെല്ലാം. അതിന്റെ പേരിൽ നിരപരാധികളെ വേട്ടയാടുന്നതിനെ എതിർക്കുമ്പോൾ തന്നെ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിൽ ദു:ഖിക്കുന്നവരാണു ഞങ്ങൾ. കൊലപാതകങ്ങളെ മുഖം നോക്കാതെ എതിർക്കാനും ഞങ്ങൾക്കൊരു മടിയും ഉണ്ടായിട്ടില്ല. എന്നാൽ ബൽറാമിന് ടി.പി. കൊല്ലപ്പെട്ടത് മാത്രമേ അറിയൂ. ബൽറാമിന്റെ പാർടി ഭരിച്ച ഈ അഞ്ചുവർഷത്തിനിടയിൽ മുപ്പതോളം ഇടതുപക്ഷ പ്രവർത്തകരെ അരുംകൊല ചെയ്തത് ബൽറാം അറിഞ്ഞിട്ടില്ല. സ്വന്തം പാർടി നേതാക്കന്മാരെ ഗ്രൂപ്പുവൈരം തലയ്ക്കു പിടിച്ചവർ വെട്ടി നുറുക്കിയതിനെക്കുറിച്ചും ബൽറാമിന് വേവലാതിയില്ല. ഇരട്ടകൊലപാതകത്തിലെ പ്രതിക്കൊപ്പം നിയമസഭയിൽ ഇരിക്കുന്നതിൽ ബൽറാമിന് മന:പ്രയാസവുമില്ല. എല്ലാ കൊലപാതകങ്ങളെയും ഒരുപോലെ തള്ളിപ്പറയാനുള്ള ആർജ്ജവമുണ്ടാവാൻ ഇപ്പോഴത്തെ ഖദർ ഒരു തടസമാണോ ആവോ? കൊന്നതിന്റെയും മരിച്ചതിന്റെയും കണക്കു നോക്കിയാൽ ഏറ്റവും വികൃതമായ മുഖം സ്വന്തം പാർടിയുടേതാണെന്ന് ബൽറാമിന് മനസിലാവും. ഇക്കാര്യത്തിൽ വിശദാംശങ്ങൾ ആവശ്യമെങ്കിൽ പിന്നീടാവാം. സ്വന്തം പാർടികാരുടെ കൈകൊണ്ട് ചാവക്കാട്ടെ യുവനേതാവ് ഹനീഫ ദാരുണമായി കൊല്ലപ്പെട്ടപ്പോൾ സമാധാനമുണ്ടാക്കാൻ ഇടപെടുന്നതിന് പകരം ഹനീഫയുടെ ഖബറിലെ പച്ചമണ്ണിന്റെ നനവ് മാറുന്നതിന് മുമ്പ്, എതിരാളികളെ ആക്ഷേപിക്കാനുള്ള തെളിവ് ശേഖരിക്കാൻ നടത്തിയ കുപ്രസിദ്ധമായ ആഹ്വാനം അറിയാതെ ഓർത്തുപോകുന്നു.
========================================================


ബ്രൈറ്റ്നെസ് കൂട്ടി ഫോട്ടോഷോപ്പിൽ മുഖം മിനുക്കി വീണ്ടുമൊരാൾ കൂടി വരുന്നത് കാണുമ്പോൾ ഭയം തോന്നുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലാണ്.
--------------------------------
"വെളിച്ചമെത്തുമ്പോൾ ഇരുട്ടിന് ഭയം" എന്ന തലക്കെട്ടിലുള്ള ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിച്ചു. "ഞങ്ങടെ നേതാവിനെ വിമർശിക്കാൻ മാത്രം നീയൊക്കെ വളർന്നോടാ ചള്ള് ചെക്കാ" എന്ന മട്ടിലുള്ള ഫേസ്‌ബുക്കിലെ പതിവ് ഡിഫി ഭാഷയല്ല സംസ്ഥാന സെക്രട്ടറിയുടേത് എന്ന് കാണുമ്പോൾ സന്തോഷമുണ്ട്.
പോളിറ്റ് ബ്യൂറോ മെമ്പർ പിണറായി വിജയൻ നടത്തുന്ന നവകേരള മാർച്ചിന് നല്ലവണ്ണം ആളുകൂടുന്നുണ്ടെന്ന് ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. മറ്റേതൊരു രാഷ്ട്രീയ പാർട്ടിയെക്കാളും പരിപാടികളിൽ അണികളെ പങ്കെടുപ്പിക്കാൻ സിപിഎമ്മിന് കേരളത്തിൽ എന്നും കഴിഞ്ഞിട്ടുണ്ട് എന്നതും എല്ലാവരും അംഗീകരിക്കാറുണ്ട്. സിപിഎം കേരളത്തിൽ 140ൽ നൂറ് സീറ്റിലും തോൽക്കുമ്പോഴും അവരുടെ പരിപാടികളിൽ യു.ഡി.എഫിനേക്കാൾ ജനക്കൂട്ടം പങ്കെടുത്തുകണ്ടിട്ടുണ്ട്. പാർട്ടി ഏതാണ്ട് നാമാവശേഷമായ ബംഗാളിൽ ഈയിടെ നടന്ന പ്ലീനസമ്മേളനത്തിലും വൻജനക്കൂട്ടം ഉണ്ടായതായി കേട്ടു. എന്നാൽ ആൾക്കൂട്ടത്തിന്റെ പേരിൽ സൈബർ സിപിഎമ്മുകാർ നടത്തുന്ന അമിതമായ അവകാശവാദങ്ങളും നെഗളിപ്പുമാണ് ഇവിടെ അപഹാസ്യമാവുന്നത്. ജനപങ്കാളിത്തം കുറവാണെന്നമട്ടിൽ കെപിസിസി പ്രസിഡന്റ്‌ നയിക്കുന്ന ജനരക്ഷായാത്രയെ അപഹസിക്കുന്ന തരത്തിൽ ഉള്ള സൈബർ പ്രചരണങ്ങൾക്കുള്ള മറുപടിയായിരുന്നു ഈ വിഷയത്തിലുള്ള എന്റെ ആദ്യ പോസ്റ്റ്‌. എന്നാൽ കോൺഗ്രസിന്റെ പതിവ് രീതി വെച്ച് നോക്കുമ്പോൾ എത്രയോ മികച്ച ജനപങ്കാളിത്തമാണ് ഇത്തവണത്തെ യാത്രക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നത് തന്നെയാണ് വാസ്തവം. സ്വരാജിന് പ്രത്യേക താത്പര്യമുള്ള തൃത്താലയിലടക്കം ഇക്കഴിഞ്ഞദിവസം ജനരക്ഷായാത്രക്ക് ലഭിച്ച വരവേൽപ്പിനെക്കുറിച്ച് ഇന്നാട്ടിലെ പാർട്ടിക്കാരോട് ഒന്നന്വേഷിക്കുന്നത് നല്ലതാണ്.
"പിണറായിക്കെതിരെ വിമർശനമുയർത്താൻ ഏതൊരാൾക്കും അവകാശമുണ്ട്. തീർച്ചയായും ആ സ്വാതന്ത്ര്യം ബൽറാമിനുമുണ്ട്." എന്ന് സ്വരാജ് ഇവിടെ പറയുന്നുണ്ടെങ്കിലും ആ സ്വാതന്ത്ര്യം അനുവദിച്ച് തരാൻ സ്വരാജിന്റെ പാർട്ടിക്കാരായ എത്രപേർ സമ്മതിക്കുന്നുണ്ട് എന്ന് എന്റെ ആദ്യ പോസ്റ്റിനു വന്ന കമന്റുകൾ ഒന്ന് വായിച്ചാൽ മനസ്സിലാവും. മോഡിയെ വിമർശിക്കുമ്പോൾ സംഘികൾ നടത്തുന്ന തെറിവിളിയും ഇപ്പോഴത്തേതും തമ്മിലുള്ള വ്യത്യാസം മലയാളഭാഷാ വിദഗ്ദർ ആയ ആരെങ്കിലും പറഞ്ഞുതന്നാൽ നന്നായിരുന്നു. ഞാനുയർത്തുന്ന "രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരത്ത്വവും ആസൂത്രിത അഴിമതികളും" എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു. തെളിവുകൾ ഹാജരാക്കി നിയമപരമായി മുന്നോട്ട് പോയി കോടതിയിൽ തെളിയിക്കുന്നത് വരെ ഒരു വ്യക്തിയും ആരോപണങ്ങൾ ഉന്നയിക്കരുത് എന്നാണ് വാദമെങ്കിൽ രാഷ്ട്രീയത്തിൽ അതെത്രത്തോളം പ്രായോഗികമാണെന്ന് സ്വരാജും സി പി എമ്മും തന്നെ തങ്ങളുടെ പ്രവൃത്തിയിലൂടെ തെളിയിക്കേണ്ടതാണ്. ഈ ഗവണ്മെന്റിനും മുഖ്യമന്ത്രിക്കും എതിരെ പ്രതിപക്ഷം ചാനൽ മുറികളിൽ ഉന്നയിക്കുന്നതും നാടുനീളെ അശ്ലീല ഫ്ലക്സുകളിൽ ഉയർത്തുന്നതുമായ എത്ര ആരോപണങ്ങൾക്ക് ഇതുവരെ വിശ്വസനീയമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്? ഏതായാലും അക്രമരാഷ്ട്രീയത്തിന്റെ സൂത്രധാരത്ത്വത്തിന്റെ പേരിൽ പാർട്ടിയുടെ ഏറ്റവും കരുത്തനായ ഒരു ജില്ലാ സെക്രട്ടറി ഇപ്പോൾ സി ബി ഐയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി "ആ നിലവിളി ശബ്ദമിടൂ" എന്ന് പറഞ്ഞ് ആംബുലൻസിൽ ആശുപത്രിയിൽ അഭയം പ്രാപിച്ചിരിക്കുന്നത് കേരളജനത കണ്ടുകൊണ്ടിരിക്കുന്നു എന്ന് മറക്കരുത്. ആസൂത്രിത അഴിമതിയുടെ കാര്യത്തിലും അധികം വൈകാതെ ഒരു തീരുമാനമാവും എന്ന് പ്രതീക്ഷിക്കുന്നു.
ചാവക്കാട്ടെ കൊലപാതകത്തെ സംബന്ധിച്ച് "പക്ഷെ ബൽറാമിന്റെ മൂക്കിൻ തുമ്പിൽ നടന്ന പ്രസ്തുത കൊലപാതകങ്ങളുടെ “സൂത്രധാരത്വ”ത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പാർടിയിലെ തന്നെ ചിലർ വിരൽചൂണ്ടിയത് ബൽറാമിനു നേരെയായിരുന്നു." എന്ന് സ്വരാജ് പറയുന്നത് അത്ഭുതത്തോടെയാണ് വായിച്ചത്. കാരണം എന്റെ പാർട്ടിയിലെ ഉത്തരവാദപ്പെട്ട ആരെങ്കിലും ഇതുവരെ എനിക്കെതിരെ ഇങ്ങനെ പറഞ്ഞതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. എവിടെയാണ് സ്വരാജ് ഇങ്ങനെ വായിച്ചതെന്ന് സോഴ്സ് തന്നാൽ അറിയാനെനിക്കും താത്പര്യമുണ്ട്. ഇവിടെ സ്വരാജിന്റെ കൗശലം എനിക്കിഷ്ടപ്പെട്ടു; "ബൽറാമിനെതിരെ ഇങ്ങനെ ഒരാരോപണമുണ്ട്, ഞാൻ മാന്യനായത് കൊണ്ട് അത് പറയുന്നില്ല" എന്നാണ് സ്വരാജിന്റെ ലൈൻ. അദ്ദേഹം ഇല്ലാത്ത കേസ് സ്വയം ഉണ്ടാക്കി സ്വയം വാദിച്ച് സ്വയം മാന്യനായി വിധിപ്രഖ്യാപിക്കുകയാണ്.
“ആധുനിക ജനാധിപത്യത്തിൽ തെരുവിലെ ആൾക്കൂട്ടത്തിന്റെ വലുപ്പം ശരി തെറ്റുകളുടെ അളവു കോലല്ല” എന്ന് ഞാൻ പറഞ്ഞത് പേരിൽത്തന്നെ ജനാധിപത്യം ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു യുവജനസംഘടനയുടെ നേതാവിന് മനസ്സിലാവുന്നില്ല എന്നത് അത്ഭുതകരമാണ്. ഡെമോക്രസിയും മോബോക്രസിയും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തെ പഠിപ്പിക്കാൻ ഏതായാലും എനിക്ക് സമയമോ താത്പര്യമോ ഇല്ല.
"മുണ്ടുടുത്ത മുസോളിനി" എന്ന പ്രയോഗം എന്റേതല്ല, ഞാൻ മനസ്സിലാക്കുന്നിടത്തോളം മാധ്യമനിരീക്ഷകനും സിപിഐ അഭിഭാഷക സംഘടനയുടെ നേതാവുമായ അഡ്വ. ജയശങ്കറിന്റെതാണ്. മുസോളിനി, ഹിറ്റ്ലർ എന്നീ പ്രയോഗങ്ങൾ അനുയോജ്യമല്ലെങ്കിൽ സ്റ്റാലിൻ, പോൾപോട്ട്, കിം ജോങ് ഉൻ, ചെഷസ്ക്യു തുടങ്ങിയ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ താരതമ്യം ഉപയോഗിക്കുന്നതിലും എനിക്ക് എതിർപ്പില്ല. ഹിറ്റ്‌ലർ തങ്ങളുടെ അധികാരപരിധിയിലേക്ക് കയറിയപ്പോൾ മാത്രമാണ് കമ്മ്യൂണിസ്റ്റ്‌ ഭരണമുള്ള സോവിയറ്റ്‌ യൂണിയന് പൊള്ളിയത് എന്നും അതുവരെ അനാക്രമണ സന്ധിയൊക്കെ വെച്ച് ഹിറ്റ്‌ലറും സ്റ്റാലിനും ഭായി ഭായി കളിക്കുകയായിരുന്നു എന്നും ചരിത്രത്തിൽ ഒന്ന് പരതിയാൽ മനസ്സിലാകും.
"ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിൽ ദു:ഖിക്കുന്നവരാണു ഞങ്ങൾ" എന്ന് സ്വരാജ് പറയുമ്പോൾ പണ്ട് വിദ്യാർത്ഥി കാലം മുതലേ സ്വരാജിനെ അറിയാവുന്ന എനിക്ക് അതിശയം തോന്നുന്നില്ല. എന്നാൽ ഞാൻ പറഞ്ഞത് സ്വരാജിനെക്കുറിച്ചല്ലല്ലൊ, അദ്ദേഹത്തിന്റെ നേതാവിനെ കുറിച്ചല്ലേ. ടി പി കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകം നടത്തിയ പത്രസമ്മേളനത്തിൽപ്പോലും "കുലംകുത്തി എന്നും കുലംകുത്തി തന്നെ" എന്ന് പറഞ്ഞ ഇരട്ടച്ചങ്കുകാരൻ ദു:ഖമാണോ ആഹ്ലാദമാണോ കഠോരഹൃദയതയാണോ വെളിപ്പെടുത്തിയത് എന്ന് കേരളീയസമൂഹം വിലയിരുത്തട്ടെ. ടി പി യുടെ വീട്ടിൽപ്പോയി തന്റെ ദു:ഖം പങ്കുവെക്കാൻ സ്വരാജിന് ഇതുവരെ കഴിയാതിരുന്നത് പോകട്ടെ, അവിടെ പോയതിന് വന്ദ്യ വയോധികനായ പ്രതിപക്ഷനേതാവ് വി.എസ്. അച്ചുതാനന്ദനെ ക്യാപ്പിറ്റൽ പണിഷ്മെന്റിന് വിധേയനാകകണമെന്ന് പറഞ്ഞത് ദു:ഖഭാരം കാരണമായിരിക്കുമെന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
"എല്ലാ കൊലപാതകങ്ങളെയും ഒരുപോലെ തള്ളിപ്പറയാനുള്ള ആർജ്ജവമുണ്ടാവാൻ ഇപ്പോഴത്തെ ഖദർ ഒരു തടസമാണോ ആവോ?" എന്ന ചോദ്യത്തിന് മറുപടി പറയാൻ ഞാനടക്കം ഒരു കോൺഗ്രസുകാരനും രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. കാരണം മഹാത്മാഗാന്ധി നിർദ്ദേശിച്ച ഈ ഖദർ വസ്ത്രം തന്നെയാണ് എല്ലാത്തരം അക്രമങ്ങൾക്കുമെതിരെ ഒരുപോലെ നിലപാട് എടുക്കാനുള്ള ഊർജ്ജസ്രോതസ്. എന്റെ പാർട്ടിക്കാർ ആരോപണവിധേയരായതടക്കം ഏതെങ്കിലും കൊലപാതകത്തെ ഞാൻ ന്യായീകരിച്ച് സംസാരിച്ചതായി ഡിവൈഎഫ്ഐ നേതാവിന് ചൂണ്ടിക്കാണിക്കാൻ പറ്റുമോ? സ്വരാജ് ഉന്നയിച്ച ഹനീഫ വധത്തിന്റെ കാര്യത്തിലും കോൺഗ്രസിലെ ആർക്കെങ്കിലും അതിൽ പങ്കുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട ആദ്യവ്യക്തികളിൽ ഞാനുണ്ടായിരുന്നു. എന്നാൽ ടി.പി.യെ കൊന്നതിനെക്കുറിച്ച് സ്വരാജോ സി പി എമ്മിന്റെ ഏതെങ്കിലും നേതാവോ അഭിപ്രായം പറഞ്ഞത് എന്ന് തൊട്ടാണ്? നാൽപ്പത്തെട്ട് മണിക്കൂറിനുള്ളിൽ ആരോപണവിധേയരായ കോൺഗ്രസ്‌ നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ വിഷയത്തിൽ പ്രതികൾക്കെതിരെ പോലീസ് കേസ് എടുത്താൽ കോൺഗ്രസ്‌ പാർട്ടി ഒരു തീപ്പന്തമാവും എന്ന് ഏതെങ്കിലും നേതാവ് പറഞ്ഞതായി ചൂണ്ടിക്കാണിക്കാൻ പറ്റുമോ? ജയിലിലുള്ള പ്രതികളുടെ സുഖവിവരം അന്വേഷിക്കാൻ ഏതെങ്കിലും കോൺഗ്രസ്‌ എംഎൽഎ പോയതായി ചൂണ്ടിക്കാണിക്കാൻ പറ്റുമോ? ഈ വൈരുദ്ധ്യം വസ്തുനിഷ്ഠമായി തെളിവ് സഹിതം ചർച്ച ചെയ്യാനാണ് ഞാനന്ന് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്. അതിലൊരു അപകാതയും ഇന്നും തോന്നുന്നില്ല.
ശരിയാണ് സ്വരാജ്, ചിലരുടെ വരവ് കാണുമ്പോൾ ഞാനടക്കമുള്ള ജനാധിപത്യ വിശ്വാസികൾക്ക് ഭയം തോന്നുന്നുണ്ട്. അത് അനുഭവത്തിന്റെ വെളിച്ചത്തിലാണ്. ഒന്നര വർഷം മുൻപ് ഏതാണ്ട് ഇതേ മട്ടിലാണ് ഭൂതകാലത്തെ മറച്ച് ഫോട്ടോഷോപ്പിൽ മുഖം മിനുക്കി ഒരാൾ കടന്നുവന്നത്. അദ്ദേഹത്തിനും വലിയ ആൾക്കൂട്ടത്തിന്റെ അകമ്പടി ഉണ്ടായിരുന്നു. പക്ഷെ ആ അനുഭവത്തിൽ നിന്ന് പാഠമുൾക്കൊള്ളാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.
======================================================
ബൽറാമിന് സ്‌നേഹപൂർവ്വം
എം.സ്വരാജ്
എന്റെ കുറിപ്പിനോടുള്ള ശ്രീ.വി.ടി.ബൽറാം എം.എൽ.എയുടെ മറുപടി വായിക്കാനിടയായി. നവകേരള മാർച്ചിന് നല്ലവണ്ണം ആളു കൂടുന്നുണ്ടെന്നും മറ്റേതു പാർടിയേക്കാളും ഇക്കാര്യത്തിൽ സി.പി.ഐ(എം) മുന്നിലാണെന്നുമൊക്കെ ബൽറാം സമ്മതിച്ചിരിക്കുന്നു. പക്ഷെ അദ്ദേഹത്തിന്റെ അനുയായികൾ അത്ര പെട്ടെന്നൊന്നും ഇക്കാര്യം സമ്മതിക്കാൻ ഇടയില്ല. അവരിപ്പോഴും പിണറായിയെ തെറിവിളിച്ചുകൊണ്ട് പോസ്റ്റിടുന്ന തിരക്കിലാണ്.
ബംഗാളിലെ ബ്രിഗേഡ് റാലിയുടെ കാര്യം സൂചിപ്പിക്കുമ്പോൾ ‘പാർടി ഏതാണ്ട് നാമാവശേഷമായ ബംഗാളിൽ’ എന്നാണ് ബൽറാമിന്റെ പ്രയോഗം. നാമാവശേഷം എന്ന മലയാള വാക്കിന്റെ അർത്ഥമെന്താണ്? പേരുമാത്രം അവശേഷിക്കുന്നു എന്നു തന്നെയല്ലേ? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.ഐ(എം) ബംഗാളിൽ തോറ്റതിനാൽ നാമാവശേഷമായി എന്ന് വിലയിരുത്തുന്ന ബൽറാമിന് സ്വന്തം പാർടിയുടെ ബംഗാളിലെ സ്ഥിതി പരിശോധിക്കാൻ സമയമുണ്ടാവുമോ? ബംഗാൾ ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നില്ലേ? 1977 വരെ കോൺഗ്രസ് മുഖ്യമന്ത്രിമാരല്ലേ അവിടെ ഭരിച്ചത്. അതിനുശേഷം എത്ര ദയനീയമായ പതനമാണ് ബംഗാളിൽ കോൺഗ്രസിന് ഉണ്ടായത്. കഴിഞ്ഞ 39 വർഷമായി അവിടെ തോറ്റുകൊണ്ടിരിക്കുന്ന പാർടിയുടെ ഇവിടുത്തെ നേതാവായ ബൽറാം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സി.പി.ഐ(എം) നെ നാമാവശേഷമായി എന്നൊക്കെ വിലയിരുത്തുന്നത് ഇത്തിരി കടന്നുപോയില്ലേ? ഇതാണു ബൽറാം അടിസ്ഥാന പ്രശ്‌നം. ചുറ്റുമുള്ളവരെയൊക്കെ പരിഹസിക്കാനും ആക്ഷേപിക്കാനും ഇറങ്ങുന്നവർക്ക് സ്വന്തം ദയനീയാവസ്ഥ പലപ്പോഴും തിരിച്ചറിയാനാവില്ല. ബംഗാളിൽ സി.പി.ഐ(എം) തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസിന്റെ സ്ഥിതി ദയവായി പരിശോധിക്കൂ. ഇക്കാര്യം സാന്ദർഭികമായി സൂചിപ്പിച്ചു എന്നു മാത്രം.
തൃത്താലയിലെ ശ്രീ.വി.എം.സുധീരന്റെ യാത്രയ്ക്ക് മെച്ചപ്പെട്ട സ്വീകരണമാണ് ലഭിച്ചതെന്നും അക്കാര്യം അവിടുത്തെ പാർട്ടി പ്രവർത്തരോട് അന്വേഷിക്കാമെന്നും ബൽറാം പറയുന്നു. വേണ്ട ബൽറാം, ഞാൻ ആരോടും അന്വേഷിക്കുന്നില്ല. അവിടെ നല്ല ജനക്കൂട്ടമുണ്ടെന്ന് ബൽറാം പറഞ്ഞാൽ അതു വിശ്വസിക്കാൻ ഞാൻ തയ്യാറാണ്. ഞാൻ വിശ്വസിച്ചിരിക്കുന്നു. പക്ഷെ അപ്പോൾ പിണറായിയുടെ ജാഥയിലെ ആൾക്കൂട്ടത്തെ ഹിറ്റ്‌ലറുടെ ന്യൂറംബർഗ് റാലിയുമായി നിങ്ങൾ നടത്തിയ താരതമ്യത്തിന് ഇനിയെന്താണ് പ്രസക്തി? പറഞ്ഞു പറഞ്ഞ് ആദ്യം പറഞ്ഞ നിലപാടിൽ നിന്ന് ബൽറാം മാറിയോ? അതോ സുധീരന്റെ ജാഥയിലെ ആൾക്കൂട്ടം നല്ല ആൾക്കൂട്ടം. പിണറായിയുടെ ജാഥയിലെ ആൾക്കൂട്ടം ചീത്ത ആൾക്കൂട്ടം എന്നാണോ നിങ്ങൾ പറയുന്നത്? ഏതായാലും ഇത്തരം പരിപാടികളിൽ ആൾക്കൂട്ടമുണ്ടാവുന്നത് ഒരു തെറ്റല്ല എന്ന് ബൽറാം അംഗീകരിച്ചതായി തോന്നുന്നു. അത്രയും നല്ലത്. ഏതായാലും പതിവിലും മോശമായാണ് കോൺഗ്രസ് ജാഥ കടന്നുപോകുന്നത് എന്നാണ് പൊതുവെയുള്ള വിവരം. ജാഥയിൽ ആളില്ലാത്തതിന് കാരണമായി പള്ളിയിലെ നേർച്ചയൊക്കെയാണ് മലപ്പുറത്ത് ഒരു വാർത്താസമ്മേളനത്തിൽ കെ.പി.സി.സിപ്രസിഡന്റ് പറഞ്ഞത്. കോൺഗ്രസ് പ്രവർത്തകരിൽ നല്ലൊരു ഭാഗം ജാഥ സ്വീകരണങ്ങൾക്കെത്താത്തത് പുതിയ മാറ്റമായാണ് എനിക്ക് തോന്നുന്നത്. കെ.പി.സി.സി പ്രസിഡന്റിന്റെ തൃത്താലയിലെ ജാഥാ സ്വീകരണത്തിൽ ആവേശം കൊള്ളുന്ന ബൽറാമിന് അതേ തൃത്താലയിൽ 27 ന് നടക്കുന്ന നവകേരള മാർച്ചിന്റെ സ്വീകരണം കൂടി വിലയിരുത്താവുന്നതാണ്.
‘സ്വരാജിന് പ്രത്യേക താൽപര്യമുള്ള തൃത്താല’ എന്നൊരു ദുസൂചനയും ബൽറാമിന്റെ കുറിപ്പിലുണ്ട്. പ്രിയപ്പെട്ട ബൽറാം സ്വരാജിന് ഏതെങ്കിലും നാടിനോടോ വ്യക്തിയോടോ നിങ്ങൾ ഉദ്ദേശിക്കുന്ന പ്രത്യേക താൽപര്യമോ വിരോധമോ ഇല്ല. പാർലമെന്ററി സ്ഥാനങ്ങൾ ഏകലക്ഷ്യമായി കണക്കാക്കി കുപ്പായം തുന്നുന്ന നിങ്ങളുടെ സഹപ്രവർത്തകരുടെ കൂട്ടത്തിൽ ദയവായി എന്നെ എണ്ണരുത്. ഇതു പാർടി വേറെയാണ്.
യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിലെ നൈതികതയെ ചോദ്യം ചെയ്തതിന് ബൽറാമിന്റെ മറുപടി അത്ഭുതകരമാണ്. “ഈ ഗവൺമെന്റിനും മുഖ്യമന്ത്രിക്കുമെതിരെ” ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ചാണ് ബൽറാം പരിഭവിക്കുന്നത്. ഞങ്ങളെ കുറിച്ച് പറഞ്ഞില്ലേ അതുകൊണ്ട് ഞങ്ങളും തിരിച്ചു പറയും എന്ന ഒരു സ്റ്റൈൽ. ആരാണ് ബൽറാമേ മുഖ്യമന്ത്രിക്കും കൂട്ടർക്കുമെതിരെ ആരോപണമുന്നയിച്ചത്? ഞങ്ങളാണോ? ആരായിരുന്നു മല്ലേലി ശ്രീധരൻ നായർ? സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ മെമ്പറാണോ? ആരാണ് ടി.സി.മാത്യു? മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിയിലിരുന്ന് ഒരു മണിക്കൂർ ചർച്ച നടത്താൻ സ്വാതന്ത്ര്യമുള്ള ബിജു രാധാകൃഷ്ണൻ ആരാണ്? മുഖ്യമന്ത്രിയെ സ്വന്തം പിതാവായി കാണുന്ന സോളാർ കേസിലെ മുഖ്യപ്രതി വാർത്താസമ്മേളനത്തിൽ ഉയർത്തിക്കാണിച്ച 24 പേജുള്ള പരാതിയിലെ പേരുകൾ ആരുടേതൊക്കെയായിരുന്നു? ആരാണ് അതിനൊക്കെ ഉത്തരവാദികൾ? എന്തിനാണ് നിങ്ങൾക്ക് ജോപ്പന്റെ പേരിൽ കേസെടുക്കേണ്ടി വന്നത്? സലിം രാജിനെതിരെ ഞങ്ങളാണോ ആരോപണമുന്നയിച്ചത്? ഇങ്ങനെ എത്രയെത്ര സംഭവങ്ങളാണ് നമുക്ക് മുന്നിലുള്ളത്. നിങ്ങളോടൊപ്പമുണ്ടായിരുന്നവരാണ് ഒരു ഘട്ടത്തിൽ ഇക്കാര്യങ്ങളൊക്കെ വെളിപ്പെടുത്തിയത് അതിന്റെ പഴി പ്രതിപക്ഷത്തിന്റെ തലയിൽ വെയ്ക്കണോ? ഇതിനൊക്കെ മറുപടിയായിട്ടാണ് ബൽറാം പിണറായിയെ വിമർശിക്കുന്നതെന്ന് വന്നാൽ എത്രമാത്രം അപഹാസ്യമായിരിക്കുമത്.
‘കൊലപാതകത്തിന്റെ സൂത്രധാരത്വ’വുമായി ബന്ധപ്പെട്ട് സി.പി.ഐ(എം)ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി സി.ബി.ഐയിൽ നിന്ന് രക്ഷപെടാൻ ആശുപത്രിയിൽ പോകുന്നതായാണ് ബൽറാം പരിഹസിക്കുന്നത്. 505 ദിവസം കേസന്വേഷിച്ചിട്ട് പ്രതിയല്ല, യാതൊരു തെളിവുമില്ല എന്ന് കോടതിയിൽ പറഞ്ഞ സി.ബി.ഐ തൊട്ടടുത്ത ദിവസം തന്നെ ആർ.എസ്.എസിന്റെ ആജ്ഞാനുസരണം സ. പി.ജയരാജനെ പ്രതിചേർത്തതിലെ രാഷ്ട്രീയ അൽപത്തരത്തെക്കുറിച്ച് ബൽറാമിന് ഒരഭിപ്രായവും പറയാനില്ല. പിന്നെ പി.ജയരാജൻ സി.ബി.ഐ എന്നു കേൾക്കുമ്പോൾ പേടിച്ച് വിറയ്ക്കുന്ന നേതാവാണോയെന്ന് ബൽറാം അന്വേഷിക്കട്ടെ. ആർ.എസ്.എസ് വെട്ടി നുറുക്കിയും യു.ഡി.എഫ് സർക്കാർ ജയിലിലടച്ചും എത്ര തവണ പീഡിപ്പിച്ചിരിക്കുന്നു അദ്ദേഹത്തെ. പി.ജയരാജൻ അനുഭവിച്ചതിന്റെ നൂറിൽ ഒരംശമെങ്കിലും നേരിടേണ്ടിവരുന്നതിനെ കുറിച്ച് സിനിമയിൽ മാത്രം ജയിലു കണ്ടിട്ടുള്ളവർക്ക് ചിന്തിക്കാനാവുമോ? ആശുപത്രിയിൽ പോയത് ഹൃദയ ധമനികളിലെ ബ്ലോക്കിനെ തുടർന്നാണ്. അസുഖം വന്നാൽ ആശുപത്രിയിൽ പോകാൻ കെ.പി.സി.സിയുടെ സമ്മതം വാങ്ങണോ? അസുഖം ശരിക്കുമുള്ളതാണോ എന്ന് ബൽറാമിന് സംശയമുണ്ടെങ്കിൽ വിശ്വസ്തരായ ഡോക്ടർമാരെക്കൂട്ടിച്ചെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിക്കോളൂ. അതിനുപകരം അസുഖബാധിതനായി ആശുപത്രിയിൽ പോകുന്നതിനെ പരിഹസിക്കുന്നത് മാന്യതയല്ല.
പിന്നെ ഡെമോക്രസിയെയും മോബോക്രസിയെയും കുറിച്ച് എന്നെ പഠിപ്പിക്കാൻ ബൽറാമിന് സമയവും താൽപര്യവും ഇല്ലത്രെ! അത് കഷ്ടമായി പോയി. എന്നെങ്കിലും സമയവും താൽപര്യവും ഉണ്ടായാൽ ദയവായി അറിയിക്കണം. പഠിക്കാനുള്ള താൽപര്യത്തോടെ ഞാനുണ്ടാവും. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർടി നടത്തുന്ന പരിപാടിയിൽ നേതൃത്വത്തെ സമ്പൂർണമായി അംഗീകരിച്ചുകൊണ്ട് അച്ചടക്കത്തോടെ പങ്കെടുക്കുന്ന ജനാവലിയുടെ സാന്നിധ്യത്തെ മോബോക്രസി എന്ന് വിശേഷിപ്പിച്ചതിന്റെ ഭാഷാപരവും തത്വശാസ്ത്ര സംബന്ധിയുമായ സാംഗത്യത്തെക്കുറിച്ച് പഠിക്കാൻ എനിക്ക് അതിയായ താൽപര്യമുണ്ട്.
“മുണ്ടുടുത്ത മുസോളിനി” എന്ന പ്രയോഗം അദ്ദേഹത്തിന്റേതല്ല പോലും. മറ്റൊരാൾ പറഞ്ഞതാണത്രെ. ആവട്ടെ, ബൽറാമിനും യോജിപ്പുള്ളതുകൊണ്ടാവുമല്ലോ അതെടുത്ത് പ്രയോഗിച്ചത്. കണ്ടവന്മാരൊക്കെ പറയുന്ന വങ്കത്തരങ്ങൾ എടുത്തു തലയിൽ വെയ്‌ക്കേണ്ട വല്ല കാര്യവുമുണ്ടോ? അതിനെക്കുറിച്ച് ചോദിക്കുമ്പോൾ അയ്യോ അത് ഞാൻ പറഞ്ഞതല്ല എന്നൊക്കെ പറഞ്ഞൊഴിയുന്നത് ബൽറാമിന് യോജിച്ചതല്ല എന്നാണെന്റെ അഭിപ്രായം. അതുപോട്ടെ ഹിറ്റ്‌ലറെയും മുസോളിനിയെയും ഒറ്റയടിക്കു ഒഴിവാക്കിയ ശേഷം സ്റ്റാലിൻ, പോൾപോട്ട് തുടങ്ങിയ പേരുകൾ നിരത്തുന്നുണ്ട്. ഏതായാലും സ്റ്റാലിന്റെ പേരു പറഞ്ഞതുകൊണ്ട് ഒരുകാര്യം ഓർമിപ്പിക്കാം. സ്റ്റാലിനെകുറിച്ച് പണ്ഡിറ്റ് നെഹ്‌റു പറഞ്ഞത് “സമാധാനത്തിനു വേണ്ടി നിലകൊണ്ട യോദ്ധാവ്” എന്നായിരുന്നു. ബൽറാമിനെപ്പോലെ നെഹ്‌റുവിന് കാര്യങ്ങൾ ശരിയായി മനസിലാക്കാൻ കഴിയാതെ പോയതുകൊണ്ടാണോ ആവോ. പിന്നെ പോൾപോട്ടിന്റെ കാര്യം. ഏകാധിപതിയായി മാറിയ പോൾപോട്ടിന്റെ പാർട്ടിയെയല്ല ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർടികൾ അംഗീകരിച്ചത്. മറിച്ച് പോൾപോട്ടിനെതിരെ പോരാടിയ ഹെങ്ങ് സാമറിന്റെ കമ്പോഡിയൻ പീപ്പിൾസ് പാർടിയെ ആണ്. അക്കാലത്ത് അമേരിക്കയാണ് പോൾപോട്ടിനൊപ്പം നിലയുറപ്പിച്ചത്. പലരും ആവർത്തിക്കുന്ന കഥകൾ ബൽറാമും പറഞ്ഞപ്പോൾ സൂചിപ്പിച്ചുവെന്നുമാത്രം.
ഇനി പിണറായിയെ ഒരു ഏകാധിപതിയുമായി ഉപമിച്ചാലേ ബൽറാമിന് ഉറക്കം വരൂ എന്നാണെങ്കിൽ ആയിക്കോളൂ. പക്ഷെ അതിന് ഉദാഹരണം തേടി റഷ്യയിലേക്കും കമ്പോഡിയയിലേക്കുമൊന്നും യാത്ര ചെയ്തു ബുദ്ധിമുട്ടേണ്ട കാര്യമില്ല. നല്ല ഏകാധിപത്യ ഉദാഹരണങ്ങൾ ഇവിടെത്തന്നെയുണ്ടല്ലോ. ഇന്ദിരാഗാന്ധിയും, സഞ്ജയ ഗാന്ധിയും, സിദ്ധാർത്ഥ ശങ്കർറേയും അടിയന്തിരാവസ്ഥയും ഒക്കെ ബൽറാമിനും അറിവുള്ളതാണല്ലോ. പക്ഷെ ഉപമിക്കാനിറങ്ങുമ്പോൾ ഒരു കാര്യത്തിനു കൂടി മറുപടി പറഞ്ഞാൽ നന്നായിരുന്നു. ജനപ്രതിനിധിയായ പിണറായിയെ ഏതു കുറ്റത്തിനായിരുന്നു അന്ന് ജയിലിലടച്ചതും ശരീരം ഇഞ്ചിഞ്ചായി തല്ലിച്ചതച്ചതും? ഏതു സൂത്രരധാരത്വത്തിന്റെ പേരിലാണ് കൊല്ലാക്കല ചെയ്തത്? ഏത് അഹിംസാ മാർഗത്തിലൂടെയാണ് പിണറായിയെ കൊല്ലാൻ തോക്കും പണവും കൊടുത്ത് വാടക കൊലയാളിയെ പിന്നീടൊരിക്കൽ ഉത്തമ ഗാന്ധിയൻ പറഞ്ഞയച്ചത്?. കൊല്ലാൻ നോക്കിയിട്ട് സാധിക്കാത്തതിന്റെ ഇച്ഛാഭംഗം ആക്ഷേപിച്ചു തീർക്കാനായിരിക്കാം ശ്രമം. നടക്കട്ടെ.
സ. വി.എസിനെ ഞാൻ ആക്ഷേപിച്ചുവെന്ന പഴയ ഒരു പ്രചരണം ബൽറാമും എഴുതിയിരിക്കുന്നു. ചില മാധ്യമങ്ങൾ വളച്ചൊടിച്ച് പ്രചരിപ്പിച്ച വാർത്തകളാണ് ബൽറാം ആവർത്തിക്കുന്നത്. ആദ്യമൊക്കെ ഇത്തരം നുണപ്രചരണങ്ങളെ അവഗണിക്കുന്ന ശൈലിയാണ് ഞാൻ സ്വീകരിച്ചിരുന്നത്. എന്നാൽ ദുഷ്ടലാക്കുള്ള പ്രചരണങ്ങൾ എല്ലാ അതിർവരമ്പുകളും ലംഘിച്ചപ്പോൾ ഇത്തരം നുണ വാർത്തകൾക്കെതിരായി ഒരു പ്രമുഖ പത്രത്തിനെതിരെ ഞാൻ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്. എനിക്കെതിരായ ആരോപണത്തിൽ ബൽറാം ഉറച്ചു നിൽക്കുകയാണെങ്കിൽ കോടതിയിൽ എനിക്കെതിരെ തെളിവു നൽകികൊണ്ട് പ്രസ്തുത പത്രത്തെ സഹായിക്കാവുന്നതാണ്. പക്ഷെ ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയിൽ എൻഡോസൾഫാനെതിരെ നിയമയുദ്ധം നടത്തിയപ്പോൾ കക്ഷിചേരുമെന്ന യൂത്ത് കോൺഗ്രസിന്റെ പ്രഖ്യാപനം പോലെയാവരുത്. ഡി.വൈ.എഫ്.ഐ കേസു നടത്തി ജയിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും കക്ഷി ചേരാൻ പുറപ്പെട്ടവർ ഡൽഹിയിലെത്തിയിട്ടില്ല!.
ഗാന്ധിജിയുടെ ഖദറാണത്രെ എല്ലാ അക്രമങ്ങൾക്കുമെതിരെ നിലപാടെടുക്കാൻ ബൽറാമിനെയും കൂട്ടരെയും സഹായിക്കുന്നത്. ഗാന്ധിജിയുടെ ഖദറും ഗാന്ധിജിയോടൊപ്പം മരിച്ചില്ലേ? ഇന്നത്തെ ഖദർ ഉമ്മൻചാണ്ടിയുടേയും, കെ.സുധാകരന്റെയും ഖദറല്ലേ? ആ ഖദറിന് ചോരയുടെ മണമില്ലേ? “ഹനീഫ വധത്തിലും കോൺഗ്രസിലെ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ” എന്നാണ് ബൽറാം ഇപ്പോഴും പറയുന്നത്. “ഉണ്ടെങ്കിൽ” പോലും! ബൽറാമിന് മാത്രം ഇപ്പോഴും ഇകാര്യത്തിൽ വ്യക്തതയില്ല!. ബൽറാമിനെതിരെ സ്വന്തം പാർടിക്കാർ ഈ വിഷയത്തിൽ വിരൽചൂണ്ടുന്നതിനെ കുറിച്ച് ഞാൻ സൂചിപ്പിച്ചത് എന്റെ ആരോപണമായിട്ടല്ല. കോൺഗ്രസിലെ ഉത്തരവാദിത്തപ്പെട്ടവരാരും അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് ബൽറാം പറയുന്നത്. കോൺഗ്രസിൽ ആർക്കൊക്കെയാണ് ഉത്തരവാദിത്തമുള്ളതെന്ന് ആർക്കറിയാം. ഏതായാലും ഹനീഫ വധവുമായി നേരിട്ട് ബന്ധമുള്ളവരോടൊപ്പം ബൽറാം നിൽക്കുന്ന ചിത്രങ്ങൾ സ്വന്തം പാർടിയിൽപെട്ടവർതന്നെ ആ സമയത്ത് പ്രചരിപ്പിച്ചത് ഓർക്കുന്നുണ്ടാവുമല്ലോ? ഇതൊന്നും ഞങ്ങൾ എടുത്ത് തലയിൽവെച്ചിട്ടില്ലെന്ന് ഓർമിപ്പിക്കാനാണ് മുൻപ് ഞാൻ ഇക്കാര്യം സൂചിപ്പിച്ചത്. നടപടിയെടുക്കുന്നതിനെകുറിച്ചൊക്കെ വാചാലമാകുമ്പോൾ ശ്രീ മമ്പറം ദിവാകരനെ മറക്കരുത്. ഇപ്പോഴും അദ്ദേഹം കെ.പി.സി.സി ഭാരവാഹി തന്നെയല്ലേ? അദ്ദേഹത്തെ കോടതി ശിക്ഷിച്ചത് ദേശഭക്തി ഗാനം ചൊല്ലിയ കേസിലായിരുന്നുവോ? നടപടി എടുക്കാൻ മറന്നുപോയതാവുമോ?
ഈ സമീപകാലത്ത് നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിൽ തൂപ്പുകാരിയായ രാധയെ ബലാത്സംഗം ചെയ്തു കൊന്നവർ ധരിച്ച ഖദറിനെ കുറിച്ചാണോ മേനി പറയുന്നത്? പാർടി ഓഫീസിൽ രണ്ടു ദിവസം ശവശരീരം ചാക്കിൽ കെട്ടിവെച്ച അഹിംസാ പ്രചാരകർ ആർക്കുവേണ്ടിയാണ് കൊല ചെയ്തതെന്നും, കൃത്യം നടന്ന സ്ഥലം വൃത്തിയാക്കി തെളിവു നശിപ്പിക്കാൻ കൊലയാളികൾക്കു തന്നെ വിട്ടുകൊടുത്ത നിലമ്പൂർ സി.ഐ ആരുടെ കൽപനയാണ് നടപ്പിലാക്കിയതെന്നും ബൽറാം അന്വേഷിക്കണം. സ്വന്തം പാർടി ഓഫീസിൽ വെച്ച് മാനംകെടുത്തി അടിച്ചു കൊന്ന രാധയുടെ കുടുംബത്തിന് ആയിരം രൂപയെങ്കിലും അനുവദിക്കണമെന്ന് ബൽറാമിന്റെ സർക്കാരിന് തോന്നിയോ? ആ വീട് സന്ദർശിക്കാൻ ബൽറാമിന് സാധിക്കാത്തത് അഹിംസാ മാർഗത്തിലുള്ള കൊല ആയതുകൊണ്ടാവാം.
ഗാന്ധിമാർഗത്തിലും ആർഷഭാരത മാർഗത്തിലും കൊന്നുതീർത്ത മനുഷ്യരെ കുറിച്ചുകൂടി സമാധാന പ്രഭാഷകർ ഓർക്കണം എല്ലാ കൊലപാതകങ്ങളെയും ഒരുപോലെ എതിർക്കാൻ ചെറുപ്പക്കാർക്കെങ്കിലും കഴിയണം. ഇന്ത്യയിലാദ്യമായി ഒരു എം.എൽ.എ കൊല്ലപ്പെട്ടതെവിടെയാണെന്നും കൊലയാളി ആരാണെന്നും ബൽറാമിനറിയില്ലെന്നുണ്ടോ? രാജ്യത്താദ്യമായി ഒരു മുൻസിപ്പൽ ചെയർമാനും, പഞ്ചായത്തു പ്രസിഡന്റും, ജില്ലാ പഞ്ചായത്തംഗവും എല്ലാം ദാരുണമായി കൊല്ലപ്പെട്ട ഈ നാട്ടിൽ മരിച്ചുവീണവരുടെ ചോരയിൽ ചവിട്ടി നടത്തുന്ന കൊലയാളികളുടെ സമാധാന പ്രസംഗത്തിന് എന്ത് വിലയാണുണ്ടാവുക? ഈ കൊലപാതകങ്ങളുടെയെല്ലാം പിന്നിലും ‘സൂത്രധാരത്വം’ ഉണ്ടാവില്ലേ? ആരായിരിക്കും അവർ? കുറച്ചേറെ വർഷങ്ങൾക്ക് മുമ്പ് ഖദർ ധരിച്ചവർ സമാധാനപരമായി കൊന്നുതള്ളിയ പുതുപ്പള്ളിയിലെ മീനടം അവറാമിയുടെ കൊലപാതകത്തിലെ ‘സൂത്രധാരത്വം’ ഭംഗിയായി നിർവ്വഹിച്ച മാന്യമഹാ നേതാവ് ആരായിരുന്നുവെന്ന് സമയവും താൽപര്യവുമുണ്ടെങ്കിൽ ബൽറാം ഒന്നന്വേഷിക്കണം.
========================================================

സ്വരാജിന്‌ കൂടുതൽ സ്നേഹപൂർവ്വം
----------------------------------
താങ്കളുടെ രണ്ടാമത്തെ കത്ത്‌ വായിച്ചു.
ഒരേ വ്യക്തിയുടെ ആദ്യ നവകേരള മാർച്ചും ഇപ്പോഴത്തേതും തമ്മിലുള്ള ആശയപരമായ വ്യത്യാസം എന്താണ്‌?
ആദ്യമാർച്ചിന്‌ ശേഷം അധികാരത്തിലിരുന്ന കാലത്ത്‌ എന്തുകൊണ്ട്‌ ആ വാഗ്ദത്ത നവകേരളം നടപ്പാക്കാനായില്ല?
നടപ്പാക്കിയെങ്കിലും പിന്നീട്‌ വന്ന യു.ഡി.എഫ്‌.ഗവൺമന്റ്‌ തകർത്തു എന്നാണ്‌ വാദമെങ്കിൽ അത്ര ദുർബലമായ അടിത്തറമേലായിരുന്നോ ആ നവകേരളം പടുത്തുയർത്തിയത്‌?
"മാറിച്ചിന്തിക്കാം, മാറ്റം സൃഷ്ടിക്കാം" എന്ന് പറഞ്ഞ്‌ ഇപ്പോഴത്തെ മാർച്ചുമായെത്തുമ്പോൾ അതുകൊണ്ടുദ്ദേശിക്കുന്നത്‌ വെറും ഭരണമാറ്റമാണോ അതോ കാഴ്ചപ്പാടുകളിലുള്ള മാറ്റമോ?
കാഴ്ചപ്പാടുകളുടേതാണെങ്കിൽ ആരുടേത്‌ കേരളീയ സമൂഹത്തിന്റെയോ അതോ സി.പി.എമ്മിന്റെയോ?
സമൂഹത്തിന്റേതാണെങ്കിൽ ഏതൊക്കെ കാഴ്ചപ്പാടാണ്‌ മാറേണ്ടത്‌, സി.പി.എമ്മിന്റേതാണെങ്കിൽ ഏതൊക്കെ?
കാഴ്ചപ്പാട്‌ മാറ്റത്തിന്റെ കാര്യത്തിൽ സി.പി.എമ്മിനേക്കാൾ എത്രയോ മുൻപിലല്ലേ കേരളീയ സമൂഹം?
എന്നിങ്ങനെയുള്ള രാഷ്ട്രീയ ചോദ്യങ്ങളുടെ അടിത്തറയിൽ നിന്നാണ്‌ ഈ ഫേസ്ബുക്ക്‌ ചർച്ച തുടങ്ങുന്നത്‌. അവയൊക്കെ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അന്തരീക്ഷത്തിൽ അലയുകയാണെന്ന് പറയാതെ വയ്യ. പൊതുവായി ഞാനുയർത്തിയ ചില സന്ദേഹങ്ങൾക്ക്‌ പാർട്ടിയെ പ്രതിനിധീകരിച്ച്‌(?) മറുപടി പറയാൻ വന്നത്‌ താങ്കളായതുകൊണ്ട്‌ മാത്രം ഇതിങ്ങനെ നീണ്ടുപോയി എന്ന് കരുതിയാൽ മതി. ഏതായാലും ഫയൽവാൻ ജയിച്ചേ എന്നമട്ടിൽ ആർത്തട്ടഹസിക്കുന്ന താങ്കളുടെ സൈബർ അണികൾക്കിടയിൽ അവസാനമായി ഒരു കുറിപ്പ്‌ എഴുതുന്നു:
നവകേരള മാർച്ചിലെ ആൾക്കൂട്ട പങ്കാളിത്തമടക്കമുള്ള വസ്തുതകളെ അംഗീകരിക്കാൻ ഞാനൊരു മടിയും കാണിച്ചിട്ടില്ല. അതോടൊപ്പം സിപി എമ്മിനെ സംബന്ധിച്ച്‌ അതത്ര പുതിയ കാര്യമല്ലെന്നും കൂടി ഞാൻ സൂചിപ്പിച്ചിരുന്നു എന്ന് ദയവായി ഓർക്കുക. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി സൈബർ ലോകത്തെ ഗീർവ്വാണങ്ങളും അവകാശവാദങ്ങളും എന്തൊക്കെയായിരുന്നു എന്നതിനേക്കുറിച്ചാണ്‌ ഞാൻ സൂചിപ്പിച്ചത്‌. തെരഞ്ഞെടുപ്പടുക്കുമ്പോൾ സി പി എം കൃത്യമായ മുന്നൊരുക്കത്തോടെ നടത്തുന്ന ഒരു പാർട്ടി പരിപാടിയിൽ പാർട്ടിക്കാരും അനുഭാവികളുമായ കുറേയാളുകൾ പങ്കെടുക്കുന്നു എന്നതിലപ്പുറം ഇനിമുതൽ സി പി എമ്മല്ലാതെ ഈ നാട്ടിൽ വേറെ പാർട്ടിയില്ല എന്നോ പിണറായി വിജയനല്ലാതെ വേറെ നേതാവില്ല എന്നോ ഒക്കെ അതിനെച്ചൊല്ലി അർമ്മാദിക്കേണ്ട സാഹചര്യമൊന്നുമില്ല എന്ന് മാത്രമാണ്‌ ഞാനാദ്യം മുതൽ പറയുന്നത്‌. പിന്നെ തെറിവിളിയുടെ കാര്യം. സ്വരാജിന്റെ പോസ്റ്റിൽ കോൺഗ്രസ്‌ അനുഭാവികളായവർ ഇടുന്ന കമന്റുകളും എന്റെ പോസ്റ്റുകൾക്ക്‌ കീഴെ സ്വരാജിന്റെ പാർട്ടിക്കാർ ഇടുന്ന കമന്റുകളും ഒന്ന് ഓടിച്ച്‌ പരിശോധിച്ചാൽ തന്നെ മനസ്സിലാവും പൊതുവിൽ ആരാണ്‌ ഉത്തരം മുട്ടുമ്പോൾ തെറിവിളിയെ അഭയം പ്രാപിക്കുന്നതെന്ന്. തെറിവിളിക്കാര്യത്തിൽ സ്വരാജിന്റെ പാർട്ടിക്കാരോട്‌ മത്സരിക്കാൻ സംഘികൾക്ക്‌ മാത്രമേ കഴിയൂ.
ബംഗാളിലെ സി പി എമ്മിനെക്കുറിച്ച്‌ എനിക്ക്‌ പരാമർശിക്കേണ്ടിവന്നത്‌ ഇന്ത്യയിൽ സ്വരാജിന്റെ പാർട്ടിയെക്കുറിച്ച്‌ ആകെ പറയാൻ കഴിയുക ബംഗാളടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളെക്കുറിച്ച്‌ മാത്രമായതുകൊണ്ടാണ്‌. എന്നാൽ കോൺഗ്രസ്സിനെ സംബന്ധിച്ച്‌ ബംഗാളെന്നത്‌ ഒരുപാട്‌ സംസ്ഥാനങ്ങളിൽ ഒന്ന് മാത്രമാണ്‌. പലയിടത്തും കോൺഗ്രസിന്‌ സംഘടനാപരമായ ക്ഷീണം സംഭവിച്ചിട്ടുണ്ടെന്ന യാഥാർത്ഥ്യം തുറന്ന് സമ്മതിക്കാൻ ഞങ്ങൾക്കാർക്കും ഒരു മടിയുമില്ല. എന്നാൽ ബീഹാർ, മധ്യപ്രദേശ്‌, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്‌, ഹരിയാണ എന്നിങ്ങനെയുള്ള നിരവധി സംസ്ഥാനങ്ങളോടൊപ്പം സാക്ഷാൽ ഗുജറാത്തിലും മതേതര രാഷ്ട്രീയ ശക്തിയായി ജനങ്ങൾ വീണ്ടും പ്രതീക്ഷയർപ്പിക്കുന്നത്‌ കോൺഗ്രസ്സിൽത്തന്നെയാണെന്ന യാഥാർത്ഥ്യം കണ്ടില്ലെന്ന് നടിക്കരുത്‌. ബീഹാറിൽ പഴയ പ്രതാപത്തിന്റെ ദുരഭിമാനവും തലയിലേറ്റി നടക്കാതെ വർഗ്ഗീയ വിപത്തിനെതിരെ നിതീഷ്‌, ലാലു കൂട്ടുകെട്ടിനൊപ്പം ചേർന്ന് ബി.ജെ.പി.യെ തറപറ്റിക്കാനാണ്‌ കോൺഗ്രസ്‌ ശ്രമിച്ചതെങ്കിൽ ആ വിശാലമുന്നണിക്കെതിരെ മത്സരിച്ച്‌ ആകെയുള്ള നാല്‌ വോട്ടുകൂടി പാഴാക്കി ബി.ജെ.പി.ക്ക്‌ കൂടുതൽ സീറ്റ്‌ നേടാൻ കളമൊരുക്കുകയായിരുന്നു അവിടത്തെ സി.പി.എം. എന്നതും മറന്നുപോകരുത്‌. കോൺഗ്രസ്സിന്‌ മുതലെടുക്കാൻ കഴിയുന്നില്ലായിരിക്കാം, പക്ഷേ ബംഗാളിൽ ഇപ്പോഴും അതിശക്തമായി നിലനിൽക്കുന്ന ജനവികാരം മുപ്പത്‌ വർഷത്തിലേറെ അവിടം ഭരിച്ച സ്വരാജിന്റെ പാർട്ടിക്കെതിരെയുള്ളതാണെന്നതല്ലേ യാഥാർത്ഥ്യം? ഏതായാലും സ്വരാജ്‌ ചോദിച്ച സ്ഥിതിക്ക്‌ പറയാം, നിലവിൽ ബംഗാളിൽനിന്ന് കോൺഗ്രസ്സിന്‌ നാല്‌ എം.പി.മാരും സി.പി.എമ്മിന്‌ രണ്ട്‌ എം.പി.മാരുമാണുള്ളത്‌.
"സുധീരന്റെ ജാഥയിലെ ആൾക്കൂട്ടം നല്ല ആൾക്കൂട്ടം. പിണറായിയുടെ ജാഥയിലെ ആൾക്കൂട്ടം ചീത്ത ആൾക്കൂട്ടം എന്നാണോ നിങ്ങൾ പറയുന്നത്?" എന്നാണ്‌ സ്വരാജ്‌ ചോദിക്കുന്നത്‌. അല്ല സുഹൃത്തേ, ആൾക്കൂട്ടം വെറും ആൾക്കൂട്ടം മാത്രമാണെന്ന് മാത്രമാണ്‌ ഞാൻ പറഞ്ഞത്‌, അത്‌ ന്യൂറംബർഗ്ഗ്‌ റാലിയായാലും ജനരക്ഷായാത്രയായാലും നവകേരളയാത്രയായാലും. ആധുനികലോകത്ത്‌ ആൾക്കൂട്ടത്തിന്റെ വലുപ്പം ശരിതെറ്റുകളുടേയോ നന്മതിന്മകളുടേയോ അളവുകോലാകുന്നില്ല എന്നത്‌ സ്വരാജിന്‌ ഇനിയും മനസ്സിലാകാത്ത ജനാധിപത്യത്തിന്റെ പ്രാഥമിക പാഠമാണെന്ന് അദ്ദേഹം തന്നെ തുറന്ന് സമ്മതിച്ചതിനാൽ അതിന്മേലിനി വിശദീകരിച്ച്‌ സമയം കളയുന്നതിലർത്ഥമില്ല. ഏതായാലും സുധീരന്റെ യാത്രക്ക്‌ സാമാന്യത്തിലധികം ആൾക്കൂട്ടം പങ്കെടുക്കുന്നുണ്ടെങ്കിലും അതിന്റെ പേരിൽ കോൺഗ്രസ്സുകാർ അമിതമായ അവകാശവാദങ്ങളൊന്നും നിരത്തുന്നതായി കാണുന്നില്ല. എന്നാലതല്ലല്ലോ സൈബർ സി.പി.എമ്മുകാരുടെ അവസ്ഥ. ആദ്യമായിട്ടാണ്‌ റോട്ടിൽ ആളിറങ്ങുന്നത്‌, അതുകൊണ്ട്‌ ഇനിയങ്ങോട്ട്‌ പിടിച്ചാൽ കിട്ടില്ല എന്നമട്ടിലാണ്‌ പാവങ്ങൾ ദിവാസ്വപ്നം കാണുന്നത്‌.
"സ്വരാജിന്‌ പ്രത്യേക താത്പര്യമുള്ള തൃത്താല" എന്ന് പറഞ്ഞപ്പോഴേക്കും തലയിൽ പൂടയുണ്ടോ എന്ന് തപ്പി നോക്കുന്ന അവസ്ഥയിലേക്ക്‌ എന്റെ പ്രിയ സുഹൃത്ത്‌ വീഴുന്നത്‌ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഞാനുദ്ദേശിക്കുന്നത്‌ പാർലമെന്ററി സ്ഥാനങ്ങളാണെന്ന് സ്വരാജ്‌ മൈൻഡ്‌ റീഡിംഗ്‌ നടത്തുന്നുമുണ്ട്‌. "നിങ്ങൾക്ക്‌ ഈ പാർട്ടിയേക്കുറിച്ച്‌ ഒരു ചുക്കുമറിയില്ല" എന്ന സ്വന്തം നേതാവിന്റെ പഴയ വാക്കുകളുടെ ചുവടുപിടിച്ച്‌ "ഇത്‌ പാർട്ടി വേറെയാണ്‌" എന്നും യുവനേതാവ്‌ പറയാൻ ശ്രമിക്കുന്നു. എന്നാൽ ഇതൊക്കെക്കേട്ട്‌ സി.പി.എം. എന്തോ വലിയ സംഭവമാണെന്ന് കരുതി കണ്ണും മിഴിച്ച്‌ നാക്കും തള്ളി ആളുകൾ വണ്ടറടിച്ചിരിക്കുന്ന കാലമൊക്കെ എന്നോ കഴിഞ്ഞുപോയിരിക്കുന്നു എന്നത്‌ അദ്ദേഹം അറിയാതെപോവുന്നു. അടവുനയങ്ങൾ എന്ന് പേരിട്ട്‌ അധികാരമോഹത്താൽ സി.പി.എം. കേരളത്തിൽ നടത്തിയിട്ടുള്ള അവിശുദ്ധ രാഷ്ട്രീയ നീക്കങ്ങളും വേദി പങ്കിടലുമെല്ലാം ഇന്നും ഈ നാട്ടിലെ ജനങ്ങളുടെ മനസ്സിലുണ്ട്‌. ഏതായാലും പാർലമെന്ററി അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നത്‌ തെറ്റാണെന്നോ അതിനാഗ്രഹിക്കുന്നത്‌ വ്യാമോഹമാണെന്നോ ഉള്ള കാപട്യമൊന്നും ഞങ്ങൾ കോൺഗ്രസ്സുകാർക്കില്ല. കാരണം ഇന്ത്യയിൽ ഒരു പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ കൊണ്ടുവന്ന പാർട്ടിയാണ്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌. ഞങ്ങളൊക്കെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ പാർലമെന്ററി അധികാരസ്ഥാനങ്ങളിലേക്ക്‌ കയറിവന്ന് അതിനെ ജനോപകാരപ്രദമായി ഉപയോഗിക്കാൻ തന്നെയാണ്‌, അല്ലാതെ നിങ്ങളേപ്പോലെ "ഈ ബൂർഷ്വാ ജനാധിപത്യത്തെ ഉള്ളിൽ നിന്ന് തകർക്കാൻ" വേണ്ടിയല്ല. അതുകൊണ്ടുതന്നെ പാർട്ടിയെ പേടിച്ച്‌ സ്വന്തം മോഹങ്ങൾ മറച്ചുപിടിക്കേണ്ട ഗതികേടും കോൺഗ്രസ്സുകാർക്കില്ല.
അടിസ്ഥാനമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനേക്കുറിച്ച്‌ സ്വരാജ്‌ ആരോപിക്കുന്ന പോലെ "ഞങ്ങളേക്കുറിച്ച്‌ പറഞ്ഞില്ലേ അതുകൊണ്ട്‌ ഞങ്ങളും തിരിച്ചു പറയും" എന്നതല്ല ഞങ്ങളുടെ ലൈൻ. കാരണം പിണറായി വിജയനേക്കുറിച്ചും ജയരാനേക്കുറിച്ചും ആദ്യം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്‌ കോൺഗ്രസ്സുകാരല്ല. സ്വരാജിന്‌ ഏറെ ദു:ഖമുള്ള ടി.പി. ചന്ദ്രശേഖരൻ വധത്തിൽ പിണറായി വിജയന്റെ പങ്ക്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്‌ ടി.പി.യുടെ ഭാര്യയും പഴയ എസ്‌.എഫ്‌.ഐ.നേതാവും കൂടിയായ കെ.കെ.രമയാണ്‌. മനോജ്‌ വധത്തിൽ ജയരാജനെ സി.ബി.ഐ. പ്രതി ചേർത്തിട്ടുള്ളത്‌ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ സംശയത്തെ മാനിച്ചാണ്‌. എന്നാൽ സ്വരാജ്‌ ആധികാരിക സാക്ഷിയായി അവതരിപ്പിക്കുന്ന ബിജു രാധാകൃഷ്ണൻ ആരാണ്‌? സ്വന്തം ഭാര്യയെ കൊന്നതിന്‌ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച ഒരാൾ. ഇടതുമുന്നണി ഭരണകാലത്ത്‌ പുറത്ത്‌ സുഖമായി വിലസിയിരുന്ന ഒരു കൊടും ക്രിമിനൽ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് ശിക്ഷിപ്പിച്ച ഇപ്പോഴത്തെ ഭരണകൂടത്തിനെതിരെ പറയുന്ന വാക്കുകളാണ്‌ സ്വരാജിനും കൂട്ടർക്കും വേദവാക്യം. "മുഖ്യമന്ത്രിയെ സ്വന്തം പിതാവായി കാണുന്ന സോളാർ കേസിലെ മുഖ്യപ്രതി" സ്വരാജിന്റെ നേതാവായ സി.പി.എം.സംസ്ഥാന സെക്രട്ടറിയെ വിളിച്ചിരുന്നത്‌ "അങ്കിൾ" എന്നായിരുന്നുവെന്നും മറന്നുപോകരുത്‌.
"പി.ജയരാജനെ പ്രതിചേർത്തതിലെ രാഷ്ട്രീയ അൽപത്തരത്തെക്കുറിച്ച് ബൽറാമിന് ഒരഭിപ്രായവും പറയാനില്ല" എന്നും സ്വരാജ്‌ ആക്ഷേപിക്കുന്നുണ്ട്‌. സി.പി.എമ്മുകാർ പ്രതികളാവുന്ന കേസുകളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്ന സ്ഥിരം ആക്ഷേപത്തേക്കുറിച്ച്‌ ഞാനെന്തിനാണ്‌ അഭിപ്രായം പറയുന്നതെന്ന് മനസ്സിലാവുന്നില്ല. പ്രതി ചേർത്തത്‌ രാഷ്ട്രീയ അൽപ്പത്തരമാണെങ്കിൽ ശ്രീ.ജയരാജന്‌ അത്‌ കോടതിയ ബോധ്യപ്പെടുത്തി കേസിൽനിന്ന് ഒഴിവാകാമല്ലോ. അതോ കോടതിയും സി.ബി.ഐ.യുടെ രാഷ്ട്രീയ അൽപ്പത്തരത്തിന്‌ കൂട്ടുനിൽക്കുകയാണെന്ന ആക്ഷേപമാണോ ഡി.വൈ.എഫ്‌.ഐ.നേതാവ്‌ ഉന്നയിക്കുന്നത്‌? ഏതായാലും ഹൃദയധമനികളിലെ ബ്ലോക്കിൽ നിന്ന് എത്രയും വേഗം ശ്രീ.ജയരാജൻ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.
"മുണ്ടുടുത്ത മുസോളിനി” എന്ന പ്രയോഗം എന്റേതല്ലെന്ന് ഞാൻ പറഞ്ഞത്‌ അതിന്റെ ഒറിജിനേക്കുറിച്ചുള്ള പൊതുവിജ്ഞാനം എന്റെ സുഹൃത്തിന്‌ പകർന്നുനൽകാനും ആ ഉചിതമായ ഉപമയുടെ ക്രഡിറ്റ്‌ തട്ടിയെടുക്കാൻ എനിക്ക്‌ താത്പര്യമില്ലാത്തതുകൊണ്ടും മാത്രമാണ്‌. പിന്നെ അത്‌ പറഞ്ഞത്‌ ഏതോ "കണ്ടവനൊ"ന്നുമല്ല, സ്വരാജിന്റെ പാർട്ടിയുടെ ഒരു ഘടകകക്ഷി നേതാവാണെന്നും കൂടി സന്ദർഭവശാൽ ചൂണ്ടിക്കാണിച്ചു എന്നേ ഉള്ളൂ. ആ ഉപമ തന്നെയാണ്‌ പരാമർശ്ശവിധേയനായ ഇപ്പോഴത്തെ വലിയ നേതാവിന്‌ കൂടുതൽ അനുയോജ്യമെന്ന് തന്നെയാണ്‌ ഞാനിപ്പോഴും കരുതുന്നതെന്നും ഒഴിവാക്കണമെന്ന് നിർബന്ധമാണെങ്കിൽ മാത്രം പരിഗണിക്കാവുന്ന മറ്റ്‌ പേരുകൾ എന്ന നിലക്കാണ്‌ സ്റ്റാലിനും പോൾപോട്ടുമൊക്കെ കടന്നുവന്നതെന്നും ആവർത്തിക്കട്ടെ. ഏതായാലും കിം ജോങ്ങ്‌ ഉന്നുമായുള്ള താരതമ്യം ഞാൻ സ്വമേധയാ പിൻവലിക്കുന്നു. നേരിയ അപ്രീതിയുടെ പേരിൽ സ്വന്തം അമ്മാവനെ വരെ ക്യാപ്പിറ്റൽ പണിഷ്മെന്റിന്‌ വിധിച്ച ചെറുപ്പക്കാരനായ കിം ജോങ്ങ്‌ ഉന്നിന്‌ വലിയ നേതാവിനേക്കാൾ ഒരുപക്ഷേ സാമ്യം ചില ഇളമുറക്കാരോടായിരിക്കാം.
കമ്മ്യൂണിസത്തെ ആദ്യകാലത്ത്‌ വളരെ കാൽപ്പനികമായി നോക്കിക്കണ്ട ജവഹർലാൽ നെഹ്രുവിന്‌ സ്റ്റാലിനോടും മാവോയോടുമൊക്കെ നല്ല മതിപ്പായിരുന്നു എന്നതിൽ അത്ഭുതമില്ല. സ്റ്റാലിൻ എന്തായിരുന്നു എന്ന് റഷ്യക്കാർ പോലുമറിഞ്ഞത്‌ അയാൾ മരണപ്പെട്ടതിന്‌ ശേഷമാണ്‌, പിന്നേയല്ലേ പാവം നെഹ്രു. സ്റ്റാലിനു ശേഷമുള്ള ഒരു പാർട്ടി മീറ്റിങ്ങിൽ സ്റ്റാലിന്റെ ക്രൂരതകളേക്കുറിച്ച്‌ ക്രൂഷ്ച്ചേവ്‌ വർണ്ണിച്ചുകൊണ്ടിരുന്നപ്പോൾ സദസ്യരിൽ നിന്നൊരാൾ "അങ്ങനെയെങ്കിൽ നിങ്ങളിത്‌ എന്തുകൊണ്ട്‌ അക്കാലത്ത്‌ തന്നെ പറഞ്ഞില്ല" എന്ന് ചോദിച്ചുവെന്നും ക്രൂഷ്ച്ചേവ്‌ ക്ഷുഭിതനായമട്ടിൽ "ആരാണത്‌ പറഞ്ഞത്‌, നിങ്ങളുടെ കഴുത്തിന്‌ മുകളിൽ തല കാണില്ല" എന്നാക്രോശിച്ചപ്പോൾ എല്ലാവരും തലതാഴ്ത്തി നിശബ്ദരായെന്നും അപ്പോൾ ചിരിച്ചുകൊണ്ട്‌ ക്രൂഷ്ച്ചേവ്‌ "ഇപ്പൊ മനസ്സിലായല്ലോ ഞാനെന്തുകൊണ്ട്‌ അന്ന് മിണ്ടാതിരുന്നു എന്ന്" എന്ന് വിശദീകരിച്ചുവെന്നുമുള്ള ഒരു കഥ എവിടെയോ വായിച്ചിട്ടുണ്ട്‌. സത്യമാണോ തമാശയാണോ എന്നറിയില്ല. ഏതായാലും ഇന്നും സ്റ്റാലിനെ ആരാധ്യനേതാവായി കൊണ്ടുനടക്കുന്ന ലോകത്തെ ഒരേയൊരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇവിടത്തേതാണ്‌ എന്നാണറിവ്‌. റഷ്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പോലും ആ സ്മരണകളെ മായ്ച്ച്‌ കളയാൻ പെടാപ്പാട്‌ പെടുകയാണ്‌.
ഇന്നത്തെക്കാലത്തെ ഫാഷിസ്റ്റ്‌ പ്രവണതകളേക്കുറിച്ച്‌ പറയുമ്പോഴൊക്കെ സംഘികളും കമ്മ്യൂണിസ്റ്റുകളും എടുക്കുന്ന സ്ഥിരം ഡിഫൻസ്‌ അടിയന്തരാവസ്ഥയുടേതാണ്‌ എന്നത്‌ എത്രയോ തവണ കണ്ടിട്ടുള്ളതാണ്‌. വ്യക്തമായിത്തന്നെ പറയട്ടെ, അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിന്‌ ഒരു കളങ്കമാണെന്ന് തന്നെയാണ്‌ ഞങ്ങളുടെ അഭിപ്രായം. അത്‌ കഴിച്ചുള്ള കോൺഗ്രസ്സിനേയും ഇന്ദിരാഗാന്ധിയേയും മാത്രമേ ഞാൻ പിന്തുണക്കുന്നുള്ളൂ. എന്നാൽ അടിയന്തരാവസ്ഥക്കാലത്ത്‌ ഏതെങ്കിലും വ്യക്തി എന്തെങ്കിലും പീഢനങ്ങൾ അനുഭവിച്ചുവെങ്കിൽ അത്‌ പിൽക്കാലത്ത്‌ മറ്റേതെങ്കിലും തെറ്റുകൾ ചെയ്യാനും അതിന്റെപേരിൽ വിമർശ്ശിക്കപ്പെടാതെയിരിക്കാനുമുള്ള കാരണമാവുന്നില്ല. ഒന്നാം വർഷത്തിൽ സ്വയം റാഗിങ്ങിന്‌ ഇരയായിരുന്നു എന്നത്‌ രണ്ടാം വർഷം മറ്റുള്ളവർക്കുമേൽ റാഗിങ്ങിന്‌ നേതൃത്ത്വം നൽകാനുള്ള ലൈസൻസ്‌ അല്ല.
സ്വരാജ്‌ വി.എസിനെ ആക്ഷേപിച്ചു എന്നതും അതിനുപയോഗിച്ച വാക്കുകളും എന്റെ പുതുതായ ആരോപണമല്ല, എത്രയോ കാലമായി പബ്ലിക്‌ ഡൊമൈനിലുള്ളതാണ്‌. ഏതായാലും കേസ്‌ നടത്തി ബന്ധപ്പെട്ട പത്രത്തേക്കൊണ്ട്‌ അത്‌ പിൻവലിപ്പിക്കാൻ സ്വരാജിന്‌ കഴിയട്ടെ എന്നാശംസിക്കുന്നു. കോടതിവിധി സ്വരാജിന്‌ അനുകൂലമാവുന്ന പക്ഷം എന്റെ ആരോപണവും സ്വമേധയാ റദ്ദായതായി കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏതായാലും ഹനീഫ വധത്തിൽ എനിക്കെതിരെ ഉത്തരവാദപ്പെട്ട ആരാണ്‌ ആക്ഷേപമുന്നയിച്ചത്‌ എന്നും അതിന്റെ സോഴ്സ്‌ വെളിപ്പെടുത്തണമെന്നും ഞാൻ ആവശ്യപ്പെട്ടപ്പോൾ അത്‌ നൽകാതെ "കോൺഗ്രസ്സിൽ ആർക്കൊക്കെയാണ്‌ ഉത്തരവാദമുള്ളതെന്ന് ആർക്കറിയാം" എന്ന് ചോദിച്ച്‌ മുങ്ങുന്നത്‌ സ്വരാജിൽ ഡിഫിക്കാർ കാണാനാഗ്രഹിക്കുന്ന വീരശൂരപരാക്രമിത്തത്തിന്‌ ചേർന്നതല്ല. അതുകൊണ്ട്‌ ഞാനൊന്നുകൂടി അഭ്യർത്ഥിക്കുന്നു: ഇനി ഉത്തരവാദപ്പെട്ടവർ തന്നെ വേണമെന്നില്ല, ഉത്തരവാദിത്തമില്ലാത്തവരായാലും സാരമില്ല, ആ വാർത്തയുടെ ലിങ്ക്‌ ഒന്ന് തരണം പ്ലീസ്‌. ഹനീഫ വധക്കേസിൽ ഇപ്പോഴുള്ളത്‌ കുറ്റാരോപിതരാണ്‌, കുറ്റവാളികളായി അവരെ പ്രഖ്യാപിക്കേണ്ടത്‌ ഞാനല്ല, തെളിവുകൾ വിലയിരുത്തി കോടതിയാണ്‌. അതുകൊണ്ടുതന്നെ ആരുടെയോ ഒപ്പം നിൽക്കുന്ന ഏതോ ഒരു ഫോട്ടൊ എവിടെയോ കണ്ടു എന്നമട്ടിൽ കുശുമ്പ്‌ പറയുന്ന ചീള്‌ നിലവാരത്തിൽ നിന്ന് ഡിഫി സെക്രട്ടറി അൽപ്പം കൂടി ഉയരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. മറിച്ച്‌ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയ കുഞ്ഞനന്തന്റെയും മറ്റും കൂടെ നിൽക്കുന്ന എത്രയോ സി.പി.എം.നേതാക്കളുടെ ഫോട്ടോ അങ്ങോട്ട്‌ തരാം. അവരെല്ലാം ടി.പി. വധത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇതേ ലോജിക്ക്‌ വെച്ച്‌ പറയാൻ സ്വരാജിന്‌ കഴിയുമോ?
പ്രതികൾ കോൺഗ്രസ്സുകാരായ ചില അക്രമങ്ങളുടെ പേരുപറഞ്ഞ്‌ ഫേസ്ബുക്കിലെ ഡിഫിക്കാരുടെ പതിവ്‌ വാദങ്ങൾ സ്വരാജും ആവർത്തിച്ചിരിക്കുകയാണ്‌. പൊന്നു സുഹൃത്തേ, എല്ലാവരും കോമൺ സെൻസ്‌ ഇല്ലാത്തവരാണെന്ന് തെറ്റിദ്ധരിക്കരുത്‌. കേരളത്തിൽ ഒരുമാതിരി എല്ലാവർക്കും ഏതെങ്കിലുമൊക്കെ രാഷ്ട്രീയ പാർട്ടികളുമായി ബന്ധം കാണും. ക്രിമിനലുകൾക്കും അങ്ങനെത്തന്നെ. അതുകൊണ്ടുതന്നെ ഏതെങ്കിലും കേസുകൾ ഉണ്ടാവുമ്പോൾ പ്രതികളിലാരെയെങ്കിലും ചൂണ്ടിക്കാട്ടി ഇന്ന പാർട്ടിക്കാരനാണ്‌ എന്ന് പറഞ്ഞുകൊണ്ട്‌ പരസ്പരം ആരോപണമുന്നയിക്കുന്നതിൽ ഒരർത്ഥവുമില്ല. അത്തരം പ്രതികളോട്‌ അതത്‌ പാർട്ടികൾ സ്വീകരിക്കുന്ന സമീപനമാണ്‌ ചർച്ചയാവേണ്ടത്‌. അത്തരം സമീപനങ്ങൾ ഒരു ആധുനിക ജനാധിപത്യ സമൂഹത്തിനും നിയമവാഴ്ചയിലുള്ള വിശ്വാസത്തിനും എത്രത്തോളം അനുയോജ്യമാണെന്നതാണ്‌ വിലയിരുത്തപ്പെടേണ്ടത്‌. അവിടെയാണ്‌ കൊടും ക്രിമിനലുകളെ പരസ്യമായി ന്യായീകരിക്കുകയും സംരക്ഷിക്കുകയും അവർക്ക്‌ പണം പിരിച്ച്‌ നൽകുകയും നിയമസഹായം ചെയ്യുകയും ജാമ്യം കിട്ടിയാൽ പൗരസ്വീകരണമൊരുക്കുകയും ഒടുവിൽ കോടതി ശിക്ഷിച്ചാൽപ്പോലും ജയിലിൽ ചെന്ന് ആശ്വസിപ്പിക്കുകയും പാർട്ടി ശക്തികേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പിനുനിർത്തി ജയിപ്പിച്ചെടുക്കുകയുമൊക്കെ ചെയ്യുന്ന സി.പി.എമ്മിന്റെ ധിക്കാരപൂർണ്ണമായ പ്രാകൃത ശൈലി മറ്റ്‌ എല്ലാവരിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത്‌.
അത്തരം ഒരു പ്രവർത്തനശൈലിയുടെ ഉപജ്ഞാതാവും പ്രയോക്താവുമായ ഒരാളാണ്‌ ആൾക്കൂട്ടത്തെ തെളിച്ച്‌ വരുന്നത്‌ എന്നത്‌ തന്നെയാണ്‌ ഞങ്ങളെയെല്ലാം ആശങ്കാകുലരാക്കുന്നത്‌.
===========================================================

ഒട്ടുംകുറയാത്ത സ്‌നേഹത്തോടെ, ബൽറാമിന്..
എം.സ്വരാജ്
പ്രിയപ്പെട്ട ശ്രീ. വി.ടി ബൽറാം എം.എൽ.എ.യുടെ കത്ത് വായിച്ചു. രാഷ്ട്രീയ സംബന്ധിയായ വിഷയങ്ങളെക്കുറിച്ച് വ്യത്യസ്ത കാഴ്ച്ചപ്പാടുകൾ വച്ചുപുലർത്തുന്ന നമ്മൾ തമ്മിൽ സൗഹൃദപൂർണ്ണവും പരസ്യവുമായ ഇങ്ങനെയൊരു സംവാദം നമുക്കിടയിലെ സൗഹൃദം കൂടുതൽ ദൃഡമാക്കാനും നമ്മുടെ കാഴ്ചപ്പാടുകളെക്കുറിച്ച് മറ്റുള്ളവർക്ക് കൂടുതൽ വ്യക്തതയുണ്ടാക്കാനും സഹായിക്കുമെന്നാണെനിക്ക് തോന്നുന്നത്.
പുതിയ കത്തിൽ ആദ്യംതന്നെ ബൽറാം ഉന്നയിക്കുന്നത് പഴയ നവകേരള മാർച്ചിൽ നിന്നും ഇപ്പോഴത്തെ നവകേരള മാർച്ചിന് എന്താണ് വ്യത്യാസമെന്നും, ആദ്യ മാർച്ചിനുശേഷം അധികാരത്തിൽ വന്നപ്പോൾ നവകേരളം യാഥാർത്ഥ്യ മാക്കാത്ത തെന്താണെന്നു മൊക്കെയാണ്. സകല കേരളീയർക്കും അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് എന്റെ സുഹൃത്ത് അജ്ഞത നടിക്കുകയാണെന്ന് ഞാൻ ന്യായമായും ബലമായും സംശയിക്കുന്നു. എങ്കിലും ചോദ്യം ഉന്നയിച്ച സ്ഥിതിയ്ക്ക് മറുപടി പറയാൻ എനിക്ക് ബാധ്യതയുണ്ടല്ലോ. നവകേരള മാർച്ചിന്റെ മുദ്രാവാക്യം ''മതനിരപേക്ഷ,അഴിമതിവിമുക്ത - വികസിത കേരളം'' എന്നതാണ്. ഇത് ആധുനിക കേരളത്തെ സംബന്ധിച്ച പൊതുവായ പാർട്ടി കാഴ്ചപ്പാടാണ്. സമാനമായ കാഴ്ചപ്പാടാണ് മുമ്പും ഉയർത്തിപ്പിടിച്ചത്. മുൻ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച പദ്ധതികളും പരിഷ്‌കാരങ്ങളും ഈ ദിശയിലുള്ളതുമായിരുന്നു. എന്നാൽ കേവലം അഞ്ച് വർഷംകൊണ്ട് ഒരു നവകേരളം കെട്ടിപ്പടുക്കാനാകില്ലെന്ന് ബൽറാമിന് നന്നായി അറിയാമല്ലോ.
തുടർന്ന് അധികാരത്തിൽ വന്ന നിങ്ങൾ കേരളത്തെ എവിടെയാണ് എത്തിച്ചത്. ഹൈക്കമാന്റിന് ''ആരോ'' അയച്ച കത്ത് മുതൽ ഞാൻ ഇതെഴുതുന്നതിന് കുറച്ചുമുമ്പ് കുനിഞ്ഞ ശിരസ്സുമായി കസേരയിൽ നിന്ന് എഴുന്നേറ്റ് പോകേണ്ടിവന്ന മന്ത്രി ശ്രീ. കെ. ബാബുവരെ നമുക്ക് നൽകുന്ന സന്ദേശമെന്താണ്?. ജാതി കച്ചവടക്കാരുടെ വിലപേശലിന്റെ മുന്നിൽ മുട്ടുമടക്കി മന്ത്രിമാരെ വീതം വച്ചതുമുതൽ ആർ.എസ്.എസ് ക്രിമിനലുകളുടെ പേരിലുള്ള ഗൗരവതരമായ കേസുകൾ പിൻവലിച്ച് ഭായി-ഭായി ആയതുവരെയുള്ള സംഭവങ്ങൾ കേരളത്തിന് നൽകുന്ന സന്ദേശമെന്താണ്? .ഇത്തരം വിഷയങ്ങളിൽ നിന്നും മുൻ സർക്കാരിന്റെ കാലത്ത് ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ നഷ്ടത്തിലാക്കി അടച്ചുപൂട്ടിയ സർക്കാർ നയത്തിൽ നിന്നും കേരളത്തെ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന വിലാപയാത്രയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ ജാഥയെന്ന് വിമർശനമുയരുമ്പോൾ നവകേരള മാർച്ചിന്റെ സാംഗത്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് നിരർത്ഥകമാണ്. കോഴക്കേസിൽ പ്രതികളായി നാണംകെട്ടിറങ്ങുന്ന മന്ത്രിമാരിൽ നിന്നും, ജാതിക്കച്ചവടക്കാരുടെയും വർഗ്ഗീയവാദികളുടെയും സ്വാധീനത്തിൽ നിന്നും വിമുക്തമായൊരു വികസിത കേരളം ഉണ്ടാകണമെന്ന് പറയാനും ജാഥ നടത്താനും ഞങ്ങൾക്കുള്ള അവകാശത്തെ നിങ്ങൾ മാനിക്കുമെന്ന് കരുതട്ടെ.
പിന്നെ, പോസ്റ്റുകൾക്ക് താഴെ വന്ന് തെറി വിളിക്കുന്നതിനെക്കുറിച്ച്. എന്റെ പല പോസ്റ്റുകൾക്കും താഴെ ഒട്ടും മോശമല്ലാത്ത പ്രയോഗങ്ങൾ നടത്തുന്ന ബൽറാമിന്റെ അനുയായികളുമുണ്ട്. അതിന് പുറമേയാണ് അവരവരുടെ നിലവാരം പ്രകടിപ്പിക്കുന്ന ഫോൺ കോളുകളും, ഊമക്കത്തുകളും. ഇതൊന്നും രാഷ്ട്രീയബോധമോ സാമാന്യബുദ്ധിയോ ഉള്ളവർ ചെയ്യുന്ന കാര്യമല്ല. ഇതൊക്കെ ബൽറാമിന്റെ താൽപര്യപ്രകാരമോ, പ്രേരണകൊണ്ടോ ചെയ്യുന്നതാണെന്ന നേരിയ സംശയംപോലും എനിക്കില്ല. ഞാനിതെല്ലാം പൂർണ്ണമായി അവഗണിക്കാറാണ് പതിവ്. ഇതുവരെ അത്തരക്കാരിൽ ഒരാളെപ്പോലും ഞാൻ ബ്ലോക്ക് ചെയ്തിട്ടുമില്ല.
ബംഗാളിനെക്കുറിച്ച് പറഞ്ഞുകൊണ്ട് അവിടത്തെ എം.പി.മാരുടെ കണക്ക് ബൽറാം സൂചിപ്പിക്കുകയുണ്ടായി. ബംഗാളിലെ കണക്കറിയുന്ന ബൽറാമിന് ഡൽഹിയിലെ കണക്ക് അറിയാതിരിക്കില്ലല്ലോ. ഒന്നരദശാബ്ദം തുടർച്ചയായി മുഖ്യമന്ത്രി കസേരയിലിരുന്ന ശ്രീമതി. ഷീലാദീക്ഷിതിന്റെ നേതൃത്വത്തിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കോൺഗ്രസിന് എത്ര സീറ്റാണ് കിട്ടിയത്? ഡൽഹി നിയമസഭയിലെ ഇപ്പോഴത്തെ കോൺഗ്രസ് എം.എൽ.എ.മാരുടെ എണ്ണംകൂടി പറയൂ ബൽറാം.. പ്ലീസ്. സംഘടനാപരമായി ക്ഷീണം സംഭവിച്ചതായി ബൽറാം സമ്മതിക്കുന്നുണ്ട്. നല്ലത്. പക്ഷേ സമ്മതിക്കുന്നതിനപ്പുറം ഈ അവസ്ഥ എന്തുകൊണ്ട് വന്നൂവെന്ന് പരിശോധിച്ച് തിരുത്തുകയല്ലേ വേണ്ടത്? ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർട്ടികൾ അതല്ലേ ചെയ്യേണ്ടത്? അങ്ങനെയൊന്ന് കോൺഗ്രസിൽ നടക്കുന്നുണ്ടോ? വൻപരാജയം സംഭവിച്ചപ്പോൾ ദേശീയ നേതാവ് അപ്രത്യക്ഷനായി ധ്യാനത്തിന് പോവുകയല്ലേ ചെയ്തത്? രഹസ്യ കേന്ദ്രത്തിൽ ധ്യാനമിരുന്ന് രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് ബൽറാം കരുതുന്നുണ്ടോ?
സി.പി.ഐ(എം) ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ചെറിയ പാർട്ടിയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിയമനിർമ്മാണസഭകളിൽ കാര്യമായ സാന്നിദ്ധ്യംതന്നെയില്ല. എങ്കിൽപോലും ഉള്ള സ്വാധീനത്തിൽ കുറവ് വരുമ്പോൾ ഗൗരവമായി പരിശോധിക്കാനും പിഴവുകൾ തിരുത്താനും ഞങ്ങൾ ശ്രമിക്കാറുണ്ട്. ജനാധിപത്യ പാർട്ടിയായ കോൺഗ്രസിൽ ഇത്തരം പരിശോധനകളും ചർച്ചകളും ഇപ്പോഴുണ്ടോ? പ്രതിനിധി സമ്മേളനം ചേർന്ന് നേതൃത്വത്തെ തെരഞ്ഞെടുക്കാൻ ഇനിയെന്നെങ്കിലും സംസ്ഥാനത്തെ കോൺഗ്രസിന് കഴിയുമോ? ഇതിലൊന്നും നിങ്ങൾക്ക് കാര്യമില്ല എന്ന് ബൽറാം പറഞ്ഞാൽ ഞാൻ തർക്കത്തിനില്ല. കോൺഗ്രസ് ഇന്നത്തെ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിൽ തകർന്നടിയുന്നതിൽ അമിതമായി ആഹ്ലാദിക്കുന്നവരുമല്ല ഞങ്ങൾ. കഴിഞ്ഞ 50 വർഷമായി തമിഴ്‌നാട്ടിലും, കാൽനൂറ്റാണ്ടായി ഉത്തർപ്രദേശിലും, രണ്ട് പതിറ്റാണ്ടായി ഗാന്ധി പിറന്ന ഗുജറാത്തിലും, നാലു പതിറ്റാണ്ടായി ബംഗാളിലും, കാൽനൂറ്റാണ്ടായി ത്രിപുരയിലും ഒറീസയിലും മറ്റു പലയിടത്തും തകർന്നടിഞ്ഞ് മുട്ടുകാലിലിഴയുമ്പോളും പഴയ പ്രതാപത്തിന്റെ ഹാങ്ങോവറിൽ ഞങ്ങളെ ഉപദേശിക്കാനിറങ്ങുമ്പോൾ ചിലത് ഓർമ്മിപ്പിച്ചുവെന്ന് മാത്രം.
ആൾക്കൂട്ട സിദ്ധാന്തത്തിൽ നിന്ന് വീണ്ടും ബൽറാം മലക്കം മറിഞ്ഞിരിക്കുന്നു. ന്യൂറം ബർഗുൾപ്പെടെ ഏത് ജാഥയിലെ ആൾക്കൂട്ടവും ആൾക്കൂട്ടം മാത്രമാണെന്നാണ് പുതിയ സിദ്ധാന്തം. അങ്ങനെയെങ്കിൽ പിന്നെന്തിനാണ് താങ്കൾ തൃത്താലയിലെ കെ.പി.സി.സി പ്രസിഡന്റിന്റെ ജാഥയിലെ ആൾക്കൂട്ടത്തിൽ ആവേശംകൊള്ളുന്നത്? ഏതായാലും രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളിൽ പങ്കെടുത്ത് അച്ചടക്കത്തോടെ മടങ്ങുന്നവരെ നോക്കിയുള്ള നിങ്ങളുടെ ''മോബോക്രസി'' വിശേഷണത്തെക്കുറിച്ച് പഠിക്കാനുള്ള എന്റെ താൽപര്യവും സന്നദ്ധതയും ഒരിക്കൽക്കൂടി അറിയിക്കുന്നു.
'തൃത്താലയിലെ പ്രത്യേക താൽപര്യ'ത്തെക്കുറിച്ചുള്ള എന്റെ മറുപടിയെപറ്റി ബൽറാം പറയുന്നത് ഞാൻ ഉദ്ദേശിച്ച കാര്യമല്ല അദ്ദേഹം സൂചിപ്പിച്ചത് എന്നത്രേ. അങ്ങനെയെങ്കിൽ പ്രിയ ബൽറാം എന്താണ് നിങ്ങൾ ഉദ്ദേശിച്ചതെന്ന് തുറന്ന് പറയൂ. എനിക്ക് തിരുത്താമല്ലോ.
''അവിശുദ്ധ രാഷ്ട്രീയ നീക്കങ്ങളും വേദി പങ്കിടലുമെല്ലാം ഇന്നും ഈ നാട്ടിലെ ജനങ്ങളുടെ മനസിലുണ്ട്'' എന്ന് ബൽറാം ഓർമ്മപ്പെടുത്തുന്നുണ്ട്. വേദി പങ്കിടൽ എന്നതുകൊണ്ട് ബൽറാം ഉദ്ദേശിച്ചത് അബ്ദുൾ നാസർ മദനിയുടെ കാര്യമാവുമെന്ന് ഞാൻ ഊഹിക്കുന്നു. ഒരു തെരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ് പ്രചരണവേദിയിൽ മദനി കടന്നുവന്നു എന്നത് ശരിയാണ്. അതിനെ വിമർശിക്കാൻ ബൽറാമിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ ആ സമയത്ത് മദനിയെ നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചതിന് ശേഷമായിരുന്നു എന്ന് മറക്കരുത്. അതേ മദനി കുറ്റവിമുക്തനാവുന്നതിന് മുമ്പ് പി.ഡി.പി.യുമായി ഒരുമിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതും, വേദി പങ്കിട്ടതും, മദനിയുടെ ചിത്രം സഹിതം സ്ഥാനാർത്ഥികൾ പോസ്റ്റർ അച്ചടിച്ചതും ബൽറാം ഓർക്കുന്നില്ലേ? അതിൽ കുറ്റബോധം തോന്നുന്നുണ്ടോ? പ്രതിയായി നിൽക്കുമ്പോൾ മദനിയുമായി നിങ്ങൾ വേദി പങ്കിടുന്നത് സ്വാഗതാർഹം. ഞങ്ങൾ വേദി പങ്കിട്ടാൽ അത് മഹാപാതകം. ഇതെവിടുത്തെ ന്യായമാണ് ബൽറാം?
അവിശുദ്ധ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചൊക്കെ പറയുമ്പോൾ വടകരയിലും ബേപ്പൂരിലും മുമ്പ് നിങ്ങൾ നടത്തിയ വിശുദ്ധ നീക്കത്തെക്കുറിച്ച് എല്ലാവരും മറന്നുകാണുമെന്ന് ധരിക്കരുത്. ഇനിയെങ്കിലും അതിനെയൊക്കെ തള്ളിപ്പറയാൻ ബൽറാം തയ്യാറാവണം. കെ.ജി. മാരാരുടെ ആത്മകഥയിലെ വെളിപ്പെടുത്തലും കോൺഗ്രസിന്റെ മൗനവുമൊക്കെ കേരളം മറന്നൂവെന്ന് കരുതരുത്.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് പിണറായിയെക്കുറിച്ചും, പി. ജയരാജനെക്കുറിച്ചും ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും കെ.കെ രമ മുൻ എസ്.എഫ്.ഐ നേതാവാണെന്നും ബൽറാം പറയുന്നു. എന്നാൽ അവർ ഇപ്പോൾ മറ്റൊരു പാർട്ടിയുടെ നേതാവാണെന്ന് ബൽറാമിനറിയാമല്ലോ. പക്ഷേ ഇപ്പോഴും കോൺഗ്രസുകാരായ ഹനീഫയുടെ ബന്ധുക്കൾ പറയുന്നു മന്ത്രി സി.എൻ ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന്. എന്താണ് ബൽറാമിന്റെ അഭിപ്രായം? ലാൽജി കൊള്ളന്നൂരിന്റെയും, മധു ഈച്ചരത്തിന്റെയും ബന്ധുക്കൾ പറയുന്നതെന്താണ്? എല്ലാവർക്കും ഒരേ നീതിയല്ലേ ബൽറാമേ കൊടുക്കേണ്ടത്? അവരുടെ ബന്ധുക്കളുടെ ആവശ്യത്തിന്റെ മുന്നിൽ നാടകം കളിക്കുന്നവർ നീതിയെക്കുറിച്ച് പ്രസംഗിക്കുമ്പോൾ അത് തമാശയായി മാറും. നിങ്ങളോടൊപ്പം സഭയിലിരിക്കുന്ന ഒരു എം.എൽ.എ രണ്ടുപേരെ കൊന്ന കേസിലെ പ്രതിയായിരുന്നില്ലേ? കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതി നിങ്ങൾ കേട്ടിട്ടില്ലേ? ചില സംഭവങ്ങൾ മാത്രമാമേ കാണൂ, കേൾക്കൂ എന്നാണോ?
സ്വരാജ് ആധികാരിക സാക്ഷിയായി അവതരിപ്പിക്കുന്ന ബിജു രാധാകൃഷ്ണൻ സ്വന്തം ഭാര്യയെ കൊന്ന കുറ്റവാളിയാണെന്നാണ് ബൽറാമിന്റെ ആക്ഷേപം. പ്രിയ ബൽറാം ഞാൻ അയാളെ ആധികാരിക സാക്ഷിയായി അവതരിപ്പിച്ചിട്ടില്ല. ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസിലായില്ലെന്നുണ്ടോ? ഈ കുറ്റവാളിയായ ബിജു രാധാകൃഷ്ണൻ മുഖ്യമന്ത്രിയോടൊപ്പം അടച്ചിട്ട മുറിയിൽ ഒരു മണിക്കൂർ രഹസ്യചർച്ച നടത്തിയ ആളാണെന്നാണ് പറഞ്ഞത്. അത്രമാത്രം സ്വാധീനം മുഖ്യമന്ത്രിയിലുണ്ടായിരുന്നൂവെന്നല്ലേ ഇത് കാണിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയോട് ഒരു മണിക്കൂർ അടച്ചിട്ട മുറിയിലിരുന്ന് ചർച്ച ചെയ്യാൻ സാധാരണക്കാർക്ക് പറ്റുമോ? ബൽറാമിന് അങ്ങനെയൊരവസരം കിട്ടിയിട്ടുണ്ടോ? സകല തട്ടിപ്പുകാരും നിങ്ങളുടെ സ്വന്തക്കാരായിരുന്നു. തട്ടിപ്പു കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയെ എത്ര തവണയാണ് ഫോണിൽ വിളിച്ചതെന്നൊക്കെ ഇപ്പോൾ എല്ലാവർക്കും അറിയാമല്ലോ. അങ്ങനെ ഒരാളെ കണ്ടിട്ടേയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കും 'എവിടുന്നും' കരിക്ക് കുടിച്ചിട്ടേയില്ലെന്ന് പറഞ്ഞ മറ്റൊരു മന്ത്രിയ്ക്കും പിന്നീട് എന്ത് സംഭവിച്ചെന്ന് ഞാൻ പറയേണ്ടല്ലോ.
പി. ജയരാജനെ സി.ബി.ഐ പ്രതി ചേർത്തതിനെക്കുറിച്ച് താൻ പ്രതികരിക്കേണ്ടതില്ലെന്നാണ് ബൽറാമിന്റെ പക്ഷം. ഇത് ഒരു വ്യക്തിയുടെ പ്രശ്‌നമല്ല ബൽറാം. 505 ദിവസം കേസ് അന്വേഷിക്കുകയും 212 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തശേഷം തെളിവില്ല, പ്രതിയല്ല എന്നുപറഞ്ഞ സി.ബി.ഐ തൊട്ടടുത്ത ദിവസം പി. ജയരാജനെ പ്രതിയാക്കുമ്പോൾ അതിലെ അനീതിക്കെതിരെ പ്രതികരിക്കാൻ പതാകയുടെ നിറഭേദം തടസമാകാൻപാടില്ലായിരുന്നു. അദ്ദേഹം ആശുപത്രിയിൽ പോയതിനെ മുൻ കത്തിൽ പരിഹസിച്ച ബൽറാം ഇപ്പോൾ ആശംസകൾ നേരുന്നതും ആ പരിഹാസത്തിന്റെ തുടർച്ചയായി മാത്രമേ കാണാൻ കഴിയൂ. എ.കെ.ജി മരണാസന്നനായി ആശുപത്രിയിൽ കിടക്കുമ്പോൾ ''കാലൻ വന്ന് വിളിച്ചിട്ടും പോകാത്തതെന്തടാ ഗോപാലാ'' എന്ന് മുദ്രാവാക്യം വിളിച്ച മുൻഗാമികൾക്കൊപ്പം തന്നെയാണ് താനുമെന്ന് തെളിയിക്കാൻ ബൽറാമിന് സ്വാതന്ത്ര്യമുണ്ട്.
മുസോളിനി പ്രയോഗത്തെക്കുറിച്ച് ബൽറാം വീണ്ടും വാദിച്ച് കുളമാക്കുകയാണ്. ഈ പ്രയോഗം നടത്തിയ ശ്രീ. ജയശങ്കർ കുറഞ്ഞ പുള്ളിയൊന്നുമല്ല, എൽ.ഡി.എഫിലെ ഘടകകക്ഷി നേതാവാണത്രെ!. ഇത് ഇത്തിരി കടന്ന കൈയായിപ്പോയി. അദ്ദേഹം ആർ.എസ്.എസ് നേതാവ് കെ. സുരേന്ദ്രന്റെ കൈയിൽ ചരട് കെട്ടിക്കൊടുക്കുകയും കാവിക്കൊടിയും പിടിച്ച് ബാലഗോകുലം പ്രകടനത്തിന്റെ മുന്നിൽ നിൽക്കുകയും ചെയ്യുന്ന ചിത്രങ്ങൾ കണ്ടതായി ഞാനോർക്കുന്നു (ചിത്രങ്ങൾ യഥാർത്ഥമെങ്കിൽ എന്നെ തിരുത്താവുന്നതാണ്). അതെന്തുമാവട്ടെ ഇഷ്ടമില്ലാത്തവരെയെല്ലാം തരംതാഴ്ന്ന ഭാഷയിൽ ആക്ഷേപിക്കുന്ന ഇദ്ദേഹം പിണറായിക്കെതിരായി പറഞ്ഞവിശേഷണം കേട്ട് ബൽറാം ആവേശഭരിതനാവുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു. ഇതേ ജയശങ്കർ ഒരിക്കൽ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയെ വിശേഷിപ്പിച്ചത് ''പുഴുത്ത പട്ടി'' എന്നായിരുന്നു. ഇത് കേൾക്കുമ്പോഴും ബൽറാമിന് കോൾമയിർകൊള്ളുന്നുണ്ടോ? പിണറായിക്കെതിരായ പുലഭ്യം സ്വീകാര്യവും ഉമ്മൻചാണ്ടിക്കെതിരായത് അസ്വീകാര്യവും ആകാൻ പാടില്ലല്ലോ? ഞാൻ ഇത് രണ്ടും പാടില്ലെന്ന് പറയുന്നയാളാണ്. ശ്രീ. ഉമ്മൻചാണ്ടിയുടെ പ്രവർത്തനശൈലിയേയും രാഷ്ട്രീയത്തേയും എതിർക്കുമ്പോൾതന്നെ ഇത്തരം പ്രയോഗങ്ങൾ ആര് നടത്തിയാലും അതിനോട് എനിക്ക് യോജിപ്പില്ല.
സ്റ്റാലിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് റഷ്യയിലെ തമാശക്കഥയൊക്കെ ബൽറാം പറയുന്നുണ്ട്. ഞാനും ആസ്വദിച്ചിട്ടുള്ള കഥയാണ് അത.് സ്റ്റാലിനെയെന്നല്ല ആരെയും അന്ധമായി ആരാധിക്കുന്നവരല്ല ഞങ്ങളാരും. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി സ്റ്റാലിനെ സംബന്ധിച്ച് നടത്തിയ വിശകലനം ഇപ്പോൾ പരസ്യരേഖയാണ്. ശക്തമായ വിമർശനങ്ങൾ അതിലുണ്ട്. വ്യക്തികളെ വിലയിരുത്തുമ്പോൾ സമഗ്രമാവണം. സ്റ്റാലിനെ ഒരു പിഴവുമില്ലാതെ മഹാനായി ആരാധിക്കുന്നതുപോലെ അർത്ഥശൂന്യമാണ് തിന്മകളുടെ മാത്രം പ്രതീകമായി കുറ്റപ്പെടുത്തുന്നതും. യുദ്ധമുഖത്തേയ്ക്ക് സ്വന്തം മകനായ യാക്കോവിനെ സൈനികനായി പറഞ്ഞയക്കാൻ മടികാട്ടാത്ത പിതാവായിരുന്ന സ്റ്റാലിൻ. ജർമ്മൻ സൈന്യം യാക്കോവിനെ തടവുകാരനാക്കി വിലപേശിയപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ''ഒരു സൈനികന്റെ ജീവന് പകരമായി ഒരു ജനറലിനെ വിട്ടുകൊടുക്കുന്നത് യുദ്ധനീതിയല്ല. വേണമെങ്കിൽ ഒരു സൈനികനെ വിട്ടുകൊടുക്കാം.'' യാക്കോവ് കൊല്ലപ്പെട്ടപ്പോൾ ''അവൻ രാഷ്ട്രത്തോടുള്ള കടമ നിറവേറ്റിയെന്നാ''യിരുന്നു സ്റ്റാലിന്റെ പ്രതികരണം. അന്നാ ലൂയി സ്‌ട്രോങിന്റെയും മറ്റും പുസ്തകങ്ങളിൽ സ്റ്റാലിനെ സമഗ്രമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ സാമ്രാജ്യത്വം പ്രചരിപ്പിക്കുന്ന ക്രൂരനായ സ്റ്റാലിനെയാണ് പലർക്കും പഥ്യം.
പ്രശസ്ത കവി ശ്രീ. ഒ.എൻ.വി ഒരിക്കൽ അദ്ദേഹത്തിന്റെ ഒരു റഷ്യൻ അനുഭവം എന്നോട് പറഞ്ഞിട്ടുണ്ട്. കൈയിൽ സ്റ്റാലിന്റെ കലണ്ടറുമായി പോകുന്ന ഒരു വൃദ്ധനോട് മോസ്‌കോയിൽ വച്ച് ഒ.എൻ.വി ചോദിച്ചൂവത്രെ, സ്റ്റാലിന്റെ ക്രൂരതകളെക്കുറിച്ചും മറ്റും. വികാരഭരിതനായ വൃദ്ധൻ സ്റ്റാലിന്റെ ചിത്രം നെഞ്ചോട് ചേർത്ത് രോഷാകുലനായി പറഞ്ഞു. ''നിങ്ങൾക്കെന്തറിയാം സ്റ്റാലിനെക്കുറിച്ച്? ഞങ്ങൾ മോസ്‌കോ വാസികൾ ഒരു കഷണം റൊട്ടിയല്ലാതെ, മരം കോച്ചുന്ന തണുപ്പിൽ വൈദ്യുതിയില്ലാതെ ദിവസങ്ങളോളം കഷ്ടപ്പെട്ട് മരണത്തെ നേരിട്ട കാലത്ത് നാസിപ്പടയിൽ നിന്ന് ഞങ്ങളെ രക്ഷിച്ച മഹാനാണിത്''. ഇതിന്റെയർത്ഥം സ്റ്റാലിൻ വിമർശനത്തിന് അതീതനാണെന്നല്ല. ആധുനിക റഷ്യയെ സൃഷ്ടിക്കുന്നതിന് തടസ്സമായതിനോടെല്ലാം കർക്കശമായി പെരുമാറിയ സ്റ്റാലിൻ കണിശമായും വിമർശിക്കപ്പെടണം. എന്നാൽ അത് അന്ധമായ സ്റ്റാലിൻ നിഗ്രഹമാകുമ്പോൾ നാം സമഗ്രമായ ധാരണകളില്ലാത്തവരായിപോകും. നെഹ്‌റുവിന്റെ അഭിപ്രായത്തെക്കുറിച്ച് ബൽറാം പറഞ്ഞത്, ഒരുതല്ലിപ്പൊളി വർത്തമാനമായിപ്പോയി. ''സ്റ്റാലിൻ എന്തായിരുന്നൂവെന്ന് റഷ്യക്കാർ പോലും അറിഞ്ഞത് മരണപ്പെട്ടതിന് ശേഷമാണ്. പിന്നെയല്ലേ പാവം നെഹ്‌റു''. ഇതാണ് ബൽറാമിന്റെ വാദം. നെഹ്‌റുവിനെ ഇങ്ങനെ കൊച്ചാക്കാൻ പാടില്ലായിരുന്നു. പിന്നെ ബൽറാമിന്റെ അറിവിലേയ്ക്കായി ഒരു കാര്യംകൂടി പറയാം. ഞാൻ സൂചിപ്പിച്ച നെഹ്‌റുവിന്റെ അഭിപ്രായ പ്രകടനം സ്റ്റാലിന്റെ മരണശേഷമുള്ളതാണ്. ഇനിയെന്താണാവോ ന്യായം?
അടിയന്തിരാവസ്ഥയെക്കുറിച്ചൊക്കെ ബൽറാം എത്ര നിസാരമായാണ് പറയുന്നത്. ''ഏതെങ്കിലും വ്യക്തി എന്തെങ്കിലും പീഡനം അനുഭവിച്ചെങ്കിൽ''. അന്ന് പൊലിഞ്ഞുപോയ ജീവനുകളുടെ, നരകയാതന അനുഭവിച്ച മനുഷ്യരുടെ പീഡന സ്മരണകൾക്കു മുന്നിൽ ഇങ്ങനെയൊക്കെ പറയാനാവുമോ? ഞങ്ങളെ സംബന്ധിച്ചിടത്തോളം മുസ്തഫയും അബ്ദുള്ളയും കണ്ണനും രാജനും ചരൺജിത്തും സ്‌നേഹലതാ റെഡ്ഡിയും അങ്ങനെ നൂറുകണക്കിനാളുകൾ 'ആരെങ്കിലും' ആയിരുന്നില്ല. അവരൊക്കെയും ഞങ്ങളുടെ കുടുംബാംഗങ്ങൾ തന്നെയായിരുന്നു. ഇന്നത്തെ സി.പി.ഐ(എം) സംസ്ഥാന നേതൃത്വം മുഴുവൻ അന്ന് സമാനതകളില്ലാത്ത പീഡനം ഏറ്റുവാങ്ങിയവരാണ്. ഞങ്ങൾക്കത് വെറും ''ആരെങ്കിലും എന്തെങ്കിലും'' കഥയല്ല. അധികാരക്കൊതി മൂത്തവരുടെ ഏകാധിപത്യ വാഴ്ചയ്‌ക്കെതിരായ സമരത്തിന്റെ രക്തസ്മരണകളാണ്.
എന്നെ സംബന്ധിച്ച വിമർശനങ്ങൾക്ക് ബൽറാം കാണുന്ന ന്യായം എത്രയോ കാലമായി 'പബ്ലിക് ഡൊമൈനിലുള്ളതാണ്' എന്നാണ്. ആവട്ടെ. അക്കാര്യങ്ങളുടെ നിജസ്ഥിതിയെപ്പറ്റി ബൽറാമിന് ബോധ്യമുണ്ടെങ്കിൽ അതുമതി. ഇല്ലെങ്കിൽ ഇതേ നാണയത്തിൽ 'പബ്ലിക് ഡൊമൈനിൽ' പലരേയും കുറിച്ചുള്ള പരീക്ഷ ക്രമക്കേട്, മാർക്ക്തട്ടിപ്പ് ആരോപണങ്ങൾ ആരെങ്കിലും ഉയർത്തിയാൽ എന്ത് പറയും.
ഹനീഫ വധത്തെക്കുറിച്ച് ബൽറാമിനെതിരെ ഞാൻ ആരോപണം ഉന്നയിച്ചിട്ടില്ല. എന്നാൽ ബൽറാമിന്റെ ലോജിക് പ്രകാരം ആരോപണം ഉന്നയിച്ചശേഷം കോടതിയിൽ തെളിയിക്കാനൊക്കെ പ്രയാസമാണ് എന്നാരെങ്കിലും പറഞ്ഞൊഴിഞ്ഞാൽ അത് അൽപത്തരമാകുമെന്നാണ് സൂചിപ്പിച്ചത്്. പിന്നെ ആ കേസിലെ പ്രതികൾ വെറും കുറ്റാരോപിതരാണെന്നും കോടതി കുറ്റവാളികളായി കണ്ടെത്തിയിട്ടില്ലെന്നുമുള്ള ന്യായം പറഞ്ഞ സ്ഥിതിയ്ക്ക് ''ആരുടേയോ'' കൂടെയുള്ള ഫോട്ടോയ്‌ക്കൊന്നും പ്രസക്തിയില്ലല്ലോ. ഏതായാലും അന്ന് ആ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ലൈക്ക് ചെയ്യുകയും ചെയ്ത താങ്കളുടെ പാർട്ടിക്കാരെ ഇനിയാണെങ്കിലും താങ്കൾക്ക് പരിശോധിക്കാവുന്നതാണ്.
''പ്രതികളോട് അതാത് പാർട്ടിക്കാർ സ്വീകരിക്കുന്ന സമീപനമാണ് ചർച്ചയാകേണ്ടത്'' എന്ന് ബൽറാം ഒടുവിൽ പറഞ്ഞുവയ്ക്കുന്നു. ശരി, ബൽറാമിന്റെ ആഗ്രഹപ്രകാരം അത് തന്നെ നമുക്ക് ചർച്ച ചെയ്യാം. കുപ്രസിദ്ധമായ കേസിലെ പ്രതികളോട് എന്ത് സമീപനമാണ് നിങ്ങളുടെ പാർട്ടി സ്വീകരിച്ചത്? ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ വിമാനം റാഞ്ചിയ കഥ ബൽറാം കേട്ടിട്ടുണ്ടോ? വർഷങ്ങൾക്ക് മുമ്പ് കൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് പോയ ഇന്ത്യൻഎയർലെയിൻസിന്റെ ഐ.സി 410 നമ്പർ യാത്രാ വിമാനം ലക്‌നൗവിൽ നിന്നും തട്ടിക്കൊണ്ടുപോയി 132 മനുഷ്യരുടെ ജീവൻവച്ച് വിലപേശിയ കോൺഗ്രസ് നേതാക്കൻമാരായ ദേവേന്ദ്ര പാണ്ഡെയോടും, ബോലാനാഥിനോടും കോൺഗ്രസ് സ്വീകരിച്ച സമീപനം എന്തായിരുന്നു. തെരഞ്ഞെടുപ്പിൽ രണ്ടുപേരെയും ഉത്തർപ്രദേശ് നിയമസഭയിലേയ്ക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിപ്പിക്കുകയാണ് ബൽറാമിന്റെ പാർട്ടി ചെയ്തത്! ഈ സമീപനത്തെക്കുറിച്ചാണോ ബൽറാം പറയുന്നത്. പിന്നീട് ദേവേന്ദ്രപാണ്ഡെ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായി. ബോലാനാഥിനെ ലോക്‌സഭയിലേയ്ക്കും മത്സരിപ്പിച്ചു.
സരിഗ ഷായുടെ ഘാതകരോട് എന്തായിരുന്നു കോൺഗ്രസ് സ്വീകരിച്ച സമീപനം. നയ്‌ന സാഹിനിയെ തന്തൂരിയടുപ്പിൽ ചുട്ടുതിന്ന സുശീൽകുമാർ ശർമ്മയെ ജയിലിലെത്തി സന്ദർശിച്ച മന്ത്രിമാരുടെയും എം.പി.മാരുടെയും പേരുവിവരം ബൽറാമിനറിയില്ലേ? ആയിരക്കണക്കിന് സിഖ് സഹോദരങ്ങളെ തലയറുത്തും ചുട്ടും കൊന്നുതീർത്ത അഹിംസാവാദികൾക്ക് നേരിട്ട് നേതൃത്വം കൊടുത്ത എച്ച്.കെ.എൽ ഭഗത്തിനോടും, ജഗദീശ് ടൈറ്റ്‌ലറോടും, സജ്ജൻകുമാറിനോടും എന്തായിരുന്നു കോൺഗ്രസ് സമീപനം? കൂട്ടക്കൊല ചെയ്യപ്പെട്ട മനുഷ്യരുടെ ഗ്യാലൻകണക്കിന് രക്തം തളംകെട്ടി നിന്ന ഡൽഹിയിൽ അന്നുകേട്ട ഒരു പ്രസംഗം ആരും മറുന്നിട്ടുണ്ടാവില്ല. തലയറുത്തുമാറ്റിയ ശരീരങ്ങളിൽ വീണു കരയുന്ന ഉറ്റവരുടെ കണ്ണീരിന്റെ മുന്നിൽ വെല്ലുവിളിയുടെയും ഭീഷണിയുടെയും സ്വരത്തിൽ ''ജബ് ബർഗത് കാ പേഡ് ഗിർത്താ ഹെ, ധോ ധർത്തി സരാ ഹിൽത്തി ഹെ'' (വൻമരങ്ങൾ നിലം പതിക്കുമ്പോൾ ഭൂമി കുലുങ്ങും) എന്ന് പ്രസംഗിച്ച രാജീവ്ഗാന്ധിയുടെ മഹനീയ ജനാധിപത്യ സമീപനത്തെക്കുറിച്ച് ഇനിയും വാചാലമാകണോ?
ഇതൊക്കെ തന്നെയല്ലേ കേരളത്തിലും സമീപനം? മമ്പറം ദിവാകരനെക്കുറിച്ച് ബൽറാം ഒരക്ഷരം മിണ്ടിയിട്ടില്ല. ആളെ അറിയില്ലെങ്കിൽ കഴിഞ്ഞ അസംബ്ലി ഇലക്ഷനിൽ ധർമ്മടം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആരായിരുന്നൂവെന്ന് ബൽറാം ഒന്നന്വേഷിക്കൂ. പിണറായിയെ കൊല്ലാൻ തോക്കുമായി വാടകക്കൊലയാളിയെ അയച്ച ഉത്തമ ഗാന്ധിയൻ തനിക്കെതിരെ കെ.പി.സി.സി.യ്ക്ക് പരാതി കൊടുത്ത കണ്ണൂർ ഡി.സി.സി അംഗം പുഷ്പരാജനോട് സ്വീകരിച്ച സമീപനം ബൽറാമിന് ഓർമ്മയില്ലേ? കയ്യും കാലും സമാധാനപരമായി ഒടിച്ചു നുറുക്കപ്പെട്ട ആ ഡി.സി.സി അംഗത്തിന് ചികിത്സാ ചെലവെങ്കിലും നൽകാമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനിലും ഈ ഗാന്ധിയന് സീറ്റ് കൊടുത്തുകൊണ്ടല്ലേ കോൺഗ്രസ് സമീപനം വ്യക്തമാക്കിയത്? ഇതൊക്കെ മറന്നുകൊണ്ടാണോ ബൽറാം സമീപനങ്ങളെക്കുറിച്ച് പറയുന്നത്. വയനാട് ഡി.സി.സി ഭാരവാഹിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന പ്രതികളായ മറ്റുഭാരവാഹികളോടുള്ള സമീപനം എല്ലാവരും ഇപ്പോൾ കാണുന്നുണ്ട്.
കുറ്റവാളികളുടെ രാഷ്ട്രീയബന്ധം ചൂണ്ടികാണിക്കുന്നതിനെ കുറിച്ച് ബൽറാം പറയുന്നത് നോക്കൂ.''ഏതെങ്കിലും കേസുകൾ ഉണ്ടാകുമ്പോൾ പ്രതികളിൽ ആരെങ്കിലും ചൂണ്ടികാട്ടി ഇന്ന പാർട്ടിക്കാരനാണെന്ന് പറഞ്ഞുകൊണ്ട് പരസ്പരം ആരോപണം ഉന്നയിക്കുന്നതിൽ ഒരർത്ഥവുമില്ല''. എന്റെ പൊന്നു ബാൽറാമേ നിങ്ങളീ പറഞ്ഞത് സത്യസന്ധമാണെങ്കിൽ പിന്നെന്തിനായിരുന്നു ഹനീഫ കൊല്ലപ്പെട്ട സമയത്ത് നിങ്ങൾ നടത്തിയ ആ രഹസ്യ ആഹ്വാനം? സി.പി.ഐ.(എം)കാർ പ്രതികളായ കേസുകളുടെ വിവരങ്ങൾ അടിയന്തരമായി ശേഖരിക്കാൻ രഹസ്യ സന്ദേശം നൽകിയത്. പി.എസ്.സി പരീക്ഷയ്ക്ക് ചോദ്യമെങ്ങാനും വന്നാൽ ഉത്തരമെഴുതാൻ വേണ്ടി ആയിരുന്നുവോ?.
അവസാനമായി ഒരു കാര്യംകൂടി പിണറായി വിജയനെന്ന നേതാവിനെ ആക്രമിച്ചുകൊണ്ടാണല്ലോ ബൽറാം തുടങ്ങിവച്ചത്. കൊലപാതകങ്ങളുടെ സൂത്രധാരനും, അഴിമതിക്കാരനും, ഏകാധിപതിയും കൊള്ളരുതാത്തവനുമാണ് പിണറായി എന്ന് ബൽറാം പറയുമ്പോൾ എനിക്കത്ഭുതം തോന്നുന്നു. എന്നോട് ഒരു കോൺഗ്രസ് സുഹൃത്ത് പറഞ്ഞത് പിണറായി ഇരിക്കുന്ന ഒരു സ്റ്റേജിൽ വലിയ സദസിനെ സാക്ഷിയാക്കി ബൽറാം പ്രസംഗിച്ചത് ''പിണറായി മതേതര കേരളത്തിന്റെ ഉറച്ച ശബ്ദമാണ്'' എന്നത്രെ. ഇത് ശരിയാണെങ്കിൽ പിന്നെപ്പോഴാണ് പിണറായി മോശക്കാരനായത്. പിണറായിയോട് ആദ്യം പറഞ്ഞ അഭിപ്രായമാണ് ബൽറാമിനുള്ളതെങ്കിൽ പിണറായിയുടെ മുന്നിൽവച്ചും സ്വാഭിപ്രായം വെട്ടിത്തുറന്ന് പറയുകയല്ലേ വേണ്ടിയിരുന്നത്? അതല്ലേ അന്തസ്സ്? അതോ പിണറായിയെ പുകഴ്ത്തിപ്പറഞ്ഞത് വെറും ഭംഗിവാക്കാണോ? ഏതായാലും അപ്പപ്പോൾ കാണുന്നവനെ അപ്പനെന്ന് വിളിക്കുന്ന അവസരവാദികളുടെ കൂട്ടത്തിൽ ഞാനറിയുന്ന ബൽറാം ഉണ്ടാവില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.
============================================================

എം. സ്വരാജിന്റെ ഏറ്റവുമൊടുവിലത്തെ കത്ത്‌ വായിച്ചു. ഈ ചർച്ച പൊതുവിൽ ആളുകൾക്ക്‌ ബോറടിച്ചുതുടങ്ങിയിട്ടുണ്ട്‌ എന്ന് പല കമന്റുകളും ഇതുമായി ബന്ധപ്പെട്ട്‌ ഇറങ്ങിയ ട്രോളുകളും സൂചിപ്പിക്കുന്നുണ്ട്‌. ഒരു ജനപ്രതിനിധിയായ നിങ്ങൾ മറ്റുള്ളവരേപ്പ്പോലെ ഇങ്ങനെയുള്ള കാര്യങ്ങൾക്കായി സമയം കളയേണ്ട കാര്യമുണ്ടോ എന്നും പലരും ചോദിക്കുന്നുമുണ്ട്‌. സ്വരാജിനുള്ള കഴിഞ്ഞ കത്തിൽ തന്നെ അതവസാനത്തേതാണെന്ന് സൂചിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും ദീർഗ്ഘമായ ഒരു കത്ത്‌ വന്നതിന്റെയടിസ്ഥാനത്തിൽ അതിനോടുള്ള പ്രതികരണം മാത്രം നടത്തി ഇതോടെ അവസാനിപ്പിക്കുന്നു. ലൈക്കും ഷെയറും എണ്ണി വിധി പ്രഖ്യാപിക്കാനുള്ളവർക്ക്‌ അങ്ങനെയും കാര്യങ്ങൾ മനസ്സിലാക്കാനാഗ്രഹമുള്ളവർക്ക്‌ അങ്ങനെയും ഇതിനെ സമീപിക്കാം.
1) 1999 കാലത്ത്‌ ഞാൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റിലെ വിദ്യാർത്ഥി പ്രതിനിധിയായിരുന്ന കാലം മുതൽ അന്ന് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായിരുന്ന സ്വരാജ്‌ എം.നായരെ പരിചയമുണ്ടെങ്കിലും ഫേസ്ബുക്കിലൂടെയുള്ള ഈ ആശയവിനിമയത്തിനപ്പുറം സ്വരാജുമായി കാര്യമായ ഒരു സൗഹൃദബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ട്‌ രാഷ്ട്രീയ വീക്ഷണങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽത്തന്നെയാണു ഈ സംവാദത്തിൽ ഞങ്ങളേർപ്പെടുന്നത്‌.
2) നവകേരള മാർച്ചിലൂടെ സി.പി.എം. മുന്നോട്ടുവെക്കുന്ന പുതിയ ആശയങ്ങളേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ സ്വരാജിൽ നിന്ന് ഇനിയും ഉത്തരം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നുന്നു. കാരണം അതൊക്കെ സകല കേരളീയർക്കും അറിയാവുന്ന കാര്യങ്ങളാണെന്ന് ഒഴുക്കന്മട്ടിൽ പറഞ്ഞ്‌ പോസ്റ്ററിലെ മുദ്രാവാക്യങ്ങൾ ആവർത്തിക്കുക മാത്രമാണദ്ദേഹം ചെയ്യുന്നത്‌. ബാക്കിയൊക്കെ ഈ ഗവണ്മെന്റിനെതിരെ പ്രതിപക്ഷത്തുള്ള സി.പി.എം. കഴിഞ്ഞ കുറേ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കുറ്റപ്പെടുത്തലുകൾ മാത്രമാണ്‌. ചുരുക്കിപ്പറഞ്ഞാൽ ഒരു ഭരണമാറ്റം മാത്രമാണ്‌ സി.പി.എം. മുന്നോട്ടുവെക്കുന്നത്‌. ഇന്നത്തെ ഭരണം മാറി സി.പി.എമ്മിന്റെ ഭരണം വന്നാൽ ഒറ്റയടിക്ക്‌ ഒക്കെ ശരിയാകും; അഴിമതി പൂർണ്ണമായി ഇല്ലാതാകും, മതനിരപേക്ഷത തിരിച്ച്‌ വരും, എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും ലാഭത്തിലാകും, ജാതിക്കച്ചവടക്കാർ കാശിക്ക്‌ പോകും, വികസനം തെങ്ങിന്റെ മണ്ടയിലൂടെ വരും എന്നൊക്കെയാണ്‌ സ്വരാജ്‌ പറഞ്ഞുവെക്കുന്നത്‌. കള്ളപ്പണം തിരിച്ചുകൊണ്ടുവരും, എല്ലാവർക്കും 15 ലക്ഷം രൂപവീതം ബാങ്കിലിട്ടുകൊടുക്കും, പെട്രോൾ ലിറ്ററിനു മുപ്പത്‌ രൂപയാക്കും എന്നതൊക്കെ നേരത്തെ വേറൊരാൾ പറഞ്ഞുപോയി, അല്ലെങ്കിൽ അതിന്റെ ആവർത്തനം കൂടി കേൾക്കേണ്ടി വന്നേനെ.
3) ഏതായാലും അഞ്ച്‌ വർഷം കൊണ്ട്‌ നവ കേരളം കെട്ടിപ്പടുക്കാൻ കഴിയില്ല എന്ന് സ്വരാജ്‌ തുറന്നു സമ്മതിക്കുന്നു. എന്നാൽ അതേ ലോജിക്ക്‌ വെച്ച്‌ വെറും അഞ്ച്‌ വർഷം കൊണ്ട്‌ കോൺഗ്രസ്സിനോ മറ്റേതൊരു പാർട്ടിക്കോ കേരളജനതയെ പൂർണ്ണമായി രക്ഷിക്കാനും കഴിയില്ല എന്നതും സമ്മതിച്ചുകൂടേ? പിന്നെന്തിനാണ്‌ കെ.പി.സി.സി. പ്രസിഡണ്ട്‌ നയിക്കുന്ന ജനരക്ഷായാത്രയുടെ പേരിനെച്ചൊല്ലി സ്വരാജിന്റെ കൂട്ടർ ഇത്രയേറെ കോലാഹലമുണ്ടാക്കുന്നത്‌. അതിനെച്ചൊല്ലി ഞാനിട്ട പോസ്റ്റാണല്ലോ സ്വരാജിനെ ഈ ചർച്ചയിലേക്ക്‌ കൊണ്ടുവന്നത്‌. അപ്പോൾ ചുരുക്കം ഇത്രയേ ഉള്ളൂ, വിവിധ പാർട്ടികൾ തെരഞ്ഞെടുപ്പടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ വിശദീകരണ യാത്രകൾക്ക്‌ എന്തെങ്കിലുമൊക്കെ പേരിടും, അതിൽ ഓരോ പാർട്ടിയുടേയും പ്രാദേശികമായ സംഘാടകമികവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകരെ പങ്കെടുപ്പിക്കും. തൃത്താലയിൽ ജനരക്ഷായാത്രക്ക്‌ നല്ലവണ്ണം ആളുകൂടി എന്നതിൽ ഞാനെവിടെയും അഹങ്കരിച്ചിട്ടില്ല, എവിടെയും ആളില്ല എന്ന സ്വരാജിന്റെയും കൂട്ടരുടെയും നുണപ്രചരണത്തെ തിരുത്തുന്നതിനായി എന്റെ നാട്ടിലെ കാര്യം സൂചിപ്പിച്ചുവെന്നേ ഉള്ളൂ. ആളുകൂടാൻ കാരണവും മറ്റൊന്നല്ല, മുൻ കാലങ്ങളെക്കാൾ നന്നായി അതിനുവേണ്ടി പാർട്ടി തലത്തിൽ ഞങ്ങൾ മുന്നൊരുക്കങ്ങൾ നടത്തി എന്നതാണ്‌ പ്രധാനകാരണം. ഞങ്ങളേക്കാൾ സിപി.എമ്മിന്‌ സംഘാടകശേഷി കൂടുതലുള്ള സ്ഥലങ്ങളിൽ പിണറായിയുടെ യാത്രക്കും നല്ല പ്രവർത്തകപങ്കാളിത്തമുണ്ടാവും. അതിൽ അത്ഭുതപ്പെടാനോ നെഗളിക്കാനോ ഒന്നുമില്ല എന്നാണ്‌ ഞാനാദ്യം മുതൽ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ഏതെങ്കിലും വ്യക്തിയുടേയോ പാർട്ടിയുടേയോ ഭൂതകാലത്തെ മുഴുവൻ മായ്ച്ച്‌ കളയാൻ ഈ ആൾക്കൂട്ടത്തിന്‌ കഴിയില്ല. ഞാൻ "ആൾക്കൂട്ട സിദ്ധാന്തത്തിൽ നിന്ന് മലക്കം മറിഞ്ഞ"തായി സ്വരാജിന്‌ തോന്നുന്നത്‌ ഇക്കാര്യം മനസ്സിലാകാത്തതുകൊണ്ടായിരിക്കാം. ആദ്യം മുതൽ ഒന്നുകൂടി മനസ്സിരുത്തി വായിക്കാൻ ഉപദേശിക്കുക മാത്രമേ ഇക്കാര്യത്തിൽ എനിക്ക്‌ ചെയ്യാനുള്ളൂ.
4) സ്വന്തമായി കാമ്പുള്ള അഭിപ്രായമൊന്നും പറയാനില്ലാതെ പോസ്റ്റുകളിൽ വന്ന് തെറിവിളിക്കുന്നവരെക്കുറിച്ച്‌ "ഇതൊന്നും രാഷ്ട്രീയബോധമോ സാമാന്യബുദ്ധിയോ ഉള്ളവർ ചെയ്യുന്ന കാര്യമല്ല" എന്ന സ്വരാജിന്റെ അഭിപ്രായത്തോട്‌ എനിക്കും യോജിപ്പുണ്ട്‌. എന്റെ മുൻ പോസ്റ്റുകളിൽ തെറിവിളിച്ചവരും ഈ പോസ്റ്റിൽ തെറിവിളിക്കാൻ കാത്തിരിക്കുന്നവരുമായ സി.പി.എം/ഡി.വൈ.എഫ്‌.ഐ. അണികൾ ഇത്‌ ശ്രദ്ധിക്കുമോ എന്നറിയില്ല. ഏതായാലും നിങ്ങളിൽ പലർക്കും രാഷ്ട്രീയബോധമോ സാമാന്യബുദ്ധിയോ ഇല്ല എന്ന് നിങ്ങളുടെ നേതാവിന്‌ തന്നെ തിരിച്ചറിയാൻ കഴിയുന്നുണ്ട്‌ എന്നതിൽ സന്തോഷം. ഈ ചർച്ചയിൽ തെറിവിളിച്ചതിന്റെ പേരിൽ ഇതുവരെ ആരെയും ബ്ലോക്ക്‌ ചെയ്തിട്ടില്ലെങ്കിലും സ്വരാജിൽ നിന്ന് വ്യത്യസ്തമായി ഞാൻ പലരേയും മുൻപ്‌ ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്‌. സോഷ്യൽ മീഡിയയിൽ തന്റെ വീടിനെക്കുറിച്ച്‌ തെറ്റായ പ്രചരണം നടത്തിയവർക്കെതിരെ ഐ.ടി.ആക്റ്റിന്റെ സെക്ഷൻ 66 എ ഉപയോഗിച്ച്‌ ക്രിമിനൽ കേസ്‌ കൊടുത്ത പിണറായി വിജയന്റെ വഴിയെ പോകാനുള്ള സമയമോ വിഭവലഭ്യതയോ ഇല്ലാത്തതുകൊണ്ട്‌ വലിയ ശല്ല്യക്കാരെ ബ്ലോക്ക്‌ ചെയ്ത്‌ ഒഴിവാക്കുന്നതാണ്‌ എന്റെ രീതി.
5) മുന്നത്തെ കത്തിൽ ബംഗാളിലെ സിപിഎമ്മിന്റേയും കോൺഗ്രസ്സിന്റേയും അവസ്ഥ താരതമ്യം ചെയ്യാനാവശ്യപ്പെട്ട സ്വരാജ്‌ അതിന്റെ കണക്കുകൾ കിട്ടി തൃപ്തിയായപ്പോൾ ഇപ്പ്പോൾ ഡെൽഹിയേക്കുറിച്ചാണ്‌ ചോദിക്കുന്നത്‌. അത്‌ കഴിഞ്ഞാൽ അദ്ദേഹം മറ്റേതെങ്കിലും സംസ്ഥാനത്തെക്കുറിച്ച്‌ ചോദിക്കുമായിരിക്കും. തോൽവി സംഭവിക്കുമ്പോൾ അതിന്റെ കാരണം കണ്ടെത്തി തിരുത്തുന്ന പാർട്ടിയായിട്ടാണ്‌ സ്വരാജ്‌ സിപിഎമ്മിനെ വിശേഷിപ്പിക്കുന്നത്‌. എന്നാൽ എത്രയാണ്‌ സിപിഎമ്മിന്‌ ഡൽഹി തെരഞ്ഞെടുപ്പിൽ ഓരോ നിയമസഭാമണ്ഡലങ്ങളിലും ലഭിച്ച വോട്ട്‌? മുന്നൂറോ അതോ നാനൂറോ? ഒരു പഞ്ചായത്ത്‌ വാർഡ്‌ തെരഞ്ഞെടുപ്പിൽ ലഭിക്കേണ്ട വോട്ട്‌ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കാത്ത പാർട്ടിയാണ്‌ സ്വരാജിന്റേത്‌. ഇക്കാര്യത്തിൽ എന്ത്‌ തിരുത്തലാണ്‌ നടത്തിയിട്ടുള്ളത്‌? ജയിച്ചില്ല്ലെങ്കിലും സാരമില്ല, പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്‌ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ വോട്ട്‌ ചെയ്യാനുള്ള പൂതി തീർക്കാനെങ്കിലും ഒരു സ്ഥാനാർത്ഥിയെ അവിടെ മത്സരിപ്പിക്കാൻ ഈ തിരുത്തലുകൾക്കെല്ലാമൊടുവിൽ സാധിച്ചാൽ നന്ന്. എന്നാൽ സ്വരാജ്‌ മനസ്സിലാക്കുക, കോൺഗ്രസ്സിന്റെ കാര്യത്തിൽ ഇപ്പോൾ തിരുത്തലുകൾ വരുത്തുന്നത്‌ ഇന്ത്യൻ ജനതയാണ്‌. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസ്‌ വിജയങ്ങൾ സൂചിപ്പിക്കുന്നത്‌ അതാണ്‌. പിന്നെ രാഹുൽ ഗാന്ധിയേക്കുറിച്ച്‌ സ്വരാജ്‌ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ സോഷ്യൽ മീഡിയയിൽ നമ്മളൊക്കെ ഏറെ കേട്ടിട്ടുണ്ട്‌, അതൊക്കെ സംഘികളിൽ നിന്നാണെന്ന് മാത്രം. ഡിവൈഎഫ്‌ഐ സെക്രട്ടറിക്ക്‌ ആ ഭാഷയും അത്തരം ഉപമകളും ചേരുമോ എന്ന് സ്വയം തീരുമാനിക്കാനുള്ള കഴിവ്‌ സ്വരാജിനുണ്ട്‌ എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. സ്വരാജിന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായം അഖിലേന്ത്യാ പ്രസിഡണ്ട്‌ എം. ബി. രാജേഷ്‌ എംപി ഏതായാലും പങ്കുവെക്കുന്നില്ല എന്നാണ്‌ തോന്നുന്നത്‌. പാർട്ടികളുടെ
പ്രതിനിധി സമ്മേളനം ചേരുന്നത്‌ നാടിന്റെ നന്മക്ക്‌ വേണ്ടിയുള്ള എന്തെങ്കിലും കാര്യത്തിനാണെങ്കിൽ അതിൽ നമുക്കെല്ലാവർക്കും സന്തോഷമുണ്ട്‌. എന്നാൽ തൊണ്ണൂറ്‌ കഴിഞ്ഞ ഒരു മുതിർന്ന നേതാവിന്‌ എന്ത്‌ ശിക്ഷ കൊടുക്കണം എന്ന് ചർച്ചചെയ്യാൻ മാത്രമായിട്ടാണ്‌ പ്രതിനിധി സമ്മേളനങ്ങൾ നടത്തപ്പെടുന്നത്‌ എങ്കിൽ കഷ്ടമാണ്‌.
6) തൃത്താലയിലെ താങ്കളുടെ താത്പര്യത്തേക്കുറിച്ച്‌ ഞാൻ പറഞ്ഞതും താങ്കൾ മനസ്സിലാക്കിയതും ഈ നാട്ടുകാർ മനസ്സിലാക്കിയതും ഒക്കെ ഒന്ന് തന്നെയാണ്‌. എന്നാൽ ആ ആഗ്രഹം തുറന്ന് പറയാൻ പോലും കഴിയാതെ "ഇത്‌ പാർട്ടി വേറെയാണ്‌" എന്നൊക്കെ വീമ്പിളക്കുമ്പോൾ അത്‌ മനസ്സിക്കാനുള്ള വിവരവും ഈ നാട്ടുകാർക്കുണ്ട് എന്ന് ഓർമ്മിപ്പിച്ചുവെന്നേ ഉള്ളൂ. പാർലമെന്ററി മോഹങ്ങളില്ലാത്ത യഥാർത്ഥ വിപ്ലവകാരികളാണ്‌ താങ്കളടക്കമുള്ള സിപിഎമ്മിലെ യുവ നേതാക്കൾ എന്ന് താങ്കൾക്ക്‌ നിർബന്ധമുണ്ടെങ്കിൽ ഞാൻ വിശ്വസിക്കാം.
