Monday 20 March 2017

നിനക്ക് മാത്രമായുള്ള അക്ഷരങ്ങൾ

നിനക്ക് മാത്രമായുള്ള അക്ഷരങ്ങൾ
_______________________________________________

 നിസാര്‍ ഖബ്ബാനി
_________________


നിനക്കായ് ഞാൻ എഴുതട്ടെ
ആരും എഴുതാത്ത വരികൾ
നിനക്ക് മാത്രമായി പുതിയൊരു ഭാഷ
ഞാൻ നെയ്തെടുക്കയാണ്
 

അക്ഷരങ്ങളുടെ നിഘണ്ടുവിൽ നിന്നും
ഞാൻ യാത്രയാകുന്നു.

എന്റെ നാവിനെ ഞാൻ ബന്ധിക്കുകയാണ്
ചുണ്ടുകൾ തളർന്നിരിക്കുന്നു
ഞാൻ ഉദ്ദേശിക്കുമ്പോൾ തീപ്പെട്ടിയായി,
അരളി മരമായി മാറുന്ന
മറ്റൊരധരത്തെ ഞാൻ അന്വേഷിക്കുകയാണ്.
കടൽ പരപ്പിൽ നിന്നും മേല്പോട്ടുയരുന്ന
ജലകന്യകയെ പോലെ
മജീഷിയന്റെ തൊപ്പിയിൽ നിന്നും
പുറത്തേക്ക് വരുന്ന വെള്ളരി പ്രാവ് പോലെ
അക്ഷരങ്ങൾ പുറത്തു വരുന്ന
പുതിയൊരധരത്തെ ഞാൻ തേടുന്നു.
കുട്ടിക്കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങൾ
നോട്ടു പുസ്തകങ്ങൾ വ്യാകരണങ്ങൾ
പേനയും പെൻസിലും ചോക്കും സ്ലേറ്റും എല്ലാം
എന്നിൽ നിന്നും നിങ്ങൾ എടുത്തു മാറ്റൂ.
പുതിയ അക്ഷരങ്ങൾ എന്നെ പഠിപ്പിക്കൂ
എന്റെ പ്രേമഭാജനത്തിന്റെ
കാതിൽ തൂങ്ങി ക്കിടക്കുന്ന
കമ്മലു പോലെ അതിനെ തൂക്കിയിടൂ
പുതു വഴിയിലൂടെ എഴുതാൻ കഴിയുന്ന
വിരലുകളെ ഞാൻ തേടുകയാണ്
നീണ്ടതും കുറിയതുമല്ലാത്ത വിരലുകളെ
വളർച്ച മുരടിച്ച വൃക്ഷങ്ങളെ
വെറുക്കുമ്പോലെ ഞാൻ വെറുക്കുന്നു
ജിറാഫിന്റെ കഴുത്തു പോലെ നീളമുള്ള
പുതിയ വിരലുകളെ ഞാൻ തേടുന്നു.
കവിതകൾ കൊണ്ട് നിനക്ക് ഞാൻ
വസ്ത്രങ്ങൾ നെയ്യുകയാണ്
ഇതുവരെ ആരും ധരിക്കാത്ത വസ്ത്രങ്ങൾ
നിനക്ക് മാത്രമായി ഞാൻ പുതിയ അക്ഷരങ്ങൾ
നിർമ്മിക്കുകയാണ്‌
ഇത് വരെ ആരും കാണാത്ത അക്ഷരങ്ങൾ
അതിൽ മഴയുടെ താളമുണ്ട്
ചന്ദ്രനിലെ പൊടി പടലങ്ങലുണ്ട്
ഇരുണ്ട മേഘങ്ങളുടെ ദുഃഖമുണ്ട്
ശരല്കാല ചക്രങ്ങളുടെ ചുവട്ടിൽ
ഇലപൊഴിക്കും അരളി മരങ്ങളുടെ
വേദനയുണ്ട്

No comments: