Tuesday 16 October 2012

ഭക്ഷണത്തിനും വേണം റിവ്യൂ



OCTOBER 16, 2012 · POSTED IN BOOKS 
ഇന്ന് ലോകഭക്ഷ്യദിനമാണ്. ചൊവ്വയില്‍ കുടിയേറ്റം നടത്താന്‍ കോടിക്കണക്കിനു ബില്ല്യണ്‍ഡോളറുകള്‍ മനുഷ്യന്‍ ചെലവിടുമ്പോഴും ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ വിശന്നു ചാകുന്ന മനുഷ്യര്‍ നമ്മുടെ തൊട്ടപ്പുത്തുണ്ട്. എന്തിനു പുറത്തേക്കു നോക്കുന്നു ഭാരതത്തെപ്പോലെ ഭക്ഷണരീതിയില്‍ ഇത്രയധികം വൈവിദ്ധ്യം ദര്‍ശിക്കാവുന്ന മറ്റൊരു രാഷ്ട്രം ഉണ്ടാകുമെന്നു തോന്നുന്നില്ല. അരി മുഖ്യാഹാരവും പാലും പയറുവര്‍ഗ്ഗങ്ങളും പച്ചക്കറികളും നാമമാത്രവുമായി കഴിക്കുന്ന, താരതമ്യേന കുറുകിയ ദേഹപ്രകൃതിയുള്ള തെക്കേഇന്ത്യക്കാരും ഗോതമ്പും പാലും നെയ്യും പച്ചിലക്കറികളും സമൃദ്ധമായി കഴിക്കുന്ന ഒത്ത ഉയരവും ശരീരപ്രകൃതിയുമുള്ള പഞ്ചാബികളും അടങ്ങുന്ന ജനസമൂഹമാണ് ഭാരതത്തിലേത്. അവരുടെ മൊത്തത്തിലുള്ള ഭക്ഷണത്തിന്റെ പോരായ്മകളെക്കുറിച്ച് ഒരു താരതമ്യപഠനം നടത്താന്‍ തയ്യാറെടുക്കുന്നത് സാഹസമായിരിക്കും. പിന്നെ നമുക്കു ചെയ്യാവുന്നതു ഭാരതത്തിലാകെ നടത്തിയിട്ടുള്ള ആഹാരസര്‍വ്വേകളുടെ ഫലങ്ങളെ വിലയിരുത്തി അവയുടെ ശരാശരി പോരായ്മ എന്തെന്നു കണ്ടുപിടിക്കുകയാണ്.
.
.
ഭാരതീയരുടെ ജീവിതപരിതഃസ്ഥിതികള്‍ കണക്കിലെടുത്തുകൊണ്ട് ശരിയായ ആരോഗ്യം നിലനിര്‍ത്തുന്നതിനുവേണ്ടി ഓരോ പൗരനും കഴിക്കേണ്ട ഭക്ഷണത്തിന്റെ തോത് എത്രയെന്നു നിര്‍ണ്ണയിച്ചിട്ടുണ്ട്. ഈ തോതുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു ഭാരതീയന് അവന്‍ കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് ആവശ്യമായ ഊര്‍ജ്ജംപോലും ലഭിക്കുന്നില്ലെന്നാണ് കാണുന്നത്. ഭക്ഷണത്തിന്റെ പ്രധാനപ്പെട്ട ധര്‍മ്മങ്ങളിലൊന്നാണല്ലോ ഊര്‍ജ്ജം നല്കുക എന്നത്. ഭക്ഷണം പര്യാപ്തമാണോ അല്ലയോ എന്നതിനെക്കുറിച്ച് വിവിധ ജനവിഭാഗങ്ങള്‍ കഴിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവു നോക്കിയാല്‍ ഒരു ഏകദേശരൂപം കിട്ടും. ഒരു സാധാരണ ഭാരതീയന് ആവശ്യമായ ഊര്‍ജ്ജത്തിന്റെ അളവ് 2400 കലോറിയാണ്. എന്നാല്‍ അവനു ലഭിക്കുന്നത് 2100 കലോറി മാത്രമാണ്. ഇതില്‍ത്തന്നെ സംസ്ഥാനങ്ങള്‍ തമ്മില്‍ വളരെ വ്യത്യാസമുണ്ടെന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. പഞ്ചാബില്‍ 2830-ഉം തമിഴ്‌നാട്ടില്‍ 1498-ഉം കേരളത്തില്‍ 1842-ഉം കലോറിയാണ് ശരാശരി ഒരു വ്യക്തിക്ക് ദിവസേന ലഭ്യമാകുന്നത്. പല സ്ഥലങ്ങളിലും ഒരു ധാന്യം മാത്രമേ കഴിക്കുന്നുള്ളു എന്നാണ് മറ്റൊരു നിരീക്ഷണം.
