Monday 1 December 2014

മരണം

  സ്ഥിരമായി കിട്ടികൊണ്ടിരുന്ന അടിയുടെ പാട് ചന്തിയിൽ നിന്നും മാഞ്ഞത് കൊണ്ടായിരിക്കും ഞാൻ അന്ന് അമ്മയോട് വെറുതെ ചോദിച്ചു അച്ഛൻ എവിടെ എന്ന് ?,  അച്ഛൻ നീണ്ട യാത്ര പോയി എന്നോ അടുത്ത ആഴ്ച വരുമെന്നോ അമ്മ എന്നോട് പറഞ്ഞില്ല. മരണം എന്താണെന്നു അറിയാത്ത എന്നോട് അമ്മ  പറഞ്ഞു അച്ഛൻ മരിച്ചു. ഒന്ന് തേങ്ങിയോ ആ മുഖം .? ഇല്ല അങ്ങനെ തേങ്ങില്ല, കാരണം അത്രമാത്രം അനുഭവിച്ചിരുന്നു അമ്മ. 
          സ്ത്രീ അമ്മയാണ് , ദേവിയാണ്, മൈരാണ്  എന്നൊക്കെ പറഞ്ഞു പഠിപ്പിച്ച ഒരു കാലഘട്ടത്തിൽ ജീവിച്ചതു കൊണ്ടാകണം അവർ ഇത്രയും സഹിക്കാൻ നിർബന്ധിതമായത്. ഒരിക്കലും അമ്മ തോറ്റ്  കൊടുത്തിരുന്നില്ല. കാരണം തെറ്റൊരിക്കലും അമ്മയുടെ ഭാഗത്ത്‌ ആയിരിക്കില്ല. അച്ഛന് തെറ്റും ശെരിയും ഒന്നും അറിയേണ്ടിയിരുന്നില്ല. രണ്ടെണ്ണം അടിക്കണം പിന്നെ അമ്മയുടെ മേത്ത്  കയറണം, കരയുകയോ അമ്മയുടെ അടുത്തു ചെല്ലുകയോ ചെയ്താൽ പുളിയുടെ കൊമ്പ് കൊണ്ട് ചന്തിയിൽ നല്ല പെട തരുമായിരുന്നു. അന്ന് മുതലേ കുട്ടി പാവടയോട് എനിക്ക് അരിശമായിരുന്നു. അച്ഛന് പെട്ടന്ന് പാവാട പൊക്കി എന്നെ തല്ലാൻ കഴിയുമായിരുന്നു എന്ന് തന്നെ കാരണം. പിന്നീടു രണ്ടു ദിവസം ഇടുക്കും ആ അടിയുടെ ചൂടൊന്നു പോകുവാൻ. കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയത്‌ കൊണ്ടാണോ എന്നറിയില്ല അമ്മ കരഞ്ഞു ഞാൻ  കണ്ടിട്ടില്ല. ആ അമ്മയുടെ മകൾ ആയതു കൊണ്ടാകണം സങ്കടവും കരച്ചിലും ഞാൻ ചെറുപ്പത്തിലെ മറന്നു.
           ഒരു  ക്ലീഷേ നായിക  ആകുവാൻ താല്പ്പര്യം ഇല്ലായിരുന്നത് കൊണ്ട് തന്നെയാണ്  വിവാഹം വേണ്ടാന്ന് വെച്ചത് . അമ്മയ്ക്ക്  അതിൽ എതിര്പ്പോന്നും ഇല്ലാതെ ഇരുന്നത് എന്നെ ഞെട്ടിച്ചിരുന്നു. കാലത്തിനു വളരെ മുൻപ് നടന്നതായിരുന്നു എന്റെ അമ്മ എന്നെനിക്കിപ്പോൾ തോന്നുന്നു. അമ്മ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്  മോളെ നമ്മുടെ സ്വതന്ത്ര്യത്തിനു സന്തോഷത്തിനു തടസ്സമാകുന്ന ഒന്നിനെയും മോൾ സ്വീകരിക്കരുത്. എത്ര തന്നെ എതിര്പ്പുണ്ടായാലും ആരൊക്കെ തന്നെ മരിച്ചാലും ആ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടണം. ഇന്നിപ്പോൾ ആ അമ്മയാണ് മരിച്ചത്. കരയുവാൻ എനിക്കാറില്ല, ഞാൻ എന്തിനു കരയണം?, സന്തോഷിക്കുകയല്ലേ വേണ്ടത് ?

1 comment:

ajith said...

Very bold is she!