7) കോൺഗ്രസ്സിനെ തോൽപ്പിക്കാൻ ഏത്‌ ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പ്രഖ്യാപിച്ച പരമോന്നത നേതാവ്‌ ഇഎംഎസിന്റെ പാർട്ടിയിലിരുന്ന് താങ്കൾ അവിശുദ്ധ കൂട്ടുകെട്ടുകളേക്കുറിച്ച്‌ പറയുന്നത്‌ കേൾക്കുമ്പോൾ തമാശ തോന്നുകയാണ്‌. ഏതെങ്കിലും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലോ ആരുടെയെങ്കിലും പുസ്തകത്തിലെ വരിയിലോ അവിശുദ്ധ കൂട്ടുകെട്ടുകൾക്ക്‌ തെളിവ്‌ തേടി അലയേണ്ടതില്ല, ഇഎംഎസും വാജ്പേയിയും എൽകെ അഡ്‌വാണിയും ഒരുമിച്ച്‌ കോൺഗ്രസ്സിനെതിരെ കൈകോർത്ത്‌ നിൽക്കുന്ന ഫോട്ടോ ഈ ഫേസ്ബുക്കിൽത്തന്നെ എത്രയോ ഓടിക്കൊണ്ടിരിക്കുന്നുണ്ട്‌.
8) സിപിഎമ്മിന്‌ രാഷ്ട്രീയമായ തലവേദന സൃഷ്ടിച്ചുപോന്ന ടി.പി. ചന്ദ്രശേഖരൻ എന്ന കേരളമറിയുന്ന ഉന്നത രാഷ്ട്രീയ നേതാവിന്റെ ആസൂത്രിത കൊലപാതകവും രാഷ്ട്രീയപശ്ചാത്തലമുള്ള മറ്റേതെങ്കിലും കൊലപാതകങ്ങളും ഒരേ കണ്ണിലൂടെ കാണണമെന്ന് താങ്കൾ എത്ര വാശി പിടിച്ചാലും അത്‌ കേരളത്തിൽ വിലപ്പോവില്ല പ്രിയ സ്വരാജ്‌. കാരണം മലയാളികൾ ഞാൻ നേരത്തെ സൂചിപ്പിച്ച ആ വെറും ആൾക്കൂട്ടമല്ല. എല്ലാ ജീവനുകളും വിലപ്പെട്ടതാണ്‌, എല്ലാ വേർപാടുകളും വേദനാജനകമാണ്‌. എന്നാൽ മറ്റ്‌ പലതും കൊലപാതകങ്ങളാണെങ്കിൽ ടിപിയുടേത്‌ വധശിക്ഷയാണ്‌ എന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾക്ക്‌ മനസ്സിലാവുന്നുണ്ട്‌. ടിപിയെ കൊല്ലാനുണ്ടായ കാരണം രാഷ്ട്രീയ വിരോധമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്‌. ഏത്‌ പാർട്ടിക്കായിരുന്നു അദ്ദേഹത്തോട്‌ രാഷ്ട്രീയവിരോധമുണ്ടായിരുന്നത്‌ എന്നത്‌ മലയാളികളെ പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കേണ്ടതില്ല.
9) അഴിമതി അവസാനിപ്പിക്കണമെന്നും തട്ടിപ്പുകാർ ഭരണാധികാരികളുടെ സാമീപ്യത്തെ ചൂഷണം ചെയ്യുന്നത്‌ തടയണമെന്നുമുള്ള കാര്യത്തിൽ സിപിഎമ്മിന്‌ എന്തെങ്കിലും ആത്മാർത്ഥതയുണ്ടോ? ഞങ്ങൾ ഭരിച്ചാൽ അങ്ങനെയൊന്നുമുണ്ടാവില്ല എന്ന മേനിനടിക്കലല്ലാതെ അതിനുവേണ്ടിയുള്ള എന്തെങ്കിലും ഘടനാപരമായ പരിഷ്ക്കാരങ്ങൾ നവകേരളമാർച്ചിലൂടെ സമൂഹത്തിന്‌ മുന്നിൽ വെക്കാനുണ്ടോ? ഫാരീസ്‌ അബൂബക്കർമാരും ദല്ലാൾ നന്ദകുമാറുമാരും സ്വാധീനിക്കുന്ന ഒരു ഭരണകൂടം ബിജു രാധാകൃഷ്ണന്റെ സ്വാധീനത്തിൽനിന്ന് വ്യത്യസ്തമായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കാൻ പറ്റും? സോളാർ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്‌ യോഗ്യതാമാനദണ്ഡങ്ങളും കൃത്യമായ ഉത്തരവാദിത്തങ്ങളും നിശ്ചയിക്കണമെന്ന് പലയിടത്തുനിന്നും നിർദ്ദേശമുയർന്നപ്പോൾ അതിനെതിരെ ആദ്യം ശബ്ദമുയർത്തിയത്‌ ഇന്നത്തെ നവകേരളയാത്രയുടെ നായകനായിരുന്നുവെന്നും ഓർക്കുമല്ലോ. ചില വ്യക്തികൾ മാത്രമാണ്‌ തെറ്റുകാർ എന്നും മറ്റ്‌ ചിലരാണെങ്കിൽ തെറ്റ്‌ പറ്റുകയേ ഇല്ല എന്നും കണ്ണടച്ച്‌ വിശ്വസിച്ചിരിക്കാതെ ആരുവിചാരിച്ചാലും അധികം തെറ്റുകൾ ചെയ്യാൻ പറ്റാത്ത വ്യവസ്ഥിതികൾക്ക്‌ വേണ്ടിയല്ലേ ഞാനും താങ്കളുമടങ്ങുന്ന യുവസമൂഹം ശബ്ദമുയർത്തേണ്ടത്‌? എന്ത്‌ പറയുമ്പോഴും സരിത സരിത സരിത ശാലു ശാലു ശാലു എന്ന് കമന്റിടുന്ന സാദാ ഡിഫിക്കാരുടെ നിലവാരത്തിൽ നിന്നുയരാൻ സ്വരാജിന്‌ ഇനിയും കഴിയുമെന്നാണെന്റെ വിശ്വാസം.
10) ജയരാജന്റെ പ്രതിചേർക്കലുമായി ബന്ധപ്പെട്ട്‌ സ്വരാജിന്റേത്‌ പോലുള്ള ഊഹാപോഹങ്ങൾക്കും ലളിതയുക്തികൾക്കും ഒരു സ്ഥാനവുമില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനിക്കേണ്ടതാണ്‌ അതൊക്കെ. ആദ്യം പ്രതിയല്ലാതിരുന്ന ജയരാജൻ പിന്നീടെങ്ങനെ പ്രതിയായി എന്ന് സ്വരാജ്‌ ചോദിക്കുമ്പോൾ അതേ നാണയത്തിന്റെ മറുവശം എന്ന നിലയിൽ ആദ്യമൊക്കെ ലാവലിൻ കേസിൽ പ്രതിയായിരുന്ന പിണറായി വിജയൻ പെട്ടെന്നെങ്ങനെ ഒരു സുപ്രഭാതത്തിൽ പ്രതിയല്ലാതായി എന്ന ചോദ്യവും പലരും ഉയർത്തുന്നുണ്ട്‌. പ്രധാന കേസിൽ നിന്ന് വേർപ്പെടുത്തി പ്രത്യേകമായി എടുത്ത്‌ തെളിവ്‌ നിരത്തിയുള്ള വിചാരണയിലേക്കൊന്നും പോവാതെ തിടുക്കത്തിൽ വിജയനെ ഡിസ്ചാർജ്‌ ചെയ്യുകയായിരുന്നു എന്ന പരാതി അന്നേ കേട്ടിരുന്നു. ഏതായാലും അതിന്മേലൊന്നും അഭിപ്രായം പറയാൻ ഈ ഘട്ടത്തിൽ ഞാനില്ല. അതൊക്കെ നിയമാനുസൃതം തീരുമാനിക്കാൻ കഴിയുന്ന കോടതികളുള്ള ഈ നാട്ടിൽ നമ്മളാരും തെരുവിൽ തീപ്പന്തമാവേണ്ടതില്ല എന്നാണെനിക്ക്‌ തോന്നുന്നത്‌. ഏതായാലും ജയരാജന്റെ അസുഖം ഭേദമാവട്ടെ എന്ന് ഞാൻ പറഞ്ഞതിലെ ആത്മാർത്ഥതയെ സ്വരാജ്‌ കുറച്ച്‌ കാണേണ്ടതില്ല. എനിക്ക്‌ അദ്ദേഹത്തോടുള്ളത്‌ രാഷ്ട്രീയ പ്രവർത്തനശൈലിയോടുള്ള വിയോജിപ്പ്‌ മാത്രമാണ്‌.
11) മുസോളിനി പ്രയോഗം ചിലരുടെ രാഷ്ട്രീയ പ്രവർത്തനശൈലികളെക്കുറിച്ച്‌ നടത്തുന്നതിൽ ഒരനൗചിത്യവും തോന്നാത്തതുകൊണ്ടാണ്‌ ഞാനത്‌ കടമെടുത്ത്‌ ആവർത്തിച്ചത്‌. അതിന്റെ ഉപജ്ഞാതാവായ ജയശങ്കറിന്റെ രാഷ്ട്രീയത്തെക്കുറിച്ച്‌ എനിക്കറിയാവുന്നതാണ്‌ ഞാൻ പറഞ്ഞത്‌. അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ആർ എസ്‌ എസ്സിനനുകൂലമായി മാറിയിട്ടുണ്ടെന്നാണ്‌ ആരോപണമെങ്കിൽ അതെത്രയും പെട്ടെന്ന് ബന്ധപ്പെട്ട പാർട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്‌. ഏതായാലും തത്ക്കാലം സ്വരാജ്‌ ഇടതുമുന്നണിയിലെ ഒരു കക്ഷിയുടെ ഒരു പോഷകസംഘടനയുടെ സംസ്ഥാന നേതാവ്‌ എന്നതുപോലെ ജയശങ്കറും അതേ മുന്നണിയിലെ മറ്റൊരു കക്ഷിയുടെ ഒരു പോഷകസംഘടനയുടെ സംസ്ഥാന നേതാവാണ്. നിങ്ങളുടെ മുന്നണിക്കകത്തെ മറ്റ്‌ വലുപ്പച്ചെറുപ്പങ്ങൾ എനിക്കറിയില്ല. "മുണ്ടുടുത്ത മുസോളിനി" എന്ന രാഷ്ട്രീയ വിമർശനത്തോട്‌ താരതമ്യപ്പെടുത്താവുന്ന ഒന്നാണോ "പുഴുത്ത പട്ടി" എന്ന അധിക്ഷേപമെന്നതിനേക്കുറിച്ച്‌ പൊതുസമൂഹം വിലയിരുത്തട്ടെ. "ഇത്തരം പ്രയോഗങ്ങൾ ആര് നടത്തിയാലും അതിനോട് എനിക്ക് യോജിപ്പില്ല" എന്ന് സ്വരാജ്‌ പറയുമ്പോൾ അതിൽ ഒരു ജനപ്രതിനിധിക്കെതിരെ ഒരു രാഷ്ട്രീയനേതാവ്‌ നടത്തിയ "പരനാറി" പ്രയോഗവും ഉൾപ്പെടുമെന്ന് തന്നെയാണ്‌ ഞാൻ വിശ്വസിക്കുന്നത്‌.
12) തന്റെ സ്റ്റാലിൻ അനുകൂല മനോഭാവം സ്വരാജ്‌ തുറന്ന് സമ്മതിക്കുന്നു. അതിലെനിക്കൊട്ടും അത്ഭുതവുമില്ല. മറ്റ്‌ ലോകരാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ സിപിഎമ്മുകാർ സ്റ്റാലിനെ ഇന്നും മഹാനായ നേതാവായി അംഗീകരിക്കുന്നു എന്നത്‌ ഞാൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഏതായാലും സ്വരാജിനും ഒ.എൻ.വി. അദ്ദേഹത്തോട്‌ പറഞ്ഞതായിപ്പറഞ്ഞ കഥയിലെ വൃദ്ധനുമുള്ള കാഴ്ചപ്പാടല്ല സ്റ്റാലിനേക്കുറിച്ച്‌ റഷ്യയിൽ പൊതുവെയും ഇന്നത്തെ റഷ്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കും എന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്‌. മരം കോച്ചുന്ന തണുപ്പും റൊട്ടിക്കഷണവുമൊക്കെ സമാസമം ചേർത്ത്‌ ആർദ്രതയുള്ള മനസ്സിനേക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ ഈദി അമീനെക്കുറിച്ചും കണ്ടേക്കും കുറേ. സ്റ്റാലിൻ മരിച്ചതിന്റെ പിറ്റേന്ന് ലോക്കറിൽ വെച്ചിരുന്ന സ്റ്റാലിൻ വിരുദ്ധ രേഖകൾ പുറത്തുചാടിയിരുന്നൊന്നുമില്ല. പിന്നീട്‌ എത്രയോ കാലം കഴിഞ്ഞാണ്‌ അവയിൽ പലതും പുറംലോകമറിഞ്ഞുതുടങ്ങിയത്‌, പലതും 1990കളിൽ സോവിയറ്റ്‌ യൂണിയൻ തകർന്നതിന്‌ ശേഷം മാത്രം. അതുകൊണ്ട്‌ തന്നെ 1964ൽ മരിച്ച ജവഹർലാൽ നെഹ്രുവിന്റെ ഒന്നോ രണ്ടോ വാചകം ആരുടേയും മഹത്ത്വത്തിന്റെ ടെസ്റ്റിമോണിയൽ ആവുന്നില്ല. നെഹ്രു ഞങ്ങളെ റിപ്പബ്ലിക്‌ ദിന പരേഡിൽ പങ്കെടുപ്പിച്ചു, ഗാന്ധിജി ഞങ്ങളുടെ ക്യാമ്പ്‌ സന്ദർശിച്ച്‌ അഭിനന്ദിച്ചു എന്നൊക്കെ പറഞ്ഞ്‌ ഈ മാതിരി കടന്നുവരാറുള്ളത്‌ പൊതുവെ സംഘികളാണ്‌.
13) അടിയന്തരാവസ്ഥക്കെതിരെ ഒട്ടും നിസ്സാരമായിട്ടല്ല ഞാൻ പറഞ്ഞത്‌, മറിച്ച്‌ അതിനെ തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നു. അന്ന് നടന്ന ഓരോ പീഢനവും ഓരോ രക്തസാക്ഷിത്തവും ഇന്ത്യൻ ജനാധിപത്യത്തിന്‌ കളങ്കം തന്നെയാണ്‌. എന്നാൽ അടിയന്തരാവസ്ഥയിൽ പീഢനമനുഭവിച്ചു എന്നത്‌ പിന്നീട്‌ സ്വയം വിമർശനാതീതനാണെന്ന് വിശ്വസിക്കാനും കൂടെയുള്ളവരെ അങ്ങനെ വിശ്വസിപ്പിക്കാനുള്ള ഒരു ന്യായീകരണമല്ല എന്നതാണ്‌ ഞാൻ പറഞ്ഞതിന്റെ വ്യക്തമായ അർത്ഥം. അതിനെ വളച്ചൊടിച്ച്‌ വികാരഭരിതനാവുന്ന തന്ത്രം വിലപ്പോവില്ല.
14) എന്നെക്കുറിച്ച്‌ പബ്ലിക്ക്‌ ഡൊമൈനിലുണ്ടെന്ന് ദുസ്സൂചന നൽകിക്കൊണ്ട്‌ "പരീക്ഷ ക്രമക്കേട്‌, മാർക്ക്‌ തട്ടിപ്പ്‌ ആരോപണങ്ങൾ ആരെങ്കിലും ഉയർത്തിയാൽ എന്ത്‌ പറയും" എന്നാണ്‌ സ്വരാജ്‌ ചോദിക്കുന്നത്‌. ഇദ്ദേഹം ഇവിടെ പുതിയ ആളാണോ എന്നറിയില്ല. ആ ആരോപണങ്ങളൊക്കെ നേരത്തെത്തന്നെ സ്വരാജിന്റെ പാർട്ടിക്കാർ ഇവിടെ ഉയർത്തിക്കഴിഞ്ഞു, ഞാൻ മറുപടിയും നൽകിക്കഴിഞ്ഞു. ടൈം ലൈനിൽ പരതിയാൽ ലിങ്ക്‌ കിട്ടും. "ബൽറാമിന്റെ സഹപാഠികൾ" എന്ന് പറഞ്ഞ്‌ പഴയ എസ്‌ എഫ്‌ ഐക്കാരെക്കൊണ്ട്‌ പോസ്റ്റിടീച്ചത്‌ സ്വരാജ്‌ അറിഞ്ഞുകാണില്ല എന്ന് തോന്നുന്നു. ഏതായാലും എന്റെ വിദ്യാഭ്യാസകാലത്തേക്കുറിച്ച്‌ വിശദീകരിക്കാൻ എനിക്ക്‌ അത്തരമൊരവസരം നൽകിയവരോട്‌ പ്രത്യേകം നന്ദിയുണ്ട്‌.
15) ഹനീഫ വധക്കേസിലെ എനിക്കെതിരെയുള്ള വാർത്താലിങ്ക്‌ രണ്ട്‌ തവണ ചോദിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല. പകരം സ്വരാജ്‌ മാത്രം എവിടെയോ കണ്ട ഏതോ ചിത്രത്തിന്റെ അടിയിൽ ലൈക്ക്‌ ചെയ്തവരെ ഞാൻ തപ്പിപ്പിടിച്ച്‌ കണ്ടെത്തണമത്രേ. ഏതായാലും ഇനി അതിനേക്കുറിച്ച്‌ ചോദിച്ച്‌ ഞാൻ ഇദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നില്ല. ആവേശപ്പുറത്ത്‌ പറഞ്ഞുപോയതാണെന്ന് മനസ്സിലായി. ചാറ്റ്‌ ഗ്രൂപ്പിൽ ഞാനന്ന് സഹപ്രവർത്തകരോട്‌ ആവശ്യപ്പെട്ടത്‌ വസ്തുതകൾ സഹിതം കോൺഗ്രസ്‌ ഹനീഫ വധക്കേസിലെ കുറ്റാരോപിതർക്കെതിരെ മണിക്കൂറുകൾക്കുള്ളിൽ നടപടിയെടുത്തതും സിപിഎം പ്രതികളെ മുടക്കോഴി മലയിൽ ഒളിപ്പിച്ചതും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു.
16) എന്നാൽ പി എസ്‌ സി പരീക്ഷക്ക്‌ പ്രിപ്പയർ ചെയ്യുന്ന മട്ടിൽ റിസർച്ച്‌ നടത്തി സ്വരാജ്‌ നീണ്ട ഒരു ലിസ്റ്റുമായിട്ടാണ്‌ വന്നിരിക്കുന്നത്‌. ദേവേന്ദ്രപാണ്ഡെ, ബോലാനാഥ്‌, സുശീൽകുമാർ ശർമ്മ, ജഗദീശ്‌ ടൈറ്റ്ലർ തുടങ്ങി കുറേ പേരുകൾ കവലപ്രസംഗ രൂപത്തിൽ സ്വരാജ്‌ പറയുന്നുണ്ട്‌. മിനിമം മുപ്പത്‌ വർഷം മുൻപ്‌ നടന്ന കാര്യങ്ങളാണ്‌ ലിസ്റ്റിൽ പൊതുവെയുള്ളത്‌. എന്തിനാണ്‌ ഇതൊക്കെ പറയുന്നത്‌ എന്നതാണ്‌ രസം. വിവിധ ക്രിമിനൽ കേസുകളിൽ പാർട്ടിക്കാരോ അനുഭാവികളോ പ്രതികളാവുമ്പോൾ പാർട്ടി എന്ന നിലയിൽ അവരെ സംരക്ഷിക്കാനോടിയെത്തുന്ന രീതി ജനാധിപത്യമൂല്ല്യങ്ങൾക്ക്‌ നിരക്കുന്നതാണോ എന്ന വിഷയത്തിനുള്ള മറുപടിയാണത്രേ ഈ ഉദാഹരണങ്ങളൊക്കെ. കഴിഞ്ഞ കത്തിൽ അഴിമതിയേക്കുറിച്ച്‌ പറഞ്ഞപ്പോൾ "നിങ്ങൾക്കെതിരെ ഞങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾ ഞങ്ങൾക്കെതിരെയും പറയുകയാണല്ലേ" എന്ന് പരിഭവിച്ച ആളാണിപ്പോൾ ഞങ്ങളിപ്പോൾ കൊല്ലുന്നെങ്കിൽ നിങ്ങൾ പണ്ട്‌ കൊന്നിട്ടില്ലേ എന്ന് ചോദിക്കുന്നത്‌. പ്രിയ സ്വരാജ്‌, ഞങ്ങളാരും ദേവേന്ദ്ര പാണ്ഡെയുടേയോ ബോലാനാഥിന്റേയോ ഫോട്ടോ പ്രൊഫെയിൽ പിക്‌ ആയി കൊണ്ടുനടക്കുന്നവരല്ല. കോൺഗ്രസ്സിൽ മമ്പറം ദിവാകരനുള്ള അതേ പ്രാധാന്യമാണ്‌ സിപിഎമ്മിൽ പിണറായി വിജയനും പി ജയരാജനുമുള്ളത്‌ എന്നാണ്‌ വാദമെങ്കിൽ അതിനും എനിക്ക്‌ മറുപടി ഇല്ല.
17) ''ജബ് ബർഗത് കാ പേഡ് ഗിർത്താ ഹെ, ധോ ധർത്തി സരാ ഹിൽത്തി ഹെ''. രാജീവ്‌ ഗാന്ധിയുടെ പ്രസംഗം സ്വരാജ്‌ കേട്ടെഴുതുന്നത്‌ ഇങ്ങനെയാണ്‌. എന്താണീ ബർഗത്‌ കാ പേഡ്‌ എന്നത്‌ സത്യമായിട്ടും മനസ്സിലായിട്ടില്ല. സുരേന്ദ്രൻജി പറഞ്ഞ ഹിന്ദി ട്യൂഷൻ ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്‌. ഏതായാലും രാജീവ്‌ ഗാന്ധി പറഞ്ഞതിനേക്കുറിച്ച്‌ ഞാൻ തന്നെ ഫേസ്ബുക്കിൽ നേരത്തെ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌.
18) അവസാന പാരഗ്രാഫിൽ സ്വരാജ്‌ പറയുന്നത്‌ എത്ര ബാലിശമാണെന്ന് അദ്ദേഹത്തിന്‌ തന്നെ മനസ്സിലാവുന്നില്ലെങ്കിൽ സത്യത്തിലെനിക്ക്‌ സഹതാപം തോന്നുന്നുണ്ട്‌. പിണറായി വിജയനേക്കുറിച്ച്‌ ഞാൻ ഒരു പൊതുപരിപാടിയിൽ സംസാരിക്കുമ്പോൾ ഒന്നുരണ്ട്‌ നല്ല വാക്കുകൾ പറഞ്ഞത്രെ. അതുകൊണ്ട്‌ തന്നെ ഇനിയൊരിക്കലും അദ്ദേഹത്തെ വിമർശിക്കാൻ പാടില്ലാത്രേ. അങ്ങനെ വിമർശ്ശിച്ചാൽ അത്‌ അപ്പൊപ്പ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നതിന്‌ തുല്ല്യമാണെന്ന് പറയാതെ പറഞ്ഞുവെച്ച്‌ ആക്ഷേപിക്കുന്നുമുണ്ട്‌ ഇദ്ദേഹം. കഷ്ടം, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ നിലവാരമോർത്ത്‌!
ശ്രീ സ്വരാജ്‌, ഇത്‌ കേരളമാണ്‌. ഇവിടത്തെ പൊതുപ്രവർത്തകർ മാത്രമല്ല, നാട്ടുകാരൊക്കെ തലമുറകളായി പുലർത്തുന്ന ചില മര്യാദകളുണ്ട്‌. സുജനമര്യാദകൾ എന്നതിനെ പറയും. ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോൾ സംഘാടകരെക്കുറിച്ചും വിശിഷ്ടാതിഥികളെക്കുറിച്ചുമൊക്കെ പറ്റാവുന്ന ഒന്ന് രണ്ട്‌ നല്ല കാര്യങ്ങൾ പറയുക, വിമർശനങ്ങളുണ്ടെങ്കിൽ അത്‌ മാന്യമായ ഭാഷയിൽ സൂചിപ്പിക്കുക എന്നതൊക്കെ ഒരു മിനിമം മര്യാദ മാത്രമാണ്‌. അതിലെ ഏതെങ്കിലും വാക്കുകൾ അടർത്തിമാറ്റി വല്ല്യ കാര്യമെന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്‌ അപഹാസ്യമാണെന്ന് ദയവായി തിരിച്ചറിയണം. പിണറായി വിജയനോടും അദ്ദേഹത്തിന്റെ പാർട്ടിയോടും നൂറിൽ തൊണ്ണൂറ്‌ കാര്യങ്ങളിലും എനിക്ക്‌ വിയോജിപ്പുണ്ട്‌. ബാക്കിയുള്ള പത്ത്‌ കാര്യങ്ങളിൽ യോജിപ്പുണ്ടാവാം. യോജിപ്പുകളും വിയോജിപ്പുകളും ഒരുപോലെ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു വ്യവസ്ഥിതിയാണ്‌ ജനാധിപത്യം.
ഞാൻ പിണറായി വിജയനുമായി വേദി പങ്കിട്ടത്‌ രണ്ട്‌ തവണയാണ്‌. ഒന്ന് എന്റെ മണ്ഡലത്തിലെ ഒരു സഹകരണ ബാങ്കിന്റെ വാർഷിക പരിപാടിയിൽ. രണ്ട്‌ ഞാൻ അധ്യക്ഷനും പിണറായി ഉദ്ഘാടകനുമായി കോഴിക്കോട്‌ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങ്‌. താങ്കൾ നിർദ്ദേശിച്ച പോലെ ലാവലിൻ കേസിലും കൊലപാതക രാഷ്ട്രീയത്തിലുമുള്ള എന്റെ അഭിപ്രായം മുഖത്ത്‌ നോക്കി പറയാനുള്ള ഒരവസരമായി അത്‌ രണ്ടിനേയും കാണാൻ അന്നെന്റെ ഔചിത്യബോധം അനുവദിച്ചിരുന്നില്ല. ദയവായി മാപ്പാക്കണം, ഇനി ഞങ്ങളൊരുമിച്ച്‌ പങ്കെടുക്കുന്ന പരിപാടി അത്‌ ഓണാഘോഷമായാലും ബർത്ത്ഡേ പാർട്ടി ആയാലും ഈ വിഷയങ്ങൾ പറയാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളാം.
പരസ്പരം കണ്ടാൽ ചിരിക്കുക, അഭിവാദ്യം ചെയ്യുക, വീട്ടിൽ വരുന്ന ആളുകളോട്‌ കയറി ഇരിക്കാൻ പറയുക, കുടിക്കാനെന്തെങ്കിലും വേണമോ എന്ന് ചോദിക്കുക, രാഷ്ട്രീയമോ മതമോ ഒന്നും നോക്കാതെ കല്ല്യാണം വിളിക്കുക, മരണവീടുകളിൽ ഓടിയെത്തുക ഇതൊക്കെയാണ്‌ എന്റെ നാട്ടിലെ പൊതുശീലം. സ്വരാജിന്റെ നാട്ടിലും ഇങ്ങനെത്തന്നെയാണെന്നായിരുന്നു ഇതുവരെ എന്റെ വിചാരം. ഏതായാലും പ്രത്യേക താത്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും സ്വരാജ്‌ തൃത്താലയുടെ ഈ കാര്യങ്ങളൊക്കെ ഒന്ന് മനസ്സിലാക്കിവെക്കുന്നത്‌ നല്ലതാണ്‌, കാരണം ഇത്‌ നാട്‌ വേറെയാണ്‌.
ഇതവസാന മറുപടിയായി കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

==========================================================

പ്രിയപ്പെട്ട ബൽറാമിന്റെ ഒടുവിലത്തെ കത്തിനുള്ള മറുപടി...
ശ്രീ. വി.ടി.ബൽറാം എം.എൽ.എയുടെ ‘രണ്ടാമത്തെ ഒടുവിലത്തെ’ കത്ത് വായിച്ചു. ഈ കത്തുകൾ ആളുകൾക്ക് ബോറടിച്ചു തുടങ്ങിയെന്നാണ് ബൽറാമിന്റെ വിലയിരുത്തൽ. പക്ഷെ എനിക്കങ്ങനെ തോന്നുന്നില്ല. ഈ ചർച്ചയിൽ പലവിധത്തിൽ ആയിരങ്ങൾ ഇടപെടുന്നതായിട്ടാണ് കാണുന്നത്. മാത്രവുമല്ല മാണി-ബാബുമാരുടെ ഭരണം പോലും ഇത്രനാൾ സഹിച്ച മലയാളികൾക്ക് ഇതൊക്കെ ബോറായി തോന്നുമോ. അറിയില്ല. ബൽറാമിനോട് പലരും ചോദിക്കുന്നുണ്ടത്രേ “ഒരു ജനപ്രതിനിധിയായ നിങ്ങൾ മറ്റുള്ളവരെപ്പോലെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് സമയം കളയേണ്ടതുണ്ടോയെന്ന്”. അതു കലക്കി. ജനപ്രതിനിധി ആയതിനാൽ ഫേസ്ബുക്കിൽ എത്തിനോക്കാൻ പോലും സമയം കിട്ടാതിരുന്ന ബൽറാം എനിക്കു മറുപടി പറയാനായി മാത്രമാണ് ഫേസ്ബുക്കിൽ ഇപ്പോൾ വന്നത് !. അതു പാടില്ല എം.എൽ.എയുടെ വിലപ്പെട്ട സമയം ഇങ്ങനെ പാഴാക്കരുത്. ഏതായാലും ഇതോടുകൂടി ഈ സംവാദം അവസാനിപ്പിക്കുന്നതായാണ് ബൽറാം എഴുതിയിട്ടുള്ളത്. അതിനാൽ ‘രണ്ടാമത്തെ ഒടുവിലത്തെ’ കത്തിനോട് പ്രതികരിച്ചുകൊണ്ട് ഞാനും അവസാനിപ്പിക്കുകയാണ്. എന്നാൽ ഈ സംവാദം തുടരണമെന്ന നിലയിൽ ബൽറാമിന് എപ്പോൾ മനം മാറ്റമുണ്ടായാലും അതിൽ സന്തോഷത്തോടെ സഹകരിക്കാൻ ഞാനുണ്ടാവുകയും ചെയ്യും. ലൈക്കും ഷെയറും എണ്ണി വിധി പ്രഖ്യാപിക്കുന്നതിനോടുള്ള അനിഷ്ടം ബൽറാം പ്രകടിപ്പിച്ചിട്ടുണ്ട്. അക്കാര്യത്തിൽ എനിക്കും ബൽറാമിനോട് യോജിപ്പാണുള്ളത് നമ്മുടെ സംവാദം തീർച്ചയായും ദ്വന്ദയുദ്ധമൊന്നുമല്ല. എല്ലാം പരസ്യമാണ്. ജനങ്ങൾ വിലയിരുത്തട്ടെ. ആരും ലൈക്ക് ചെയ്തില്ലെങ്കിലും, ഷെയർ ചെയ്തില്ലെങ്കിലും ഞാൻ എനിക്ക് ബോധ്യമുള്ള കാര്യങ്ങൾ പറയുക തന്നെ ചെയ്യും. എന്നുമെന്റെ നിലപാട് അതാണ്. എന്നാൽ ലൈക്കിന്റെയും ഷെയറിന്റെയും എണ്ണത്തിൽ അഭിരമിക്കുന്നവർക്ക് ഇപ്പോൾ അതിലൊന്നും കാര്യമില്ലെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നത് കൌതുകകരമാണ്.
1. ബൽറാം യൂണിവേഴ്‌സിറ്റി സെനറ്റഅംഗമായും, ഞാൻ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനുമായിരുന്ന കാലം ബൽറാം അനുസ്മരിക്കുന്നുണ്ട്. അതിനിവിടെയെന്തെങ്കിലും പ്രസക്തിയുണ്ടോ ആവോ?. അതിൽ എന്നെ അദ്ദേഹം സ്വരാജ് എം.നായർ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇടക്ക് ചിലർ എന്തൊക്കെയോ വലിയ കാര്യമെന്നപോലെ എന്റെ പേര് ഇങ്ങനെ പറയാറുണ്ട്. എന്താണ് അത്തരക്കാർ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. വ്യക്തിപരമായ ആക്ഷേപങ്ങളെ പൂർണമായി അവഗണിക്കുന്ന ശൈലി ഉള്ളതിനാൽ പലരും അതൊരു സൗകര്യമായെടുക്കാറുമുണ്ട്. ഏതായാലും ഈ “കത്തു ചർച്ചയിൽ” എല്ലാത്തിനും മറുപടി പറയുന്നതിനാൽ ഇക്കാര്യവും ഞാൻ വിശദീകരിക്കേണ്ടിയിരിക്കുന്നു. എന്റെ രക്ഷിതാക്കൾ എനിക്കിട്ട പേര് സ്വരാജ് മുരളീധരൻ നായർ എന്നാണ്. മുരളീധരൻ നായർ എന്നത് എന്റെ അച്ഛന്റെ പേരാണ്. അച്ഛന്റെ പേര് കുട്ടികളുടെ പേരിനൊപ്പം ചേർക്കുന്ന രീതി ഞങ്ങളുടെ കുടുംബത്തിൽ നിലനിന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്്. അതാണ് വസ്തുത. എന്റെ ജനനത്തിലോ എനിക്ക് പേരിട്ടതിലോ എനിക്ക് യാതൊരു പങ്കുമില്ല. കുറച്ച് മുതിർന്ന കുട്ടിയായപ്പോൾ തന്നെ എന്റെ എഴുത്തുകുത്തുകളിലെല്ലാം ഞാൻ എം.സ്വരാജ് എന്നാണ് ഉപയോഗിക്കാറ്. പല വലിയ മനുഷ്യരും ഇതിന് എന്നെ അഭിനന്ദിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ ബൽറാമിനോട് എനിക്കൊരു പരിഭവവുമില്ല. സ്വരാജ് മുരളീധരൻ നായർ, സ്വരാജ് എം നായർ എന്നൊക്കെ ബൽറാം കേട്ടിട്ടുണ്ടാവാം. എന്നാൽ ജാതിപ്പേരും വെച്ചു നടന്നയാളാണ് ഞാൻ എന്നൊക്കെ ധ്വനിപ്പിക്കുന്നവരുടെ അറിവിലേക്ക് ഇത്രയും പറഞ്ഞുവെന്ന് മാത്രം. ഈ ചർച്ചക്കിടയിൽ ഇങ്ങനെയൊരു സൂചന തന്നതിലൂടെ ബൽറാം എത്തിനിൽക്കുന്ന അവസ്ഥ വളരെ വ്യക്തമാകുന്നുണ്ട്. മുമ്പൊരിക്കൽ ബൽറാമിനെ ആരോ ഇങ്ങനെ വിശേഷിപ്പിച്ചപ്പോൾ വല്ലാതെ പരിഭവിച്ചതായും ഞാൻ ഓർക്കുന്നു. നമ്മളോടാർക്കും ഒന്നും പറയാൻ പാടില്ല. നമുക്കെന്തും ആവാം എന്ന ഒരു ലൈൻ അത് വളരെ നന്നായിട്ടുണ്ട്. ഏതായാലും ബൽറാമിന്റെ പ്രയോഗം ഇപ്പോൾ കാര്യങ്ങൾ വിശദീകരിക്കാൻ ഒരവസരമായി.
ബൽറാം പറഞ്ഞ ആ കാലത്തെക്കുറിച്ച് ഞാനിപ്പോഴും നന്നായി ഓർക്കുന്നു. പരിചയമുണ്ടെങ്കിലും ഫേസ്ബുക്കിലൂടെയുള്ള ആശയവിനിമയത്തിനപ്പുറം കാര്യമായ സൗഹൃദം ഇല്ല എന്നു പറഞ്ഞത് എനിക്കത്ഭുതമായി. അന്നുമുതൽ എപ്പോൾ കാണുമ്പോഴും എത്ര ഹൃദ്യമായാണ് നിങ്ങൾ എന്നോട് പെരുമാറിയിരുന്നത്. തിരിച്ച് ഞാനും. നിങ്ങളുടേത് യാതൊരു സൗഹൃദവുമില്ലാത്ത അഭിനയമായിരുന്നുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ചില നിലപാടുകളുടെ പേരിൽ താങ്കൾ എന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതുമൊക്കെ ഞാനോർക്കുന്നു. ഏതായാലും നിങ്ങളോടുള്ള എന്റെ പെരുമാറ്റം ഒട്ടും കലർപ്പില്ലാത്തതായിരുന്നു.
പഴയ കാലത്തെക്കുറിച്ച് പറഞ്ഞപ്പോൾ അന്നത്തെ ഒരു സംഭവം എന്റെ മനസിൽ കടന്നുവരികയുണ്ടായി. ഒരു സെനറ്റ് യോഗത്തിൽ, അന്ന് ഇന്ത്യയിൽ സജീവ ചർച്ചയായിരുന്ന വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തെക്കുറിച്ച് നടന്ന ഒരു ചർച്ചയിൽ കേന്ദ്ര ബിജെപി സർക്കാരിനെതിരായി ഞാൻ പ്രസംഗിക്കാൻ തുടങ്ങുമ്പോഴേക്ക് സഹപ്രവർത്തകരെയും കൂട്ടി ബൽറാം പ്രതിഷേധിച്ച് സെനറ്റ് ബഹിഷ്‌കരിച്ചതും യൂണിവേഴ്‌സിറ്റിയിലെ ബി.ജെ.പി ജീവനക്കാർക്ക് താങ്കൾ പ്രിയപ്പെട്ടവനായതും ഞാനോർക്കുന്നു.
2. നവകേരള മാർച്ചിനെകുറിച്ച് പോസ്റ്ററിൽ പറയുന്ന മുദ്രാവാക്യങ്ങൾ ആവർത്തിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നതെന്ന് ബൽറാം കുറ്റപ്പെടുത്തുന്നു. അത് ശരിയാണ് ബൽറാം, പോസ്റ്ററിൽ ഞങ്ങൾ അച്ചടിച്ചിട്ടുള്ളതു തന്നെയാണ് നവകേരള മാർച്ചിന്റെ മുദ്രാവാക്യം. ജനങ്ങളെ കബളിപ്പിക്കാൻ പോസ്റ്ററിൽ ഒന്ന് അച്ചടിക്കുകയും, മറ്റൊന്ന് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്ന ഏർപ്പാട് ഞങ്ങൾക്കില്ല. നിങ്ങളുടെ കാര്യത്തിൽ ജാഥയുടെ മുദ്രാവാക്യം പോസ്റ്ററിൽ അച്ചടിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ചിലത് ഗൂഢമായി വെയ്ക്കാറുണ്ടോ എന്നെനിക്കറിയില്ല. ആ മുദ്രാവാക്യങ്ങൾ വിശദീകരിക്കുകയാണ് ഞാൻ ചെയ്തത്. അത് ബൽറാമിന് മനസിലാവാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടുതന്നെയാവും. പക്ഷെ ജനങ്ങൾക്ക് നന്നായി മനസിലാവുന്നുണ്ടെന്നതിന്റെ തെളിവാണ് നവകേരള മാർച്ചിന്റെ സ്വീകരണയോഗങ്ങളിലെ ജനസാഗരം. പിന്നെ ബൽറാം കുറേ പരിഹാസങ്ങൾ ചൊരിയുന്നുണ്ട്. ഒന്നു പുറകിലേക്ക് തിരിഞ്ഞു നോക്കിയാൽ 5 വർഷം മുമ്പ് ബൽറാമിന്റെ പാർട്ടി പറഞ്ഞ കാര്യങ്ങൾ കാണാം. ഒരു രൂപയ്ക്ക് അരി മുതൽ .... അപ്പോൾ സ്വയം പരിഹസിക്കാൻ തോന്നിയേക്കും. തെങ്ങിന്റെ മണ്ടയിൽ വികസനം വന്നില്ലെങ്കിലും നിങ്ങൾ കട്ടു മുടിച്ച് അടച്ചുപൂട്ടിയ പൊതുമേഖലാ വ്യവസായങ്ങൾ എൽ.ഡി.എഫ് വന്നാൽ തുറന്നു പ്രവർത്തിപ്പിക്കും. അക്കാര്യത്തിൽ ബൽറാം സംശയിക്കണ്ട.
3. നിങ്ങളുടെ ജാഥയുടെ പേരിന്റെ വിദശീകരണം കൊള്ളാം. 5 കൊല്ലം കൊണ്ട് കേരള ജനതയെ പൂർണമായി രക്ഷിക്കാൻ കഴിയാത്തതിനാൽ പൂർണമായി രക്ഷപ്പെടുത്താനാണത്രെ! ശ്രീ.കെ.എം. മാണിയും, ശ്രീ.കെ.ബാബുവും, ബഹു മുഖ്യമന്ത്രിയും രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്ന വഴിയിലൂടെ തന്നെയാണോ പൂർണ രക്ഷാശ്രമം? എങ്കിൽ അത് വളരെ ഭയാനകമായിരിക്കുമെന്ന് പറയാതെ വയ്യ. സി.പി.ഐ(എം) സംഘടനാ മികവുകൊണ്ടാണ് നവകേരള മാർച്ച് വിജയിക്കുന്നതെന്നാണ് ബൽറാം പറയുന്നത്. എന്നാൽ സംഘടനാ മികവിനപ്പുറം ഒഴുകിയെത്തുന്ന മഹാ ജയസഞ്ചയം കേരളം മാറുന്നതിന്റെ സൂചനയല്ലേ? സി.പി.ഐ(എം)കാരല്ലാത്തവരും നവകേരള മാർച്ചിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. സി.പി.ഐ(എം)ന് സ്വാധീനം കുറഞ്ഞ മേഖലകളിൽ കഴിഞ്ഞ ദിവസം നടന്ന ജാഥാ സ്വീകരണങ്ങൾ നേരിൽ കണ്ടതിന്റെ അനുഭവത്തിലാണ് ഞാനിതു പറയുന്നത്.
4. അർത്ഥമില്ലാതെ ബഹളംവെക്കുന്നതും, തെറിവിളിക്കുന്നതും അത് ആർക്കെതിരെ ആയാലും എനിക്കു യോജിപ്പില്ലാത്ത കാര്യങ്ങളാണ്. ബൽറാമിനെ അങ്ങനെ ആര് ആക്ഷേപിച്ചാലും എനിക്ക് അതിനോട് യോജിപ്പില്ല. അത്തരക്കാരെ ബ്ലോക്ക് ചെയ്യാൻ ബൽറാമിന് സ്വാതന്ത്ര്യമുണ്ട്. എന്നാൽ നിങ്ങൾക്കെതിരെ ഉയർന്നു കേൾക്കുന്ന വിമർശനം എതിരഭിപ്രായം പറയുന്നവരെയും നിങ്ങൾ ബ്ലോക്കു ചെയ്യുന്നു എന്നതാണ്. ശരിയാണോ എന്നറിയില്ല. ഞാൻ ഇതുവരെ ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല എന്നത് നിങ്ങൾക്കു മറുപടിയായി പറഞ്ഞതല്ല. ബൽറാമും അത്ര കേമമല്ലാത്ത ഭാഷയിലാണ് പലരോടും പ്രതികരിക്കാറുള്ളതെന്നാണ് ഞാൻ മനസിലാക്കുന്നത്. ‘പൊട്ടൻ’, ‘ഊള’ തുടങ്ങിയ വാക്കുകളൊക്കെ ബൽറാമും ഉപയോഗിച്ചതായി കാണുന്നു. ഇങ്ങനെയൊക്കെ സംവദിക്കാൻ ഇറങ്ങിയിട്ട് എന്നെ ചീത്ത വിളിക്കുന്നേ എന്നു പറഞ്ഞ് കരഞ്ഞിട്ട് കാര്യമുണ്ടോ?.
ക്രിമിനൽ സ്വഭാവമുള്ള കുറ്റം ചെയ്ത ഒരാൾക്കെതിരെ പിണറായി കേസു കൊടുത്തതുപോലെ താൻ ചെയ്യാത്തതിനെകുറിച്ച് ബൽറാം പറയുന്നത് പരിഹാസ്യമാണ്. പിണറായി വിജയന്റെ വഴിയേ കേസിനു പോകാനുള്ള “സമയമോ വിഭവ ലഭ്യതയോ” ഇല്ലത്രെ! ഇങ്ങനെ സ്വയം പരിഹാസ്യനാവരുത്. പിണറായി വിജയനേക്കാൾ തിരക്കുള്ള ആളാണ് ബൽറാമെന്ന് ബൽറാം പറയുന്നു! കേസു നടത്താനുള്ള “വിഭവ ലഭ്യതയുമില്ലത്രെ”!! ഇത്തരമൊരു കേസു നടത്താൻ എന്തു “വിഭവം” വേണ്ടി വരും? അപ്പോൾ ഇനി ബൽറാമിനെതിരായ സൈബർ കുറ്റകൃത്യം ആരെങ്കിലും ചെയ്താൽ ബൽറാം നിയമ നടപടി സ്വീകരിക്കില്ലേ?
5. ബംഗാളിലെ ഇപ്പോഴത്തെ സ്ഥിതി ബൽറാം മനസിലാക്കിയിട്ടുണ്ടോ? കഴിഞ്ഞ പാർലമെന്റ് ഇലക്ഷനുശേഷം ഉണ്ടായ പ്രാദേശിക തിരഞ്ഞെടുപ്പുകൾ നൽകുന്ന സൂചനയെന്താണ്? അതിനു ശേഷമുള്ള ബംഗാളിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്താണ്? തൃണമൂൽ അക്രമങ്ങളെ പ്രതിരോധിച്ചുകൊണ്ട് ബംഗാളിൽ സി.പി.ഐ(എം) ധീരമായി പ്രവർത്തിക്കുകയാണ്. എന്നാൽ പ്രതിഷേധ പ്രകടനം നടത്തുമ്പോൾ മുദ്രാവാക്യം വിളിക്കരുതെന്ന തൃണമൂലിന്റെ ശാസനയുടെ മുന്നിൽ കോൺഗ്രസ് കീഴടങ്ങുന്ന കാഴ്ചയാണ് കൽക്കത്തയിൽ നിന്ന് കേൾക്കുന്നത്. ദീപാ ദാസ് മുൻഷി നയിച്ച കോൺഗ്രസിന്റെ പ്രതിഷേധ റാലി തൃണമൂൽ ഭീഷണിയെ തുടർന്ന് മൗനജാഥയാക്കുകയായിരുന്നു. ഇത്തരമൊരവസ്ഥയിലാണ് അവിടെ കോൺഗ്രസ്. സി.പി.ഐ(എം) നടത്തിയ ബ്രിഗേഡ് റാലിയിൽ അണിനിരന്നത് 10 ലക്ഷത്തിലേറെ പേരാണ്. അത് മൗനജാഥയല്ലെന്നറിയാമല്ലോ?.
ഞാൻ ഡൽഹിയിലെ കണക്കു ചോദിച്ചതിൽ ബൽറാം പരിഭവിക്കുന്നു. പൂജ്യം എന്നു പറയാനുള്ള ബൽറാമിന്റെ പ്രയാസം എനിക്കു മനസിലാവും. പക്ഷെ അതിന് പറയുന്ന ന്യായം ബഹു കേമം. സി.പി.ഐ(എം)ന്റെ ഡൽഹിയിലെ സ്വാധീനത്തെ കുറിച്ചാണ് ചോദ്യങ്ങൾ. ഈ താരതമ്യം ബൽറാമിനെങ്കിലും ബോധ്യമാവുമോ? 15 വർഷം തുടർച്ചയായി ഭരിച്ചശേഷം തിരഞ്ഞെടുപ്പിൽ മത്സരിച്ച് പൂജ്യം സീറ്റ് ‘കരസ്ഥമാക്കിയ’ കോൺഗ്രസിന്റെ ജാള്യത തീർക്കാൻ അവിടെ ഇതുവരെ ശക്തിയായിട്ടില്ലാത്ത സി.പി.എമ്മിന്റെ വോട്ടിന്റെ കണക്കു പറഞ്ഞാൽ മതിയോ? പിന്നെ അണികളെ ആവേശം കൊള്ളിക്കാനായി ബൽറാം വക ഒരു പൊയ്‌വെടിയുമുണ്ട്. യച്ചൂരിക്കെങ്കിലും ഡൽഹിയിൽ വോട്ടു ചെയ്യാൻ അരിവാൾ ചുറ്റികയിൽ ഒരു സ്ഥാനാർത്ഥിയെ നിർത്താൻ സാധിക്കുമോ എന്നാണ് ബൽറാം വെടിപൊട്ടിക്കുന്നത്. ഡൽഹിയിൽ ഞങ്ങൾക്ക് സ്വാധീനമില്ലെന്ന് ശരിയാണ്. ഇന്ത്യയിലെ ചിലയിടത്ത് കോൺഗ്രസിനുള്ള അതേ സ്വാധീനമാണ് ഡൽഹിയിൽ സി.പി.ഐ(എം)ന് ഉള്ളതെന്ന് വേണമെങ്കിൽ എനിക്കും പറയാം. അല്ലെങ്കിൽ ബൽറാമിന്റെ ശൈലിയിൽ സോണിയാഗാന്ധി വോട്ടുചെയ്ത മണ്ഡലത്തിൽ കോൺഗ്രസ് എത്രാം സ്ഥാനത്താണെന്ന് തിരിച്ചു ചോദിക്കാം പക്ഷെ, ഞാനതിന് മുതിരുന്നില്ല. മറിച്ച് ബൽറാമിന്റെ അറിവിലേക്കായി പറയട്ടെ യെച്ചൂരിയുടെ വോട്ട് ഓർത്ത് പ്രയാസപ്പെടേണ്ട. യെച്ചൂരിക്ക് ഡൽഹിയിലല്ല വോട്ടുള്ളത്. വോട്ടുള്ളിടത്ത് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ തന്നെ ചെയ്യാനുള്ള അവസരവുമുണ്ട്. രാഹുൽഗാന്ധിയെക്കുറിച്ച് ഞാൻ എന്തെങ്കിലും മോശമായ ഉപമയോ ഭാഷയോ ഉപയോഗിച്ചിട്ടില്ല. ഉണ്ടെങ്കിൽ അക്കാര്യം ദയവായി ചൂണ്ടിക്കാട്ടൂ. പിന്നെ ഞങ്ങടെ രാഹുൽഗാന്ധിയെ വിമര്ശിക്കാൻ പാടില്ലെന്നാണെങ്കിൽ രാഷ്ട്രീയത്തിലുള്ള അത്തരം റിസർവേഷനുകൾ എനിക്കറിയില്ല സർ, ക്ഷമിക്കണം.
6. ‘തൃത്താലയിലെ പ്രത്യേക താൽപര്യം’. ഇപ്പോൾ ബൽറാം പറയുന്നു എല്ലാവരും ഉദ്ദേശിച്ചത് ഒന്നാണെന്ന്. മുമ്പ് പറഞ്ഞത് അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന മട്ടിലാണ്. ഇതെന്തുപറ്റി നമ്മുടെ എം.എൽ.എയ്ക്ക്? എന്റെ ആഗ്രഹങ്ങൾ എന്തൊക്കെയാണെന്ന് താൽക്കാലം താങ്കൾ പ്രഖ്യാപിക്കണ്ട. താങ്കളുടെ സഹപ്രവർത്തകരെ അളക്കുന്ന കോലുകൊണ്ട് എന്നെ അളക്കുകയും വേണ്ട. യൂത്ത് കോൺഗ്രസിന്റെ അളവുകോലിൽ ഡി.വൈ.എഫ്.ഐ ഒതുങ്ങില്ല. അതുതന്നെയാണ് മറ്റൊരു വിധത്തിൽ നേരത്തെ പറഞ്ഞത്.
7. ഇ.എം.എസിന്റെ വാക്കുകളെ അടർത്തി മാറ്റി വ്യാഖ്യാനിക്കാൻ മിനക്കെടുകയാണ് ബൽറാം.
അഞ്ചിൽ നാലു ഭൂരിപക്ഷവുമായി രാജ്യത്തെ കഴുത്തറക്കാൻ പുറപ്പെട്ട പഴയ കോൺഗ്രസെവിടെ. ഐ.സിയുവിൽ കിടക്കുന്ന പുതിയ കോൺഗ്രസെവിടെ. വർഗ്ഗീയ ഫാസിസം മുഖ്യവെല്ലുവിളിയായി വളർന്ന സന്ദർഭത്തിൽ ചെകുത്താനെ കൂട്ടുപിടിച്ച് കോൺഗ്രസിനെ തകർക്കാനല്ല മറിച്ച് കോൺഗ്രസാകുന്ന കുട്ടിച്ചാത്തനെ പിന്തുണച്ചിട്ടായാലും ഒറിജിനൽ ചെകുത്താനെ തോൽപിക്കാനാണ് സി.പി.ഐ(എം) ശ്രമിച്ചതെന്ന് ബൽറാമിന് ഓർമയില്ലെങ്കിൽ അക്കാര്യം സോണിയാഗാന്ധിയോട് ചോദിച്ചാൽ പറഞ്ഞു തരും.
പിന്നെ വടകരയും, ബേപ്പൂരുമൊന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കാര്യമല്ല സുഹൃത്തെ ഞാൻ പറഞ്ഞത്. 1991-ലെ അസംബ്ലി/പാർലമെന്റ് ഇലക്ഷൻ കാര്യമാണ്. ബേപ്പൂർ അസംബ്ലി മണ്ഡലമാണ്. വടകര ലോക്‌സഭാ മണ്ഡലവും. കൂടുതൽ കാര്യങ്ങളിലേക്ക് പോകണോ?
8. ശ്രീ. ടി.പി ചന്ദ്രശേഖരിന്റെ വധം മറ്റു വധം പോലെയല്ലെന്ന് ബൽറാം. അതെ ബൽറാം നിങ്ങൾക്ക് സി.പി.ഐ(എം) നേതാക്കളുടെ കൊലപാതകങ്ങൾ പ്രശ്‌നമല്ല. അത് ആസ്വാദ്യകരവുമാവും. ഇതൊക്കെ പരസ്യമായി പറഞ്ഞതു നന്നായി. ടി.പി.ചന്ദ്രശേഖരനെ വി.ടി.ബൽറാം വിശേഷിപ്പിച്ചത് “കേരളമറിയുന്ന ഉന്നത നേതാവ്” എന്നാണ്.നല്ലകാര്യം. എന്നാൽ ഇടതുമുന്നണി കൺവീനറായിരുന്ന അഴീക്കോടൻ രാഘവൻ ഉന്നത നേതാവല്ല. ഇന്ത്യയിലാദ്യമായി എം.എൽ.എ ആയിരിക്കുമ്പോൾ കൊല്ലപ്പെട്ട കെ.കുഞ്ഞാലി ഉന്നത നേതാവല്ല. ചാവക്കാട് മുൻസിപ്പൽ ചെയർമാൻ കെ.പി.വത്സലനോ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞിക്കണ്ണനോ ഉന്നത നേതാക്കന്മാരായിരുന്നില്ല, എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗവും കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന കെ.വി.സുധീഷോ, ഭാസ്‌കര കുമ്പളയോ ഉന്നത നേതാക്കന്മാരല്ല. അതുകൊണ്ട് ഇവരുടെയൊന്നും വധം ഒരു പ്രശ്‌നമേയല്ല.
മാത്രവുമല്ല ടി.പി.ചന്ദ്രശേഖരനെ തീരുമാനിച്ചുറപ്പിച്ച് കൊന്നതാണ്. എന്നാൽ അഴീക്കോടനും, കുഞ്ഞാലിയുമൊക്കെ നടന്നു പോകുമ്പോ വെട്ടും വെടിയുണ്ടയുമൊക്കെ യാദൃശ്ചികമായി, അബദ്ധത്തിൽ വഴിതെറ്റി ഏറ്റു മരിച്ചുപോയതാവുമല്ലെ. പ്രിയ ബൽറാമേ കൊല്ലപ്പെട്ടവന്റെ മുഖം നോക്കി നിലപാടു പറയുന്ന ഈ അന്തസില്ലായ്മ ഇനിയെങ്കിലും നിർത്തൂ... എല്ലാ കൊലപാതകങ്ങളെയും അപലപിക്കാനുള്ള മിനിമം മര്യാദയെങ്കിലും കാണിക്കൂ. ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത് രാഷ്ട്രീയ വിരോധം കൊണ്ടാണെന്ന് കോടതി കണ്ടെത്തിയത്രെ? പക്ഷെ കുഞ്ഞാലിയെ ഡി.സി.സി പ്രസിഡന്റ് നേരിട്ടെത്തി വെടിവെച്ചു കൊന്നത് രാഷ്ട്രീയ സ്‌നേഹം കൊണ്ടായിരുന്നു അല്ലേ? മൊയാരത്ത് ശങ്കരൻ മുതൽ നാൽപാടി വാസുവരെയുള്ളവരെ നിങ്ങൾ കൊന്നത് രാഷ്ട്രീയ സ്‌നേഹം കൊണ്ടായിരിക്കുമല്ലേ?
9. അഴിമതി അവസാനിപ്പിക്കുന്നതെകുറിച്ചൊക്കെ ഇനി അധികം വാചാലനാവാനുള്ള ധാർമികാവകാശം ബൽറാമിനുണ്ടോ? ഒരു മന്ത്രി മിനിഞ്ഞാന്ന് രാജിവെച്ചത് വിശ്രമിക്കാനുള്ള ആഗ്രഹം കൊണ്ടല്ലല്ലോ? ഞാനിതെഴുതുമ്പോൾ ബൽറാമിന്റെ നേതാവായ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി സോളാർ കമീഷനു മുന്നിൽ ഇരിക്കുകയാണ്. കമീഷൻ മുഖ്യമന്ത്രിയെ വിളിപ്പിച്ചത് സുഖവിവരങ്ങൾ അന്വേഷിക്കാനാവുമോ? ഇനിയും അഴിമതിയെക്കുറിച്ച് ചർച്ച വേണോ?
ഹാരിസ് അബൂബക്കർ, നന്ദകുമാർ തുടങ്ങിയ തുറുപ്പുശീട്ടുകളൊക്കെ ബൽറാം ഇറക്കിയിരിക്കുന്നു. ഇക്കൂട്ടത്തിൽ ഒരു പേര് വിട്ടുപോയല്ലോ. സാക്ഷാൽ സാന്റിയോഗോ മാർട്ടിൻ. അതുകൂടി പറയുമ്പോഴല്ലെ ഒരു ശേലുള്ളൂ. അതോ മാർട്ടിന്റെ പേരു പറഞ്ഞാൽ മാർട്ടിന്റെ മുതലാളി മണികുമാർ സുബ്ബയുടെ പേരു ഞാൻ പറയുമെന്ന് ഭയന്നിട്ടാണോ? ഇന്ത്യൻ വ്യാജ ലോട്ടറി ചക്രവർത്തി മണികുമാർ സുബ്ബയെ ബൽറാം അറിയാതിരിക്കില്ല. നേപ്പാളിൽ രണ്ടുപേരെ കൊലചെയ്ത മണികുമാർ ലാംബു എന്ന കുറ്റവാളി അതിർത്തി കടന്ന് ആസാമിൽ വന്ന് മണികുമാർ സുബ്ബ എന്ന വ്യാജപേരിൽ രേഖകൾ ഉണ്ടാക്കിയശേഷം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ആറായിരം കോടി രൂപ “സംഭാവന” നൽകിയതും സംഭാവനയിൽ സംപ്രീതരായ കോൺഗ്രസ് നേതൃത്വം മണികുമാറിനെ ആസാം സംസ്ഥാന കോൺഗ്രസിലെ പ്രസിഡന്റാക്കിയതും കോൺഗ്രസ് എം.പി ആക്കിയതും പിന്നീടയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അകത്തായതും കൂട്ടിവായിക്കുമ്പോൾ അഴിമതിവിരുദ്ധ പോരാട്ടത്തിന് പറ്റിയ പാർടി കോൺഗ്രസാണെന്ന് എല്ലാവർക്കും മനസിലാവും. ഏതായാലും ഒരു ഫാരിസിൻരെയും പേരിൽ ഒരു കമീഷന്റെയും മുമ്പിൽ എൽ.ഡി.എഫ് മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ കയറേണ്ടി വന്നിട്ടില്ല. വരികയുമില്ല.
എന്തുപറയുമ്പോഴും “സരിത സരിത സരിത, ശാലു, ശാലു എന്ന് കമന്റടിക്കുന്ന സാദാ ‘ഡിഫി’ക്കാരുടെ നിലവാര”മാണത്രെ എനിക്കും. അതിന് ഞാനിതുവരെ ഈ പേരുകളൊന്നും പറഞ്ഞിട്ടില്ലല്ലോ ബൽറാം. അഥവാ ആരെങ്കിലും ഈ പേരുകൾ പറഞ്ഞാൽ നിങ്ങൾക്ക് പൊള്ളുന്നത് എന്താണ്? അതല്ലേ പരിശോധിക്കേണ്ടത്. പിന്നെ സാധാരണ ഡി.വൈ.എഫ്.ഐയും അസാധാരണ ഡി.വൈ.എഫ്.ഐയും ഒന്നുമില്ല. ഡി.വൈ.എഫ്.ഐ ഒന്നേ ഒള്ളൂ. ആരുടെമുന്നിലും ജനാധിപത്യം സംവാദത്തിന് നിവർന്നുനിൽക്കാനുള്ള നിലവാരം ഞങ്ങൾക്കുണ്ട്. ഏതെങ്കിലും പേരു കേട്ടാൽ ഞെട്ടുന്നവർ തിരുത്തേണ്ടത് തിരുത്തട്ടെ.
10. പി.ജയരാജന്റെ കേസിൽ ഞാനുയർത്തിയത് ലളിതയുക്തിയാണത്രെ. ഈ വാദം അംഗീകരിച്ചാൽ ആരെയും ഒരു തെളിവുമില്ലാതെ എപ്പോൾ വേണെങ്കിലും സി.ബി.ഐയ്ക്ക് പിടിച്ചു കൊണ്ടു പോകാമെന്ന അവസ്ഥ വരില്ലേ? ബൽറാമിനെ അന്യായമായി സി.ബി.ഐ അറസ്റ്റു ചെയ്താൽ മാത്രമെ ബൽറാമിന് പ്രതികരണമുള്ളൂ എന്നാണെങ്കിൽ അത് നിർഭാഗ്യകരമെന്നേ പറയാനുള്ളൂ. ആർ.എസ്.എസ് ക്രിമിനലുകളുടെ കേസുകൾ ബൽറാമിന്റെ സർക്കാർ പിൻവലിച്ചുകൊടുക്കുന്നതിനാൽ ഒരിക്കലും സി.ബി.ഐ തങ്ങളുടെ നേരെ വരില്ലെന്നാണ് ബൽറാമിന്റെ ആശ്വാസമെങ്കിൽ പാസ്റ്റർ നെയ്മുള്ളറുടെ പഴയ കവിത ഒന്നു വായിക്കുന്നത് നന്നാകുമെന്ന് മാത്രമെ എനിക്കു പറയാനുള്ളൂ.
പി.ജയരാജന്റെ കേസിനെ ലാവ്‌ലിനുമായി താരതമ്യം ചെയ്യുന്നതൊക്കെ അത്ഭുതകരം തന്നെ. ഇക്കാര്യം ബൽറാം സൂചിപ്പിക്കുന്നത് “പലരും” പറയുന്നുവെന്നാണ് ! “പലരും” അവിടെ നിൽക്കട്ടെ. ഇക്കാര്യത്തിൽ ബൽറാമിന് സംശയമുണ്ടെങ്കിൽ കോടതിവിധി വായിക്കുക അതിൽ കാര്യങ്ങൾ വ്യക്തമാണ്. രാഷ്ട്രീയ വിരോധംകൊണ്ട് കെട്ടിചമച്ചുണ്ടാക്കിയ കള്ളക്കേസിന്റെ കടലാസുകെട്ട് ചവറ്റുകുട്ടയിൽ എറിഞ്ഞതിന്റെ കാരണം അപ്പോൾ മനസിലാവും. ഒരു കേസ് വിചാരണയ്ക്ക് എടുക്കണമെങ്കിൽ അത് വിചാരണായോഗ്യമായിരിക്കണമെന്ന് ആരെങ്കിലും വേണ്ടപ്പെട്ടവരോട് പറഞ്ഞുകൊടുക്കണം.
11. മുസോളിനി പ്രയോഗം ഇപ്പോഴും ഉചിതമാണെന്നാണ് ബൽറാമിന്റെ അഭിപ്രായം. എന്നാൽ ഉമ്മൻചാണ്ടിക്കെതിരായ ജയശങ്കറിന്റെ വിശേഷണം തീർത്തും അനുചിതവും. അതെ, ഉമ്മൻചാണ്ടിക്കെതിരെ പറഞ്ഞാൽ അനുചിതം. പിണറായിക്കെതിരെ ഉചിതം. ഒരാളെ മുസോളിനി എന്നു വിളിക്കുന്നതും പുഴുത്ത പട്ടി എന്നുവിളിക്കുന്നതും അങ്ങേയറ്റം അപലപിക്കപ്പെടേണ്ടതാണ് എന്നതിൽ എനിക്കു സംശയമില്ല. പുഴുത്തപട്ടിയെ മാത്രം അറിയുകയും മുസോളിനിയെ അറിയാതിരിക്കുകയും ചെയ്യുന്നവർക്ക് അത് മനസിലാക്കികൊള്ളണമെന്നില്ല.
ഇത്തരം പരാമർശങ്ങളോടൊന്നും യോജിപ്പില്ലെന്ന് ഞാൻ പറയുമ്പോൾ മറ്റൊരു പ്രയോഗത്തെ ബൽറാം, ഓർമ്മിപ്പിക്കുന്നു. അതുമാത്രമല്ല ബൽറാം, ബിഷപ്പിനെതിരെ ഒരു യുവനേതാവ് നെഞ്ചുവിരിച്ച് ആക്രോശിക്കുകയും പിന്നീട് തലകുനിച്ച് മാപ്പിരന്ന് പിൻവലിക്കുകയും ചെയ്ത പ്രയോഗത്തോടും യോജിപ്പില്ല.
12. എന്നെ ബൽറാം ഒരു സ്റ്റാലിൻ അനുകൂലിയാക്കിയിരിക്കുന്നു. ഞാൻ എഴുതിയത് വായിച്ചിരുന്നുവെങ്കിൽ ഇങ്ങനെ പറയുമായിരുന്നില്ല. ഞാൻ സ്റ്റാലിൻ അനുകൂലിയോ പ്രതികൂലിയോ അല്ല. സ്റ്റാലിന്റെ സംഭാവനകളുടെ ശരിയും തെറ്റും മനസിലാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ വിദ്യാർത്ഥിമാത്രമാണ്. സ്റ്റാലിനെ ചോദ്യം ചെയ്യാൻ പാടില്ലാത്ത മഹാനായി ആരാധിക്കുന്നവരോടും, സ്റ്റാലിൻ നിഗ്രഹം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്രാജ്യത്വ പ്രചാരകരോടും ഞാൻ വിയോജിക്കുന്നു.
ഇന്നത്തെ റഷ്യയിലും ലോക കമ്യൂണിസ്റ്റ് പാർടികളിലും സ്റ്റാലിനോടുള്ള സമീപനം ബൽറാം മനസിലാക്കിയതുപോലെയല്ല. സാധിക്കുമെങ്കിൽ മുൻവിധി മാറ്റിവെച്ച് വസ്തുതകൾ ശരിയായി മനസിലാക്കാൻ ശ്രമിക്കൂ എന്നു മാത്രമെ എനിക്കു പറയാനുള്ളൂ. ഏതായാലും നെഹ്‌റുവിനെക്കാൾ കാര്യഗൗരവമുള്ള നേതാവാണ് ബൽറാമെന്ന് ഞാൻ സമ്മതിക്കുന്നു. ഇനിയും ഇക്കാര്യം പറഞ്ഞ് നെഹ്‌റുവിനെ ഒന്നുമല്ലാതാക്കണ്ട.
13. അടിയന്തിരാവസ്ഥയ്‌ക്കെതിരെ ഒട്ടും നിസാരമല്ലാത്ത എതിർപ്പുണ്ടുപോലും ബൽറാമിന്. അതേതായാലും നന്നായി. ഇപ്പോൾ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക്. ആ കളങ്കം മായ്ക്കാൻ നിങ്ങൾ ആവശ്യപ്പെടുമോ ?. അടിയന്തിരാവസ്ഥാകാലത്ത് പീഡനമനുഭവിച്ചവർക്കും, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഇനിയെങ്കിലും ആവശ്യപ്പെടുമോ? വെറുതെ പറഞ്ഞാൽ പോരാ സുഹൃത്തെ. നാട്യങ്ങളില്ലാത്ത വാക്കാണെങ്കിൽ പ്രവർത്തിയിലൂടെ അത് ബോധ്യപ്പെടുത്തണം. അടിയന്തിരാവസ്ഥ ചൂണ്ടിക്കാണിച്ചത് മറ്റെന്തിനെയെങ്കിലും വെള്ള പൂശാനല്ല. സമാധാനത്തിന്റെ മാലാഖകുപ്പായം അണിയാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ചോര കുടിച്ച കഴുകനാണെന്ന് ഓർമപ്പെടുത്താനാണ്.
14. പരീക്ഷാ ക്രമക്കേടും, മാർക്ക് ദാനവും ചർച്ച ചെയ്യപ്പെട്ടതും, അന്നത്തെ സംഭവങ്ങളും ശരിയായി തന്നെ മനസിലാക്കിയിട്ടുള്ള ആളാണ് ഞാൻ. അതു ചർച്ച ചെയ്യാനോ താങ്കളെ ആ ആരോപണത്തിൽ തളയ്ക്കാനോ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഞാനത് സൂചിപ്പിച്ചത് “പബ്ലിക് ഡൊമൈൻ” സിദ്ധാന്തവും കൊണ്ട് താങ്കൾ വന്നപ്പോൾ മേൽകാര്യങ്ങളൊന്നും മറന്നുപോകരുതെന്ന് കരുതി മാത്രമാണ്. എനിക്കെപ്പോഴും രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാൻ തന്നെയാണ് താൽപര്യം. അത് എം.എം.ഹസന്റെ കാര്യത്തിലായാലും, വി.ടി.ബൽറാമിന്റെ കാര്യത്തിലായാലും. താങ്കൾ പലപ്പോഴും ചർച്ചാവിഷയത്തിൽ നിന്നും മാറി വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മുതിരുമ്പോഴാണ് ചില ഓർമ്മപെടുത്തലുകൾ വേണ്ടിവരുന്നത്.
15. ഹനീഫാ വധക്കേസിലെ ബൽറാമിന്റെ പങ്കിനെക്കുറിച്ച് ഞാൻ പറഞ്ഞത് ഇനിയും ബൽറാമിന് മനസിലായിട്ടില്ലേ? എന്റെ ആദ്യകുറിപ്പ് ഒന്നുകൂടി വായിച്ചാൽ അത് മനസിലാവും. ആരോപണങ്ങളും തെളിവും സംബന്ധിച്ചുള്ള താങ്കളുടെ അഭിപ്രായത്തോടുള്ള എന്റെ പ്രതികരണമാണത്. വധക്കേസിലെ പ്രതിയോടൊപ്പം നിങ്ങൾ നിൽക്കുന്നത് ഞാൻ മാത്രം കണ്ട ഫോട്ടോയാകാൻ ഒരു സാധ്യതയുമില്ല. പിന്നെ ഹനീഫ വധിക്കപ്പെട്ടയുടനെ അവിടെ സന്ദർശിക്കുകയും ബന്ധുക്കളോടും നാട്ടുകാരോടും സംസാരിക്കുകയും ചെയ്ത ആളാണ് ഞാൻ. അന്ന് അവിടെയും ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം ആരോപണം ഉന്നയിക്കാൻ ഞാൻ മുതിർന്നിട്ടില്ല. ബൽറാമിന്റെ സിദ്ധാന്തമനുസരിച്ച് അങ്ങനെ ഉന്നയിച്ചിട്ട് തെളിയിക്കാൻ പ്രയാസമെന്ന് പറഞ്ഞ് കൈകഴുകാം. ഞാൻ അതിന് മുതിർന്നിട്ടില്ല.
16. ദേവേന്ദ്ര പാണ്‌ഡെ മുതലുള്ള കോൺഗ്രസ് ക്രിമിനലുകളുടെ കാര്യം ഞാൻ പറഞ്ഞത് ബൽറാമിന് ഇഷ്ടമായില്ല. ഇതൊക്കെ എന്തിനാണ് പറയുന്നതെന്ന് ബൽറാം ചോദിക്കുന്നു. മിനിമം 30 കൊല്ലം മുമ്പുള്ള കാര്യമാണ് ഇതൊക്കെയെന്ന് ബൽറാം പരിഭവിക്കുന്നു. ഏതായാലും ഞാൻ പറഞ്ഞ കാര്യങ്ങൾ നിഷേധിച്ചിട്ടില്ല ഭാഗ്യം!. 30 വർഷങ്ങൾ മുമ്പുള്ള കാര്യങ്ങൾ പറയരുതെന്ന് പറയുന്ന ബൽറാം താങ്കൾ ദയവായി പറയൂ എത്ര വർഷം മുമ്പു വരെയുള്ള കാര്യങ്ങൾ എനിക്ക് പറയാം?.
വർഷക്കണക്ക് പറയുന്ന ബൽറാമിന് പക്ഷെ 63 കൊല്ലം മുമ്പ് റഷ്യയിൽ മരിച്ചുപോയ സ്റ്റാലിന്റെ ചെറുപ്പത്തിലെ കാര്യങ്ങൾപോലും പറയാം. വർഷക്കണക്ക് എനിക്കെ ബാധകമാകൂ ബൽറാമിന് ബാധകമല്ല എന്ന്. ശരി അതു ഞാൻ സമ്മതിക്കുന്നു. പുതിയ കാര്യങ്ങളെ കുറിച്ച് മാത്രം പറഞ്ഞാൽ മതിയെങ്കിൽ ഇനി അങ്ങനെയാവാം. നിലമ്പൂർ രാധാ വധം മുതൽ വയനാട് ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.ജോൺ പാർടി ഓഫീസിൽ ജീവനൊടുക്കിയ സംഭവത്തിലെവരെ പ്രതികളോട് കോൺഗ്രസ് സ്വീകരിച്ച സമീപനമെന്താണ്? താങ്കളോടൊപ്പം നിയമസഭയിൽ ഇരിക്കുന്ന ഇരട്ടക്കൊലക്കേസ് പ്രതിയോടും ബലാത്സംഗ കേസിൽ പരാതി ഉയർന്ന രണ്ട് എം.എൽ.എ മാരോടും കോൺഗ്രസ് സ്വീകരിച്ച സമീപനമെന്താണ്?.
പഴയതും പുതിയതുമായ സംഭവങ്ങളിൽ എന്നും കോൺഗ്രസ് കുറ്റവാളികൾക്ക് കുടയായി മാറുന്ന സമീപനം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ മുഴുവൻ ഉദാഹരണങ്ങളുണ്ട്. താങ്കൾക്ക് താൽപര്യമുണ്ടെങ്കിൽ ഒരു നൂറ് ഉദാഹരണം ഈ ഇരുപ്പിൽ ഞാൻ പറയാം. പക്ഷെ ഇവിടെയും ബൽറാം എന്നെ തെറ്റിദ്ധരിച്ചു. ഞാനിതൊക്കെ പറഞ്ഞത് നിങ്ങൾ ചെയ്തിട്ടില്ലേ ഞങ്ങളും ചെയ്യും എന്നു പറയാനല്ല.
ഏറ്റവും വെറുക്കപ്പെട്ട ഭൂതകാലമുള്ള ഒരു പാർട്ടിയുടെ യുവനേതാവായ ബൽറാം ഞങ്ങൾ മാലാഖമാരാണ്, കുറ്റവാളികളോട് ഞങ്ങൾ പടവാളെടുക്കുന്നവരാണ് എന്നൊക്കെ വീമ്പിളക്കിയപ്പോൾ ഇന്നുവരെയുള്ള അനുഭവം വെച്ച് നിങ്ങളുടെ കയ്യിലെ ചോരക്കറ ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. ദേവേന്ദ്ര പാണ്‌ഡെയുടെ ചിത്രം പ്രൊഫൈൽ ആക്കിയില്ലപോലും. നല്ല ചിത്രം കിട്ടാഞ്ഞിട്ടാവും. കുറ്റവാളികൾക്ക് എല്ലാ പിന്തുണയും കൊടുക്കുന്നവർ, എം.എൽ.എ.യും മന്ത്രിയും സംസ്ഥാന സെക്രട്ടറിയുമാക്കിയവർ, കേസുകൾ തേച്ചുമായ്ച്ച് സഹായിച്ചവർ ഇപ്പോൾ സമാധാന പ്രസംഗം നടത്തുമ്പോൾ ഞാൻ ഇതൊക്കെ ഓർമിപ്പിച്ചുവെന്നെ ഒള്ളൂ.
പിന്നെ മമ്പറം ദിവാകരനെന്ന പേര് ഇപ്പോഴെങ്കിലും ബൽറാം ഉച്ഛരിച്ചല്ലോ. ഞാൻ കൃതാർത്ഥനായി. അപ്പോ ആളെ അറിയാം. പിന്നെ പ്രാധാന്യത്തിന്റെ കാര്യമാണെങ്കിൽ കോൺഗ്രസിൽ ഇപ്പോഴും വി.ടി.ബൽറാമിനേക്കാൾ പ്രാധാന്യമുള്ള നേതാവ് മമ്പറം ദിവാകരനാണെന്നാണ് ഞാൻ മനസിലാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മമ്പറം തോറ്റതിനാൽ എം.എൽ.എ ആയില്ലെന്ന് മാത്രം.
17. രാജീവ് ഗാന്ധിയുടെ പ്രസംഗം ഞാൻ കേട്ടെഴുതിയെന്നൊക്കെ പരിഹസിക്കുന്നുണ്ട് ബൽറാം. പരിഹാസം നല്ല സ്വഭാവരീതിയാണെന്ന് തോന്നുന്നുവെങ്കിൽ എനിക്ക് പരിഭവമില്ല. ഞാൻ രാജീവ് ഗാന്ധിയുടെ പ്രസംഗം കേട്ടെഴുതിയെടുത്തതല്ല ബൽറാം, ഒരു പുസ്തകത്തിൽ വായിച്ചതാണ്. പിന്നെ ഞാൻ ഹിന്ദി ഭാഷാ പണ്ഡിതനല്ല. താങ്കളുടേയോ, താങ്കൾക്ക് ട്യൂഷൻ ഉപദേശിച്ച ആളുടെയോ പാണ്ഡിത്യം എനിക്കില്ല. ഞാൻ മനസിലാക്കിയത് “ബർഗത് കാ പേഡ്” എന്നാൽ ആൽവൃക്ഷമാണെന്നും വൻവൃക്ഷം വടവൃക്ഷം തുടങ്ങിയ അർത്ഥത്തിലും ഈ വാക്കു ഉപയോഗിക്കാറുമുണ്ടെന്നാണ്. ഇത് തെറ്റാണെങ്കിൽ എന്നെ തിരുത്തിക്കൊള്ളൂ. ഒരു ദുരഭിമാനവുമില്ലാതെ ഞാൻ എന്റെ ധാരണ മാറ്റാം. പറയൂ എന്താണ് ആ വാക്കിന്റെ അർത്ഥം? ഇത്രയും പറഞ്ഞു നിർത്തുമ്പോഴും കൂട്ടക്കൊലയ്ക്ക് നേരിട്ട് നേതൃത്വം നൽകിയ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗങ്ങളോടുള്ള കോൺഗ്രസിന്റെ സമീപനത്തെക്കുറിച്ച് ബൽറാം ഒന്നും പറഞ്ഞിട്ടില്ല. ഓ.. സംഭവം നടന്നിട്ട് 31 വർഷമായതിനാൽ പറയാൻ പാടില്ലല്ലോ. ഞാൻ വിട്ടു.
18. പിണറായി വിജയനെകുറിച്ച് പൊതുവേദിയിൽ പുകഴ്ത്തുകയും ഫേസ്ബുക്കിൽ ആക്ഷേപിക്കുകയും ചെയ്ത ബൽറാമിന്റെ അവസരവാദത്തെയും നാട്യങ്ങളെയും കുറിച്ച് ഓർക്കുമ്പോൾ എനിക്കും തോന്നുന്നത് സഹതാപമാണ്. “ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോൾ വിശിഷ്ടാതിഥികളെകുറിച്ച് ഒന്നു രണ്ടു നല്ല കാര്യങ്ങൾ പറയുക, വിമർശനങ്ങൾ ഉണ്ടെങ്കിൽ അത് മാന്യമായ ഭാഷയിൽ സൂചിപ്പിക്കുക എന്നതൊക്കെ ഒരു മിനിമം മര്യാദമാത്രമാണ്” ഇതാണ് ബൽറാമിന്റെ ന്യായം. ഒറ്റകാര്യം ചോദിക്കട്ടെ ആ വിയോജിപ്പ് മാന്യമായ ഭാഷയിൽ നിങ്ങൾ അവിടെ പ്രകടിപ്പിച്ചുവോ? അങ്ങനെ എങ്കിൽ ഈ മറുപടിക്ക് പ്രസക്തിയുണ്ടാകുമായിരുന്നു. നേരിൽ കാണുമ്പോൾ അപദാനങ്ങൾ വാഴ്ത്തുന്നതും അതു കഴിഞ്ഞാൽ ആക്ഷേപിക്കുന്നതും കാപട്യമാണെന്ന് ഞാൻ കരുതുന്നു.
കണ്ടാൽ ചിരിക്കുന്നതും അഭിവാദ്യം ചെയ്യുന്നതും വീട്ടിൽവരുന്ന ആളുകളോട് ഇരിക്കാൻ പറയുന്നതും ചായകൊടുക്കുന്നതുമൊക്കെ എന്റെയും ബൽറാമിന്റെയും നാട്ടിൽ മാത്രമല്ല ലോകത്തെല്ലായിടത്തുമുള്ള കാര്യമാണ്. എന്നാൽ നേരിൽ കാണുമ്പോൾ പുകഴ്ത്തിയിട്ട് പിരിഞ്ഞു കഴിഞ്ഞാൽ ആക്ഷേപിക്കുന്നത് ലോകത്തെവിടെയും ഇല്ലാത്ത കാര്യവുമാണ്. പിന്നെ ബൽറാമിന്റെ വീട്ടിൽ പിണറായി ചായകുടിക്കാൻ എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളെക്കുറിച്ചല്ല നമ്മുടെ ചർച്ചയെന്നാണ് എന്റെ വിശ്വാസം.
തൃത്താലയുടെ കാര്യങ്ങൾ ഞാൻ മനസിലാക്കിവയ്ക്കാൻ ബൽറാം എന്നെ ഉപദേശിക്കുന്നുണ്ട്. പ്രിയ ബൽറാമെ, തൃത്താല മാത്രമല്ല കേരളത്തിലെ ഏതാണ്ടെല്ലാ നാടുകളും നിങ്ങൾ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പായിതന്നെ സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഞാൻ കടന്നുപോയിട്ടുള്ളതും മനസ്സിലാക്കിയിട്ടുള്ളതുമാണ്. ഉപദേശം മറ്റാർക്കെങ്കിലും കൊടുത്തേക്കൂ.
താങ്കൾ പറഞ്ഞതുപ്രകാരമാണെങ്കിൽ നമ്മുടെ കത്തിടപാട് അവസാനിക്കുകയാണ്. ഇനി കത്തില്ലാത്തതിനാൽ ഒന്നും വിശദീകരിക്കാനാവശ്യപ്പെടുന്നില്ല. മുൻ കത്തുകളിലെ നിരവധി വിഷയങ്ങളോട് ബൽറാം തന്ത്രപരമായി മൗനം പാലിച്ചിട്ടുണ്ട്. എനിക്ക് പരാതിയില്ല. പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലെ നിശബ്ദത പാലിക്കാനും താങ്കൾക്ക് സ്വാതന്ത്ര്യമുണ്ട്. എങ്കിലും ഒരു കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ ആകുമോ എന്ന് ശ്രമിക്കണം. എന്റെ നാട്ടിലാണ് നിങ്ങളുടെ പാർടി ഓഫീസിൽ ഒരു പാവം സ്ത്രീയെ കൊന്ന് ചാക്കിൽ കെട്ടിവച്ചത്. അവരുടെ ആശ്രിതർ നിർദ്ധനരാണ്. പശ്ചാത്താപമായിട്ടെങ്കിലും കോൺഗ്രസ് പാർടി ആ കുടുംബത്തിന് സാമ്പത്തിക നഷ്ടപരിഹാരം നൽകുമോ?
(നിങ്ങളുടെ പാർടി ഓഫീസിൽ ഗാന്ധിയന്മാർ അഹിംസാ മാർഗത്തിൽ കൊന്ന ആ പാവം സ്ത്രീയുടെ കുടുംബത്തെ കഴിയും വിധം സഹായിച്ചത് സി.പി.ഐ(എം) ആണ്.)
അപ്പോൾ പിന്നെ നിർത്തട്ടെ.
ഒരാകാശം നിറയെ സ്‌നേഹത്തോടെ
എം.സ്വരാജ്.