നിത്യേന ആവശ്യമുള്ള പയര്‍വര്‍ഗ്ഗങ്ങളുടെ പകുതി മാത്രമേ ശരാശരി ഇന്ത്യക്കാരന്റെ ഭക്ഷണത്തിലടങ്ങിയിട്ടുള്ളു. മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് ആവശ്യമുള്ളതിന്റെ ഇരട്ടിയിലധികമുണ്ടെങ്കിലും കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം തുടങ്ങിയ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് ആവശ്യകതയുടെ പകുതിപോലുമില്ല. അതുപോലെതന്നെ പച്ചിലക്കറികളുടെ ആവശ്യം വേണ്ടതിന്റെ അഞ്ചിലൊരു ഭാഗം മാത്രമേയുള്ളു. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പച്ചിലക്കറികള്‍ വേണ്ടതിന്റെ പത്തിലൊരു ഭാഗംപോലും കഴിക്കുന്നില്ല. പാലാണല്ലോ മറ്റൊരു പ്രധാനപ്പെട്ട സംരക്ഷിതാഹാരം. ദേശീയതലത്തില്‍ ഇതിന്റെ ഉപയോഗം ആവശ്യമുള്ളതിന്റെ മൂന്നിലൊരു ഭാഗത്തോളമേ വരുന്നുള്ളു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തിക്കാണുന്നുണ്ടെങ്കിലും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്ഥിതി പരിതാപകരമാണ്. മാംസം, മത്സ്യം, മുട്ട ഇവയുടെ ഉപയോഗത്തില്‍ ദേശീയനിലവാരം ആവശ്യമുള്ളതിന്റെ മൂന്നിലൊരു ഭാഗം മാത്രമേ നിവര്‍ത്തിച്ചുകാണുന്നുള്ളു. കേരളം, ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ തീരപ്രദേശസംസ്ഥാനങ്ങളില്‍ ഇതു ദേശീയനിലവാരത്തില്‍നിന്നു മെച്ചപ്പെട്ടു നില്ക്കുന്നുണ്ടെങ്കിലും വളരെ സംരക്ഷിതാഹാരമായ മുട്ട ഉപയോഗിക്കുന്ന ഭാരതീയര്‍ വളരെ കുറവാണ്. ഗ്രാമത്തിലുളളവരെക്കാള്‍ പട്ടണത്തിലുള്ളവരാണ് മുട്ട കൂടുതലായി ഉപയോഗിച്ചുകാണുന്നത്. എന്നിരുന്നാലും ഒരു വ്യക്തി ദിവസത്തില്‍ ഒരു മുട്ട എന്ന തോതിലെങ്കിലും കഴിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ഒന്നോ രണ്ടോ മാത്രമേയുള്ളു. പഴവര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍ സമ്പന്നമായ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളൊഴിച്ചാല്‍ ബാക്കി സംസ്ഥാനങ്ങളിലൊന്നും പഴങ്ങള്‍ തീരെ ഉപയോഗിക്കുന്നില്ല എന്നുതന്നെ പറയാം.
പോഷണമൂല്യങ്ങളുടെ ലഭ്യത എടുത്തു നോക്കിയാല്‍ പല സംസ്ഥാനങ്ങളിലും വേണ്ട തോതിനോടടുത്ത് മാംസ്യം ഭക്ഷണത്തില്‍നിന്നു കിട്ടുന്നുണ്ടെങ്കിലും ഇതു പ്രധാനമായും ഒരു ധാന്യത്തില്‍നിന്നുള്ളതാകയാല്‍ പോഷണപരമായി മെച്ചപ്പെട്ടതോ, ശരീരത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയണമെങ്കില്‍ അവയോടൊപ്പം പയറുകള്‍, സസ്യങ്ങള്‍ മുതലായവയുടെ മാംസ്യങ്ങളും ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ അവ പൂര്‍ണ്ണമാംസ്യങ്ങളുടെ തോതിലെത്തുകയും ശരീരത്തിലെ മാംസ്യസംയോജനത്തെ സഹായിക്കുകയും ചെയ്കയുള്ളു. ഇത്തരം അപൂര്‍ണ്ണമാംസ്യങ്ങള്‍ ശരീരത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയാതെ നഷ്ടപ്പെട്ടുപോകുകയാണ് ചെയ്യുന്നത്. അതുകൊണ്ടു ധാന്യങ്ങള്‍ മുഖ്യാഹാരമായി കഴിക്കുന്ന ഭാരതീയരില്‍ മാംസ്യാഹാരക്കുറവുകൊണ്ടുള്ള രോഗങ്ങള്‍ സാധാരണയാണ്. അതുപോലെതന്നെ പയറുകള്‍, മാംസഭക്ഷണങ്ങള്‍, സസ്യങ്ങള്‍ ഇവയുടെ അംശം കുറവാകയാല്‍ ധാന്യപ്രധാനമായ ഭക്ഷണത്തിലെ അന്നജാംശം മുഴുവന്‍ അപചയപ്പെടുത്താനാവശ്യമായ ബി കോംപ്ലക്‌സ് ജീവകങ്ങളും ഏറിയിരിക്കുന്നു. ഇരുമ്പിന്റെ കുറവുകൊണ്ടുണ്ടാകുന്ന വിളര്‍ച്ചരോഗമാണ് പോഷണക്കുറവിന്റെ മറ്റൊരു ഫലം. ഇതു പലരിലും കാണുന്നുണ്ട്. ഭക്ഷണത്തിലടങ്ങിയരിക്കുന്ന ഇരുമ്പിന്റെ അംശം കുറവല്ലെങ്കിലും ഇതു മുഖ്യമായും ധാന്യങ്ങളില്‍നിന്നാകയാല്‍ അവയിലടങ്ങിയിരിക്കുന്ന ഫൈറ്റേറ്റ് എന്ന സംയുക്തത്തിന്റെ ആധിക്യം കാരണം ഇരുമ്പിന്റെ ആഗിരണവും അപചയനവും വേണ്ടത്ര കാര്യക്ഷമമല്ല. ഇലക്കറികള്‍, സസ്യങ്ങള്‍, പയറുകള്‍ എന്നിവ ഭക്ഷണത്തില്‍ തീരെ കുറവായിരിക്കുന്നതും വിളര്‍ച്ചയ്‌ക്കൊരു കാരണമാണ്. ഭക്ഷണത്തിലെ ജീവകം സിയുടെ കുറവ് ഇരുമ്പിന്റെ ഉപയോഗപ്പെടുത്തലിനെ വിപരീതമായി ബാധിക്കുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ തൊലിയിലൂടെയുള്ള ഇരുമ്പിന്റെ നഷ്ടം അധികമാണ്. വയറിളക്കവും മറ്റും പിടിപെടുമ്പോള്‍ കുടലില്‍നിന്നും കൂടുതല്‍ ഇരുമ്പ് നഷ്ടപ്പെടുന്നു. ഇക്കാരണങ്ങളാലാണ് ഇരുമ്പിന്റെ കുറവുമൂലമുള്ള വിളര്‍ച്ച ഇത്ര വ്യാപകമായി ജനങ്ങളില്‍ കണ്ടുവരുന്നത്. മോശമായ പരിസരസാഹചര്യങ്ങളില്‍ കഴിക്കേണ്ടിവരുന്നവരില്‍ വിരബാധയും വിളര്‍ച്ചയ്ക്കു കാരണമാകാറുണ്ട്. ഹൃദയത്തിന് ആയാസവും രോഗപ്രതിരോധശക്തിയില്‍ കുറവുമാണ് വിളര്‍ച്ചയുടെ പ്രധാന തകരാറുകള്‍. ജന്തുജന്യമായ ഭക്ഷണങ്ങളുടേയും ഇലക്കറികളുടെയും വര്‍ദ്ധിച്ച ഉപയോഗം വിളര്‍ച്ച തടയാന്‍ ഉപകരിക്കും.
പൊതുവേ പറഞ്ഞാല്‍ ഇത്തരം ഒരു മോശപ്പെട്ട ഭക്ഷണം പ്രത്യക്ഷമായും പരോക്ഷമായും മനുഷ്യപ്രയത്‌നത്തെ ബാധിക്കുന്നു. താഴ്ന്ന വരുമാനക്കാരുടെയിടയില്‍ പോഷണക്കെടുതികൊണ്ടുള്ള രോഗങ്ങള്‍ സാധാരണയാണ്. കാഴ്ച, ത്വക്ക്, രക്തം, അസ്ഥികള്‍ മുതലായവയെ ബാധിക്കുന്ന പോഷകാഹരക്കുറവുമൂലമുള്ള രോഗങ്ങള്‍ ഇത്തരത്തിലുള്ള കുടുംബങ്ങളില്‍ ഒന്നിലധികം പേരില്‍ കാണുന്നത് അസാധാരണമല്ല. ചികിത്സയര്‍ഹിക്കുന്ന അത്തരം ഒരു രോഗിയുള്ളപ്പോള്‍ രോഗലക്ഷണങ്ങള്‍ അത്രതന്നെ വ്യക്തമല്ലാത്ത അനേകംപേര്‍ സമൂഹത്തിലുണ്ടാകുമെന്നതിന് സംശയം വേണ്ട. വളരെ സാവധാനത്തിലും അനുക്രമമായും ഒളിഞ്ഞുമാണ് പോഷണക്കെടുതി വ്യക്തികളെ ആക്രമിക്കുന്നത്. വയറിളക്കം, മണ്ണന്‍ മുതലായ രോഗങ്ങള്‍മൂലം മരണമടയുന്ന കുട്ടികള്‍ ഇവരുടെയിടയില്‍ അനവധിയാണ്. ആയിരം ശിശുക്കളില്‍ നൂറുപേര്‍ ഒരുവയസ്സെത്തുന്നതിനു മുമ്പും, നൂറ്റിയെണ്‍പതുപേര്‍ അഞ്ചുവയസ്സിനു മുമ്പും മരണമടയുന്നു. പോഷണവൈകല്യമെന്ന പശ്ചാത്തലം ഇവയിലെല്ലാമുണ്ട്. അമ്മമാരുടെ ആരോഗ്യവും, ആയുര്‍ദൈര്‍ഘ്യവും തീരെ തൃപ്തികരമല്ല. നമ്മുടെ നാട്ടില്‍ ഗര്‍ഭധാരണത്തോടുകൂടി മരണമടയുന്ന അമ്മമാരുടെ എണ്ണം വികസിതരാജ്യങ്ങളിലേതിനേക്കാള്‍ പത്തിരട്ടിയാണ്. ഗ്രാമപ്രദേശങ്ങളിലെ മൂന്നിലൊരു ഭാഗം ശിശുക്കളും, ഗര്‍ഭിണികളില്‍ പകുതിയിലധികംപേരും വിളര്‍ച്ചബാധിതരാണ്. പ്രസവത്തോടുകൂടി മരണമടയുന്ന സ്ത്രീകളിലധികവും വിളര്‍ച്ചമൂലമൂലമാണെന്നു മനസ്സിലാക്കിയാല്‍ പ്രശ്‌നം എത്ര രൂക്ഷമാണെന്ന് ഊഹിക്കാം. കഠിനമായ വിളര്‍ച്ച ഗര്‍ഭം അലസിപ്പോകുന്നതിനും സമയമെത്താതെ പ്രസവിക്കുന്നതിനും ശരിയായ തൂക്കമില്ലാത്ത ശിശുക്കളുടെ ജനനത്തിനും കാരണമാകുന്നു. പകര്‍ച്ചവ്യാധികള്‍ പിടിപെടുമ്പോള്‍ രോഗബാധ എളുപ്പമുണ്ടാകുന്നതും പോഷണപരമായി പിന്നോക്കം നില്ക്കുന്നവരിലാണ. അതുപോലെതന്നെ രോഗബാധയുണ്ടായാല്‍ പോഷണവൈകല്യമുള്ളവരില്‍ ചികിത്സ ഫലപ്രദമാക്കാനും കാലതാമസം നേരിടുന്നു.
എന്നാല്‍ എല്ലാവര്‍ക്കും സമീകൃതാഹാരം നല്കുക എളുപ്പമുള്ള കാര്യമാണോ? അതാണ് എല്ലാ ഭരണപരിഷ്‌കാരങ്ങളുടെയും ലക്ഷ്യമെങ്കിലും സാമ്പത്തികമായി അതൊരു വലിയ ബാദ്ധ്യതതന്നെയാണ്. അതുകൊണ്ട് ഇപ്പോഴുള്ള ഭക്ഷണത്തിന്റെ പോരായ്മകള്‍ മനസ്സിലാക്കി അതിനെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാവും കൂടുതല്‍ പ്രായോഗികം. ഉദാഹരണമായി, ധാന്യങ്ങളാണ് ഭക്ഷണത്തില്‍ ഏറെപ്പങ്കും എന്നു കണ്ടല്ലോ. പലരും ഒരു ധാന്യം മാത്രമേ ഉപയോഗിക്കാറുള്ളു. ഇതിനുപകരം ഒന്നിലധികം ധാന്യങ്ങള്‍ ഉപയോഗിച്ചാല്‍ ശരീരപോഷണത്തിനതു സഹായകമാകുമെന്നു കണ്ടിട്ടുണ്ട്. അങ്ങനെയായാല്‍ ഏതെങ്കിലും ഒരു ധാന്യത്തിന്റെ ലഭ്യതയ്ക്കു കുറവുണ്ടാകുമ്പോള്‍ അതു പോഷണത്തെ ബാധിക്കുകയുമില്ല.മറ്റൊരു കുറവ്, പയറുവര്‍ഗ്ഗങ്ങള്‍ തീരെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നതാണ്. പാല്‍, മാംസഭക്ഷണങ്ങള്‍ മുതലായവ സാധാരണക്കാര്‍ക്കു നിത്യവും വാങ്ങി ഉപയോഗിക്കാന്‍ സാമ്പത്തികപരിമതി അനുവദിക്കുകയില്ല. ധാന്യത്തില്‍ ഒരു ഭാഗം കുറവു വരുത്തിയിട്ട്, പയറുവര്‍ഗ്ഗങ്ങള്‍ ധാന്യങ്ങളോടൊപ്പം ഉപയോഗിച്ചാല്‍ ഭക്ഷണത്തിന്റെ പോഷകഗുണം മെച്ചപ്പെടും.ഭക്ഷണത്തിലെ മറ്റൊരു പോരായ്മ പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും കാര്യത്തിലാണ്. വിലകൂടിയ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കാതെ, കീര, മുരങ്ങയില, പൊതിന, നെല്ലിക്ക, പേരയ്ക്ക, പപ്പായ, സീതപ്പഴം മുതലായവ കഴിക്കുകയാണെങ്കില്‍ ഭക്ഷണത്തിലെ ഈ പോരായ്മ നികത്താന്‍ കഴിയും. അതാതു കാലങ്ങളില്‍ ലഭ്യമാകുന്ന പഴങ്ങളാകയാല്‍ ചെലവ് ഏറെ കുറഞ്ഞിരിക്കുകയും ചെയ്യും.
ചുരുക്കിപ്പറഞ്ഞാല്‍ ധാന്യങ്ങളുടെ അളവു കുറയ്ക്കുകയും കിഴങ്ങുകള്‍ , പയറുകള്‍ , ഇലക്കറികള്‍ , പഴങ്ങള്‍ ഇവയുടെ ഉപയോഗം കൂട്ടുകയും ചെയ്യുന്നതായാല്‍ ചെലവു കൂടാതെതന്നെ ഇപ്പോഴുള്ള ശരശരി ഇന്ത്യന്‍ഭക്ഷണത്തിന്റെ പോരായ്മ നികത്താന്‍ കഴിയുകയും ഒരു പ്രത്യേക ധാന്യത്തെ ആശ്രയിക്കാതെതന്നെ ഊര്‍ജ്ജാവശ്യകത നിറവേറ്റാന്‍ കഴിയുകയും ചെയ്യും. രാഷ്ട്രത്തിന്റെ ഭക്ഷ്യനിലയാണെങ്കില്‍ ലഭ്യമാകുന്ന ഏതു ഭക്ഷണവും ഏറ്റവും ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതരത്തിലുമാണ്.പല വികസ്വരരാജ്യങ്ങളിലും പോഷണം എന്നത് ഒരു വികസനപ്രശ്‌നമെന്നതിനേക്കാളേറെ ഒരു ക്ഷേമപ്രശ്‌നമാണ്. മുരടിച്ച വളര്‍ച്ച പോഷണവൈകല്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ രാഷ്ട്രത്തിന്റെ ഉല്‍പാദനശേഷിയെ ഇതു ബാധിക്കുമെന്നു പറയേണ്ടതില്ലല്ലോ. മാനസികവും ബുദ്ധിപരവുമായ കഴിവുകളും ഇക്കൂട്ടത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഇന്ത്യയെപ്പോലുള്ള ഒരു വികസ്വരരാഷ്ട്രത്തില്‍ ലഭ്യമാകുന്ന ദുര്‍ലഭം അവസരങ്ങള്‍ വേണ്ടതുപോലെ പ്രയോജനപ്പെടുത്താനും പുതിയൊരു സമൂഹത്തെ വാര്‍ത്തെടുക്കാനും ഊര്‍ജ്ജസ്വലരും, ക്രിയാത്മകരും, ബുദ്ധിമാന്മാരുമായ ജനതയുണ്ടാകാനും നല്ല ഭക്ഷണം പ്രധാനപ്പെട്ട ഘടകമാണെന്നതില്‍ സംശയമില്ല. അതുകൊണ്ട് പോഷണം എന്നത് ഒരു വികസനപ്രശ്‌നമായെടുക്കുകയും ആ വികസനം ഒരു നിശ്ചിതകാലയളവിനുള്ളില്‍ നേടിയെടുക്കുകയും ചെയ്യാനുള്ള ആസൂത്രണത്തിനു ഭരണസാരഥികള്‍ മുന്‍തൂക്കം നല്‌കേണ്ടതുണ്ട്.

No comments: